ADVERTISEMENT

അമേരിക്കയിൽ ജനാധിപത്യത്തിന്റെ സ്ഥാനാരോഹണം ആഹ്ലാദത്തോടെയാണു ലോകം കണ്ടത്. പ്രതീക്ഷയുടെ നവകാലത്തിലേക്കുള്ള വാതിൽ തുറന്നുകൊണ്ട് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും അധികാരമേറ്റെടുത്തിരിക്കുന്നു.

ഇതു ജനാധിപത്യത്തിന്റെ ദിവസമെന്ന പ്രഖ്യാപനത്തോടെയാണ് ബൈഡന്റെ സ്ഥാനാരോഹണപ്രസംഗം തുടങ്ങിയതുതന്നെ. മുൻഗാമി ഡോണൾഡ് ട്രംപ് ജനാധിപത്യത്തിനും അധികാരത്തിന്റെ വിശ്വാസ്യതയ്ക്കുമേൽപിച്ച മുറിവുകൾക്ക് അത്രമേൽ ആഴമുണ്ടെന്നിരിക്കെ, ആ മുറിവുകളുണക്കാൻ ബൈഡനും സംഘവും ഏറെ ക്ലേശിക്കേണ്ടിവരുമെന്നു തീർച്ച. അതുകൊണ്ടുതന്നെ, സ്ഥാനമേറ്റയുടൻ ട്രംപിന്റെ വിവാദ ഉത്തരവുകൾ തിരുത്തി പുതിയവ ഇറക്കുന്നതിൽതന്നെയാണ് ബൈഡൻ വ്യാപൃതനായത്. രാജ്യത്തിന്റെ ഐക്യവും ആത്മാവും വീണ്ടെടുക്കുമെന്നു സ്ഥാനാരോഹണ പ്രസംഗത്തിൽ അദ്ദേഹം പറയുകയും ചെയ്തു. എല്ലാവർക്കും അവസരവും അന്തസ്സും അഭിമാനവും ഉറപ്പാക്കുമെന്നു വാഗ്ദാനം ചെയ്ത ബൈഡൻ, വെറുപ്പിനെ തൂത്തെറിയാനും വർണവിവേചനത്തിനും ആഭ്യന്തര ഭീകരതയ്ക്കുമെതിരെ നിലകൊള്ളാനും ആഹ്വാനം ചെയ്തിട്ടുമുണ്ട്.

യുഎസ് കാത്തിരുന്ന പുതുയുഗത്തിലേക്കുള്ള ഈ അധികാരക്കൈമാറ്റം സുഗമമല്ലായിരുന്നു. തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ബൈഡൻ ജയിച്ചിട്ടും ഫലം അംഗീകരിക്കാതെ ട്രംപ് എല്ലാ അടവും പയറ്റിയത് ആ രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തിനുതന്നെ അപമാനമായിത്തീർന്നു. അമേരിക്കയുടെ തീരാക്കളങ്കമായി ക്യാപ്പിറ്റൽ കലാപം മാറി. പക്ഷേ, യുഎസിലെ ജനാധിപത്യ വ്യവസ്ഥിതി ഈ വെല്ലുവിളികളെയെല്ലാം അതിജീവിച്ച്, അധികാരം കൈമാറിയിരിക്കുകയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അധികാരത്തുടർച്ചയ്ക്കായി ജനവിധി തേടി പരാജയപ്പെട്ട ആദ്യ യുഎസ് പ്രസിഡന്റായി ട്രംപ് മാറിയതിൽ ചരിത്രത്തിന്റെ മൂർച്ചയേറിയ കാവ്യനീതിയും കണ്ടെടുക്കാം.

തമിഴ്നാട്ടിൽ കുടുംബവേരുകളുള്ള കമല ഹാരിസ് വൈസ് പ്രസിഡന്റായ ചരിത്രനിമിഷം ഇന്ത്യയുടെകൂടി സ്വന്തമാകുകയാണ്. യുഎസിന്റെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി കമല ചരിത്രത്തിലെത്തുകയും ചെയ്യുന്നു. അമേരിക്കയിലെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമെങ്കിലും ഇന്ത്യൻ സമൂഹത്തിന് ജോ ബൈഡൻ ഭരണകൂടത്തിൽ അഭിമാനകരമായ പ്രാതിനിധ്യമാണു കൈവരുന്നത്. നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്ന 20 ഇന്ത്യൻ വംശജരിൽ 17 പേർക്കും വൈറ്റ്ഹൗസ് സമുച്ചയത്തിലെ വിവിധ വകുപ്പുകളിലായി ഉന്നതപദവികളാണു ലഭിച്ചിരിക്കുന്നത്. ഇവരിൽ ഭൂരിപക്ഷവും വനിതകളാണ്.

ലോകത്തിനു മുന്നിൽ ട്രംപ് കൊട്ടിയടച്ച യുഎസ് വാതിൽ തുറക്കുമെന്ന് ബൈഡൻ അധികാരമേറ്റു മണിക്കൂറുകൾക്കുള്ളിൽതന്നെ തെളിയിച്ചുകഴിഞ്ഞു. പാരിസ് കാലാവസ്ഥാ ഉടമ്പടിയിലും ലോകാരോഗ്യ സംഘടനയിലും തിരികെ പ്രവേശിക്കാനുള്ള ഉത്തരവുകൾ നവലോകവുമായുള്ള ഹസ്തദാനം തന്നെയാണ്. മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്നുൾപ്പെടെയുള്ള യാത്രാവിലക്ക് നീക്കൽ, യുഎസ് – മെക്സിക്കോ അതിർത്തിയിലെ മതിൽനിർമാണത്തിന്റെ ഫണ്ട് മരവിപ്പിക്കൽ, സർക്കാർ സ്ഥാപനങ്ങളിൽ വംശീയത തടയാനുള്ള നിയമം തുടങ്ങിയവയടക്കം ആദ്യ ദിനത്തിൽത്തന്നെ 17 നിർണായക ഉത്തരവുകളിലാണ് പുതിയ പ്രസിഡന്റ് ഒപ്പിട്ടത്. കോവിഡ് മഹാമാരി നിയന്ത്രണവിധേയമാക്കുന്നതിനും സാമ്പത്തിക പുനരുജ്ജീവനത്തിനും ആവശ്യമായ നടപടികൾ ബൈഡൻ ആദ്യംതന്നെ സ്വീകരിച്ചത് ഇനിയങ്ങോട്ടുള്ള ഭരണത്തിന്റെ ആമുഖമായി വേണം കാണാൻ.

യുഎസിൽ ഭരണം മാറിയാലും ഇന്ത്യയുമായുള്ള പ്രതിരോധ, നയതന്ത്ര സഹകരണങ്ങളിൽ മാറ്റമുണ്ടാകില്ലെന്നു പ്രതീക്ഷിക്കാം. കഴിഞ്ഞ ഏതാനും വർഷങ്ങളായി മെച്ചപ്പെട്ടുവന്ന ഇന്ത്യ – യുഎസ് ബന്ധം മുന്നോട്ടുതന്നെ പോകും. പാക്കിസ്ഥാനോട് ബൈഡൻ ഭരണകൂടം എന്തു സമീപനം സ്വീകരിക്കുമെന്നതു നിർണായകമാണ്. ഇറാനുമായി യുഎസ് ബന്ധം മെച്ചപ്പെടുന്നത് എണ്ണവിപണിയിലും മറ്റും ഇന്ത്യയ്ക്കു ഗുണകരമാണ്. റഷ്യയോടു ബൈഡൻ സ്വീകരിക്കുന്ന നിലപാട് ഇന്ത്യ–റഷ്യ പ്രതിരോധ സഹകരണം ഉൾപ്പെടെയുള്ളവയിലും പ്രതിഫലിക്കാം. ഏഷ്യയിലും മധ്യപൂർവദേശത്തും ട്രംപ് കൊണ്ടുവന്ന മാറ്റങ്ങൾ തുടരാനാണു സാധ്യത. ഗൾഫ് രാജ്യങ്ങളും ഇസ്രയേലുമായുള്ള സഹകരണം ഉൾപ്പെടെയുള്ള പ്രതീക്ഷകളുമുണ്ട്. കുടിയേറ്റം, തൊഴിൽ, വീസ, ഗ്രീൻകാർഡ് തുടങ്ങിയ മേഖലകളിലും ബൈഡൻ – കമല സംഘത്തിന്റെ നയം ഇന്ത്യയ്ക്കു ഗുണകരമാകുമെന്നുവേണം കരുതാൻ.

Content Highlights: Joe Biden and American democracy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com