അരനൂറ്റാണ്ടായി ആലപ്പുഴ കാണുന്ന സ്വപ്നം തുറക്കുന്നു. നെടുകെയും കുറുകെയും വീതികുറഞ്ഞ റോഡുകളും കനാലുകളും കൊണ്ടു വരച്ചിട്ട ചിത്രമായിരുന്നു പഴയ വാണിജ്യനഗരമായ ആലപ്പുഴ. അധികചിഹ്നം പോലെ കവലകളും ഓരത്തു കനാലുകളും ഇടയ്ക്കിടെ ചെറിയ പാലങ്ങളുമായി നഗരം വീർപ്പുമുട്ടി. ഇന്നു തുറക്കുന്ന ആലപ്പുഴ ദേശീയപാത ബൈപാസ് ഈ ശ്വാസംമുട്ടലിൽനിന്നു പുറത്തേക്കു വഴി തുറക്കുകയാണ്.
ദേശീയപാതയിലൂടെ ആലപ്പുഴ പിന്നിടാനെത്തുന്നവരെല്ലാം അനുഭവിച്ചിരുന്ന കുരുക്കാണ് അഴിയുന്നത്. വടക്ക് കൊമ്മാടി മുതൽ തെക്ക് കളർകോട് വരെ 6.8 കിലോമീറ്റർ നീളമുണ്ട് ആലപ്പുഴ ബൈപാസിന്. ഇതിൽ 3.2 കിലോമീറ്റർ കടലോരത്ത് ബീച്ചിനു മുകളിലൂടെയുള്ള എലിവേറ്റഡ് ഹൈവേയാണ്. ബീച്ചിനു മുകളിലൂടെയുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ മേൽപാലത്തിന്റെ നിർമാണം കാഴ്ചയുടെ മനോഹാരിത നഷ്ടപ്പെടാത്ത വിധത്തിലാണ്.
നൂറ്റാണ്ടുകൾക്കു മുൻപ് ആസൂത്രണം ചെയ്ത നഗരത്തിനു വാഹനപ്പെരുപ്പം താങ്ങാൻ കഴിയാതായപ്പോഴാണ് 1969ൽ ബൈപാസ് എന്ന ആശയമുയർന്നത്. സ്ഥലമെടുപ്പും നിർമാണവും പല കാലത്തു പല തടസ്സങ്ങളിൽ തട്ടിനിന്നു. രണ്ടിടത്തു റെയിൽപാതയ്ക്കു മീതേ നിർമിക്കേണ്ട മേൽപാലങ്ങളുടെ പേരിലും പണി ഇഴഞ്ഞു. ഈയിടെയാണ് അതും പരിഹരിച്ചത്.
ചില തർക്കങ്ങളുണ്ടായെങ്കിലും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഇണക്കം ഏറെയുണ്ടായ പദ്ധതിയാണിത്. നിർമാണച്ചെലവിന്റെ പകുതി വീതം കേന്ദ്രവും സംസ്ഥാനവും വഹിച്ചു. നിർമാണം പൂർത്തിയാക്കിയ ശേഷം 5 വർഷത്തേക്കുള്ള ൈകകാര്യച്ചെലവുൾപ്പെടെ 348 കോടി രൂപയാണ് പദ്ധതിയുടെ ആകെ അടങ്കൽ. റെയിൽവേ മേൽപാലത്തിനും വിളക്കുകൾക്കും മറ്റുമായി സംസ്ഥാനം പിന്നെയും പണം മുടക്കി. അങ്ങനെയിത് ഒത്തിണക്കിന്റെ കൂട്ടുപാത കൂടിയായി.
ബൈപാസിലെ ടോൾ പിരിവു സംബന്ധിച്ച് ഇപ്പോഴും വ്യക്തതയായിട്ടില്ല. ടോൾ വേണ്ടെന്നാണു സംസ്ഥാനത്തിന്റെ നയം. വേണമെന്നു കേന്ദ്ര നിലപാട്. പകുതിപ്പണം മുടക്കിയതു തങ്ങളായതിനാൽ ടോൾ പകുതിയാക്കുകയെങ്കിലും ചെയ്യണമെന്നു സംസ്ഥാനം ആവശ്യപ്പെടുന്നുണ്ട്. തീരുമാനം കേന്ദ്രത്തിൽനിന്നാണു വരേണ്ടത്.
പാത ഇത്രത്തോളമെത്തിയപ്പോൾ ഉദ്ഘാടനച്ചടങ്ങിനെച്ചൊല്ലിയുണ്ടായ പ്രശ്നം ചെറിയ കല്ലുകടിയായി. സംസ്ഥാനം നിർദേശിച്ച ജനപ്രതിനിധികളിൽ ചിലരെ കേന്ദ്ര മന്ത്രാലയം ഒഴിവാക്കിയെന്നാണ് ആക്ഷേപം. ടി.കെ.ദിവാകരൻ മുതലിങ്ങോട്ട് ഒട്ടേറെ ജനപ്രതിനിധികളുടെയും വിവിധ സർക്കാരുകളുടെയും പരിശ്രമം ചേർന്നാണ് പാലവും പാതയും ബലപ്പെട്ടത്. ഓരോരുത്തരും അവരുടെ കാലത്ത് ‘ഇതു നടക്കണം’ എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ഇടപെട്ടതും.
ആലപ്പുഴയുടെ സ്വപ്നപാത തുറക്കുമ്പോൾ അതിനുവേണ്ടി നിരന്തര ജാഗ്രത പുലർത്താനായതിൽ ‘മലയാള മനോരമ’യും അഭിമാനിക്കുന്നു. ഓരോ ഘട്ടത്തിലും ബൈപാസിന്റെ നിർമാണം വൈകുകയോ തടസ്സപ്പെടുകയോ ചെയ്യുമ്പോൾ വാർത്തകളിലൂടെ അതിലിടപെട്ട് സർക്കാരുകളുടെയും ജനപ്രതിനിധികളുടെയും ജനങ്ങളുടെയും ശ്രദ്ധയും തുടർനടപടികളും ഉറപ്പാക്കാൻ മനോരമ മുന്നിലുണ്ടായിരുന്നു.
ഏഴു കിലോമീറ്ററിൽ താഴെമാത്രം ദൈർഘ്യമുള്ള പാത യാഥാർഥ്യമാകാൻ അരനൂറ്റാണ്ടു വേണ്ടിവന്നു എന്നതിൽ ഭാവികേരളനിർമിതിയിലേക്കു മുന്നറിയിപ്പാകുന്ന ഒരു പാഠം കൂടിയുണ്ട് എന്നതും മറക്കാതിരിക്കാം.
ഇന്നത്തെ സന്തോഷം ആലപ്പുഴയ്ക്കും കേരളത്തിനും ഒന്നാകെയുള്ളതാണ്. ഈ സ്വപ്നം പങ്കുവച്ചത് എല്ലാവരും ചേർന്നാണ്. പാതയ്ക്ക് ഇടമൊരുക്കാൻ കിടപ്പാടം കൊടുത്തവർക്കും പാത ഉയരാൻ പണിയെടുത്തവർക്കും ഇത് അഭിമാനദിനമാണ്. ആരുടെയും ത്യാഗങ്ങൾ വെറുതെയായിട്ടില്ല. മുന്നോട്ടുപോകേണ്ട പാത തന്നെയാണിത്.