നിയമവും മനുഷ്യത്വവും

subhadinam
SHARE

വിചാരണക്കൂട്ടിൽ നിന്ന വയോധിക, ന്യായാധിപനോടു പറഞ്ഞു – ‘ഞാൻ റൊട്ടി മോഷ്ടിച്ചുവെന്നതു ശരിയാണ്. എന്നാൽ, വിശന്നുവലഞ്ഞ എന്റെ പേരക്കുട്ടികൾക്കു വേണ്ടിയാണതു ചെയ്തത്’.

ബേക്കറിയുടമ കേസ് പിൻവലിക്കാൻ തയാറാകാതിരുന്നതുകൊണ്ടും ശിക്ഷ നടപ്പാക്കേണ്ടതുകൊണ്ടും ജഡ്ജി വയോധികയ്ക്കു 10 ഡോളർ പിഴയിട്ടു. അവർ കരഞ്ഞുകൊണ്ടു പറഞ്ഞു – ‘എന്റെ കയ്യിൽ ഒരു ഡോളർ പോലുമില്ല’. ജഡ്ജി ഉടൻ തന്റെ പോക്കറ്റിൽനിന്നു 10 ഡോളറെടുത്ത് അവർക്കു പിഴയടയ്ക്കാൻ നൽകി. എന്നിട്ട് കോടതിമുറിയിലുള്ളവരോടു പറഞ്ഞു – ഒരു സ്ത്രീ വിശപ്പകറ്റാൻ മോഷ്ടിക്കേണ്ടി വരുന്നതിൽ നമുക്കെല്ലാം ഉത്തരവാദിത്തമുണ്ട്. എല്ലാവരും ഓരോ ഡോളർ ഇവർക്കു പിഴ നൽകണം! 

വിധി നടപ്പാക്കുന്നവർക്കു നീതി നടപ്പാക്കാനുംകൂടി അറിയാമെങ്കിൽ നിയമത്തോടൊപ്പം മനുഷ്യത്വവും നിലനിൽക്കും. കുറ്റം ചെയ്യുന്നവരെല്ലാം കുറ്റവാളികളാകണമെന്നില്ല; ചിലരെങ്കിലും നിസ്സഹായതയെ മറികടക്കുന്നവരാകും. മറ്റൊരു മാർഗവുമില്ലാതെ വരുമ്പോൾ ഒരാൾ ചെയ്യുന്ന കർമങ്ങൾ മനഃസാക്ഷിയുടെ അളവുകോലിൽ മാത്രമേ വിലയിരുത്താനാകൂ. 

വിശന്നു മരിക്കാതിരിക്കാനുള്ള കളവും മോഷണവൈകൃതമുള്ളവന്റെ കളവും എങ്ങനെ ഒരേ നിയമവാചകങ്ങളിലൂടെ വ്യാഖ്യാനിച്ചു വിധിയെഴുതും? ഓരോ വിധിയെഴുത്തും ശിക്ഷയുടെ ഇരുമ്പറകൾ മാത്രമല്ല, രക്ഷയുടെ വാതിലുകൾകൂടി സൃഷ്ടിക്കണം. ശിക്ഷിക്കപ്പെടേണ്ട രീതികൾ എഴുതുന്നവർ മെച്ചപ്പെടാനുള്ള നിർദേശങ്ങൾ കൂടി നൽകിയാൽ വിധികൾക്ക് ജീവിതപുനർനിർമാണ ശേഷിയുണ്ടാകും. ശിക്ഷാവിധികളും മുൻവിധികളും മാത്രമല്ല, രക്ഷാവിധികളുംകൂടി രൂപപ്പെടണം.

എല്ലാവരിലും ഒരു കുറ്റവാളിയും ഒരു വിശുദ്ധനുമുണ്ട്. സമൂഹവും സാഹചര്യവും അവയിലൊന്നിനെ വളർത്തിയെടുക്കുന്നു. സമൂഹത്തിൽനിന്ന്  ഉടലെടുക്കുന്ന കുറ്റവാളികളുടെ കാര്യത്തിലും വിശുദ്ധരുടെ കാര്യത്തിലും ആ സമൂഹത്തിന് ഉത്തരവാദിത്തമുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA