ഹൃദയങ്ങളിലെ നായകർ

Subhadinam
SHARE

ഒരു പടി മുകളിൽ നിൽക്കുമ്പോൾ ലഭിക്കുന്ന വൈകാരിക സുഖത്തിന് അടിമകളാണ് പലരും. ഒരു ചുവടു താഴെ നിൽക്കേണ്ടി വന്നാൽ പിന്നെ അസ്വാസ്ഥ്യങ്ങൾ രൂപപ്പെട്ടു തുടങ്ങും. താഴെത്തട്ടിൽ നടത്തുന്ന ഓരോ യാത്രയുടെയും സ്വകാര്യ ലക്ഷ്യം ‘തലവനാകണം’ എന്നതാണെങ്കിൽ ആ യാത്രയിലെ കർമങ്ങൾക്ക് ഉദ്ദേശ്യശുദ്ധിയോ മികവോ ഉണ്ടാകില്ല. 

രണ്ടുതരം ആളുകളുണ്ട് – ലഭിച്ച വേഷങ്ങൾ ഭംഗിയായി ചെയ്യുന്നവരും ലഭിക്കാനുള്ള വേഷങ്ങൾ പിന്തുടരുന്നവരും. ആദ്യ വിഭാഗത്തിൽപെടുന്നവർക്ക് ഭരമേൽപിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തങ്ങളോടാണു ബഹുമാനം. ആ പ്രവൃത്തികൾ മറ്റാർക്കും നൽകാനാകാത്ത പൂർണതയോടെ നിർവഹിക്കുന്നതിലാകും അവരുടെ സംതൃപ്തി. 

രണ്ടാമത്തെ കൂട്ടർ എങ്ങനെയെങ്കിലും മുകളിലെത്താൻ മാത്രം ആഗ്രഹിക്കുന്നവരാണ്. പെരുമാറ്റച്ചട്ടങ്ങളിലും കീഴ്‌വഴക്കങ്ങളിലുമാണ് അവർ തങ്ങളുടെ ആനന്ദം കണ്ടെത്തുന്നത്. എത്രയും വേഗം എല്ലാവരുടെയും മുകളിലെത്തുക എന്നതു മാത്രമാകും അവർ തയാറാക്കുന്ന ഓരോ പദ്ധതിയുടെയും ആത്യന്തിക ലക്ഷ്യം. 

താഴ്‌വരകളെ സ്പർശിക്കാതെ കൊടുമുടികളിൽ എത്തുന്നവർക്ക് താഴെ നിൽക്കുന്നവന്റെ വളർച്ചയോ തളർച്ചയോ മനസ്സിലാകില്ല. ഒരു ദിനമെങ്കിലും മണ്ണിൽ ചവിട്ടി നിന്നിട്ടുള്ളവർക്കു മാത്രമേ, ചിറകുകൾ നഷ്ടപ്പെട്ടവരെ മനസ്സിലാകൂ. ഒരുതവണയെങ്കിലും അവസാന സ്ഥാനത്തായവർക്കേ, ഒന്നാമതെത്തുമ്പോഴും പിന്നിലുള്ളവരെ പരിഗണിക്കാനാകൂ. എല്ലാവരുടെയും മുകളിൽ സ്ഥാനം നേടാൻ എളുപ്പമാണ്; എല്ലാവരുടെയും ഹൃദയത്തിൽ സ്ഥാനം നേടാനാണ് ബുദ്ധിമുട്ട്. 

Content Highlight: Subhadhinam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA