അകറ്റണം, വാക്സീൻ ശങ്ക

DELHI  vaccine
SHARE

മാറ്റങ്ങളോടെ കൊറോണ വൈറസ് യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രോഗത്തിന്റെ രണ്ടാം വരവ് തള്ളിക്കളയാൻ പറ്റാത്ത അവസ്ഥയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വാക്സീൻ ശങ്ക ദൂരീകരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തേണ്ടിയിരിക്കുന്നു

30 കോടി ജനങ്ങളെ ലക്ഷ്യമിട്ട് ജനുവരി 16നു തുടങ്ങിയ ഇന്ത്യയിലെ കോവിഡ് വാക്സീൻ കുത്തിവയ്പു യജ്ഞത്തിന്റെ ആദ്യ ദിവസം മുതൽ നമ്മൾ പതറുന്നതായാണു കാണുന്നത്. ബുധനാഴ്ച (20) വൈകിട്ട് 6 മണിവരെ 7,86,842 പേർ കുത്തിവയ്പു സ്വീകരിച്ചുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഡേറ്റ. അതായത്, ലക്ഷ്യമിട്ടിരുന്നതിന്റെ 55% മാത്രം. മറ്റൊരു രീതിയിൽ പറഞ്ഞാൽ 100 പേർ കുത്തിവയ്പിനു റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, 45 പേർ കുത്തിവയ്ക്കാൻ പോകാതെ വീട്ടിലിരിക്കുന്നു. വാക്സീൻ ദൗർലഭ്യം കുത്തിവയ്പിനെ ബാധിക്കുമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ, കുത്തിവയ്പെടുക്കാൻ ആളുകൾ മുന്നോട്ടു വരാത്തതുകൊണ്ട് വാക്സീൻ കെട്ടിക്കിടന്നു നശിക്കുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക. തീർച്ചയായും, ഇന്ത്യയെ വാക്സീൻ ശങ്ക (vaccine hesitancy) വലിയ തോതിൽ ബാധിച്ചിരിക്കുന്നു. ഈ രീതിയിൽ പോകുകയാണെങ്കിൽ 30 കോടി ആളുകൾക്കു വാക്സീൻ നൽകാൻ വർഷങ്ങളെടുക്കും.

ഡോ. എഡ്വേഡ് ജന്നർ ഗോവസൂരി പ്രയോഗം കണ്ടുപിടിച്ച അന്നുമുതൽ വാക്സീൻ വിരോധവും തുടങ്ങി. പലരും മതപരമായ കാരണങ്ങൾ കൊണ്ട് അതിൽനിന്ന് ഒഴിഞ്ഞു നിന്നപ്പോൾ പലയിടങ്ങളിലും കിംവദന്തികളും അന്ധവിശ്വാസങ്ങളും വാക്സീൻ ഉപയോഗത്തിന് എതിരായി.

മേൽപറഞ്ഞ പരമ്പരാഗത കാരണങ്ങൾക്കു പുറമേ, ഇപ്പോൾ ഇന്ത്യയിൽ കണ്ടുവരുന്ന വാക്സീൻ ശങ്കയ്ക്കു പിറകിൽ മറ്റു കാരണങ്ങളുമുണ്ട്. ആദ്യഘട്ട കുത്തിവയ്പിൽനിന്നു മാറിനിൽക്കുന്നവരിൽ വൈദ്യശാസ്ത്ര രംഗത്തു പ്രവർത്തിക്കുന്നവർ ഉൾപ്പെടെയുണ്ട്. ഇവരുടെ വൈമനസ്യം ജനങ്ങളിൽ വ്യാപക ഭയം പരത്തുന്നു. വൈദ്യന് ഇഷ്ടപ്പെടാത്ത മരുന്ന് എന്തിനു രോഗി സ്വീകരിക്കണം?!

ഡോക്ടർമാരും മറ്റും കുത്തിവയ്പിൽനിന്ന് ഒഴിഞ്ഞുമാറുന്നതിനു കാരണം കോവിഡ് വാക്സീനുകളെ സംബന്ധിച്ചുള്ള സംശയങ്ങളായിരിക്കാം. സാധാരണ വാക്സീൻ വികസിപ്പിച്ചെടുക്കാൻ വർഷങ്ങളെടുക്കും എന്നിരിക്കെ, കോവിഡ് വാക്സീനുകൾ വികസിപ്പിച്ചത് 9 മാസം കൊണ്ടാണ്. അതിൽത്തന്നെ ഭാരത് ബയോടെക്കിന്റെ കോവാക്സീന്റെ മൂന്നാംഘട്ട ട്രയലുകൾ പൂർത്തിയായിട്ടില്ല. അസാധാരണ സന്ദർഭങ്ങളിൽ വൈദ്യശാസ്ത്രത്തിൽ അടിയന്തര നടപടികൾ ഇതിനു മുൻപും സ്വീകരിച്ചിട്ടുണ്ട് എന്ന കാര്യം സംശയാലുക്കൾ മറക്കുന്നു.

ഇന്ത്യയിൽ വാക്സീൻ ഉപയോഗിക്കാൻ തിരഞ്ഞെടുത്ത സമയവും അതിനോടുള്ള വൈമുഖ്യത്തിനു വഴിവച്ചിട്ടുണ്ട്. കേരളവും മഹാരാഷ്ട്രയും ഒഴികെ, മറ്റു മിക്ക സംസ്ഥാനങ്ങളിലും രോഗത്തിന്റെ ഗ്രാഫ് ശരിക്കും താഴോട്ടു പോയിരിക്കുന്നു. ആളുകൾക്കു കോവിഡിനോടുള്ള ഭയം മാറിത്തുടങ്ങിയിരിക്കുന്നു. ദിനംപ്രതി സമൂഹപ്രതിരോധം കൂടിവരുന്നു എന്ന ധാരണയിൽ കുത്തിവയ്പു മാറ്റിവയ്ക്കുന്നവരും ധാരാളം.

ns-madhavan
എൻ.എസ്. മാധവൻ

കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. ഇപ്പോൾ ഇന്ത്യയിലെ കോവിഡ് രോഗികളിൽ ഏതാണ്ടു പകുതിപ്പേർ ഇവിടെയാണ്. കുത്തിവയ്പിന്റെ ആദ്യ ദിവസം കേരളത്തിന്റെ മോശം പ്രകടനത്തിനു കാരണം കോവിൻ എന്ന ആപ് ശരിക്കു പ്രവർത്തിക്കാത്തതാണെന്നു പറയാം. പക്ഷേ, തുടർന്നുള്ള ദിവസങ്ങളിലും നമ്മൾ ലക്ഷ്യം കണ്ടില്ല. കുത്തിവയ്പിന്റെ രണ്ടാം ദിവസം ലക്ഷ്യം 11,851 ആയിരുന്നെങ്കിലും കുത്തിവയ്ക്കാൻ എത്തിയവർ 7891 മാത്രം. അതിന്റെ അടുത്ത ദിവസം സംഖ്യ അൽപം ഉയർന്ന് 8548 ആയി. ഇപ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ കുത്തിവയ്പ് ആവശ്യമുള്ള നമ്മുടെ സംസ്ഥാനത്ത് റജിസ്റ്റർ ചെയ്തവരിൽ ഉദ്ദേശം മൂന്നിലൊരാൾ മാറിനിൽക്കുന്നു.

വാക്സീൻ ശങ്ക മാറ്റാൻ ലോകരാജ്യങ്ങൾ പലതരം തന്ത്രങ്ങളാണു സ്വീകരിച്ചിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനം ‘നൈതികമായ സന്ദേശം നൽകുക’ (ethical messaging) എന്നതാണ്. നിങ്ങൾ കുത്തിവയ്ക്കുന്നതു നിങ്ങൾക്കു വേണ്ടി മാത്രമല്ല, നിങ്ങളുടെ പ്രിയപ്പെട്ടവർക്കും കുടുംബത്തിനും സമൂഹത്തിനും വേണ്ടിയാണെന്ന വിവരം ആവർത്തിച്ചു പറയേണ്ടിയിരിക്കുന്നു. വാക്സീനിലുള്ള വിശ്വാസം വർധിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമല ഹാരിസ്, യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ, എലിസബത്ത് രാജ്ഞി, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, മാർപാപ്പ, സർ ഡേവിഡ് ആറ്റൻബറോ തുടങ്ങിയ പ്രമുഖർ പരസ്യമായി വാക്സീൻ സ്വീകരിച്ചു. ഇന്ത്യയിൽ വിശിഷ്ടവ്യക്തികൾ അവരുടെ ഊഴം വരുന്നതുവരെ കാത്തുനിൽക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി കുത്തിവയ്പിന്റെ ആദ്യദിവസം അറിയിച്ചത്. വാക്സീൻ ശങ്ക ഈ യജ്ഞത്തെത്തന്നെ അവതാളത്തിലാക്കുമെന്ന സ്ഥിതിയായതിനാൽ ഈ തന്ത്രം പുനഃപരിശോധിക്കണം. 

മാറ്റങ്ങളോടെ കൊറോണ വൈറസ് യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രോഗത്തിന്റെ രണ്ടാം വരവ് തള്ളിക്കളയാൻ പറ്റാത്ത അവസ്ഥയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വാക്സീൻ ശങ്ക ദൂരീകരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തേണ്ടിയിരിക്കുന്നു.

suraj

അടുക്കളയിൽ എരിയുന്ന രാഷ്ട്രീയം 

നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും അവിസ്മരണീയ അഭിനയം കാഴ്ചവച്ച ചലച്ചിത്രമാണ് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ അഥവാ ‘മഹത്തായ ഭാരതീയ അടുക്കള.’ ആദ്യത്തെ രംഗത്തിൽ നിമിഷ സജയൻ അഭിനയിക്കുന്ന കഥാപാത്രം (അവൾക്കു പേരു നൽകിയിട്ടില്ല) ആഹ്ലാദത്തോടെ നൃത്തം ചെയ്യുന്നതായി കാണാം. അവസാന രംഗത്തിൽ അവൾ നിർന്നിമേഷയായി നൃത്തം കണ്ടുനിൽക്കുന്നു. ഈ രണ്ടു രംഗങ്ങൾക്കുമിടയിൽ അവൾ ധാരാളം പാത്രങ്ങൾ കഴുകിയിട്ടുണ്ട്, എച്ചിൽ വാരിയിട്ടുണ്ട്, മുറ്റമടിച്ചിട്ടുണ്ട്, തുണി തിരുമ്മിയിട്ടുണ്ട്... ഇതൊന്നും അവൾക്കു വേണ്ടിയായിരുന്നില്ല. അവളെക്കൊണ്ടു ജോലിയെടുപ്പിച്ച മറ്റുള്ളവർ പുരുഷന്മാരാണ്. അവൾ ഈ വക പണികളെല്ലാം ചെയ്യാനുള്ള ഒറ്റക്കാരണം, അവൾ സ്ത്രീ/ഭാര്യ ആണെന്നതാണ്. ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ പോലെ ലിംഗരാഷ്ട്രീയത്തെ ഉള്ളിൽത്തട്ടുന്ന രീതിയിൽ ചിത്രീകരിച്ചിട്ടുള്ള മലയാളചിത്രങ്ങൾ അപൂർവം.

