ഓട്ടയടയ്ക്കാൻ ഇരട്ടത്താപ്പ്

SHARE

നിറഭേദങ്ങളുള്ള ‘വർഗശത്രു’വാണ് സിപിഎമ്മിന് സിബിഐ. നിഷ്ഠുര കൊല്ലിനും കൊലയ്ക്കും പ്രതിക്കൂട്ടിലാവുമ്പോൾ ഏഴയലത്തുപോലും സിബിഐയെ അടുപ്പിക്കാതിരിക്കാൻ പൊതുഖജനാവിലെ എത്ര പണം മുടക്കാനും സർക്കാർ തയാർ; അല്ലാത്തപ്പോൾ സിബിഐയെ വിളിച്ചുവരുത്തി കേസുകൾ ഏൽപിച്ചുകൊടുക്കാൻ അമിതാവേശം. ഇക്കളിയിലെ രാഷ്ട്രീയം നഗ്നമായി നിൽക്കുന്നതിൽ പാർട്ടി നാണക്കേടു കാണുന്നുമില്ല. ഇതിനിടെ, സർക്കാരിന്റെ അനുവാദമില്ലാതെ സിബിഐ കേരളത്തിന്റെ പടിപ്പുര കടന്നുപോകരുതെന്നൊരു നിരോധനം ഏർപ്പെടുത്തിയതാവട്ടെ പരിഹാസ്യമായ ‘സ്വന്തം കാര്യം സിന്ദാബാദ്’ മുദ്ര ചാർത്തി നിൽക്കുകയും ചെയ്യുന്നു. 

സോളർ വിവാദവുമായി ബന്ധപ്പെട്ട 6 പീഡനക്കേസുകൾ സിബിഐക്കു വിടാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം വായിക്കേണ്ടത് ഈ പശ്ചാത്തലത്തിലാണ്. ഈ തീരുമാനം പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണെന്നാണു വാദം. ഏതു കേസിലും നീതി നടപ്പാകേണ്ടതാണെന്നിരിക്കെ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി പ്രധാന പ്രചാരണായുധമാക്കിയ സോളർ കേസ് പിണറായി സർക്കാർ അധികാരത്തിലെത്തിയശേഷം പൂർണമായി അവഗണിക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലോ നിയമസഭ ഉപതിരഞ്ഞെടുപ്പുകളിലോ തദ്ദേശ തിരഞ്ഞെടുപ്പിലോ സോളർ കേസ് വിഷയമായില്ല. അധികാരം വച്ചൊഴിയാറായ ഈ നേരംവരെ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാകാതെ പോയതു വിശദീകരിക്കാൻ സർക്കാരിനു കഴിഞ്ഞിട്ടുമില്ല. 

കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നീ യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി ഈയിടെ സുപ്രീം കോടതി തള്ളിയതു സർക്കാരിന്റെ നീതിനിഷേധത്തിനും ഗൂഢതാൽപര്യങ്ങൾക്കും വലിയ തിരിച്ചടിയാണു നൽകിയത്. ഈ കേസിൽ പണംകൊണ്ടു പരമാവധി കളിച്ചെങ്കിലും വിധി സർക്കാരിന് അനുകൂലമായില്ല. പെരിയ കേസിൽ ഡൽഹിയിൽനിന്നുള്ള അഭിഭാഷകർക്കായി ഹൈക്കോടതിയിൽ മാത്രം സംസ്ഥാന സർക്കാർ ചെലവിട്ടത് ഒരു കോടിയോളം രൂപയാണ്. സുപ്രീം കോടതിയിലെ ചെലവുകൂടി കണക്കിലെടുത്താൽ ഇതിലുമേറെയാവും. കണ്ണൂർ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എസ്.പി. ഷുഹൈബ് കൊല്ലപ്പെട്ട കേസിലും സമാന ഇടപെടലാണു സർക്കാർ നടത്തുന്നത്. സിപിഎം പ്രവർത്തകർ പ്രതികളായ ഈ കേസിലും ഒരു കോടിയിലധികം രൂപയാണ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി സർക്കാർ ഇതിനകം ചെലവിട്ടതെന്നു കരുതുന്നു. 

വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവനപദ്ധതിക്കു വേണ്ടി വിദേശസംഭാവന നേരിട്ടു സ്വീകരിച്ച കേസ് സിബിഐ അന്വേഷിക്കുന്നതിനെതിരെയും സംസ്ഥാന സർക്കാർ നിയമയുദ്ധം നടത്തുകയാണ്. ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ കേസെടുത്തതോടെയാണ്  സംസ്ഥാനത്തെ കേസുകൾ അന്വേഷിക്കാൻ സിബിഐക്ക് അവകാശം ഉറപ്പാക്കിയിരുന്ന പൊതു അനുമതികളെല്ലാം റദ്ദാക്കി, സർക്കാർ നവംബറിൽ വിജ്ഞാപനം പുറപ്പെടുവിച്ചത്. അതുകൊണ്ടിപ്പോൾ പ്രത്യേക വിജ്ഞാപനത്തിലൂടെയാണ് സോളർ കേസിൽ അനുമതി നൽകിയത്. ഇക്കാര്യത്തിൽ ഇനി സിബിഐയുടെ തീരുമാനം വരണം. 

തങ്ങൾക്കു കെണിയായ കേസുകളുണ്ടായപ്പോൾ സർക്കാരിന്റെ  നിലപാട് മറ്റൊന്നായിരുന്നു. കേന്ദ്ര ഏജൻസികൾ പദ്ധതി തടസ്സപ്പെടുത്താൻ ശ്രമിക്കുന്നു, സിബിഐ തുടരന്വേഷണം നടത്താൻ തക്ക അത്യപൂർവ കേസല്ല, പിഴവില്ലാതെ സംസ്ഥാനം അന്വേഷിച്ച കേസിൽ സിബിഐ എന്തിന് എന്നൊക്കെ വാദിച്ചാണു സർക്കാർ വാതിലടയ്ക്കാൻ ശ്രമിച്ചുപോന്നത്. തദ്ദേശ തിരഞ്ഞെടുപ്പു വന്നപ്പോൾ സ്വർണക്കടത്ത്, ലൈഫ് മിഷൻ കേസുകളുടെ പേരിൽ സംസ്ഥാന സർക്കാരിനെ പ്രതികൂട്ടിലാക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നു എന്ന മുറവിളി അവസാനിച്ചിരുന്നില്ല.  

തങ്ങൾക്കു താൽപര്യമുള്ള കേസുകളിൽ സിബിഐ അന്വേഷണം ഒഴിവാക്കാൻ സർക്കാരും സിപിഎമ്മും നടത്തുന്ന ഉൽസാഹവും വഴിവിട്ട ഇടപെടലുകളും അതിനായി ചെലവിടുന്ന കോടികളും ആരും കാണാതിരിക്കുന്നില്ല. സിപിഎം നേതാക്കൾ പ്രതികളായ കേസ് നടത്തേണ്ടതു സിപിഎമ്മല്ലേ എന്ന ചോദ്യത്തെത്തന്നെ ചോദ്യം ചെയ്ത്, സർക്കാർ തുടർച്ചയായി രക്ഷാകർതൃത്വം ഏറ്റെടുക്കുന്നതും സിബിഐയെ ഒഴിവാക്കാൻ ശ്രമിക്കുന്നതുമൊക്കെ അപഹാസ്യമായ ഇരട്ടത്താപ്പു വ്യക്തമാക്കുന്നു. പാർട്ടിയുടെ പണത്തിനു പകരം ചെലവഴിക്കുന്നതു ജനങ്ങളുടെ നികുതിപ്പണം കൂടിയാവുമ്പോൾ സർക്കാർ നിലപാട് ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നു.

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അധികാരരാഷ്ട്രീയം കളിക്കുന്ന കളികൾ കേരളം കാണാത്തതല്ല. എന്നാൽ, പാവങ്ങളുടെ ഭവനപദ്ധതിയുടെ കാര്യത്തിൽപോലും സുതാര്യതയില്ലാതെ സിബിഐയോടു ‘പുറത്തുകടക്കാൻ’ പറഞ്ഞ സർക്കാർ, സോളർ കേസിൽ  ഇപ്പോൾ കാണിക്കുന്ന തുറന്ന ആവേശത്തിലെ ഇരട്ടത്താപ്പിൽ നീതിക്കുവേണ്ടിയുള്ള ദാഹം കണ്ടെടുക്കാൻ ബുദ്ധിമുട്ടും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA