വേദനകൾ പങ്കുവയ്ക്കാൻ

subhadinam
SHARE

ദേവാലയത്തിലെ പ്രതിഷ്ഠയ്ക്കു മുന്നിൽ ഒരു സ്ത്രീ തുണ്ടുകടലാസുകളിൽ എന്തൊക്കെയോ എഴുതിയിടുന്നത് പുരോഹിതൻ ശ്രദ്ധിച്ചു. അവർ പോയിക്കഴിഞ്ഞ് അദ്ദേഹം അവയെടുത്തു നോക്കി. വ്യക്തിപരമായ സങ്കടങ്ങളായിരുന്നു ആ കുറിപ്പുകളിലത്രയും. ഒരു ദിവസം പുരോഹിതൻ ആ സ്ത്രീയോട് എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് ആരാഞ്ഞു.

അവൾ പറഞ്ഞു: നിങ്ങളുടെ പ്രശ്നങ്ങളെ ദേവാലയത്തിൽ കൊണ്ടുവരിക എന്ന് ഒരു ആത്മീയ പ്രഭാഷണത്തിൽ കേട്ടിരുന്നു. അന്നു തുടങ്ങിയതാണ് ഈ ശീലം. ഭ്രാന്താണെന്നു തോന്നാം, പക്ഷേ എനിക്കെന്തോ ഇത് വലിയ ആശ്വാസം പകരുന്നു.

ആരെല്ലാം ഉണ്ടായിരിക്കുന്നതിനെക്കാളും പ്രധാനമാണ് പ്രശ്നങ്ങൾ പറയാൻ ഒരാളുണ്ടായിരിക്കുക എന്നത്. ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം സ്വന്തം പ്രശ്നങ്ങളോടു തന്മയീഭവിക്കാൻ കഴിയുന്ന ഒരാളെ കണ്ടെത്തുക എന്നതാണ്. ചിലരത് സഹപാഠികളിലോ സുഹൃത്തുക്കളിലോ കണ്ടെത്തും, ചിലരത് ഈശ്വരനിൽ ദർശിക്കും. അങ്ങനെയൊരാൾ ഇല്ലാത്തതുകൊണ്ടു മാത്രം ജീവിതയാത്രയ്ക്ക് അർധവിരാമമിട്ടവരുണ്ട്. 

കേൾക്കുന്നയാളുടെ പ്രശ്ന പരിഹാരശേഷിയല്ല, സംവേദനക്ഷമതയാണു പ്രധാനം. പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്താനായില്ലെങ്കിലും പങ്കുവയ്ക്കപ്പെടുന്ന പ്രശ്നങ്ങളുടെ ഭാരം പാതിയായി കുറയുന്നതിന്റെ ആശ്വാസം. തന്റെ പ്രതിസന്ധികളോട് ആഭിമുഖ്യം പുലർത്തുന്ന ഒരാളെങ്കിലും ഉണ്ടെന്ന ആത്മബലം. 

അഭയസ്ഥാനങ്ങളില്ലാത്തവർ നിരാലംബരാകും എന്നു മാത്രമല്ല അവരുടെ നിലനിൽപു പോലും അപകടത്തിലായേക്കാം. പലർക്കും അതിജീവനമാർഗങ്ങൾ പലതാണ്. അവർക്കു മാത്രം മനസ്സിലാകുന്ന, സ്വയം കണ്ടെത്തുന്ന, വിചിത്രമെന്നു തോന്നിയേക്കാവുന്ന മാർഗങ്ങൾ. അവയെ പഴിചാരുകയോ പരിഹസിക്കുകയോ ചെയ്യേണ്ടതില്ല, ആ വഴികൾ അവർക്ക് സമാശ്വാസം പകരുമെങ്കിൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA