ADVERTISEMENT

‘സ്മോൾ ഈസ് ബ്യൂട്ടിഫുൾ’ എന്നു പറഞ്ഞത് സാമ്പത്തിക വിദഗ്ധനായ ഇ.എഫ്. ഷുമാക്കർ ആണ്. എന്നാൽ അതിന് ഇക്കാലത്ത് ഏറ്റവും പ്രസക്തി കേരളത്തിലാണ്. ‘ചെറുതല്ലോ ചേതോഹരം’ എന്ന് എൽഡിഎഫും യുഡിഎഫും എൻഡിഎയും കോറസ് പോലെയാണു പാടുന്നത്. ഈർക്കിൽ പാർട്ടികൾക്കു കൊമ്പു മുളയ്ക്കുന്ന കാലമാണിത്. അവരുടെ പിന്തുണ കിട്ടാൻ വേണ്ടി മുന്നണികൾ തമ്മിൽ കടുത്ത മത്സരമാണ്. ഗ്രഹണ സമയത്ത് ഞാഞ്ഞൂലും തലപൊക്കുമെന്നു പറഞ്ഞപോലെ ഈ കക്ഷികളുടെ നേതാക്കൾ നെഞ്ചുവിരിച്ച് മപ്പടിച്ച് ഗോഗ്വാ വിളിക്കുകയാണ്.

തിരഞ്ഞെടുപ്പ് അടുത്താൽ സമുദായ പിന്തുണയുടെ മൊത്തക്കച്ചവടം ഏറ്റെടുത്തവരാണു ചില നേതാക്കൾ. മറ്റു ചിലരാകട്ടെ ജാതിക്കും മതത്തിനും അതീതമായ പിന്തുണയാണ് അവകാശപ്പെടുന്നത്. ഏതായാലും മുന്നണികൾക്ക് ആരെയും അവഗണിക്കാനാകില്ല. ലോക കോൺഗ്രസ് (എ) മുതൽ ലോക കോൺഗ്രസ് (ഇസഡ്) വരെയുള്ള പ്രമുഖ കക്ഷികളെ ചാക്കിലാക്കാനുള്ള ശ്രമത്തിലാണു മൂന്നു മുന്നണികളും. കാലിപ്പാത്രങ്ങളാണു കൂടുതൽ ഒച്ചയുണ്ടാക്കുകയെന്നു പറഞ്ഞതു നേരാണ്.
പാർട്ടികളുടെ ശക്തി ശോഷിക്കുന്നതിന് ആനുപാതികമായി നേതാക്കളുടെ ശബ്ദത്തിന്റെ തീവ്രത കൂടും. ആമയിഴഞ്ചാൻ തോടിനെ ആമസോണാക്കി മാറ്റാനും കല്ലടികോടൻ മലയെ കൈലാസമാക്കാനും ഇക്കൂട്ടർക്കുള്ള വിരുത് ഒന്നു വേറെയാണ്. തിരഞ്ഞെടുപ്പു കാലമായിപ്പോയില്ലേ, മുന്നണി നേതാക്കൾക്ക് എല്ലാം സഹിച്ചല്ലേ പറ്റൂ. ഏതായാലും നായ്ക്കോലം കെട്ടി. ഇനി കുരയ്ക്കാതെന്തു ചെയ്യും?

പരാതിയുടെ പുരോഗതി അറിയിക്കുംവിധം

സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയായിപ്പോയി എന്നതു കൊണ്ടു മാത്രം നാട്ടിലെ എല്ലാ വനിതകളുടെയും പരാതി പരിഹരിക്കാനും ക്ഷേമം അന്വേഷിക്കാനുമുള്ള ബാധ്യതയൊന്നും ജോസഫൈൻ സഖാവിനില്ല. ആരുടെയൊക്കെ പരാതി അന്വേഷിക്കണമെന്നു കമ്മിഷനെ പഠിപ്പിക്കാനൊന്നും ആരും മെനക്കടേണ്ട. തൊട്ടതിനും പിടിച്ചതിനുമെല്ലാം പരാതിയുമായി കമ്മിഷനിലേക്കു വരരുത്.

എൺപത്തിയൊമ്പതുകാരി ‘തള്ള’ പരാതി കൊടുത്താൽ അതു പരിഹരിക്കാനുള്ള ദൗത്യം കമ്മിഷന് ഏറ്റെടുക്കാനാവില്ല. തള്ള എന്നു പ്രയോഗിച്ചതിന്റെ പേരിൽ ആരും സഖാവിനെതിരെ യുദ്ധം പ്രഖ്യാപിക്കാനും വരരുത്. തള്ള എന്നാൽ അമ്മ എന്നാണ് അർഥമെന്നു ഭാഷാ പണ്ഡിതർ പറഞ്ഞിട്ടുണ്ട്. സംശയമുള്ളവർ കുമാരാനാശന്റെ ‘അമ്മയും കുഞ്ഞും’ എന്ന കവിതയുടെ ആദ്യ ശീർഷകം പരിഗണിക്കണം. അതു തള്ളയും കുഞ്ഞും എന്നായിരുന്നുവെന്നു ഭാഷാ ചരിത്രകാരൻമാർ പറയുന്നു.  അതുകൊണ്ടും സംശയം തീരാത്തവർ ‘പെറ്റതള്ള’ എന്ന പ്രയോഗം ശ്രദ്ധിക്കണം.

അപ്പോഴൊന്നും പ്രതിഷേധിക്കാത്തവർ സഖാവിനെതിരെ പടപ്പുറപ്പാടു നടത്തേണ്ട. കന്യാസ്ത്രീക്കെതിരെ മോശം പരാമർശം നടത്തിയതിന്റെ പേരിൽ പി.സി.ജോർജ് എംഎൽഎയ്ക്കെതിരെ േകസ് എടുത്തപ്പോൾ‍ കമ്മിഷൻ അധ്യക്ഷയ്ക്കു ഫോണിലൂടെയും തപാലിലൂടെയും കണക്കിനു കിട്ടിയെന്നു കേട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിന് ഇതുവരെ സ്ഥിരീകരണമില്ല. രോഗിയായ പരാതിക്കാരിയുടെ ബന്ധു ഫോണിൽ വിളിച്ചെന്നുവച്ച് പരാതിയുടെ പുരോഗതി കമ്മിഷൻ അധ്യക്ഷ അറിയിക്കണമെന്നു ചട്ടമൊന്നുമില്ല. പരാതിക്കാരിയുടെ വീട്ടിൽ ചെന്ന് തെളിവെടുക്കാൻ തു‌ടങ്ങിയാൽ കമ്മിഷനു പിന്നെ അതിനു മാത്രമേ സമയം കാണൂ.

കെഎസ്ആർടിസിയിലെ പെരുച്ചാഴികളും ചിതലും

കെഎസ്ആർടിസിയിൽ ഇരുമ്പു കാർന്നു തിന്നുന്ന ചില പെരുച്ചാഴികളും ഡീസൽ കുടിച്ചു വറ്റിക്കുന്ന ചിതലുകളും ഉണ്ടെന്നാണു േകൾക്കുന്നത്. പറയുന്നത് സിഎംഡി ബിജു പ്രഭാകർ തന്നെയാകുമ്പോൾ അവിശ്വസിക്കേണ്ട കാര്യമില്ല. തിന്നാനും കുടിക്കാനും മറ്റൊന്നും കിട്ടാതെ വരുമ്പോഴാണു കോർപറേഷനിലെ പെരുച്ചാഴികൾ ഇരുമ്പു കരളാനും ചിതലുകൾ ഡീസൽ കുടിക്കാനും തുടങ്ങിയത്. അതിന് അവയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. സമയാസമയത്ത് ശമ്പളം നൽകിയില്ലെങ്കിൽ പെരുച്ചാഴികൾക്കും ചിതലുകൾക്കും മറ്റു മാർഗമില്ലാതെവരും.

അതുകൊണ്ടാണവ ഇരുമ്പു തിന്നുന്നതും ഡീസൽ കുടിക്കുന്നതും. ഗതികെട്ടാൽ പുലിക്ക് പുല്ലു തിന്നാമെങ്കിൽ, െപരുച്ചാഴിക്ക് ഇരുമ്പു തിന്നുകയും ചിതലിനു ഡീസൽ കുടിക്കുകയുമാകാം. സാഹചര്യങ്ങളുടെ സമ്മർദം കൊണ്ട് കടുവ നരഭോജിയാകുന്നതു പോലെയാണ് ഇതെന്നു കരുതിയാൽ മതി. പെരുച്ചാഴികളെയും ചിതലിനെയും പൂർണമായി ചെറുക്കാനുള്ള വിദ്യയൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട് സിഎംഡിക്കു നല്ലത് ഇവയെ സഹിച്ച് കോർപറേഷൻ നടത്തിക്കൊണ്ടു പോകുന്നതാണ്.

കോർപറേഷനിൽ നിന്ന് 100 കോടി രൂപ കാണാനില്ലെന്നാണു പറയുന്നത്. സത്യത്തിൽ ആരെങ്കിലും അതു സദുദ്ദേശ്യത്തോടെ മാറ്റിവച്ചതായിരിക്കും. ഇത്രയും പണം കോർപറേഷന്റെ അടച്ചുറപ്പില്ലാത്ത ഓഫിസുകളിലോ വർക്‌ഷോപ്പുകളിലോ സൂക്ഷിക്കുന്നത് അപകടമാണെന്ന് ഈ സദുദ്ദേശ്യക്കാർ കരുതിക്കാണും. 100 കോടി ആവിയായൊന്നും പോയിട്ടുണ്ടാവില്ല. സദുദ്ദേശ്യക്കാരുടെ ഖജനാവുകളിൽ അട്ടിഅട്ടിയായി അടുക്കിവച്ചു കാണും. സിഎംഡി മയത്തിലൊന്ന് അന്വേഷിച്ചാൽ ആ പണം തിരിച്ചുവരും.

സ്റ്റോപ് പ്രസ്: സോളർ പീഡനക്കേസ് സിബിഐക്കു വിടാൻ തീരുമാനം

സ്വന്തമായി കിഫ്ബി കയ്യിലുള്ളവർക്കാണെങ്കിൽ ഒരു പ്രത്യേക ജനുസ്സ് പ്രമേയം പാസാക്കാനുള്ള കേസേയുള്ളൂ.

Content Highlights: Local Political Parties, KSRTC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com