ADVERTISEMENT

ഇതുവരെയുള്ള ബജറ്റുകൾ പോലെയാവില്ല ഇന്നത്തേത് എന്നാണു ധനമന്ത്രി പറയുന്നത്. അങ്ങനെയെങ്കിൽ,  മഹാമാന്ദ്യത്തിന്റെ ആഘാതം നേരിടാൻ 1933–39ൽ യുഎസ് കൊണ്ടുവന്നതു പോലുള്ള ‘ന്യൂ ഡീൽ’ ബജറ്റാണ് ഇന്നു പ്രതീക്ഷിക്കേണ്ടത്....

ദിവസങ്ങൾ മുൻപു തനിക്കു ലഭിച്ച 5 രൂപയ്ക്കു പിന്നിലെ മനസ്സിനെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് 1951ലെ ബജറ്റ് പ്രസംഗം മന്ത്രി സി.ഡി.ദേശ്മുഖ് അവസാനിപ്പിച്ചത്. സ്ഥിരജോലിയില്ലാത്ത, നികുതി നൽകാത്ത ഒരു ഗ്രാമീണനാണു ധനമന്ത്രിക്ക് 5 രൂപ അയച്ചുകൊടുത്തത്. തന്നാലാവുംവിധം സർക്കാരിനെ സഹായിക്കാൻ താൽപര്യം; എല്ലാ വർഷവും 5 രൂപ വീതം അയയ്ക്കുമെന്നും ഒപ്പമുള്ള കത്തിൽ ഗ്രാമീണൻ വാക്കുനൽകി.

തുകയുടെ വലുപ്പമല്ല, മനസ്സാണു പ്രധാനം. സർക്കാരിനൊപ്പം നിൽക്കുന്ന ഇത്തരം മനസ്സുകളുണ്ടെങ്കിൽ ഏതു പ്രതിസന്ധിയെയും ആത്മവിശ്വാസത്തോടെ നേരിടാനാകുമെന്ന് ദേശ്മുഖ് പറഞ്ഞു. ഇന്ന് ആ ഗ്രാമീണന്റെ മനസ്സുള്ളവരെ ധനമന്ത്രി നിർമല സീതാരാമനും പ്രതീക്ഷിക്കും.

കടമെടുത്തുള്ള വളർച്ച

കൂടുതൽ ഉദാരവൽക്കരണ നയങ്ങൾ പ്രഖ്യാപിക്കാമെങ്കിലും, പ്രതിസന്ധി മറികടന്ന് വളർച്ചയിലേക്കു തിരിച്ചെത്തണമെങ്കിൽ സർക്കാർ പണം ചെലവാക്കണം. എങ്കിലേ, വിപണിക്ക് ഉത്തേജനമാകൂ. വരുമാനം കുറഞ്ഞപ്പോൾ വായ്പയാണു സർക്കാരിനു മുന്നിലുള്ള പ്രധാന വഴി. അടുത്ത മാസം 31ന് അകം ധനക്കമ്മി 3 ശതമാനമാക്കി നിയന്ത്രിക്കണമെന്നാണ് ധന ഉത്തരവാദിത്ത ബജറ്റ് മാനേജ്മെന്റ് നിയമത്തിലെ വ്യവസ്ഥ. എന്നാൽ, ധനക്കമ്മിയുടെ പരിധികൾ ലംഘിച്ചുള്ള വായ്പ വേണ്ടിവരും. പരിധിലംഘനം അനുവദിക്കുന്ന വ്യവസ്ഥകളും മതിയാകാത്തതിനാൽ, നിയമത്തിനുതന്നെ ഭേദഗതി നിർദേശിക്കപ്പെടാം.

ധനകാര്യ കമ്മിഷൻ

ബജറ്റിനൊപ്പം 15–ാം ധനകാര്യ കമ്മിഷൻ റിപ്പോർട്ടും ഇന്നു പാർലമെന്റിൽ വയ്ക്കും. കമ്മിഷൻ ശുപാർശകളിൽ പലതും ബജറ്റിലും ഇടംപിടിക്കും. സംസ്ഥാനങ്ങൾക്കുള്ള വിഹിതം തീരുമാനിക്കുമ്പോൾ ജനസംഖ്യയ്ക്കു നൽകുന്ന വെയ്റ്റേജ്, രാജ്യസുരക്ഷയ്ക്കുള്ള വിഹിതം കമ്മിഷൻ എങ്ങനെ നിശ്ചയിക്കുന്നു തുടങ്ങിയവ ശ്രദ്ധേയമാകും. സാമ്പത്തിക സാഹചര്യങ്ങൾ മാറിമറിയുന്ന കാലത്ത് കമ്മിഷനെ സ്ഥിരം സെക്രട്ടേറിയറ്റുള്ള സംവിധാനമാക്കണമെന്ന നിർദേശം സർക്കാരിന്റെ പരിഗണനയിലാണ്.

ന്യൂ ഡീൽ

ഇതുവരെയുള്ള ബജറ്റുകൾ പോലെയാവില്ല ഇന്നത്തേത് എന്നാണു ധനമന്ത്രി പറഞ്ഞിട്ടുള്ളത്. മഹാമാന്ദ്യത്തിന്റെ ആഘാതം നേരിടാൻ 1933–39 കാലത്ത് യുഎസ് ‘ന്യൂ ഡീൽ’ കൊണ്ടുവന്നു: തൊഴിലവസരം സൃഷ്ടിക്കാനും സാമ്പത്തികവളർച്ച സാധാരണ ഗതിയിലാക്കാനും ധനകാര്യസ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനുമുൾപ്പെടെയുള്ള നടപടികൾ. ഇതു ഫലം കണ്ടില്ലെന്നു പിന്നീട് വിമർശനമുയർന്നിരുന്നു. 

ധനമന്ത്രിയുടെ മുന്നറിയിപ്പു കണക്കിലെടുക്കുമ്പോൾ ‘ന്യൂ ഡീൽ’ ബജറ്റാണ് ഇന്നു പ്രതീക്ഷിക്കേണ്ടത്. കഴിഞ്ഞ ബജറ്റിലും പിന്നീടുമുണ്ടായ പല നിർദേശങ്ങളും നടപ്പാക്കാൻ ബാക്കിയുണ്ട്. അവയും പരിഷ്കരിച്ച് ബജറ്റിൽ ഉൾപ്പെടുത്തിയേക്കും.

∙ തന്ത്രപ്രധാനമല്ലാത്ത മേഖലകളിൽനിന്നു പിൻവലിയാനുള്ള തീരുമാനം കഴിഞ്ഞ വർഷം സർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രതിരോധം, ആണവോർജം, പെട്രോളിയം, വളം തുടങ്ങിയ സുപ്രധാന മേഖലകളിലേക്കു സർക്കാർ സാന്നിധ്യം ചുരുക്കി, ബാക്കിയുള്ളിടത്ത് പൂർണ സ്വകാര്യവൽക്കരണം അനുവദിച്ചേക്കാം. ഇൻഷുറൻസ് മേഖലയിൽ വിദേശ മുതൽമുടക്കു പരിധി 74% വരെ ഉയർത്തിയേക്കും.

∙ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിൽപനയിലൂടെ 2.1 ലക്ഷം കോടി രൂപ എന്ന കഴിഞ്ഞ വർഷത്തെ ലക്ഷ്യത്തിന്റെ നാലിലൊന്നുപോലും നേടിയില്ല. എങ്കിലും 3 ലക്ഷം കോടിയെന്ന പുതിയ ലക്ഷ്യം സൂചിപ്പിക്കപ്പെടുന്നു.

∙ കടപ്പത്രങ്ങളാണ് തൽക്കാലത്തേക്കു പണമുണ്ടാക്കാനുള്ള ഒരു വഴി. നികുതിയിളവുള്ള കടപ്പത്രങ്ങൾക്കു നിർദേശമുണ്ടാകാം. ഭൂമി ഉൾപ്പെടെയുള്ള ആസ്തികൾ വലിയതോതിൽ വിറ്റഴിക്കലാണ് വിഭവസമാഹരണത്തിനുള്ള മറ്റൊരു മാർഗം. ബാങ്കുകളിലെ അധികപണം റിസർവ് ബാങ്കിന്റേതിനെക്കാൾ ഉയർന്ന നിരക്കിൽ സർക്കാർതന്നെ വാങ്ങുക, കടപ്പത്രങ്ങൾ ബാങ്കുകളെക്കൊണ്ടു വാങ്ങിപ്പിക്കുക തുടങ്ങിയവ പരിഗണനയിലുള്ള നിർദേശങ്ങളാണ്.

∙ പുതിയ സമ്മർദങ്ങൾ കണക്കിലെടുത്ത് ബാങ്കുകളുടെ മൂലധന ആസ്തി വർധിപ്പിക്കാനാണു റിസർവ് ബാങ്ക് നിർദേശം. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവ സ്വകാര്യവൽക്കരിക്കണമെന്നു നിതി ആയോഗ്. എല്ലാ ബാങ്കുകളുടെയും കിട്ടാക്കടം ഏറ്റെടുക്കുന്ന ‘ബാഡ് ബാങ്ക്’, ഡിജിറ്റൽ ഇടപാടു പ്രോത്സാഹനം എന്നിവയും പരിഗണിക്കപ്പെടുന്നു.

∙ സർക്കാരിന്റെതന്നെ ക്രിപ്റ്റോ കറൻസി പരിഗണനയിലുണ്ട്.

∙ വിദേശത്തുനിന്നുള്ള മുതൽമുടക്കു പ്രോത്സാഹിപ്പിക്കാൻ നിർദേശങ്ങളുണ്ടാവാം; പ്രവാസികളും രാജ്യത്തുള്ളവരും നൽകുന്ന ലാഭവിഹിത നികുതിനിരക്ക് ഏകീകരണവും.

∙ പ്രത്യക്ഷ നികുതി കോഡ് സംബന്ധിച്ച കർമസമിതിയുടെ നിർദേശങ്ങൾ വലിയ തോതിൽ ബജറ്റിൽ ഉൾപ്പെട്ടാൽ ശ്രദ്ധേയ മാറ്റങ്ങളുണ്ടാകും. ആദായനികുതി വർധിപ്പിച്ചു പണമുണ്ടാക്കുക ഇപ്പോൾ അപ്രായോഗികം. നിക്ഷേപങ്ങൾക്കുൾപ്പെടെ നികുതി ആനുകൂല്യം വർധിപ്പിക്കുക, പണം ചെലവഴിക്കൽ വർധിപ്പിക്കാൻ ശമ്പളക്കാർക്കുള്ള നികുതി കുറയ്ക്കുക, വർക് ഫ്രം ഹോം ഗണത്തിനു പ്രത്യേക നികുതി ആനുകൂല്യം നൽകുക തുടങ്ങിയ നിർദേശങ്ങൾ സർക്കാരിനു മുന്നിലുണ്ട്. നികുതി തർക്കപരിഹാര പദ്ധതിയുടെ കാലാവധി ദീർഘിപ്പിക്കാം.

∙ പൊതുജനാരോഗ്യ മേഖലയിൽ വലിയ മുതൽമുടക്കു പ്രതീക്ഷിക്കാം; ധനസമാഹരണത്തിനു കോവിഡ് സെസും. സ്വകാര്യ പങ്കാളിത്തത്തിൽ കൂടുതൽ ആശുപത്രികൾ, ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾക്കു പ്രോത്സാഹനം, ഗ്രൂപ്പ് ഇൻഷുറൻസ് താൽപര്യപ്പെടുന്ന സ്ഥാപനങ്ങൾക്ക് ആനുകൂല്യങ്ങൾ, മെഡിക്കൽ ഉപകരണങ്ങളുടെ ഉൽപാദനത്തിന് ഉത്തേജനമാകുന്ന ഇളവുകൾ ഉൾപ്പെടെ ‘ആത്മനിർഭർ’ പദ്ധതിക്കു കൂടുതൽ ഊന്നൽ എന്നിവയും പ്രതീക്ഷിക്കാം.

∙ തൊഴിലുറപ്പു പദ്ധതിക്കു കൂടുതൽ വകയിരുത്തലുണ്ടാവും. തൊഴിലവസരം സൃഷ്ടിക്കുന്ന സ്ഥാപനങ്ങൾക്ക് ആനുകൂല്യങ്ങൾ, മുതൽമുടക്കുമായി ബന്ധപ്പെട്ട ഇളവുകൾ തുടങ്ങിയവ പ്രതീക്ഷിക്കാം. ഓട്ടമൊബീൽ, ടൂറിസം, ഹോട്ടൽ എന്നിവയുൾപ്പെടെ, പ്രതിസന്ധിയിലെന്ന് കെ. വി.കാമത്ത് സമിതി വിലയിരുത്തിയ മേഖലകളിൽ പലതും ആനുകൂല്യം ലഭിക്കാവുന്നവയുടെ പട്ടികയിലുണ്ട്. ഒപ്പം, അടിസ്ഥാനസൗകര്യ വികസനത്തിനു കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ദേശീയ പദ്ധതിയിൽ ഊന്നിയുള്ള നിർദേശങ്ങളും പ്രതീക്ഷിക്കാം.

∙ പുതിയ വിദ്യാഭ്യാസനയം നടപ്പാക്കാനുള്ള സൗകര്യവികസനം, ഇ– ലേണിങ്ങിനു പ്രത്യേക പരിഗണന, ഇന്റർനെറ്റ് വ്യാപനം, 5ജി തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളുണ്ടാകാം.

കൃഷിമേഖലയെ അവഗണിക്കുന്നുവെന്ന തോന്നൽ സർക്കാർ താൽപര്യപ്പെടുന്നില്ല. ഉൽപന്നങ്ങൾ കേടാകാതെ സൂക്ഷിക്കാനുള്ള സംവിധാനങ്ങൾ വ്യാപിപ്പിക്കുന്നതിനുൾപ്പെടെ പ്രഖ്യാപനങ്ങളുണ്ടാകാം.

ചരക്കുനീക്കം സുഗമമാക്കാൻ ഉദ്ദേശിച്ചുള്ള ലോജിസ്റ്റിക്സ് നയത്തിന്റെ വിശദാംശങ്ങൾ, കാലാവസ്ഥാ വ്യതിയാനം നേരിടാൻ സഹായകമായ പദ്ധതികൾക്ക് ഉത്തേജനം എന്നിവയും പ്രതീക്ഷിക്കാം.

leader
പ്രഫ. സി.പി.ചന്ദ്രശേഖർ, പ്രഫ.അരുൺ കുമാർ

സമ്പദ്‌വ്യവസ്ഥ റബർപന്തല്ല: പ്രഫ.അരുൺ കുമാർ സാമ്പത്തിക ശാസ്ത്രജ്ഞൻ

∙ ഏപ്രിൽ – മേയിൽ 75% ഇടിവുണ്ടായ സമ്പദ്‌വ്യവസ്ഥയ്ക്ക് ‘വി’ രൂപത്തിലുള്ള തിരിച്ചുവരവോ? അതിനു സമ്പദ്‌വ്യവസ്ഥ റബർപന്തല്ല. അസംഘടിത മേഖലയിലെ തൊഴിൽനഷ്ടം ഉൾപ്പെടുത്താതെയുള്ള കണക്കിന്റെ അടിസ്ഥാനത്തിൽ, നല്ല വശം മാത്രം പറയാനാണു സാമ്പത്തിക സർവേയിലെ ശ്രമം. തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിൽ ബജറ്റും നയവുമുണ്ടാക്കിയാൽ ഇനിയും പിഴവുകളുണ്ടാകും. കോവിഡ്കാലത്തെ നിർദേശങ്ങൾ മിക്കതും ഉടൻ ഫലം തരുന്നവയല്ല.

∙ കടം വാങ്ങുക തന്നെയാണു സർക്കാർ ചെയ്യേണ്ടത്. ധനക്കമ്മിയെന്ന ആശങ്ക വേണ്ട. ചൈനയും ജപ്പാനുമൊക്കെ വലിയ ധനക്കമ്മി നേരിട്ടുകൊണ്ടാണു വിപണിയിൽ പണമെത്തിക്കുന്നത്. വളർച്ച മെച്ചപ്പെടുമ്പോൾ കമ്മി കുറയും.

∙ കോവിഡ്കാലത്ത് വ്യക്തമായ ‘ഇന്റർനെറ്റ് ഡിവൈഡ്’, ജനസംഖ്യയിലെ 0.1 ശതമാനത്തിന്റെ പക്കൽ സമ്പത്തു കുമിഞ്ഞുകൂടുന്ന സ്ഥിതി, തൊഴിൽനഷ്ടം കാരണം ഉള്ള സമ്പാദ്യമെടുത്തു ചെലവു കഴിയുന്നവർ – ഇതൊക്കെ പരിഹരിക്കാൻ നിർദേശങ്ങളുണ്ടാകണം. തൊഴിലുറപ്പു പദ്ധതിക്കുള്ള വിഹിതം നാലിരട്ടിയാക്കണം. വരുമാനത്തിൽ കുറവു വന്നവർക്കും കൈത്താങ്ങു വേണം.

∙ കോർപറേറ്റ് നികുതി വർധിപ്പിച്ചാൽ വീണ്ടും സ്വകാര്യ മുതൽമുടക്കു കുറയും. വെൽത്ത് ടാക്സ് എന്നതും ഇപ്പോൾ പ്രായോഗികമല്ല. ഓഹരിവിപണിയിലും പ്രതിസന്ധിയുണ്ടാകാം. സർക്കാർ ആസ്തികൾ വിറ്റു പണമുണ്ടാക്കാൻ ശ്രമിക്കുന്നത് പൊതുവിൽ ആസ്തികളുടെ വിലയിടിവിനു കാരണമാകും.

ധനക്കമ്മിയുടെ കെണി മറികടക്കണം: പ്രഫ. സി.പി.ചന്ദ്രശേഖർ സാമ്പത്തിക ശാസ്ത്രജ്ഞൻ

∙ മിനുക്കുപണികൾ നടത്തുമ്പോഴും, വലിയ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കുന്നവരെന്ന ഭാവമാണു സർക്കാരിന്. നിയമസഭാ തിരഞ്ഞെടുപ്പുകൾ കണക്കിലെടുത്തും ഇത്തവണ അത്തരം പണികൾ പ്രതീക്ഷിക്കാം. എന്നാൽ, സർക്കാർ ധനക്കമ്മിയുടെ കെണിയിലാണ്. ആ കെണി എങ്ങനെ മറികടക്കുമെന്നു കാണേണ്ടതുണ്ട്. ഉത്തേജന പാക്കേജ് എന്ന പേരിൽ പ്രഖ്യാപിച്ചതു പലതും ഒരു മേഖലയിലെ പണം മറ്റൊന്നിലേക്കു മാറ്റിയുള്ള ചെലവഴിക്കൽ മാത്രമാണ്.

∙ സർക്കാർ ചെലവഴിക്കൽ വർധിപ്പിച്ചില്ലെങ്കിലും ധനക്കമ്മി വർധിക്കും. വായ്പയെടുത്തു ചെലവാക്കാതെ വളർച്ചയിലേക്കു തിരിച്ചുവരാനാവില്ല. പൈതൃക ആസ്തികൾക്കു നികുതി ചുമത്തുക, അതിസമ്പന്നർക്കു നികുതി വർധിപ്പിക്കുക, ഓഹരി – കൈമാറ്റ നികുതി വർധിപ്പിക്കുക തുടങ്ങിയവയും പരിഗണിക്കണം.

∙ ബാങ്കുകൾ നേരത്തേ തന്നെ കിട്ടാക്കട പ്രതിസന്ധിയിലാണ്. ഇനി ഉത്തേജക പാക്കേജിന്റെ പ്രശ്നങ്ങളുമുണ്ടാകും. ധനകാര്യ സംവിധാനത്തിന്റെ ബലവും ഉറപ്പാക്കേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com