വീണ്ടെടുക്കണം, വനസൗഹൃദ വ്യവസ്ഥിതി

wild-elephant-forest-wild-animals
SHARE

ഒരു കാലത്ത്, കടുവയെ പിടിച്ച കിടുവ എന്നു ചില പോരാളികളെ പുകഴ്ത്തിപ്പറഞ്ഞിരുന്നു. എന്നാൽ ഇന്ന് പുലിയെ പിടിച്ച് ആഹാരമാക്കിയവരെ ആരും ‘പുലികൾ’ എന്നു വാഴ്ത്തിപ്പാടുന്നില്ല.. കാരണം, കാടിറങ്ങുന്ന വന്യമൃഗങ്ങളിൽ നിന്നു പൊറുതിമുട്ടിയവർ പോലും പുലിയെ വേട്ടയാടി ആഹാരമാക്കിയതിനെ അനുകൂലിക്കുമെന്നു തോന്നുന്നില്ല.

ഈ ദിവസങ്ങളിലുണ്ടായ പല ‘വനവാർത്തകളും’ വേദനയുളവാക്കുന്നവയാണ്. ആനയെ ഓടിക്കാനുപയോഗിച്ച പന്തത്തിൽ നിന്നു പൊള്ളലേറ്റ് നീറിനീറി ആന ചരിഞ്ഞതും വിനോദയാത്രയ്ക്കിടെ ടെന്റിൽ തങ്ങിയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നതും ഒരുപോലെ മനസ്സിനെ പൊള്ളിക്കുന്നു.  ഇതിനൊപ്പമാണ്, പുലിയെ ആഹാരമാക്കിയെന്ന ഞെട്ടിക്കുന്ന വാർത്തയും. വനാതിർത്തിയിൽ ജീവിക്കുന്ന നിസ്സഹായരായ കർഷകരുടെ വ്യഥയും ചേർത്തുവായിക്കുമ്പോൾ ചിലത് ഓർമിപ്പിക്കാതെ വയ്യ.

മനുഷ്യരും വന്യജീവികളും പരസ്പര സൗഹൃദത്തിൽ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന്, വനത്തിലും വനാതിർത്തിയിലും മൃഗങ്ങൾക്ക് ആഹാരമുണ്ടായിരുന്നു. കൃഷിയുടെ ഒരു നിശ്ചിത ഭാഗം വന്യജീവികൾ ‘വിളവെടുക്കുമ്പോഴും’ പരാതി പറയാതിരുന്ന ഒരു കാലം. പകൽ മുഴുവൻ ചെയ്യുന്ന കൃഷി രാത്രിയിൽ വന്യജീവികളിൽ നിന്നു കാക്കാൻ ഏറുമാടങ്ങളിൽ ഉറക്കമിളച്ച കർഷകർ പോലും ചെണ്ടകൊട്ടിയും മറ്റുമാണ് അന്ന് മൃഗങ്ങളെ അകറ്റിയിരുന്നത്. ആനയുടെ സഞ്ചാര പഥങ്ങളിലും വന്യജീവികളുടെ ആവാസ വ്യവസ്ഥയിലും മാറ്റങ്ങൾ വരുത്തരുതെന്നു നിഷ്കർഷിച്ച എത്രയോ തോട്ടം ഉടമകളുണ്ടായിരുന്നു.

ഇപ്പോൾ, കാലം മാറി (നാട്ടിൽ മാത്രമല്ല, കാട്ടിലും). വനം ചുരുങ്ങി. വനത്തിന്റെ തുടർച്ച നഷ്ടപ്പെട്ട് വലുതും ചെറുതുമായ കഷണങ്ങളായി. റോഡുകളും റെയിലുകളും വനത്തെ കീറിമുറിച്ചു. വനത്തിലെ ജലസ്രോതസ്സുകൾ ഇല്ലാതായി. ഫലങ്ങൾ കുറഞ്ഞു. വന്യജീവികൾ അതിരുവിട്ട് കാർഷികോൽപന്നങ്ങളുടെ രുചിതേടിയെത്തി.
നാട്ടിലെ സ്ഥിതിയോ?, കർഷകർക്ക് പഴയതുപോലെ കൃഷി ലാഭകരമല്ലാതായി. വന്യമൃഗത്തിനുകൂടി നീക്കിവയ്ക്കാനുള്ള വിളവ് കിട്ടാതായി.

കടത്തിൽ മുങ്ങിയ കർഷകൻ അൽപം ഉപജീവനത്തിനു ബാക്കി കിട്ടുന്നതിലെ ഓഹരി വന്യമൃഗങ്ങൾക്കോ മക്കൾക്കോ എന്നു ചിന്തിക്കാതെ വയ്യെന്ന സ്ഥിതിയായി. വീട്ടുപരിസരത്ത് കർഷകന്റെ മിത്രമെന്ന് ഒരുകാലത്ത് വിളിക്കപ്പെട്ടിരുന്ന ചേരപ്പാമ്പ് പോലും മനുഷ്യർക്കു ശത്രുവായി. കടമെടുത്തു വളർത്തുന്ന, വിളവെത്താറായ വാഴത്തോട്ടങ്ങളും മറ്റും ഒറ്റരാത്രികൊണ്ടു മൃഗങ്ങൾ തകർത്തതു കാണുമ്പോഴുള്ള ഹൃദയനൊമ്പരം കർഷകനുമാത്രമേ മനസ്സിലാവൂ.

വനത്തിന്റെ ഘടനയിലെ മാറ്റങ്ങൾക്ക് മാറിമാറി വന്ന സർക്കാരുകളും തെറ്റുകാരാണ്. ഓരോ കാലഘട്ടത്തിലും നടപ്പാക്കിയ വനനയത്തിന്റെ ഭാഗമായി പ്രകൃത്യാ ഉള്ള വനങ്ങളെ തേക്ക്, യൂക്കാലി, അക്കേഷ്യാ തോട്ടങ്ങളാക്കി. ഈ മാറ്റങ്ങൾ കാടിനെ ആശ്രയിച്ചിരുന്ന ഒരു വലിയ വിഭാഗം ജനങ്ങളുടെ ജീവിതത്തെ താറുമാറാക്കി. ആവാസവ്യവസ്ഥകൾ, ജലസംരക്ഷണം, മണ്ണു സംരക്ഷണം, ഭക്ഷ്യസംരക്ഷണം ഇവ ചരിത്രത്തിന്റെ ഭാഗമായി.

ഒന്നു ചിന്തിച്ചാൽ, രണ്ടു വിഭാഗം ജീവജാലങ്ങൾ തമ്മിലുള്ള അതിജീവന പോരാട്ടമാണ് മലയോര മേഖലയിൽ നടക്കുന്നത്. കാട്ടിൽനിന്ന് ആഹാരം തേടിയെത്തുന്ന മൃഗങ്ങളും അവ തീറ്റതേടിയിറങ്ങുന്ന കൃഷിയിടം ഉപേക്ഷിച്ചു പോകാൻ നിർവാഹമില്ലാത്ത മനുഷ്യനും തമ്മിലുള്ള മത്സരം.  രണ്ടു കൂട്ടരും നിസ്സഹായർ, ഒരു പരിധിവരെ നിരപരാധികളും. അപ്പോഴും പുലിയെ പിടികൂടി ആഹാരമാക്കുന്നതിനെ ന്യായീകരിക്കാൻ നമുക്കു കഴിയുകയുമില്ല.

അപ്പോഴും കൃഷിവിടാതെ, ശോഷിച്ച വനങ്ങളുടെ അതിർത്തികളിലും ഉള്ളിലും ഒരു വിഭാഗം ആളുകൾ കഴിയുന്നു. ചരിത്രം ഓർമിക്കാത്തവർ ഇവരെ കയ്യേറ്റക്കാരെന്നു വിളിക്കുന്നു;രാഷ്ട്രീയക്കാർ കുടിയേറ്റക്കാരെന്നും. പ്രശ്നങ്ങൾക്കു നടുവിലും വലിയൊരു വിഭാഗം കർഷകർ വന്യജീവികളെ ഉപദ്രവിക്കാതെ സർക്കാർ ഓഫിസുകൾക്കു മുൻപിൽ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നു.

ഒരു ഭാഗത്ത് വന്യജീവികൾ വരുന്നതിനെതിരെ പ്രതിഷേധം നടക്കുമ്പോൾ വന്യജീവികളെ തേടിയെത്തുന്നവരുമുണ്ട്. വന വിനോദയാത്ര ആഗോള തലത്തിലുണ്ടെങ്കിലും ആ ടൂറിസം മാപ്പിൽ നിന്ന് ആനത്താരകൾ പോലുള്ള വന്യമൃഗപാതകൾ ഒഴിവാക്കപ്പെടണം. മൃഗങ്ങളുടെ സഞ്ചാരപാതയിൽ കോട്ടേജുകൾ കെട്ടുന്നതും അനുവദിക്കാനാവില്ല.

മൃഗങ്ങളെ ഷോക്കടിപ്പിച്ചും മറ്റും നേരിടുന്നവർ അപൂർവമെങ്കിലും ഇന്നുമുണ്ട്. അവരിൽ ചിലർ പുലിയിറച്ചി തിന്നും; മാനിറച്ചി വിൽക്കും. അത്തരക്കാർക്കെതിരെ നടപടിയുണ്ടായേ തീരൂ. പക്ഷേ, വന്യജീവി പ്രശ്നങ്ങൾ നേരിടുന്ന പാവം കർഷകരുടെ എണ്ണമെടുത്താൽ ഈ കുറ്റവാളികളുടെ എണ്ണം വളരെ കുറവാണ്. അതുകൊണ്ടുതന്നെ വന്യജീവികളിൽ നിന്നുണ്ടാകുന്ന പ്രശ്നങ്ങൾക്കു നേരെ കണ്ണടയ്ക്കുന്നത് ഉചിതമല്ല.

കർഷകർ നേരിടുന്ന പ്രധാന പ്രശ്നം കാട്ടുപന്നിയും കുരങ്ങുമാണ്. കൃഷിയിടങ്ങളിൽ കാട്ടുപന്നികളുടെ എണ്ണം കുറയ്ക്കുന്നതിന് നിലവിലുള്ള വന്യജീവി സംരക്ഷണ നിയമപ്രകാരം ഇതിനെ കൃഷി നശിപ്പിക്കുന്നവ (വെർമിൻ) ആയി പ്രഖ്യാപിക്കുന്നതിനു നടപടികളുണ്ടാകണം. ഗ്രാമങ്ങളിലെ പ്രശ്നക്കാരായി മാറിയ കുരങ്ങുകളെ പിടിച്ച് പരിപാലന കേന്ദ്രങ്ങളിലാക്കണം. വനമേഖലയിലെ പഞ്ചായത്തുകളിൽ ബോധവൽക്കരണം നടത്തണം. വന്യജീവി കൃഷി നശിപ്പിച്ചാൽ സഹായത്തിനു സർക്കാരുണ്ടെന്ന ഉറപ്പുണ്ടാകണം.

അപ്പോൾ, പുലിയെ വേട്ടയാടിത്തിന്നുന്ന വാർത്തയല്ല, അമ്മക്കടുവ ഉപേക്ഷിച്ചു പോയ കടുവക്കുട്ടിക്ക് മംഗളാദേവി വനത്തിനരികിൽ വേട്ടയാടാനുള്ള പരിശീലനം നൽകുന്ന വനംവകുപ്പിന്റെ വാർത്ത (ഇന്നലെ മനോരമ പ്രസിദ്ധീകരിച്ചത്) കേൾക്കാനാവും നമുക്കിഷ്ടം.

(ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ ഏഷ്യൻ എലിഫന്റ് സ്പെഷലിസ്റ്റ് ഗ്രൂപ്പ് അംഗമാണു ലേഖകൻ)

English Summary: Should Recover Forest Friendly System

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA