അപരന് മാർക്കിടുമ്പോൾ...

subhadinam
SHARE

ധനികനും അപരിചിതനായ മറ്റൊരാളും കപ്പലിന്റെ ഒരേ കാബിനിലാണു യാത്ര ചെയ്യുന്നത്. തന്റെ നിലവാരത്തിനു ചേരുന്ന ആളല്ലെന്നു തോന്നിയതുകൊണ്ട് ധനികൻ അയാളെ പരിചയപ്പെടാനും ശ്രമിച്ചില്ല. 

അൽപം കഴിഞ്ഞപ്പോൾ ധനികൻ തന്റെ പക്കലുള്ള വിലപിടിപ്പുള്ള സാധനങ്ങളുമായി ലോക്കർ റൂം സൂക്ഷിപ്പുകാരന്റെ അടുത്തെത്തി പറഞ്ഞു: ‘എന്റെ സഹയാത്രികന്റെ മുഖത്തൊരു കള്ളലക്ഷണമുണ്ട്. അതുകൊണ്ട് ഈ സാധനങ്ങൾ ഇവിടെ വയ്ക്കണം’. എല്ലാം വാങ്ങിവച്ച ശേഷം സൂക്ഷിപ്പുകാരൻ പറഞ്ഞു: ഇതേ കാരണം പറഞ്ഞ് താങ്കളുടെ സഹയാത്രികനും അയാളുടെ വസ്തുക്കൾ കുറച്ചുമുൻപ് ഇവിടെ ഏൽപിച്ചിട്ടുണ്ട്!

ആകാരം അളന്നുള്ള അഭിപ്രായങ്ങൾക്ക് ആധികാരികത ഉണ്ടാകില്ലെന്നു മാത്രമല്ല, അബദ്ധങ്ങളുടെ ഘോഷയാത്രകൂടി ആയിരിക്കും. അപരിചിതരെക്കുറിച്ചും ആദ്യമായി കാണുന്നവരെക്കുറിച്ചും രൂപപ്പെടുത്തുന്ന പല അഭിപ്രായങ്ങളുടെയും അടിസ്ഥാനം, യാതൊരടിസ്ഥാനവുമില്ലാത്ത മുൻധാരണകളായിരിക്കും. വർഷങ്ങളായി കൂടെയുള്ളവരെപ്പോലും ശരിയായി മനസ്സിലാക്കാൻ കഴിയാത്തവർ എത്ര പെട്ടെന്നാണ് അന്യർക്കും വഴിപോക്കർക്കും അളന്നുകുറിച്ചു മാർക്കിടുന്നത്. 

ആദ്യ കാഴ്ചയിലെ വിലയിരുത്തലിന്റെ അപക്വത മൂലമാണ് പല നല്ല ബന്ധങ്ങളും തുടങ്ങാതെ പോകുന്നത്. അടുത്തിടപഴകിയിട്ടും അടുത്തറിയാതെ പോകുന്നതിനാലാണ് പല ബന്ധങ്ങളും അപകടകരമായിത്തീരുന്നതും. അപരനെക്കുറിച്ച് സ്വന്തം മനസ്സിൽ ഉയരുന്ന ഊഹാപോഹങ്ങളും സംശയങ്ങളും മറ്റുള്ളവരിലേക്കു കൂടി പരത്താതിരുന്നെങ്കിൽ പലർക്കും അവരർഹിക്കുന്ന മെച്ചപ്പെട്ട ജീവിതം ലഭിക്കുമായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA