ജനാധിപത്യത്തിന് വെല്ലുവിളി

Kerala-Assembly
SHARE

ജനാധിപത്യവും അതിന്റെ നിലനിൽപിനായി രാജ്യം പടുത്തുയർത്തിയ ഭരണഘടനാ സംവിധാനവും മുൻപൊരിക്കലും ഇല്ലാത്തവിധം വെല്ലുവിളി നേരിടുന്ന കാലമാണിത്. ഭരണഘടനാ സ്ഥാപനമായ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ടിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം ഈ പശ്ചാത്തലത്തിലാണ് ആശങ്ക ഉയർത്തുന്നത്. ഇന്ത്യൻ പാർലമെന്റിലോ നിയമസഭകളിലോ ഇത്തരമൊരു നടപടി മുൻപുണ്ടായിട്ടില്ല.

പ്രമേയം അവതരിപ്പിക്കാൻ സർക്കാരിന് അവകാശമുണ്ടെങ്കിലും അതുവഴി സിഎജി റിപ്പോർട്ടിലെ കാതലായ ഭാഗംതന്നെ നീക്കം ചെയ്യുന്ന നടപടി ജനാധിപത്യ സംവിധാനം നിലവിലുള്ള ഒരു രാജ്യത്ത് അംഗീകരിക്കാൻ കഴിയുന്നതല്ല. സിഎജി റിപ്പോർട്ടിൽ കിഫ്ബിക്കെതിരായ പരാമർശങ്ങളടങ്ങിയ 41 മുതൽ 43 വരെ പേജുകൾ നിരാകരിക്കുന്ന പ്രമേയമാണു നിയമസഭ പാസാക്കിയത്. ഈ പേജുകൾ ഒഴിവാക്കിയുള്ള റിപ്പോർട്ടാകും സഭയുടെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്കു (പിഎസി) കൈമാറുകയെന്നും സ്പീക്കർ വ്യക്തമാക്കിയിട്ടുണ്ട്.

കിഫ്ബിയുടെ വായ്പയെടുക്കൽ ഭരണഘടനാ ലംഘനമാണെന്ന സിഎജിയുടെ നിലപാട് റിപ്പോർട്ടിൽനിന്നു നീക്കം ചെയ്ത സർക്കാർ നടപടിയും ഭരണഘടനാ ലംഘനമെന്നു വിലയിരുത്തേണ്ടി വരും. സിഎജി റിപ്പോർട്ട് പിഎസിക്കു കൈമാറണമെന്നാണു ഭരണഘടനയിൽ പറയുന്നത്. ഏതെങ്കിലും ഭാഗം ഒഴിവാക്കിയാൽ അതിനെ പൂർണമായ സിഎജി റിപ്പോർട്ടായി കണക്കാക്കാനാകില്ല.

സിഎജിയുടെ കരടു റിപ്പോർട്ടിൽ ഇല്ലാത്ത ഭാഗങ്ങൾ അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയെന്നതാണു സർക്കാർ ഉന്നയിക്കുന്ന വിമർശനം. പ്രതികൂല പരാമർശങ്ങൾ ഉൾപ്പെടുത്തുമ്പോൾ സർക്കാരിന്റെ വിശദീകരണം തേടണമെന്നാണ് സിഎജി ഓഡിറ്റ് ആക്ടിൽ (1971) പറയുന്നത്. ഈ വ്യവസ്ഥയുടെ ലംഘനമുണ്ടായെങ്കിൽ അത് ഉന്നയിക്കുക എന്നതു സർക്കാരിന്റെ അവകാശമാണ്. എന്നാൽ, ഉന്നയിക്കാനുള്ള വേദി പിഎസിയാണ്.

അവിടെ സർക്കാരും സിഎജിയും അവതരിപ്പിക്കുന്ന വാദങ്ങൾക്കുമേൽ തീർപ്പ് ഉണ്ടാകുമ്പോഴാണ് പൊതുജനങ്ങൾക്കു സത്യം അറിയാൻ കഴിയുക. നിയമസഭയിൽ പ്രമേയം പാസാക്കി ഹിതകരമല്ലാത്ത ഉള്ളടക്കം വെട്ടിയതോടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത് സത്യം അറിയാനുള്ള ജനങ്ങളുടെ അവകാശം കൂടിയാണ്.കേരളത്തിന്റെ നടപടി ഭാവിയിൽ സമാന സാഹചര്യങ്ങളിൽ കേന്ദ്ര സർക്കാരും മറ്റു സംസ്ഥാന സർക്കാരുകളും കീഴ്‌വഴക്കമായി ചൂണ്ടിക്കാട്ടാനുള്ള സാധ്യതയും ഏറെയാണ്. സിഎജി കണ്ടെത്തുന്ന ക്രമക്കേടുകൾ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി വെട്ടിക്കളയാനുള്ള സാധ്യതകൾക്കു വഴി തുറന്നെന്ന ദുഷ്പേരാകും അങ്ങനെയെങ്കിൽ കേരളം ചുമക്കേണ്ടി വരിക.

ദേശീയ തലത്തിൽ 2ജി സ്പെക്ട്രം, കൽക്കരി കുംഭകോണക്കേസുകളും കേരളത്തിൽ പാമൊലിൻ, ലാവ്‌ലിൻ, വിഴിഞ്ഞം കേസുകളുമെല്ലാം സിഎജി റിപ്പോർട്ടിലൂടെയാണു പുറത്തുവന്നത്. തങ്ങൾക്കെതിരായ നീക്കങ്ങൾക്കു കേന്ദ്ര ഏജൻസികളെ കരുവാക്കുന്നുവെന്നും കിഫ്ബിക്കെതിരായ സിഎജി പരാമർശം അത്തരത്തിലുള്ളതാണെന്നുമാണു സംസ്ഥാന സർക്കാരിന്റെ നിലപാട്. റിപ്പോർട്ടിനെ നിയമപരമായിക്കൂടി നേരിടുമെന്നും ധനമന്ത്രി തോമസ് ഐസക് പറയുന്നു. അതേസമയം, സർക്കാർ പ്രമേയത്തിനെതിരെ നിയമപരമായി നീങ്ങാനൊരുങ്ങുകയാണു പ്രതിപക്ഷം. സിഎജിയും നിയമവഴി തേടാനുള്ള സാധ്യത നിലനിൽക്കുന്നു.

ലെജിസ്ലേച്ചറും എക്സിക്യൂട്ടീവും തമ്മിലുള്ള ഭിന്നതയിൽ ജനാധിപത്യത്തിന്റെ മറ്റൊരു നെടുംതൂണായ ജുഡീഷ്യറി തീർപ്പു കൽപിക്കേണ്ട സാഹചര്യമാണു രൂപപ്പെടുന്നത്. ഇവ മൂന്നും പരസ്പരവിശ്വാസത്തിൽ പ്രവർത്തിച്ചതിനാലാണ് സ്വതന്ത്ര ഇന്ത്യയുടെ ഭരണസംവിധാനം കരുത്താർജിച്ചത്. ഇക്കാര്യത്തിൽ ഏറ്റവും ഉത്തരവാദിത്തപൂർണമായി പെരുമാറേണ്ട രാഷ്ട്രീയ നേതൃത്വം, ആ ചുമതല മറക്കുന്നുവോ എന്നു സംശയിക്കേണ്ട സന്ദർഭങ്ങളാണ് ഉയർന്നുവരുന്നത്.

ദേശീയ തലത്തിലാണെങ്കിലും സംസ്ഥാനങ്ങളിലാണെങ്കിലും ഇക്കാര്യത്തിൽ കക്ഷിഭേദമില്ല. റിപ്പോർട്ട് സമർപ്പിച്ചാൽ ചുമതല കഴിഞ്ഞെന്ന പതിവു നിലപാടല്ല സിഎജി ഇപ്പോൾ സ്വീകരിക്കേണ്ടത്. നടപടിക്രമം പാലിച്ചാണോ റിപ്പോർട്ട് സമർപ്പിച്ചതെന്നു തെളിവു സഹിതം വെളിപ്പെടുത്തേണ്ട ഘട്ടമാണിത്. സിഎജി റിപ്പോർട്ടിനെതിരായ പ്രമേയാവതരണം കീഴ്‌വഴക്കമാകില്ലെന്നു നിയമസഭയിൽ സ്പീക്കർ പറഞ്ഞെങ്കിലും ഈ നടപടി കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിൽ ഒരു ഇരുണ്ട അടയാളമായിത്തന്നെ അവശേഷിക്കും.

English Summary: Editorial on Kerala Assembly's Resolution Against CAG Report

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA