സോളറിൽ സിബിഐ വരുമ്പോൾ...

CBI-logo
SHARE

സോളർ കേസ് അന്വേഷിക്കാൻ സിബിഐയെ ക്ഷണിച്ചതിലൂടെ കേരള രാഷ്ട്രീയത്തിൽ ഇടപെടാൻ, ഇവിടെ അംഗബലം താരതമ്യേന കുറഞ്ഞ ബിജെപിക്ക് ഒരു പഴുതുകൂടി ലഭിച്ചുവെന്നതാണ് സത്യം

സോളർ കേസ് സിബിഐക്കു വിടാനുള്ള പിണറായി സർക്കാരിന്റെ തീരുമാനം ഭരണകക്ഷി ന്യായീകരിക്കുന്നത് അതു വെറുമൊരു കേസന്വേഷണം മാത്രമെന്നു പറഞ്ഞാണ്. അരിഭക്ഷണം കഴിക്കുന്നവരാരെങ്കിലും ഇതു വിശ്വസിക്കുമോ എന്നു കണ്ടറിയണം. ഇതെത്തുടർന്നുണ്ടായ വാദപ്രതിവാദങ്ങളിലൊന്നും ഈ നടപടിയുടെ നൈതികവശത്തെക്കുറിച്ച് ആരും പരാമർശിക്കാത്തത് അദ്ഭുതപ്പെടുത്തുന്നില്ല. എന്നാൽ, ഈ തീരുമാനം ഉയർത്തുന്ന അപകടകരമായ രാഷ്ട്രീയ പാർശ്വഫലങ്ങൾ ഗൗനിക്കാതെപോയി എന്നത് അപ്രതീക്ഷിതമാണ്.

ഒരുപക്ഷേ, ഈ തീരുമാനത്തിന്റെ വിത്തു പാകിയത് ഇതുപോലൊരു തിരഞ്ഞെടുപ്പുകാലത്തെ മറ്റൊരു സംഭവമാകാം. 2006ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ അന്തിമദിനങ്ങളിലാണ് ലാവ്‌ലിൻ കേസ് സിബിഐക്കു കൈമാറാനുള്ള തീരുമാനമെടുത്തത്. ആ നടപടി, സംസ്ഥാനത്ത് പ്രതിയോഗികളെ അടിക്കാനുള്ള വടിയായി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്ന രാഷ്ട്രീയചരിത്രത്തിന്റെ തുടക്കത്തിലെ ഒരേടാണ്.

കേന്ദ്രസർക്കാരുകൾ എന്നും കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തിട്ടുണ്ട്. എന്നാൽ, ഇപ്പോൾ അവ ആയുധവൽക്കരിക്കപ്പെട്ടിരിക്കുന്നു. പ്രതിഷേധിക്കുന്നവർക്കും പ്രതിപക്ഷ നേതാക്കൾക്കുമെതിരെ സിബിഐ, ആദായനികുതി വകുപ്പ്, ഇഡി തുടങ്ങിയ സ്ഥാപനങ്ങൾ തുടരെ റെയ്ഡുകൾ നടത്തുന്നതു നാം കാണുന്നു. കേന്ദ്ര ഏജൻസിയായ എൻഐഎ, കർഷകസമര നേതാക്കൾക്കു മാത്രമല്ല, അതു റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകർക്കും നോട്ടിസ് നൽകിയതാണ് ഒടുവിൽ കിട്ടിയ വാർത്ത. സാധാരണ ഈ രംഗത്തു പ്രത്യക്ഷപ്പെടാത്ത നർകോട്ടിക്സ് ബ്യൂറോയാണ് ഏറ്റവും പുതുതായി ആയുധവൽക്കരിക്കപ്പെട്ടത്. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിനു ശേഷം കലങ്ങിമറിഞ്ഞ മഹാരാഷ്ട്രയിൽ അവർ സജീവമായി കാണപ്പെട്ടു.

ഈ ഏജൻസികളുടെ ഇടപെടലുകളെ ശക്തമായി എതിർക്കുന്നവരാണ് സിപിഎമ്മും എൽഡിഎഫും. സിബിഐക്ക് സംസ്ഥാന സർക്കാരിന്റെ അനുവാദമില്ലാതെ കേസെടുക്കാൻ നൽകിയിരുന്ന പൊതുസമ്മതം ഈയിടെയാണു പിൻവലിച്ചത്. ഇവിടെയാണ് നൈതികതയുടെ പ്രശ്നം കടന്നുവരുന്നത്. ബൈബിളിൽ പറയുന്ന ‘സുവർണനിയമം’ - താൻ ഇച്ഛിക്കുന്നതേ, മറ്റുള്ളവർക്കു നൽകാവൂ - രാഷ്ട്രീയത്തിൽ ബാധകമല്ലെന്നുണ്ടോ?

സോളർ കേസ് അന്വേഷിക്കാൻ സിബിഐയെ ക്ഷണിച്ചത് ഉമ്മൻ ചാണ്ടിക്കു സഹതാപം നേടിക്കൊടുക്കുമോ എന്നാണ് ഇടതുമുന്നണിയിലെ ചില ഘടക‌കക്ഷികൾ ശങ്കിക്കുന്നത്. അങ്ങനെ നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യാം. എന്നാൽ, കേരളരാഷ്ട്രീയത്തിൽ ഇടപെടാൻ, ഇവിടെ അംഗബലം താരതമ്യേന കുറഞ്ഞ ബിജെപിക്ക് ഒരു പഴുതുകൂടി ലഭിച്ചുവെന്നതാണു സത്യം.

ns-madhavan
എൻ.എസ്. മാധവൻ

ബംഗാളിലെ ഉശിരൻ പോര് 

ഇന്ത്യ കണ്ണുനട്ടിരിക്കുന്നതു ബംഗാളിലാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഐതിഹാസിക പോരാട്ടമാണ് അവിടെ നടക്കുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 3 സീറ്റു മാത്രം നേടിയ ബിജെപി, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നാടകീയ മുന്നേറ്റം നടത്തി 18 സീറ്റുകൾ പിടിച്ചെടുത്തു. ഇപ്പോൾ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് കഴിഞ്ഞാൽ രണ്ടാമത്തെ വലിയ കക്ഷിയാണു ബിജെപി. ബംഗാൾ പിടിച്ചെടുക്കാൻ അമിത് ഷായുടെ നേതൃത്വത്തിൽ ബിജെപി കിണഞ്ഞു ശ്രമിക്കുന്നു. 294 സീറ്റുകളുള്ള ബംഗാൾ അസംബ്ലിയിൽ 200 സീറ്റ് നേടുമെന്നാണ് അമിത് ഷായുടെ പ്രവചനം. തിരഞ്ഞെടുപ്പു തന്ത്രജ്ഞനും മമത ബാനർജിയുടെ രാഷ്ട്രീയ ഉപദേശകനുമായ പ്രശാന്ത് കിഷോർ ഇതിനെ പുച്ഛിച്ചു തള്ളി; ബംഗാളിൽ ബിജെപി രണ്ടക്കം കടക്കുമെങ്കിൽ താൻ തൊഴിൽ ഉപേക്ഷിക്കുമെന്ന് പ്രശാന്ത് ട്വീറ്റ് ചെയ്തു.

തന്റെ ആത്മവിശ്വാസത്തിന്റെ രഹസ്യം പ്രശാന്ത് പിന്നീടു വെളിപ്പെടുത്തി. തൃണമൂൽ കോൺഗ്രസിനു ഭൂരിപക്ഷം കണ്ടെത്തേണ്ടത് 100% ബംഗാളിലെ വോട്ടർമാരിൽ നിന്നാണ്; ബിജെപിക്കാകട്ടെ 70% വോട്ടർമാരിൽ നിന്നും. സംസ്ഥാനത്തെ 27 ശതമാനത്തോളം വരുന്ന മുസ്‌ലിംകൾ ബിജെപിക്കു വോട്ട് ചെയ്യില്ലെന്ന് അദ്ദേഹം കരുതുന്നു.

അതേസമയം, ബിഹാറിൽ നേട്ടം കൊയ്ത ശേഷം എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസിയുടെ അടുത്ത ലക്ഷ്യം ബംഗാളാണ്. ഒരു വർഷമായി അദ്ദേഹത്തിന്റെ പാർട്ടി അവിടെ സക്രിയമാണ്. ബംഗാളിലെ മുസ്‌ലിംകളിൽ ഒരു വിഭാഗം ഉറുദു സംസാരിക്കുന്നവരാണ്; അവർക്കിടയിൽ ഉവൈസിയുടെ സ്വാധീനം വളരുന്നുണ്ടെന്നു രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

ബംഗാളി സംസാരിക്കുന്ന ഭൂരിപക്ഷം മുസ്‌ലിംകൾ മമതയുടെ വോട്ട് ബാങ്കായാണു കരുതപ്പെടുന്നത്. ഇതിനു മാറ്റം വരാവുന്ന ചില കാര്യങ്ങൾ ഈയിടെ ബംഗാളിൽ അരങ്ങേറി. കൊൽക്കത്തയിൽ നിന്ന് 45 കിലോമീറ്റർ ദൂരെയുള്ള ഫുർഫുറ ഗ്രാമത്തിലെ, 14ാം നൂറ്റാണ്ടിൽ നിർമിച്ച സൂഫി മസർ (ഫുർഫുറ ഷെരീഫ്) ബംഗാളി മുസ്‌ലിംകൾക്ക് പ്രധാനപ്പെട്ട ആരാധനാസ്ഥലമാണ്. അതിന്റെ അധീനതയിൽ ബംഗാളിൽ പലയിടങ്ങളിലായി 2200 പള്ളികളുണ്ട്. ഫുർഫുറ ഷെരീഫിലെ പീർസാദ (പരിപാലകൻ) 2011ലെ തിരഞ്ഞെടുപ്പിൽ മമതയ്ക്കു പിന്തുണ അറിയിച്ചിരുന്നു.

എന്നാൽ, ഇക്കഴിഞ്ഞ ജനുവരി 21ന് ഫുർഫുറ ഷെരീഫിലെ പീർസാദ അബ്ബാസ് സിദ്ദിഖി, ഇന്ത്യൻ സെക്കുലർ ഫ്രണ്ട് എന്നൊരു രാഷ്ട്രീയകക്ഷി രൂപീകരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നു പ്രഖ്യാപിച്ചു. ഉവൈസിയുടെ പാർട്ടിയടക്കം കുറച്ചു ചെറിയ പാർട്ടികളുടെ സഖ്യം രൂപീകരിച്ചാകും മത്സരം. മുസ്‌ലിംകളുടെ ഉന്നമനത്തിനായി മമത ഒന്നും ചെയ്തില്ലെന്നും വെറും പ്രീണനം മാത്രമായിരുന്നു അവരുടെ നയമെന്നും അബ്ബാസ് സിദ്ദിഖി രൂക്ഷമായി വിമർശിച്ചു. ഹിന്ദിയും ഉറുദുവും സംസാരിക്കുന്ന ആയിരക്കണക്കിനു ബംഗാളി മുസ്‌ലിംകൾ ഫുർഫുറയിൽ തിങ്ങിക്കൂടാറുള്ള ഞായറാഴ്ചകളിലൊന്നിൽ ഈയിടെ ഉവൈസിയും അവിടെ എത്തിയിരുന്നു എന്നതാണു മറ്റൊരു വാർത്ത.

ബംഗാളിലെ ഏതാണ്ട് 90 നിയോജക മണ്ഡലങ്ങളിൽ ഫുർഫുറ ഷെരീഫിനു സ്വാധീനമുണ്ട്. ഇവിടങ്ങൾ തന്നെയാണു മമതയുടെ ശക്തികേന്ദ്രം. മുസ്‌ലിംകൾ വോട്ട് ഭിന്നിപ്പിക്കില്ലെന്നും അവരെല്ലാം ദീദിക്കു വോട്ട് ചെയ്യുമെന്നും പ്രശാന്ത് കിഷോർ പറയുന്നു. ബിജെപിയെ തോൽപിക്കാൻ മുസ്‌ലിംകൾ തന്ത്രപരമായി വോട്ടു ചെയ്യുമെന്ന സിദ്ധാന്തം, രാഷ്ട്രീയനിരീക്ഷകർ ഒരു വിശ്വാസപ്രമാണം പോലെ കാലങ്ങളായി കൊണ്ടുനടക്കുന്നു. എന്നാൽ, ഈയിടെ നടന്ന ബിഹാർ തിരഞ്ഞെടുപ്പ് അതിന്റെ സാധുത ചോദ്യംചെയ്തു കഴിഞ്ഞു.

സ്കോർപ്പിയൺ കിക്ക്: കോവിഡ് വാക്സീൻ കുത്തിവയ്പുകളുടെ പ്രതിദിന ലക്ഷ്യത്തിന്റെ കണക്കുകൾ ആരോഗ്യവകുപ്പ് ഇനിമുതൽ ലഭ്യമാക്കിയേക്കില്ല.

ഉത്തര കൊറിയയിൽ ഒരു കണക്കും പുറത്തുവിടില്ല; അതിനെക്കാൾ എത്രയോ ഭേദം!

Content Highlights: Solar case; CBI

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA