അഴിയെണ്ണിക്കേണ്ട അനാസ്ഥ; കുതിരാനിലും സമീപത്തും അപകടങ്ങളിൽ പൊലിഞ്ഞത് 245 ജീവൻ

kuthiran-accident1
കുതിരാൻ പരിസരത്ത് നടന്ന അപകടം. (ഫയൽ ചിത്രം).
SHARE

10 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് മനഃപൂർവമല്ലാത്ത നരഹത്യ. പക്ഷേ, ഞങ്ങളൊന്നുമറിഞ്ഞിട്ടില്ലെന്ന മട്ടിൽ മനഃപൂർവം നരഹത്യയ്ക്കു വഴിയൊരുക്കുന്നതു ശിക്ഷാർഹമായി കണക്കാക്കിയാൽ ദേശീയപാത അതോറ്റിക്കു മേൽ കുമിഞ്ഞുകൂടുന്നത് ആജീവനാന്തകാലം അഴിയെണ്ണാൻ പാകത്തിനുള്ള കുറ്റങ്ങളാണ്.

ദേശീയപാത 554ൽ മണ്ണുത്തിക്കും വടക്കഞ്ചേരിക്കുമിടയിൽ കുതിരാനിലും പരിസരത്തുമായി കഴിഞ്ഞ 11 വർഷത്തിനിടെ അപകടങ്ങളിൽ കൊല്ലപ്പെട്ടത് 245 പേർ. ആറുവരിപ്പാത നിർമാണം അനന്തമായി ഇഴഞ്ഞുനീങ്ങുന്നതു കുതിരാൻ മേഖലയെ ചോരയിൽ കുതിർക്കുന്നു.

2 തുരങ്കങ്ങൾ അടക്കം വെറും 28.5 കിലോമീറ്റർ മാത്രമാണ് നിർദിഷ്ട ആറുവരിപ്പാതയുടെ ദൈർഘ്യം. അതായത്, ആഞ്ഞൊന്നു സൈക്കിൾ ചവിട്ടിയാൽ ഒന്നേകാൽ മണിക്കൂർ കൊണ്ടു പിന്നിടാവുന്ന ദൂരം. എന്നിട്ടും പാത നിർമാണം അനന്തമായും മരണക്കണക്ക് അളവറ്റും നീളുന്നതിനു പിന്നിൽ ആരാണ് കുറ്റവാളി? ഇവർ എന്തു ശിക്ഷയാണ് അർഹിക്കുന്നത്? നിയമവഴിയിലൂടെ ഒരന്വേഷണം..

കേസി’ന്റെ പശ്ചാത്തലം

തൃശൂർ – പാലക്കാട് ജില്ലാ അതിർത്തിയിൽ മണ്ണുത്തിക്കും വടക്കഞ്ചേരിക്കുമിടയിലെ കുപ്പിക്കഴുത്താണ് കുതിരാൻമല. മണ്ണുത്തി മുതൽ വഴുക്കുംപാറ വരെയും വടക്കഞ്ചേരി മുതൽ കൊമ്പഴ വരെയും ആറുവരിപ്പാതയുടെ വിശാലതയിലൂടെ സഞ്ചരിച്ചാണ് വാഹനങ്ങൾ കുതിരാനിലെത്തുക. എന്നാൽ, കുതിരാനിൽ ഒറ്റവരിയായി ചുരുങ്ങുന്ന റോഡിലൂടെ കുത്തനെയുള്ള കയറ്റിറക്കങ്ങളും വളവുകളും താണ്ടി ദിവസവും സഞ്ചരിക്കുന്നത് 20,000ലേറെ വാഹനങ്ങൾ. 

kuthiran-accident-block

ആറുവരിപ്പാതയും തുരങ്കവും

മലയ്ക്കു കുറുകെ ഇരട്ടത്തുരങ്കം നിർമിക്കുകയും മണ്ണുത്തി–വടക്കഞ്ചേരി പാത ആറുവരിയാക്കുകയും ചെയ്യാനുള്ള സ്വപ്ന പദ്ധതിക്ക് 2005ൽ ആണ് സർവേ തുടങ്ങുന്നത്. 11 വർഷം മുൻപ് 642 കോടി രൂപയ്ക്കു ട്രിച്ചൂർ എക്സ്പ്രസ് വേ ലിമിറ്റഡ് എന്ന കമ്പനിക്കു 30 മാസത്തെ നിർമാണക്കരാർ നൽകി. എന്നാൽ, കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതോടെ നിർമാണം നീണ്ടു.  കുതിരാൻമല തുരന്ന് ഇരട്ടത്തുരങ്കങ്ങളുടെ നിർമ‍ാണം തുടങ്ങിയത് 5 വർഷം മുൻപാണ്. 945 മീറ്റർ നീളത്തിൽ 14 മീറ്റർ വീതിയിലും 10 മീറ്റർ ഉയരത്തിലുമാണ് തുരങ്ക നിർമാണം. 2 വർഷം മുൻപു തന്നെ ഒന്നാം തുരങ്കത്തിന്റെ പണി 90% പൂർത്തിയാക്കാൻ കഴിഞ്ഞു. രണ്ടാം തുരങ്കത്തിന്റേത് 60 ശതമാനവും. പിന്നീടു പണി സ്തംഭിച്ചു. രണ്ടു തുരങ്കങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന 2 ഇടനാഴികളിലൊന്നിന്റെ നിർമാണം പൂർത്തിയായിട്ടില്ല.

ആശയവിനിമയ, വൈദ്യുതീകരണ, അഗ്നിരക്ഷാ ജോലികൾ പൂർത്തിയാക്ക‍ി ആദ്യ തുരങ്കം ഈ മാസമൊടുവിൽ ഗതാഗതത്തിനു തുറന്നു കൊടുക്കാനാണ് ദേശീയപാത അതോറിറ്റിയുടെ തീര‍ുമാനം. എന്നാൽ, രണ്ടാം തുരങ്കം ഉടനെയൊന്നും തയാറാകുന്ന ലക്ഷണമില്ല. 

പ്രതിക്കൂട്ടിൽ ആരൊക്കെ

ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും തന്നെയാണു മുഖ്യപ്രതി സ്ഥാനത്ത് ആരോപണവിധേയരായി നിൽക്കുന്നത്. കരാർ കാലാവധി പ്രകാരം 2012ന് അകം നിർമാണം പൂർത്തിയാക്കി റോഡ് കമ്മിഷൻ ചെയ്യേണ്ടതാണ്. എന്നാൽ, ഇതു പാലിക്കപ്പെട്ടില്ല. 

കമ്പനിക്കു 4 വട്ടം ദേശീയപാത അതോറിറ്റി കരാർ പുതുക്കി നൽകി. എന്നിട്ടും പണി പൂർത്തിയായില്ല. കരാർ ലംഘനത്തിനു നിയമ നടപടി സ്വീകരിക്കുന്നതിനു പകരം കമ്പനിക്കു സംരക്ഷണമേകുകയാണ് ദേശീയപാത അതോറിറ്റിയെന്നു വിവാദമുയർന്നു. 

തുരങ്കമുഖത്തെ വനഭൂമി ഏറ്റെടുത്തു നൽകുന്നതിൽ സംസ്ഥാന വനംവകുപ്പിനു സംഭവിച്ച വീഴ്ചയും കുറ്റകരം. നിർമാണം വൈകാൻ ഇതും ഇടയാക്കി. കത്തെഴുത്തിൽ മാത്രമായി പ്രതികരണം അവസാനിപ്പിക്കുന്ന ജനപ്രതിനിധികളും കുറ്റാരോപിതരാണ്. 

കുതിരാൻ തുരങ്കത്തിന്റെ കിഴക്കേ ഗുഹാമുഖത്തു സമീപം പാറക്കെട്ടുകൾ പൊട്ടിക്കുന്നു.

അർഹിക്കുന്നത്  എന്തു ശിക്ഷ?

മുഖ്യപ്രതിസ്ഥാനത്തുള്ള ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം പല ക്രിമിനൽ നടപടികൾ നേരിടാൻ ബാധ്യസ്ഥരാണ്. ഇവരെ പ്രതിക്കൂട്ടിലാക്കി അഡ്വ. ഷാജി കോടങ്കണ്ടത്തു ഫയൽ ചെയ്ത ഒന്നിലധികം കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ചീഫ് വിപ്പ് കെ. രാജൻ നൽകിയ ഹർജി പരിഗണിക്കവേ, ദേശീയപാത അതോറിറ്റിയെ ഹൈക്കോടതി വിമർശിച്ചത് ഇന്നലെ.

റോഡിലെ കുഴിയടയ്ക്കാത്തതും അപകട മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാത്തതും സുരക്ഷാ മുന്നൊരുക്കങ്ങൾ നടത്താത്തതുംമൂലം നൂറുകണക്കിനു പേരാണ് കുതിരാനിൽ അപകടങ്ങളിൽ മരിച്ചത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുക്കാവുന്ന കുറ്റമാണിത്. 10 വർഷം വരെ തടവുശിക്ഷയും പിഴയും ലഭിക്കാം. ഇത്തരം 2 കേസുകൾ ദേശീയപാത അതോറിറ്റിക്കെതിരെ പീച്ചി സ്റ്റേഷനിൽ നിലവിലുണ്ട്. മറ്റു കുറ്റങ്ങൾക്കു സാധ്യത ഇങ്ങനെ: 

– കോടതിയലക്ഷ്യം: നിർമാണം പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശിച്ച സമയ പരിധി 1 വർഷം മുൻപു കഴിഞ്ഞു. റോഡിൽ സുരക്ഷാ സംവിധാനങ്ങളൊരുക്കാൻ ഹൈക്കോടതിയുടെ നിർദേശങ്ങൾ നടപ്പായില്ല – 6 മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം.

– കുറ്റകരമായ അനാസ്ഥ: അശാസ്ത്രീയമായി നടത്തുന്ന നിർമാണ പ്രവർത്തനങ്ങളും പാതനിർമാണം വൈകുന്നതും അഴിമതി നിരോധന നിയമപ്രകാരം ശിക്ഷയർഹിക്കുന്ന കുറ്റം – കേസിന്റെ ഗൗരവമനുസരിച്ചു തടവുശിക്ഷ ലഭിക്കാം. 

– അഴിമതി: നിർമാണത്തിന്റെ ഭാഗമായി കുതിരാൻ മലയിൽ നിന്നു പാറയും മണ്ണും നീക്കിയതിൽ അഴിമതിയുണ്ടെന്ന പരാതി കേന്ദ്ര വിജിലൻസ് കമ്മിഷൻ അന്വേഷിക്കുന്നു. കുറ്റം തെളിഞ്ഞാൽ ഗൗരവമനുസരിച്ചു തടവും പിഴയും ലഭിക്കാം.  

– കരാർ ലംഘനം: ദേശീയപാത അതോറിറ്റിയുമായി ഒപ്പുവച്ച കരാർ നിർമാണ കമ്പനി ലംഘിച്ചതു 4 വട്ടം – കരാർ ലംഘനവും വഞ്ചനയും 7 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം.  

മറുപക്ഷം പറയുന്നത്..

ദേശീയപാത നിർമാണം മുടങ്ങാൻ കാരണം നാട്ടുകാരുടെ അനാവശ്യ സമരമാണെന്ന മട്ടിൽ വിചിത്രമാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്. കരാർ കമ്പനിയുടെ സാമ്പത്തിക ബാധ്യതയും തടസ്സമാകുന്നതായി ദേശീയപാത അതോറിറ്റി പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിട്ടുണ്ട്. തൊഴിലാളി സമരവും സാമ്പത്തിക പ്രതിസന്ധിയും തടസ്സം സൃഷ്ടിച്ചതായി കരാർ കമ്പനിയായ കെഎംസിസി പറയുന്നു. ഫെബ്രുവരിക്കകം നിർമാണം പൂർത്തിയാക്കലാണ് ഇവരുടെ ലക്ഷ്യം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA