ADVERTISEMENT

അമ്പു കൊള്ളാത്തവരായി ആരുമില്ല. മുറിവിന്റെ വലുപ്പത്തിലേ വ്യത്യാസമുള്ളൂ. സമ്പദ്‌വ്യവസ്ഥയ്ക്കു വലിയ മുറിവേറ്റ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. അപ്പോൾ, കടന്നുപോകുന്ന സാമ്പത്തികവർഷത്തെ സ്ഥിതിവിവരക്കണക്കുകളുടേതായ, ബജറ്റിലെ ആദ്യ ഭാഗം തയാറാക്കുക ധനമന്ത്രി നിർമല സീതാരാമന് എളുപ്പമാണ്. നല്ലതെന്നു പറയാൻ വളരെക്കുറച്ചു മാത്രം എന്നതാണു പ്രശ്നമെങ്കിൽ, ധനമന്ത്രിക്ക് ജോൺ മത്തായി അവതരിപ്പിച്ച 1949–50ലെ ബജറ്റിലെ വരികൾ കടമെടുക്കാം: ‘കുറവുകളുടെ കണക്കും അധിക നികുതി നിർദേശങ്ങളുമായി സഭയ്ക്കു മുന്നിലെത്തുക ധനമന്ത്രിക്കു സുഖകരമായ കാര്യമല്ല. എന്നാൽ, മറ്റാരെയുംപോലെ, ധനമന്ത്രിയും സാഹചര്യത്തിന്റെ സൃഷ്ടിയാണ്.’

രാജ്യത്തിന്റെ രണ്ടാം ധനമന്ത്രി അതു പറയുന്ന കാലത്ത് ലോകത്തു പലയിടത്തും പ്രശ്നങ്ങളാണ്. ലോകയുദ്ധം കഴിഞ്ഞു 4 വർഷമായെങ്കിലും യൂറോപ്പിലും ചൈനയിലും മധ്യപൂർവദേശത്തും അശാന്തി. ഉൽപാദനവും വ്യാപാരവും വളരാത്ത സ്ഥിതിയെന്നും മറ്റു രാജ്യങ്ങളിലും ഇന്ത്യയിലും വിലക്കയറ്റം പിടിയിൽ നിൽക്കുന്നില്ലെന്നും ജോൺ മത്തായി വിശദീകരിച്ചു.

ലോക–രോഗ മഹായുദ്ധം സൃഷ്ടിച്ച അനിശ്ചിതത്വം തീർന്നെന്നു പറയാൻവരട്ടെയെന്നാണ് ഇപ്പോൾ റിസർവ് ബാങ്ക് പറയുന്നത്. ചരിത്രത്തിൽ  ഇത്തരമൊരു സാഹചര്യത്തിന്റെ രൂപം രാജ്യത്തിന്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കുമ്പോൾ, ആദ്യ ധനമന്ത്രി ആർ.കെ.ഷൺമുഖം ചെട്ടി വിവരിച്ചിട്ടുണ്ട്: ‘തൊട്ടടുത്ത ചുവടിനപ്പുറം, മുൻകൂട്ടി നിശ്ചയിച്ചുള്ള ചുവടുകൾ അവ വയ്ക്കുംമുൻപേ കാലഹരണപ്പെടും. ഏന്തിവലിഞ്ഞ് മലമുകളിലെത്തുമ്പോൾ മുന്നിൽ അതിനെക്കാൾ വലിയ മലകൾ കാണുന്ന തീർഥാടകന്റെ അവസ്ഥ.’ അത്തരം മലകയറ്റ ശ്രമങ്ങൾ പലതുണ്ട് രാജ്യത്തിന്റെ ബജറ്റ് ചരിത്രത്തിൽ.

 പകരം വന്ന ധനമന്ത്രി

ബജറ്റിനു 10 ദിവസം മുൻപു ധനമന്ത്രി രാജിവയ്ക്കുന്നു – 1958ൽ! മുന്ധ്ര ഓഹരിവാങ്ങൽ അഴിമതിവിഷയത്തിലാണ് ധനമന്ത്രി ടി.ടി.കൃഷ്ണമാചാരിയുടെ രാജി. പ്രധാനമന്ത്രി നെഹ്റുവിനു ധനവകുപ്പിന്റെ കൂടി ചുമതല. നെഹ്റുവിനുമേൽ ‘വന്നുവീണ ഭാരിച്ച ദൗത്യം’ പ്രതിസന്ധി ബജറ്റുകളുടെ പട്ടികയിലാണുള്ളത്. മന്ത്രിയുടെ രാജിയല്ല, രാജ്യത്തിന്റെ ധനസ്ഥിതിയായിരുന്നു പ്രശ്നം. ഓഹരിവിപണിയിൽ 1953ൽ തുടങ്ങിയ കുതിപ്പ് 1956ൽ അവസാനിച്ചു; വരൾച്ച, വിലക്കയറ്റം, റിസർവ് ബാങ്കിന്റെ വിദേശ ആസ്തിയിലെ വൻ ഇടിവ്, ഇറക്കുമതി കൂടുതൽ, കയറ്റുമതി കുറവ് തുടങ്ങി ഒരുപിടി പ്രശ്നങ്ങൾ. വിദേശത്തുനിന്നു കൂടുതൽ സഹായം വാങ്ങുമെന്ന് നെഹ്റുവിന്റെ പ്രഖ്യാപനം. ഇഷ്ടദാന (ഗിഫ്റ്റ്) നികുതി ഏർപ്പെടുത്തലാണ് മറ്റൊരു നിർദേശം. ഗിഫ്റ്റ് നൽകുന്നയാൾ നികുതിയും നൽകണം.

യുദ്ധാനന്തരം

ചൈനയുടെ കടന്നുകയറ്റമാണ് 1963–64ൽ മൊറാർജി ദേശായിയുടെ ബജറ്റിനെ സ്വാധീനിച്ചത്. ആസൂത്രണത്തിനുള്ള വകയിരുത്തൽ മാത്രമല്ല, ദേശസുരക്ഷയെന്ന പുതിയൊരു വെല്ലുവിളി കൂടിയുണ്ടെന്ന് മന്ത്രി. വിദേശ ആസ്തിയിലെ ഇടിവ് മറ്റൊരു പ്രശ്നം: 1963 ഫെബ്രുവരിയിൽ അതു 105 കോടി മാത്രം. റവന്യു വരുമാനം 1585.73 കോടിയും ചെലവ് 1852.40 കോടിയും. കമ്മി 267 കോടി. എങ്കിലും പ്രതിരോധ മേഖലയ്ക്ക് 867 കോടി നീക്കിവയ്ക്കുന്നു. കസ്റ്റംസ്, എക്സൈസ് തീരുവകളുടെ വർധനയ്ക്കൊപ്പം, നികുതി കിഴിച്ചുള്ള അധികലാഭത്തിന് സൂപ്പർ പ്രോഫിറ്റ് നികുതിയും കർഷകർക്കും ശമ്പളക്കാർക്കുമുൾപ്പെടെ നിർബന്ധിത നിക്ഷേപ പദ്ധതിയുമാണ് അന്നത്തെ പ്രധാന പ്രഖ്യാപനങ്ങൾ.

കറുപ്പും വെളുപ്പും! 

‘സ്പിരിറ്റ് കലർന്ന റിലാക്സേഷന്’ വില കൂടുമ്പോൾ ഖജനാവിലേക്കു തനിക്ക് അൽപം പണം ലഭിക്കും: വിസ്കി, ബ്രാൻഡി, ജിൻ തുടങ്ങിയവയ്ക്കുള്ള നികുതി ലീറ്ററിന് 60 രൂപയിൽനിന്ന് 80 രൂപയാക്കുന്നതിനെ 1974–75ലെ ബജറ്റിൽ വൈ.ബി.ചവാൻ അങ്ങനെയാണു ന്യായീകരിക്കുന്നത്. മുൻ വർഷങ്ങളിൽ ഒട്ടുമിക്ക വസ്തുക്കൾക്കും വിലയേറിയിരുന്നു. 1973ൽ എണ്ണ പ്രതിസന്ധി രൂക്ഷം. ആ വർഷം ചവാൻ അവതരിപ്പിച്ചത് ‘ബ്ലാക്ക് ബജറ്റ്’ എന്നുവരെ വിശേഷിപ്പിക്കപ്പെട്ടു. ബംഗ്ലദേശ് യുദ്ധത്തിന്റെ ശേഷിപ്പുകളും വരൾച്ചയും മറ്റുമാണ് അന്നു ഞെരുക്കമുണ്ടാക്കിയത്. ഒരു വർഷത്തിനു ശേഷവും സ്ഥിതി മാറിയില്ല.

ആദായ‌നികുതിയിൽ ഇളവുകൾ, ഗ്രാറ്റുവിറ്റിക്ക് നികുതി ഒഴിവാക്കൽ തുടങ്ങിയവയ്ക്കപ്പുറം വലിയ പ്രഖ്യാപനങ്ങളുണ്ടായില്ല. സ്വാശ്രയത്വം വർധിപ്പിക്കണമെന്നതായിരുന്നു ചവാന്റെ കുറിപ്പടിയിൽ പ്രതിസന്ധിക്കുള്ള പ്രധാന മറുമരുന്ന്.

New Delhi: Union Finance Minister Nirmala Sitharaman at Parliament before presenting the Union Budget 2020-21 in the Lok Sabha, in New Delhi, Saturday, Feb. 1, 2020. (PTI Photo/Shahbaz Khan)   (PTI2_1_2020_000060A)
New Delhi: Union Finance Minister Nirmala Sitharaman at Parliament before presenting the Union Budget 2020-21 in the Lok Sabha, in New Delhi, Saturday, Feb. 1, 2020. (PTI Photo/Shahbaz Khan) (PTI2_1_2020_000060A)

ജനതാ  ബജറ്റുകൾക്ക്  ശേഷം

33 മാസത്തെ ജനതാ – ലോക്ദൾ ഭരണശേഷം തങ്ങൾ കയ്യേൽക്കുന്ന പ്രതിസന്ധിയുടെ ആഴമളക്കാൻ പോലും ഏറെ സമയം വേണ്ടിവരുമെന്നാണ് 1980 മാർച്ചിലെ ഇടക്കാല ബജറ്റിൽ ആർ.വെങ്കട്ടരാമൻ മുനവച്ചു പറഞ്ഞത്. വിലക്കയറ്റം 20%, കാർഷികോൽപാദനത്തിൽ വലിയ ഇടിവ്, വ്യാപാരക്കമ്മി 2,232 കോടി, ഇറാനിലെ വിപ്ലവം എണ്ണവിപണിയിലുണ്ടാക്കിയ പ്രശ്നങ്ങൾ തുടങ്ങിയവയിലൂടെ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിൽ.

ദേശീയ ഗ്രാമീണ തൊഴിൽ പരിപാടി, ആദായനികുതി 10% കുറയ്ക്കുക, വാണിജ്യ ബാങ്കുകളുടെ പലിശ വരുമാനത്തിനു നികുതി, ജീവൻരക്ഷാ ഒൗഷധങ്ങൾ, സൈക്കിൾ, തയ്യൽ മെഷീൻ തുടങ്ങിയവയ്ക്കു പൂർണ നികുതിയിളവ്, കയറ്റുമതി പ്രോത്സാഹനത്തിന് ‘എക്സിം’ ബാങ്ക് രൂപീകരണം എന്നിങ്ങനെ ഒട്ടേറെ പ്രഖ്യാപനങ്ങൾ 1980 ജൂണിലെ പൂർണ ബജറ്റിലുണ്ടായി.

കൈമാറിവന്ന  കടക്കെണി

വെങ്കട്ടരാമൻ മുതലുള്ള മന്ത്രിമാരുടെ എണ്ണമെടുത്താൽ, 10 വർഷത്തിനിടെ 8 കൈമറിഞ്ഞാണ് 1991ൽ ധനവകുപ്പ് മൻമോഹൻ സിങ്ങിലെത്തുന്നത്. ആ 10 വർഷത്തിൽ ആഭ്യന്തര പൊതുകടം 40% വർധിച്ചു, വിദേശ കടം 12.7%. 1991 മേയിലാണ് സർക്കാർ 20 ടൺ സ്വർണം യൂണിയൻ ബാങ്ക് ഓഫ് സ്വിറ്റ്സർല‍ൻഡിനു വിൽക്കുന്നത്; ജൂലൈയിൽ 47 ടൺ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ പണയമായി. വിദേശ നാണ്യശേഖരം 2500 കോടി രൂപ മാത്രം – രണ്ടാഴ്ചത്തെ ഇറക്കുമതിക്കു മതിയാവുന്ന പണം. വായ്പകളുടെ പലിശ മാത്രം ജിഡിപിയുടെ 4%. അതായത്, പലിശ നൽകാൻ മാത്രം സർക്കാർ ചെലവിന്റെ 20%.

ഗൾഫ് യുദ്ധവും പ്രവാസികൾ വൻതോതിൽ നിക്ഷേപം പിൻവലിച്ചതും പ്രതിസന്ധി വർധിപ്പിച്ചു. സ്വാതന്ത്ര്യം കിട്ടിയ ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലാണു രാജ്യമെന്ന മുഖവുരയോടെ മൻമോഹൻ പറഞ്ഞു: ‘‘പാഴാക്കാൻ സമയമില്ല... പണവും സമയവും കടം വാങ്ങി നിലനിൽക്കാനാവില്ല.’’

മൻമോഹൻ, രാജ്യത്തിന്റെ സാമ്പത്തിക മനോഭാവത്തിൽ തിരുത്തലുകൾ പ്രഖ്യാപിച്ച് വ്യവസായ, വ്യാപാര മേഖലകളിലുൾപ്പെടെ ഉദാരവൽക്കരണം ഊർജിതമാക്കി. വിദേശ മുതൽമുടക്ക് ആകർഷിക്കാനുള്ള ഇളവുകൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപന, സ്വകാര്യ മേഖലയിൽ മ്യൂച്വൽ ഫണ്ട്, ദേശീയ നവീകരണ നിധി, സോഫ്റ്റ്‌വെയർ കയറ്റുമതിക്ക് നികുതിയിളവ്, കണക്കിൽ പറയാത്ത പണം വെളുപ്പിക്കാൻ അനുമതി തുടങ്ങിയ പ്രഖ്യാപനങ്ങൾക്കു ശേഷം വിക്ടർ ഹ്യൂഗോയുടെ വാക്കുകൾ കടമെടുത്ത് മൻമോഹൻ പറഞ്ഞു – സമയമെത്തിയ ആശയത്തെ തടയാൻ ഭൂമിയിലെ ഒരു ശക്തിക്കും സാധ്യമല്ല; ഇന്ത്യ വൻ സാമ്പത്തിക ശക്തിയാവുകയെന്നത് അത്തരമൊരു ആശയമാണ്; പ്രതിസന്ധി നമ്മൾ അതിജീവിക്കും...

ഇങ്ങനെയൊക്കെ പ്രശ്നകാലങ്ങളെ ധൈര്യമായി നേരിട്ടവരിൽ ആരെയാകും മന്ത്രി നിർമല മാതൃകയാക്കുക? അതോ, പുതുവഴികളെന്തെങ്കിലും കണ്ടെത്തുമോ? അത് ആലോചിക്കുമ്പോൾ പോയവർഷത്തെ സ്ഥിതിയെന്തെന്നു പരിശോധിക്കണം. അതു നാളെ.

pinaki
പിനാകി

നല്ല നയമുണ്ടെങ്കിൽ വേഗം ‘തിരിച്ചുവരാം’

പിനാകി ചക്രബർത്തി (ഡയറക്ടർ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസി)

∙ സംശയമില്ല, ഏറ്റവും വെല്ലുവിളിയുള്ള ബജറ്റാണു വരുന്നത്. സാമ്പത്തിക മേഖലയിലെ ആഘാതത്തിനു കാരണം കോവിഡാണ്. കോവിഡിനൊപ്പം ആഘാതവും കടന്നുപോകും. ഒത്ത നയങ്ങളുണ്ടെങ്കിൽ തിരിച്ചുവരവു വേഗത്തിലാകും. മുൻ വർഷമുണ്ടായിരുന്നതു പ്രതിസന്ധിയല്ല, വളർച്ചയിലെ മാന്ദ്യമാണ്.

∙ കോവിഡ് വർഷത്തിലെ ആദ്യ മാസങ്ങളെക്കാൾ സാമ്പത്തികരംഗം മെച്ചപ്പെട്ടു. ജിഎസ്ടി വരുമാനത്തിലെ വർധനയിലുൾപ്പെടെ അതു വ്യക്തം. മൂല്യവർധനയിൽ പ്രധാന പങ്കുള്ള സംസ്ഥാനങ്ങളിൽ മിക്കതും വലിയ പ്രശ്നത്തിൽനിന്നു പുറത്തുകടന്നിട്ടുണ്ട്.

∙ സർക്കാർ ധനക്കമ്മി വകവയ്ക്കാതെ കടമെടുത്തു ചെലവാക്കണമെന്ന വാദത്തോടു യോജിപ്പില്ല. ഇന്നത്തെ വായ്പ നാളത്തെ നികുതിയാണ്. അപ്പോൾ ജാഗ്രത‌യോടെ കടമെടുക്കണം. അതിനുള്ള നയപരമായ നിലപാടു പ്രധാനം.

∙ തൊഴിൽ പ്രതിസന്ധി പരിഹരിക്കാൻ തൊഴിലുറപ്പു പദ്ധതിക്കുൾപ്പെടെ കൂടുതൽ പണം നൽകണം. പണവും അവസരങ്ങളും ചേർന്നതാവണം സഹായം. ആഗോളവൽക്കരണം തന്നെ വീണ്ടുവിചാരത്തിനു വിധേയമാകുമ്പോൾ, ആഗോള വിപണിയിൽ മത്സരശേഷിയുള്ള ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാനാവണം.

Content Highlights: Union budget expectations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com