ADVERTISEMENT

പി.ശ്രീരാമകൃഷ്ണനെ സ്പീക്കർ പദവിയിൽനിന്നു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കേരള നിയമസഭ ഇന്നു ചർച്ചയ്ക്കെടുക്കുകയാണ്. ഇതിനു മുൻപ് ഇങ്ങനെയൊരു പ്രമേയത്തെ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ സ്പീക്കർ വക്കം പുരുഷോത്തമനെതിരെ അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ മാർദവമില്ലാതെ ഈ ആക്ഷേപം ഉയർത്തി: ‘മന്ത്രിയാകാനാണ് സ്പീക്കർ വക്കം പുരുഷോത്തമന്റെ ശ്രമം. അങ്ങനെ തുട്ടടിക്കാമോ എന്നാണ് അദ്ദേഹം നോക്കുന്നത്’. 16 വർഷം കഴിയുമ്പോൾ ഇന്നത്തെ സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ, കുറച്ചു തുട്ടിന്റെ കേസല്ല പ്രതിപക്ഷം ആരോപിക്കുന്നത്; ഡോളറിന്റേതാണ്!

സാമ്പത്തിക ആരോപണങ്ങളാൽ ശരവ്യനാകുന്ന ആദ്യ നിയമസഭാ സ്പീക്കറാണ് ശ്രീരാമകൃഷ്ണൻ. ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ അധ്യക്ഷനും സിപിഎമ്മിന്റെ ഭാവിവാഗ്ദാനവുമായ അദ്ദേഹത്തിനെതിരെ സമീപ കാലം വരെ അത്തരം ആക്ഷേപങ്ങളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായുള്ള സൗഹൃദം അദ്ദേഹത്തിനു പോലും നിഷേധിക്കാൻ കഴിയാത്തതായി. അവർ കോടതിയിൽ കൊടുത്ത മൊഴി അടിസ്ഥാനമാക്കി, നിയമസഭാ സമ്മേളനം കഴിഞ്ഞാലുടൻ കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യും. ഇടതുപക്ഷത്തിന് അത് ഉൾക്കൊള്ളുക എളുപ്പമല്ല. വർഗീയ കക്ഷിയായി കണക്കാക്കുന്നതിനാൽ, ശിവസേനക്കാരനായ മനോഹർ ജോഷിയെ ലോക്സഭാ സ്പീക്കറാക്കിയതിനെതിരെ പ്രതിഷേധിച്ച പാരമ്പര്യമാണ് സിപിഎം പൊളിറ്റ്ബ്യൂറോയ്ക്കുള്ളത്.

മുകളിൽനിന്നു താഴേക്ക്

പ്രമേയം ചർച്ചയ്ക്കെടുക്കുമ്പോൾ അധ്യക്ഷ പീഠത്തിൽനിന്നു സ്പീക്കർ താഴെയിറങ്ങി അംഗങ്ങൾക്കൊപ്പം ഇരിക്കണമെന്നാണു ചട്ടം. സ്പീക്കറുടെ ഔന്നത്യം ഇല്ലാതാകുന്ന ഏക സന്ദർഭം. അതൊരു അപമാനമായി തോന്നിയോ എന്ന് ഇതേ സാഹചര്യം നേരിട്ട വക്കം പുരുഷോത്തമനോടു ചോദിച്ചു.‘‘അന്ന് ഉയർത്തിയത് ഞാൻ ഗ്രൂപ്പു കളിക്കുന്നു, നിഷ്പക്ഷനല്ല എന്നെല്ലാമുള്ള ആരോപണങ്ങളാണ്. സർക്കാരിനെതിരെ സഭയെ ഉപയോഗിക്കാനായി എനിക്കെതിരെ പ്രമേയം കൊണ്ടുവരികയായിരുന്നു. ഗൗരവമുള്ള കാര്യങ്ങളല്ല എന്നതിനാൽ ബുദ്ധിമുട്ടു തോന്നിയില്ല. ഇവിടെ സാഹചര്യം വ്യത്യസ്തമാണെന്നു തോന്നുന്നു’’– 94–ാം വയസ്സിലും ചുറ്റും നടക്കുന്നതെല്ലാം കൃത്യമായി നിരീക്ഷിക്കുന്ന വക്കം പറഞ്ഞു.

ഇതിനു മുൻപ് കോൺഗ്രസിലെ എ.സി.ജോസും വക്കവും മാത്രമാണ് ഇത്തരം പ്രമേയത്തെ നേരിട്ടതെന്നതിനാൽ സഭയിലെ പ്രതിപക്ഷ അവിശ്വാസത്തെ അഭിമുഖീകരിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ ഇടതു സ്പീക്കറാണ് ശ്രീരാമകൃഷ്ണൻ. കേന്ദ്ര ഏജൻസികൾ നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി ഇതിനെയും പാർട്ടി കേന്ദ്രങ്ങൾ വിശേഷിപ്പിക്കുന്നു. സ്പീക്കർ സർക്കാരിന്റെ ഭാഗമല്ല എന്നതുകൊണ്ടു കൂടിയാകാം, ചോദ്യങ്ങൾക്കുള്ള മറുപടികൾക്കപ്പുറം നേതാക്കളോ സിപിഎമ്മോ അദ്ദേഹത്തെ ന്യായീകരിച്ചോ പിന്തുണച്ചോ വന്നിട്ടില്ല; പ്രതിപക്ഷ പ്രമേയത്തെ ചോദ്യം ചെയ്തിട്ടുമില്ല.

1200-speaker-p-sreeramakrishnan
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ

പിൻവാങ്ങിയ ക്യാമറകൾ

‘സർക്കാരിന്റെ ബിസിനസ് നടത്തുക, പ്രതിപക്ഷത്തിന്റെ അവകാശം സംരക്ഷിക്കുക’ എന്നതാണ് സ്പീക്കറിൽ അർപ്പിതമായ കർത്തവ്യം. എന്നാൽ, ഭരണപക്ഷത്തിനും മുഖ്യമന്ത്രിക്കും വളരെ വിധേയനായ സ്പീക്കറായാണു ശ്രീരാമകൃഷ്ണനെ പ്രതിപക്ഷം വിലയിരുത്തുന്നത്. സഭയിലെ ചോദ്യോത്തര വേളയിൽനിന്ന് കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ടെലിവിഷൻ ക്യാമറകളെ ഒഴിവാക്കിയതാണ് ഏറ്റവുമൊടുവിൽ അദ്ദേഹം കൈക്കൊണ്ട നടപടികളിലൊന്ന്. മാധ്യമങ്ങളുമായി ബന്ധപ്പെട്ട ഈ തീരുമാനമെടുക്കുമ്പോൾ പോലും അദ്ദേഹം പ്രതിപക്ഷത്തോടു സംസാരിച്ചില്ല. പിആർഡി ദൃശ്യം മാത്രമാണ് ഇപ്പോൾ ചാനലുകൾക്കു ലഭിക്കുന്നത്.

അധ്യക്ഷപീഠം മറച്ചുള്ളതടക്കം അവിടെ അരങ്ങേറുന്ന പ്രതിഷേധങ്ങളിലേക്കു സർക്കാർ ക്യാമറയുടെ കണ്ണു പതിയാറില്ല. ബജറ്റിനും നയപ്രഖ്യാപനത്തിനും മുൻകാലങ്ങളിലെപ്പോലെ ചാനലുകൾക്ക് ഇത്തവണ പ്രവേശനമുണ്ടായില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അങ്ങനെ തീരുമാനിച്ചിരുന്നുവെങ്കിൽ, കെ.എം.മാണിക്കെതിരെ നടന്ന സമാനതകളില്ലാത്ത ബജറ്റ്ദിന പ്രതിഷേധം അതേപടി പുറംലോകം കാണുമായിരുന്നില്ല! കണ്ടത് ആർക്കാണു ഗുണവും ദോഷവും എന്നതു മറ്റൊരു ചോദ്യം.

ഇതുവരെയുള്ള രാഷ്ട്രീയജീവിതത്തിലെ ഏറ്റവും കടുത്ത പ്രതിസന്ധിയാണ് ശ്രീരാമകൃഷ്ണൻ അഭിമുഖീകരിക്കുന്നത്. സിപിഎമ്മിനെ സംബന്ധിച്ച് പാർട്ടിക്കു പുറത്തും സ്വീകാര്യമായ മുഖങ്ങളിലൊന്നായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപായി അദ്ദേഹത്തിന്റെ പേരിൽ ഒരു അഗ്നിപരീക്ഷണം പാർട്ടി നേരിടുമോ എന്ന ആശങ്ക പെട്ടെന്ന് ഉയർന്നിരിക്കുന്നു. മുഖ്യമന്ത്രിയും സിപിഎമ്മും എത്രമാത്രം കൂടെയുണ്ടാകും എന്നതാണ് സ്പീക്കർക്കു മുന്നിലെ യഥാർഥ പ്രശ്നം. പ്രമേയത്തിൻമേൽ ഇന്നു നടക്കുന്ന ചർച്ചകൾ അക്കാര്യത്തിൽ സൂചനകൾ നൽകും.

പ്രമേയത്തിനു മറുപടി പറയേണ്ടതു സ്പീക്കറാണ് എന്നതിനാൽ അദ്ദേഹത്തിനു വേണ്ടി താനും വാദിക്കണമോ എന്നതു മുഖ്യമന്ത്രി പിണറായി വിജയൻ മാത്രം തീരുമാനിക്കേണ്ട കാര്യമാണ്. ‘ശ്രീരാമകൃഷ്ണനെ’ നീക്കാൻ ഒ.രാജഗോപാൽ കൈപൊക്കുമോ എന്നതും ഉറ്റുനോക്കപ്പെടും.

English Summary: Resolution demanding removal of speaker Sreeramakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com