ADVERTISEMENT

മൂന്നര ലക്ഷത്തോളം പേർക്കു തൊഴിൽ നൽകുന്ന കേരളത്തിലെ തോട്ടങ്ങൾ നിർഭാഗ്യവശാൽ ഏതാനും വർഷങ്ങളായി കടുത്ത പ്രതിസന്ധി നേരിടുകയാണ്. കോവിഡ്കാലം ഈ അവസ്ഥയെ കൂടുതൽ ദുഷ്കരമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ, സംസ്ഥാനത്തെ തോട്ടം രംഗത്തിനു പുതുജീവൻ നൽകാൻ ലക്ഷ്യമിടുന്ന തോട്ടവിള നയത്തിന്റെ കരട് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ചതോടെ ഈ മേഖലയിൽ വീണ്ടും പ്രതീക്ഷ തളിർക്കുന്നുണ്ട്. 

മറ്റു മേഖലകളിൽ ഒട്ടേറെ പുത്തൻ തൊഴിലവസരങ്ങളും സംരംഭങ്ങളുമൊക്കെയുണ്ടായ ശേഷവും കേരളത്തിൽ ഏറെപ്പേർ ഉപജീവനം കണ്ടെത്തുന്ന മേഖലയാണു തോട്ടങ്ങൾ. റബർ, കാപ്പി, തേയില, ഏലം, കുരുമുളക് എന്നിവ ഉൽപാദിപ്പിക്കുന്ന തോട്ടങ്ങൾ അടുത്തകാലം വരെ സംസ്ഥാനത്തിന്റെ അഭിമാനമായിരുന്നു. പക്ഷേ, പ്രകൃതിക്ഷോഭം, കാലാവസ്ഥാമാറ്റം, കുറയുന്ന ഉൽപാദനക്ഷമത, കുത്തനെ ഉയരുന്ന ഉൽപാദനച്ചെലവ് എന്നിങ്ങനെ പ്രതികൂല ഘടകങ്ങളുടെ ഘോഷയാത്ര തന്നെ സമീപകാലത്തു തോട്ടംമേഖലയിലുണ്ടായി. ഇതിനൊക്കെ പുറമേയാണ് കോവിഡിന്റെ വരവിനെത്തുടർന്നുണ്ടായ സമ്പൂർണ തളർച്ച. കർഷകരുടെയും തൊഴിലാളികളുടെയും ജീവിതം ദുരിതപൂർണവും ദുഷ്കരവുമായി. പല തോട്ടങ്ങളും അടച്ചുപൂട്ടി. തോട്ടംമേഖലയുടെ പ്രതിസന്ധി സംസ്ഥാനത്തിന്റെ സമ്പദ്‍ഘടനയ്ക്കുതന്നെ വലിയ ആഘാതമാവുകയും ചെയ്തു.

ആദായക്ഷമമാകുന്നതുവരെ പിടിച്ചുനിൽക്കാനുള്ള സഹായഹസ്തം നീട്ടുന്നതിനൊപ്പം ആദായത്തിലേക്കു തിരിച്ചെത്താനുള്ള സാഹചര്യം സൃഷ്ടിക്കുകകൂടി ചെയ്താൽ മാത്രമേ, നമ്മുടെ തോട്ടങ്ങൾ ആത്മവിശ്വാസത്തോടെ നിലനിൽക്കൂ എന്നതിൽ സംശയമില്ല. തോട്ടംതൊഴിലാളികൾക്കു പരിരക്ഷയും മറ്റു ജീവിതസഹായങ്ങളും ഉറപ്പാക്കുകയും വേണം. ഈ സാഹചര്യത്തിലാണ്, തോട്ടംമേഖലയുടെ പുനരു‍ജ‍്ജീവനവും തൊഴിലാളികളുടെ സംരക്ഷണവും ലക്ഷ്യമിടുന്ന തോട്ടവിള നയം പ്രസക്തമാവുന്നത്. ജസ്റ്റിസ് എൻ. കൃഷ്ണൻ നായർ കമ്മിഷൻ ശുപാർശകൾ കൂടി പരിഗണിച്ചാണു നയത്തിനു സർക്കാർ രൂപം നൽകിയത്.

തോട്ടവിളകൾക്കു ന്യായവില ഉറപ്പാക്കാനും അടഞ്ഞുകിടക്കുന്ന തോട്ടങ്ങൾ തുറക്കാനും തൊഴിലാളികൾക്കു മെച്ചപ്പെട്ട ജീവിതസാഹചര്യം  ഉറപ്പുവരുത്താനുംകൂടി  ലക്ഷ്യമിടുന്നതാണു പുതിയ നയം. സ്വന്തമായി പാർ‍പ്പിടമില്ലാത്ത എല്ലാ തോട്ടംതൊഴിലാളികൾക്കും ലൈഫ് മിഷനിലൂടെ വീടു നൽകാനും പരിസ്ഥിതിയെയും തൊഴിലാളികളുടെ ആരോഗ്യത്തെയും ബാധിക്കുന്ന തരത്തിലുള്ള കീടനാശിനി പ്രയോഗം കർശനമായി തടയാനും നിർദേശങ്ങളുണ്ട്. തോട്ടംതൊഴിലാളികളുടെ പെൻഷൻ പ്രായം ഉയർത്താനും അവരുടെ വേതനം കൃത്യമായ ഇടവേളകളിൽ പുതുക്കാനും നടപടി സ്വീകരിക്കും. പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. തോട്ടംതൊഴിലാളികളുടെ എല്ലാ ലയങ്ങ‍ളെയും കെട്ടിടനികുതിയിൽനിന്ന് ഒഴിവാക്കാൻ നിർദേശം നൽകിക്കഴിഞ്ഞു. വ്യവസായ സംരംഭങ്ങൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും തോട്ടംമേഖലയ്ക്കു കൂടി ലഭ്യമാക്കാനും ലക്ഷ്യമിടുന്നു. തോട്ടങ്ങളിൽ വിനോദസഞ്ചാരത്തിനും നടപടികളുണ്ടാകും. 

പ്രകൃതിദുരന്തങ്ങളും രോഗബാധകളും വിളകളെ നിരന്തരം വേട്ടയാടുന്നതിനാൽ എന്നും ആശങ്കയിലാണു നമ്മുടെ കർഷകർ. എല്ലാ തോട്ടവിളകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്നത് അതുകൊണ്ടുതന്നെ ആശ്വാസം പകരുന്നു. തോട്ടങ്ങളിലെ വന്യജീവി ആക്രമണങ്ങൾക്കു പരിഹാരം കാണാൻ വനംവകുപ്പുമായി സഹകരിച്ച് പദ്ധതികൾ ആവിഷ്കരിക്കുന്നതും സ്വാഗതാർഹമാണ്.  

തോട്ടം നികുതി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തെങ്കിലും നിയമഭേദഗതിക്കായി ഇനിയും കാത്തിരിക്കണം. തോട്ടംമേഖലയുടെ ദീർഘകാല ആവശ്യമായ കാർഷികാദായ നികുതി റദ്ദാക്കൽ നിയമവും യാഥാർഥ്യമായിട്ടില്ല. നിയമഭേദഗതിയിലൂടെ ‌കാർഷികാദായ നികുതി പൂർണമായും ഒഴിവാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത് 2018 ഒക്ടോബറിലാണ്.

നമ്മുടെ തോട്ടങ്ങൾ കോവിഡ് അനന്തര സാഹചര്യത്തിൽ പുതുവഴി തേടുമ്പോൾ കാലഹരണപ്പെട്ട നിയന്ത്രണങ്ങൾ അതിനു തടസ്സമായിക്കൂടാ. തോട്ടംമേഖലയ്ക്കു ശുഭപ്രതീക്ഷകൾ നൽകുന്ന കൃഷി വൈവിധ്യവൽക്കരണത്തിന്റെ പ്രസക്തി വർധിക്കുന്നത് ഈ സാഹചര്യത്തിലാണ്. തോട്ടവിളകളുടെ ഗണത്തിലേക്കു ഫലവർഗങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം തോട്ടം ഉടമകളും കർഷകരും ഉന്നയിക്കുന്നുണ്ട്. തോട്ടംമേഖലയെ ഇപ്പോഴത്തെ പ്രതിസന്ധിയിൽനിന്നു കരകയറ്റുന്ന നടപടികൾ യാഥാർഥ്യമാകാൻ ഇനിയും വൈകിക്കൂടാ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com