കൃഷി തുടങ്ങുന്നതിനു മുൻപുള്ള ആദിമസമൂഹങ്ങളിലെ കുടുംബങ്ങളെ സാമൂഹിക ശാസ്ത്രജ്ഞർ ‘വേട്ടക്കാരും പെറുക്കിയെടുക്കുന്നവരും’ എന്നാണു വിളിക്കുന്നത്. പുരുഷന്മാർ വേട്ടയാടി വന്യമൃഗങ്ങളെ വീഴ്ത്തും; സ്ത്രീകൾ പിറകേ വന്ന് അവയെ സംഭരിക്കും. ഇതിനെ ഓർമിപ്പിക്കുന്ന തൊഴിൽവിഭജനമുള്ള ഒരു കുടുംബത്തിലേക്കാണ് നിമിഷ സജയൻ അഭിനയിക്കുന്ന കഥാപാത്രം എത്തുന്നത്. ഭർത്താവായി അഭിനയിക്കുന്ന സുരാജ് വെഞ്ഞാറമൂട്, ഗുഹാമനുഷ്യൻ വേട്ടയ്ക്കെന്ന പോലെ, ദിവസവും കാലത്ത് ഓഫിസിൽ പോകുന്നു. ഭാര്യ സദാസമയം വീട്ടുജോലികളിൽ തത്രപ്പെടുന്നു. 

വേട്ട കഴിഞ്ഞു തിരിച്ചെത്തുന്ന ആദിമമനുഷ്യൻ ഇണയെ സഹായിച്ചിരുന്നുവെന്നാണ് സാമൂഹിക ശാസ്ത്രജ്ഞർ പറയുന്നത്. ഇവിടെ ഭർത്താവ് യോഗ ചെയ്യുന്നതിലും മറ്റുമാണു ശ്രദ്ധിക്കുന്നത്. അയാളുടെ അച്ഛൻ എല്ലായ്പ്പോഴും മൊബൈൽ നോക്കിക്കൊണ്ടിരിക്കുന്നു. ഇവരെ ഊട്ടുന്നതിനും ഉടുപ്പിക്കുന്നതിനും വൃത്തിയായി വസിപ്പിക്കുന്നതിനും ദിവസം മുഴുവൻ പരസഹായമില്ലാതെ പണിയെടുത്തു മടുത്ത് ഒരു ദിവസം ഭാര്യ പൊട്ടിത്തെറിക്കുന്നതാണ് ഈ സിനിമയുടെ കഥ.

ഈ സിനിമയിലെ പുരുഷന്മാർ പരിഷ്കൃതരും മാന്യന്മാരുമാണ്. പെറുക്കിയെടുക്കാൻ സ്ത്രീയുള്ളതുകൊണ്ട് അവർ എച്ചിൽ മേശപ്പുറത്ത് ഇടും. പക്ഷേ, റസ്റ്ററന്റിൽ പോയാൽ അതു കൃത്യമായി വേസ്റ്റ് പാത്രത്തിൽ ഇടാനറിയാം. മറ്റുള്ളവർ എന്തു പറയും, നാട്ടുനടപ്പ്, ആചാരങ്ങൾ, കുടുംബ പാരമ്പര്യം തുടങ്ങി സാർവദേശീയമായി സ്ത്രീകളെ വരുതിയിൽ നിർത്താൻ ഉപയോഗിക്കുന്ന അടവുകൾ, അവയുടെ കേരളീയസന്ദർഭത്തിൽ സംവിധായകൻ ജിയോ ബേബി അതിസൂക്ഷ്മമായി ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നു.

സ്കോർപ്പിയൺ കിക്ക്:  വെറുപ്പിനെ തൂത്തെറിയണമെന്ന് യുഎസ് പ്രസിഡന്റ് ബൈഡൻ സ്ഥാനാരോഹണ പ്രസംഗത്തിൽ. 

വെറുപ്പ് വിമാനത്തിൽ കയറി  സ്ഥലംവിട്ടതു കണ്ടവരുണ്ട്!

Content Highlights: Covid vaccination

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA