യുപിയിലെ രാഷ്ട്രീയ നീക്കങ്ങൾ

yogi-mayawati-akhilesh
 യോഗി ആദിത്യനാഥ്, മായാവതി, അഖിലേഷ് യാദവ്
SHARE

അടുത്ത വർഷം മാർച്ചിലാണ് ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പെങ്കിലും രാഷ്ട്രീയകക്ഷികൾ ഇപ്പോഴേ തയാറെടുപ്പു തുടങ്ങി. സന്ന്യാസിനിയായ ഉമാ ഭാരതി കുറച്ചുകാലം മാത്രമാണു മധ്യപ്രദേശ് ഭരിച്ചതെങ്കിലും മതനേതാവിൽനിന്നു യുപി മുഖ്യമന്ത്രി പദവിയിലെത്തിയ യോഗി ആദിത്യനാഥ് കർക്കശവും വേറിട്ടതുമായ ശൈലിയിലൂടെ തന്റെ ഭരണകാലാവധി പൂർത്തീകരിക്കാനുള്ള പാതയിലാണ്.   . 

ഈ വർഷം  5 നിയമസഭാ തിരഞ്ഞെടുപ്പുകളുടെ നടക്കാനിരിക്കവേ, ലക്നൗവിൽ സംസ്ഥാനരാഷ്ട്രീയം തിളയ്ക്കുന്നതു അടുത്ത വർഷത്തെ പോരിനാണ്.  . കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും 2 ലോക് സഭാ തിരഞ്ഞെടുപ്പുകളിലും വൻ വിജയം നേടിയ ബിജെപിക്കെതിരെ ഒറ്റയ്ക്കൊറ്റയ്ക്കു പോരാടാനാണു സമാജ് വാദി പാർട്ടി (എസ്പി), ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി), കോൺഗ്രസ് എന്നീ  കക്ഷികളുടെ തീരുമാനം.

2014 ലെ ലോക് സഭാ തിരഞ്ഞെടുപ്പിലെ മോദി തരംഗത്തിൽ, ഭരണകക്ഷിയായിട്ടു കൂടി എസ്പിക്കു ദയനീയ പരാജയമേറ്റുവാങ്ങേണ്ടിവന്നു. ബിഎസ്പിക്ക് ഒരു സീറ്റുപോലും കിട്ടിയില്ല. തുടർന്നുവന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിയുമായി അഖിലേഷ് സീറ്റു ധാരണ ഉണ്ടാക്കി. പക്ഷേ 403 അംഗ നിയമസഭയിൽ ബിജെപി 325 സീറ്റുകൾ തൂത്തുവാരി. 2019ലെ ലോക്സഭാ തിര‍ഞ്ഞെടുപ്പിലാകട്ടെ കടുത്ത എതിരാളിയായ മായാവതിയുമായാണ് അഖിലേഷ് സീറ്റുധാരണ ഉണ്ടാക്കിയത്.  ബിഎസ്പിക്കു 10 സീറ്റു ലഭിച്ചു. എസ്പിക്കു അഞ്ചും. 

മുഖ്യമന്ത്രിയായശേഷം യോഗി ആദിത്യനാഥ് ആദ്യം ചെയ്തതു സംസ്ഥാന ഭരണകൂടത്തിലെ എസ്പി,ബിഎസ്പി വിശ്വസ്തരെ നീക്കം ചെയ്യലാണ്. തുടർന്നു വ്യക്തമായും സവർണജാതിക്കു മേധാവിത്വമുള്ള ഭരണസംസ്കാരം കൊണ്ടുവന്നു. 

ഓരോ മണ്ഡലത്തിലെയും പാർട്ടി സ്ഥാനാർഥികളെ നിർണയിക്കുന്ന രാഷ്ട്രീയ നടപടികളിലാണ് അഖിലേഷും മായാവതിയും ഇപ്പോൾ.  ഇരുകക്ഷികളുടെയും ശക്തികേന്ദ്രങ്ങളിൽനിന്നും ഒട്ടേറെ നേതാക്കളും പ്രവർത്തകരും   ബിജെപിയിലേക്കു പോയിട്ടുണ്ട്. എസ്പിയിലെയും ബിഎസ്പിയിലെയും സവർണ നേതാക്കളെ മാത്രമല്ല, യാദവ്, ദലിത് നേതാക്കളെയും ബിജെപി വലവീശിപ്പിടിച്ചു.  കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലെയും കണക്കുകൾ എതിരാണെങ്കിലും തനിച്ചു മത്സരിക്കുന്നതാണു നേട്ടം എന്ന ആത്മവിശ്വാസത്തിലാണ് എസ്പിയും ബിഎസ്പിയും. 1991 ശേഷം ത്രിശങ്കു സഭകൾ വന്നെങ്കിലും ആ സ്ഥിതി മാറ്റിമറിച്ച് വ്യക്തമായ ഭൂരിപക്ഷത്തോടെ 2007 ൽ ബിഎസ്പിയും 2012 ൽ എസ്പിയും 2017 ൽ ബിജെപിയും അധികാരത്തിലേറിയതു തനിയെ മത്സരിച്ചാണ്. 

എതിരാളികളുമായുള്ള സഖ്യങ്ങൾ  സീറ്റുമോഹികളുടെ കലാപങ്ങൾക്കു കാരണമായതാണു പാർട്ടിതാൽപര്യങ്ങളെ ഹനിച്ചതെന്ന് അഖിലേഷ് കരുതുന്നു. യോഗി ആദിത്യനാഥിനുള്ള പിന്തുണ സംസ്ഥാനത്ത് എല്ലായിടത്തും ഒരുപോലെയല്ലെന്നും കണക്കുകൂട്ടുന്നു. യാദവ് സമുദായത്തിനു മേധാവിത്വമുള്ള മധ്യ യുപിയിൽ കരുത്തുകാട്ടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് എസ് പി മേധാവിയെങ്കിൽ, ദലിത് മുസ്‌ലിം,ജാട്ട് വോട്ടുകൾ കൂടുതലുള്ള പടിഞ്ഞാറൻ യുപിയാണ് മായാവതിയുടെ പ്രതീക്ഷ. കിഴക്കൻ യുപിയിൽ ബിജെപിക്കുള്ള മേധാവിത്വം ഇരുകക്ഷികളും അംഗീകരിക്കുന്നു. മോദിയുടെ വാരണാസിയും യോഗിയുടെ ഗൊരഖ്‌പുരും കിഴക്കൻ യുപിയിലാണ്.  ത്രിശങ്കുസഭ വന്നാൽപോലും,  സീറ്റുകൾ വീതംവച്ചു തിരഞ്ഞെടുപ്പു സഖ്യമുണ്ടാക്കുന്നതിലും  നല്ലതു തിരഞ്ഞെടുപ്പിനുശേഷമുള്ള ധാരണകളാണെന്ന് അവർ കരുതുന്നു. 

രണ്ടുവർഷമായി സംസ്ഥാനത്തിന്റെ ചുമതല പ്രിയങ്ക ഗാന്ധിക്കാണെങ്കിലും ഏറ്റവും ദുർബലാവസ്ഥയിലുള്ളത് കോൺഗ്രസാണ്. 

കഴിഞ്ഞ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിൽ 6 ൽ രണ്ടിടത്ത് രണ്ടാം സ്ഥാനത്തെത്താൻ കോൺഗ്രസിനു കഴിഞ്ഞു. ലോക് ഡൗണിൽ സംസ്ഥാനത്തേക്കു തിരിച്ചെത്തിയ തൊഴിലാളികളുടെ അവകാശത്തിനായി സമരം ചെയ്യാനും ജയിലിൽപോകാനും പിസിസി അധ്യക്ഷൻ അജ യ് കുമാർ ലല്ലു മുന്നിലുണ്ടായിരുന്നു. പക്ഷേ, സോണിയഗാന്ധിയുടെ മണ്ഡലമായ റായി ബറേലിയിൽ പോലും സംഘടനാസംവിധാനം കുത്തഴിഞ്ഞ നിലയിലാണ്. 

ഡൽഹി അതിർത്തിയോടു ചേർന്ന ജാട്ട് മേഖലയിൽ സ്വാധീനമുള്ള അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക് ദൾ പോലെ ചെറിയ കക്ഷികളും സജീവമാണ്.  അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം കൂടി ഇപ്പോൾ രംഗത്തുണ്ട്. ബിഹാറിൽ ആർജെഡി–കോൺഗ്രസ് സഖ്യത്തിനു ക്ഷീണമായതു ഉവൈസിയുടെ സാന്നിധ്യമായിരുന്നു. ബിഹാറിൽ ധാരണയുണ്ടായിരുന്നുവെങ്കിലും യുപിയിലേക്കുള്ള ഉവൈസിയുടെ  വരവ് മായാവതിയെ ആകർഷിക്കുന്നില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA