ADVERTISEMENT

എൽ.കെ.അഡ്വാനി വിരമിച്ചെങ്കിലും അദ്ദേഹത്തിന്റെ ആശയങ്ങൾ ബിജെപിക്ക് ഇന്നും പ്രസക്തം. രാജ്യമാകെ ഓളമുണ്ടാക്കിയ രഥയാത്ര 30 വർഷം പിന്നിടുമ്പോൾ അതിനു പിന്നിൽ പ്രവർത്തിച്ച ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കാവിമുന്നേറ്റത്തിനായി ബംഗാളിലും രഥയാത്ര നടത്താൻ തീരുമാനിച്ചിരിക്കുന്നു. കേരളം, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവയോടൊപ്പം ബംഗാളും തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. അതിനു മുന്നോടിയായി രഥയാത്ര സംഘടിപ്പിക്കാൻ മോദി തന്നെയാണ് ബിജെപി നേതൃത്വത്തിനു നിർദേശം നൽകിയത്.

മറ്റു സംസ്ഥാനങ്ങളെക്കാൾ ബംഗാളിലെ തിരഞ്ഞെടുപ്പു ബിജെപിക്കു നിർണായകമാണ്. തൃണമൂൽ കോൺഗ്രസിന്റെ മുഖ്യ എതിരാളിയായി ആദ്യമായി അവർ എത്തിയിരിക്കുന്നു. ശ്യാമപ്രസാദ് മുഖർജിയുടെ മണ്ണിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ 10 വർഷത്തെ ഭരണം അവസാനിപ്പിക്കുമെന്നാണ് പാർട്ടിയുടെ ശപഥം.

തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നതിനു പിന്നാലെ രഥയാത്ര തുടങ്ങും. അക്രമത്തിനിടയാക്കാതെ സുരക്ഷിതമായി യാത്ര നടത്താൻ അതാണു നല്ലതെന്ന് പാർട്ടി കരുതുന്നു. എന്നാൽ, സംസ്ഥാനത്ത് അക്രമം തുടങ്ങിക്കഴിഞ്ഞു. മമത ബാനർജിയുടെ സ്വാധീനകേന്ദ്രമായ ദക്ഷിണ കൊൽക്കത്തയിൽ 18ന് ബിജെപി നടത്തിയ വൻ റാലിക്കു നേരെ തൃണമൂൽ കോൺഗ്രസുകാരുടെ ആക്രമണമുണ്ടായി. ചരിത്രത്തിലാദ്യമായി കൊൽക്കത്ത നഗരഹൃദയത്തിൽ അതേ നാണയത്തിൽ ബിജെപി പ്രവർത്തകർ തിരിച്ചടിയും കൊടുത്തു.

റാലി നയിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷും തൃണമൂലിൽനിന്നു രാജിവച്ച് ബിജെപിയുടെ പുതിയ താരമായി മാറിയ സുവേന്ദു അധികാരിയുമായിരുന്നു. തിരിച്ചടി ഇഷ്ടപ്പെട്ട അധികാരി പറഞ്ഞത് ‘നന്നായി കുട്ടികളേ! തക്ക മറുപടിയാണു നിങ്ങൾ കൊടുത്തത്. വീട്ടിൽത്തന്നെ കയറി അടിച്ചു, മോദി പാക്കിസ്ഥാനിൽ ചെയ്തതുപോലെ’ എന്നാണ്. സത്യമാണ്, ബംഗാളിലെ രാഷ്ട്രീയം ഇന്ത്യ – പാക്കിസ്ഥാൻ ബന്ധം പോലെയാണ്. തൃണമൂൽ പ്രവർത്തകർ ഇന്നു ബിജെപിക്കാരെ അടിച്ചാൽ നാളെ അവർ തിരിച്ചടിക്കും.

ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ സംസ്ഥാനത്തെ ക്രമസമാധാനത്തിന്റെയും ഭരണഘടനാ സംവിധാനത്തിന്റെയും തകർച്ച ചൂണ്ടിക്കാട്ടി ആറാമത്തെ റിപ്പോർട്ട് കഴിഞ്ഞയാഴ്ച സമർപ്പിച്ചു. തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മറ്റൊരു സംസ്ഥാനത്തെയും ഗവർണർ ഇത്തരത്തിൽ റിപ്പോർട്ട് നൽകിയിട്ടില്ല. ബംഗാളിൽ നീതിനിഷ്ഠമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്ന് ധൻകർ ‘മനോരമ’യോടു നേരത്തെ വ്യക്തമാക്കിയിരുന്നു. അക്രമമില്ലാത്ത തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിൽ ഗവർണർക്ക് എന്തെങ്കിലും പങ്കുണ്ടോ? ഈ ചോദ്യത്തിന് തിരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥൻ ‘മനോരമ’യ്ക്കു നൽകിയ മറുപടി ഇതാണ്– ‘ക്രമസമാധാനം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു ഗവർണർ റിപ്പോർട്ട് നൽകുകയും അതു കേന്ദ്രസർക്കാർ കമ്മിഷനു കൈമാറുകയും ചെയ്താൽ ഗവർണറുടെ മാർഗനിർദേശം തേടേണ്ടിവരും. കമ്മിഷന്റെ ചുമതല സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പു നടത്തുകയെന്നതാണ്.’ 

ഈ ചൂടുപിടിച്ച അന്തരീക്ഷത്തിലാണ് നേതാജി സുഭാഷ് ചന്ദ്രബോസ് ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്നു കൊൽക്കത്തയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മമത ബാനർജിയും വേദി പങ്കിടുന്നത്. 

1200-mamata-banerjee-bengal
സുവേന്ദു അധികാരി പാർവിട്ടതിനു ശേഷം ഭോൽപൂരിൽ നടന്ന കുറ്റൻ റാലിയിൽ മമത ബാനർജി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നു∙(Photo by Dibyangshu SARKAR / AFP)

‘കൈവിട്ട’ കളിക്ക്

കൈക്കരുത്തു കൊണ്ടുതന്നെ ബിജെപിയെ നേരിടാനാണ് മമത ഉദ്ദേശിക്കുന്നതെന്നു വ്യക്തം. 19നു പുരുലിയയിൽ നടന്ന റാലിയിൽ ചിലർ ശബ്ദമുയർത്തിയപ്പോൾ, അതു ബിജെപിയുടെ കളിയാണെന്നും ആ കളി താനും കളിക്കുമെന്നുമായിരുന്നു ക്ഷുഭിതയായ മമതയുടെ പ്രതികരണം.

2019ൽ എങ്ങനെയാണ് സംസ്ഥാനത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ബിജെപി തന്റെ പാർട്ടിയെ തൂത്തെറിഞ്ഞതെന്ന് മമതയ്ക്ക് അറിയാം. തെക്കും കിഴക്കും ഭാഗങ്ങളിൽ അതേ ഓളമുണ്ടാക്കാനുള്ള ശ്രമത്തിലാണു ബിജെപി. നന്ദിഗ്രാമിൽ മത്സരിക്കുമെന്നു ദീദി പ്രഖ്യാപിച്ചത് പടിഞ്ഞാറൻ മേഖല നിലനിർത്താനുള്ള അവസാനശ്രമമെന്ന നിലയിലാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടിങ് നില നോക്കിയാൽ മമതയുടെ നിയമസഭാ മണ്ഡലമായ ഭവാനിപ്പുരിലും സിംഗൂരിലും തൃണമൂൽ പിന്നാക്കം പോയിട്ടുണ്ടെന്നു കാണാം. നന്ദിഗ്രാമിലാകട്ടെ, കഷ്ടിച്ച് 700 വോട്ടിന്റെ ഭൂരിപക്ഷമാണു കിട്ടിയത്. 2011ൽ ഈ മണ്ഡലങ്ങളെല്ലാം ഇടതുപക്ഷത്തെ കൈവിട്ട് തൃണമൂലിനെ വരിച്ചതാണ്. എന്നാൽ, കാലം മാറിയിരിക്കുന്നു. സിപിഎമ്മിനും അന്നത്തെ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയ്ക്കും ബദലായി മമതയെ ഉയർത്തിക്കൊണ്ടുവന്ന പ്രദേശങ്ങളിലെല്ലാം ഇപ്പോൾ ‘ദീദി’ക്കെതിരെ വലിയ ജനവികാരമാണ് ഉയർന്നുവന്നിരിക്കുന്നത്.

കോൺഗ്രസ് – ഇടത് പ്രതീക്ഷകൾ

ഇടതുപക്ഷവും കോൺഗ്രസും ഈ കളി കണ്ടിരിക്കുകയാണ്. ബിജെപിയുടെ കടന്നുകയറ്റം തടയാൻ നീക്കുപോക്കാവാമെന്നു മമത ഇടത്–കോൺഗ്രസ് ദേശീയ നേതൃത്വങ്ങളോടു രഹസ്യമായി അഭ്യർഥിച്ചെങ്കിലും സംസ്ഥാന നേതൃത്വങ്ങൾ ഗൗനിച്ചതേയില്ല. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും സിപിഐ (എംഎൽ) നേതാവ് ദീപാങ്കർ ഭട്ടാചാര്യയും കോൺഗ്രസ് നേതാക്കളും ബിജെപി ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും സംസ്ഥാന ഘടകങ്ങൾ അതു കേട്ട ഭാവം പോലും കാണിക്കുന്നില്ല.

ബംഗാൾ ഘടകത്തിന്റെ ആവശ്യ പ്രകാരം ഇടതുമായി സഖ്യത്തിന് സോണിയ ഗാന്ധി അനുമതി കൊടുത്തു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി മമത വിരോധിയായ അധീർ രഞ്ജൻ ചൗധരിയെ നിയോഗിക്കുകയും ചെയ്തു. മുൻപ് കോൺഗ്രസിനെ തകർത്ത് മമത വേറിട്ടുപോയപ്പോൾ തങ്ങൾക്കുണ്ടായ അതേ വിഷമം, ഇപ്പോൾ മമതയും അനുഭവിക്കുന്നുണ്ടാകുമെന്നാണ് ചൗധരി പ്രതികരിച്ചത്. തൃണമൂൽ തകർന്നാൽ പ്രവർത്തകർ തിരികെ കോൺഗ്രസിൽ എത്തുമെന്ന് അവർ കണക്കുകൂട്ടുന്നു. സിപിഎമ്മിന്റെ സമീപനവും ഇതുതന്നെയാണ്. മമത പോയാൽ പഴയ സ്വാധീനം തിരിച്ചുപിടിക്കാമെന്ന് അവരും കരുതുന്നു. എന്നാൽ അതത്ര എളുപ്പമാവില്ല. ഇതിനിടെ  ഇടതുപാർട്ടികളും കോൺഗ്രസുമായി വിശാല സഖ്യത്തിനും തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നു. 

മമതയുടെ ആശങ്കകൾ

∙ സംസ്ഥാനത്തെ ഹിന്ദുത്വ ശക്തികളുടെ വളർച്ച.

∙ സംസ്ഥാനത്തെ മതപരമായ ധ്രുവീകരണം. 

∙ സർക്കാർവിരുദ്ധ മനോഭാവം മുസ്‌ലിംകളിൽ 

ശക്തിപ്പെടുന്നു.

∙ ഫുർഫുറ ഷരീഫിലെ അബ്ബാസ് സിദ്ദിഖി എന്ന മുസ്‌ലിം നേതാവിന്റെ ഉയർച്ചയും അദ്ദേഹത്തിന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി നൽകുന്ന പിന്തുണയും.

English Summary: BJP getting more power in Bengal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com