കേരള സർവകലാശാലയിലെ ‘തിരുത്തൽ’വാദം!

university mark
SHARE

കേരള സർവകലാശാലയിൽ പണം നൽകിയാൽ മാർക്ക് തിരുത്താം!  ഈയിടെയുണ്ടായ മാർക്ക് തിരുത്തൽ വിവാദത്തെക്കുറിച്ച് അന്വേഷിച്ച പ്രോ വൈസ് ചാൻസലറുടെ (പിവിസി) റിപ്പോർട്ടിലാണ് കൈക്കൂലി വാങ്ങി മാർക്ക് തിരുത്തുന്ന സെക്‌ഷൻ ഓഫിസറെക്കുറിച്ചു പറയുന്നത്. ഇതുപോലെ വേറെയും ഉദ്യോഗസ്ഥരുണ്ടാകാം. പക്ഷേ, കണ്ടെത്തണമെങ്കിൽപുറത്തു നിന്നുള്ള ഏജൻസി അന്വേഷിക്കണം. രാഷ്ട്രീയ കാരണങ്ങളാൽ അതു നടക്കുന്നില്ല. ഈ കേസ് പൊലീസിനു കൈമാറുമെന്ന് സർവകലാശാല പറയുന്നു. എന്നാൽ, അന്വേഷണം വഴിമുട്ടുകയും കാലക്രമേണ തേഞ്ഞുമാഞ്ഞു പോകുകയും  ചെയ്യുന്നതാണ് ഇവിടെ പതിവ്.....

മാർക്ക് @ pay

കരിയർ റിലേറ്റഡ് ഡിഗ്രി കോഴ്സുകളുടെ അവസാന സെമസ്റ്റർ പരീക്ഷയിലെ മാർക്ക് തിരുത്തിയത് അന്വേഷിച്ച പിവിസി ഡോ. പി.പി.അജയകുമാർ, ക്രമക്കേടു കാട്ടിയ സെക്‌ഷൻ ഓഫിസറുടെ പ്രവർത്തനരീതി റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്: ജയിക്കാത്ത കുട്ടികളെ അപമാനിക്കുകയാണ് ആദ്യ പരിപാടി. അതിനു ശേഷം അവരെ ആശ്വസിപ്പിക്കുകയും സഹായിക്കാമെന്നു പറയുകയും ചെയ്യുന്നു. തുടർന്നു കൈക്കൂലി വാങ്ങി മാർക്ക് തിരുത്തിക്കൊടുക്കുന്നു. സ്വന്തം സെക്‌ഷനിലെ മാത്രമല്ല, മറ്റൊരു സെക്‌ഷനിലെ മാർക്കും ഇയാൾ തിരുത്തിയതായി കണ്ടെത്തി.

ക്രമക്കേടു പുറത്തായതിനെത്തുടർന്ന് 6 വിദ്യാർഥികളിൽനിന്നു തെളിവെടുത്തു. സെക്‌ഷൻ ഓഫിസറുമായി നടത്തിയ സംഭാഷണത്തിന്റെ വോയ്സ് ക്ലിപ് അവർ പിവിസിക്കു കൈമാറി. തന്റെ പാസ്‌വേഡ് ഉപയോഗിച്ച് മറ്റാരോ ആണു ക്രമക്കേടു കാട്ടിയതെന്ന് തെളിവെടുക്കുമ്പോൾ സെക്‌ഷൻ ഓഫിസർ വാദിച്ചുനോക്കി. എന്നാൽ, വിദ്യാർഥികളുമായി നടത്തിയ സംഭാഷണം കേൾപ്പിച്ചതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. 74 പേരുടെ മാർക്കാണ് ഈ സെക്‌ഷൻ ഓഫിസർ തിരുത്തിയത്. ഇതിന്റെ പ്രതിഫലം ഓൺലൈനായി കൈപ്പറ്റിയതായും അറിയുന്നു.

ക്രമക്കേടു തെളിയിക്കുന്ന ശബ്ദരേഖകൾ സിൻഡിക്കറ്റ് യോഗത്തിൽ പിവിസി എല്ലാവരെയും കേൾപ്പിച്ചു. ജോലിയിൽനിന്നു പിരിച്ചുവിടേണ്ട കുറ്റം ചെയ്തയാളെ സസ്പെൻഡ് ചെയ്ത് തൽക്കാലം തടിതപ്പിയിരിക്കുകയാണ് സിൻഡിക്കറ്റ്.

തട്ടിപ്പിന്റെ ആവർത്തനം

mark
കേരള സർവകലാശാല പിവിസിയുടെ അന്വേഷണ റിപ്പോർട്ടിൽനിന്ന്

ഇതേ സെക്‌ഷൻ ഓഫിസർ മുൻപും മാർക്ക് തിരുത്തൽ കേസിൽപെട്ടിട്ടുണ്ട്. അന്ന് സോഫ്റ്റ്‌വെയറിനു തകരാറുണ്ടെന്നു പറഞ്ഞ് ഇദ്ദേഹത്തെ സ്ഥലംമാറ്റി അധികൃതർ രക്ഷിക്കുകയായിരുന്നു. മാർക്കിൽ മാറ്റം വന്നതിന്റെ പഴി മുഴുവൻ അന്നു സോഫ്റ്റ്‌വെയറിന്റെ തലയിൽ വച്ചു രക്ഷപ്പെട്ടു. അന്നേ കർശന നടപടി എടുത്തിരുന്നുവെങ്കിൽ ക്രമക്കേട് ആവർത്തിക്കില്ലായിരുന്നു. രാഷ്ട്രീയപരവും മറ്റുമായ കാരണങ്ങളാൽ കടുത്ത നടപടി ഒഴിവാക്കുന്നതാണ് തിരിമറി ആവർത്തിക്കാൻ കാരണം.

കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പിനു 4 വർഷത്തെ പഴക്കമുണ്ട്. ബിബിഎ, ബിസിഎ കോഴ്സുകളിലാണു തിരിമറി തുടങ്ങിയത്. പരീക്ഷാവിഭാഗത്തിലെ കംപ്യൂട്ടറിൽ കൃത്രിമം നടത്തി മോഡറേഷൻ കൂട്ടി നൽകുകയായിരുന്നു. സ്ഥലം മാറിപ്പോയ ഡപ്യൂട്ടി റജിസ്ട്രാറുടെ യൂസർ നെയിമും പാസ്‌വേഡും കരസ്ഥമാക്കിയാണ് പരീക്ഷാവിഭാഗത്തിൽ ക്രമക്കേടു നടത്തിയത്. ഏകദേശം 900 വിദ്യാർഥികളുടെ മാർക്കിൽ മാറ്റം വരുത്തി. കൂടുതൽ മോഡറേഷൻ നൽകിയതു മൂലം 380 പേർ ബിരുദ കോഴ്സ് പാസായി. ഇതിൽ 23 പേർക്കു തിരക്കിട്ടു ബിരുദ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഇക്കാര്യം മാധ്യമങ്ങളിലൂടെ പുറത്തു വന്നപ്പോൾ അന്വേഷണ കമ്മിഷനെ നിയോഗിച്ചു. ചുമതലയുള്ള ഡപ്യൂട്ടി റജിസ്ട്രാറെ സസ്പെൻഡ് ചെയ്തു. സോഫ്റ്റ്‍വെയർ തകരാർ മൂലമാണ് പിഴവു സംഭവിച്ചതെന്നായിരുന്നു വിദഗ്ധസമിതിയുടെ കണ്ടെത്തൽ. വിദ്യാർഥികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നെങ്കിൽ മോഡറേഷൻ തട്ടിപ്പിനു പിന്നിൽ ആരെന്നു കണ്ടെത്താമായിരുന്നു. അതിനു പകരം പഴി മുഴുവൻ സോഫ്റ്റ്‌വെയറിന്റെ പുറത്തുചാരി സർവകലാശാല രക്ഷപ്പെട്ടു. പൊലീസിനു പരാതി നൽകിയെങ്കിലും രേഖകളൊന്നും കൈമാറിയില്ല. അതിനാൽ അന്വേഷണം സ്തംഭിച്ചു.

ത്രിശങ്കുവിലായ ബിരുദ സർട്ടിഫിക്കറ്റ്

അന്നു തിരക്കിട്ടു വിതരണം ചെയ്ത 23 ബിരുദ സർട്ടിഫിക്കറ്റുകൾ ഇതേവരെ പിൻവലിച്ചിട്ടില്ല. ഗവർണറുടെ അനുമതി ലഭിക്കണമെന്നു പറഞ്ഞു തീരുമാനം നീട്ടിക്കൊണ്ടുപോയി. പലരും ഈ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി സംഘടിപ്പിച്ചു. ഇനി മടക്കി വാങ്ങിയാൽ അവർ കോടതിയിൽ പോകും.

പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന എന്നിവയിലൂടെ അധിക മാർക്ക് ലഭിക്കുമ്പോഴും ഗ്രേസ് മാർക്ക് ചേർക്കുമ്പോഴും മാർക്ക് ലിസ്റ്റിൽ തിരുത്തൽ വരുത്താൻ പരീക്ഷാ കൺട്രോളറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കംപ്യൂട്ടർ സെന്റർ ഡയറക്ടർക്കായിരുന്നു ആദ്യകാലത്ത് അധികാരം. കുറെ കഴിഞ്ഞപ്പോൾ അതു ഡപ്യൂട്ടി റജിസ്ട്രാർമാർക്കു നൽകി. സ്ഥലം മാറിപ്പോയ ഡപ്യൂട്ടി റജിസ്ട്രാറുടെ പാസ്‌വേഡ് ഉപയോഗിച്ചു മാർക്ക് തിരുത്തിയത് ഇതെത്തുടർന്നായിരുന്നു. 

ഈ സംഭവത്തിനു ശേഷം മാർക്കിനു കൂടുതൽ സുരക്ഷിതത്വം നൽകുന്നതിനു പകരം, സെക്‌ഷൻ ഓഫിസർമാർക്കു കൂടി പാസ്‌വേഡ് നൽകുകയാണു സർവകലാശാല ചെയ്തത്. സെക്‌ഷൻ ഓഫിസർക്ക് മറ്റൊരു സെക്‌ഷനിലെ മാർക്കും തിരുത്താം. ആർക്കും ആരുടെയും മാർക്ക് തിരുത്താമെന്ന അവസ്ഥ മനസ്സിലാക്കിയിട്ടും പഴുതടയ്ക്കുന്നില്ല.

മാർക്ക് തിരുത്തി ഭാവി തിരുത്താം!

മാർക്ക് കുറയുകയോ തോൽക്കുകയോ ചെയ്യുന്ന വിദ്യാർഥികൾ പുനർമൂല്യനിർണയത്തിലൂടെ ജയിക്കുന്നതിനു സർവകലാശാലയിൽ കയറിയിറങ്ങുക പതിവാണ്. പുനർമൂല്യനിർണയ സമയത്ത് ഇരട്ട മൂല്യനിർണയം നടത്തിയാൽ രണ്ട് അധ്യാപകരെ ഒരേ പോലെ സ്വാധീനിക്കണം. 

ഫലം വേഗത്തിൽ ലഭ്യമാക്കാനാണ് എന്ന വാദവുമായി അടുത്തകാലത്തു മൂല്യനിർണയം ഒന്നായി കുറയ്ക്കാൻ സർവകലാശാല തീരുമാനിച്ചു. പുനർമൂല്യനിർണയത്തിൽ ആദ്യ മാർക്കിനെക്കാൾ 10 ശതമാനത്തിലേറെ വ്യത്യാസം വന്നാൽ മൂന്നാമതും മൂല്യനിർണയം നടത്തണമെന്നായിരുന്നു സർവകലാശാലാ ചട്ടം. ഇങ്ങനെ ലഭിക്കുന്ന മൂന്നു മാർക്കുകളിൽ ഏറ്റവും അടുത്തു വരുന്ന രണ്ടെണ്ണത്തിന്റെ ശരാശരി ആ വിദ്യാർഥിക്കു നൽകണം. ഈ ചട്ടം ഭേദഗതി ചെയ്ത് ആദ്യ പുനർമൂല്യനിർണയത്തിൽ എത്ര മാർക്ക് അധികം ലഭിച്ചാലും അത് അംഗീകരിക്കാനായിരുന്നു പുതിയ തീരുമാനം. ഇതു പലർക്കും സഹായമായി.

അധ്യാപകരെ സ്വാധീനിച്ചു 30 മാർക്ക് വരെ നേടി വിദ്യാർഥികൾ കൂട്ടത്തോടെ ജയിച്ചു. എഴുനൂറോളം പേർ ഇങ്ങനെ ജയിച്ച ശേഷമാണ് ഇതെക്കുറിച്ച് ആക്ഷേപമുയർന്നത്. സർവകലാശാലാ ചട്ടമനുസരിച്ച് പുനർമൂല്യനിർണയത്തിലെ മാർക്കിൽ 10 ശതമാനത്തിലേറെ വ്യത്യാസം വന്നാൽ ആദ്യം മൂല്യനിർണയം നടത്തിയ അധ്യാപകനെതിരെ നടപടിയെടുക്കണം. കൂട്ട ജയത്തിന്റെ പേരിൽ അധ്യാപകർക്കെതിരെ കൂട്ട നടപടി വേണ്ടിവരുമെന്നു വ്യക്തമായി. ഇതോടെ ഈ ചട്ടം സിൻഡിക്കറ്റ് പിൻവലിച്ചു. അധിക മാർക്ക് നേടിയ എഴുനൂറോളം വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റ് മടക്കിവാങ്ങാനും തീരുമാനിച്ചു. ഇതു നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി വിദ്യാർഥികൾ കോടതിയിൽ പോയി. സർവകലാശാല നടപ്പാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ നൽകിയ മാർക്ക് ലിസ്റ്റ് മടക്കിവാങ്ങാൻ പാടില്ലെന്നായിരുന്നു കോടതി വിധി. പുനർമൂല്യനിർണയത്തിലൂടെ വിദ്യാർഥികളെ ജയിപ്പിക്കാൻ സർവകലാശാല നടത്തിയ മറ്റൊരു തട്ടിപ്പായിരുന്നു ഇത്! 

മാർക്ക് തിരുത്തി ജയിപ്പിക്കാൻ സർവകലാശാലയിൽ ലോബി തന്നെ ഉണ്ടെന്നാണു വിവരം. വിദ്യാർഥികളിൽനിന്ന് ഇതിനായി വൻതുക കൈപ്പറ്റുന്നു. എന്നാൽ, കാര്യങ്ങൾ അതീവ രഹസ്യമായി കൈകാര്യം ചെയ്യുന്നതിനാൽ വിശദാംശങ്ങൾ ഇതേവരെ പുറത്തുവന്നിട്ടില്ല. പരീക്ഷാ ടാബുലേഷൻ സോഫ്റ്റ്‌വെയറിലെ പഴുതുപയോഗിച്ചാണു ക്രമക്കേടു കാട്ടുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA