ആനഗുണം, ആളുഗുണം

tharangam
SHARE

ആനയെ ഒരു പാലമായിക്കണ്ട് അടിയിലൂടെ നൂഴ്ന്നു കടന്നാൽ ആനവലുപ്പമുള്ള പേടിപോലും അപ്രത്യക്ഷമാകുമെന്നാണ് ധീരസാഹസികരായ എല്ലാ മലയാളികളും വിശ്വസിക്കുന്നത്. 

അതേ ആന ഇപ്പോൾ പേടിച്ചു വാൽചുരുട്ടി നിൽക്കുകയാണ്. 

കോവിഡ്കാലത്ത് ആളുകളിൽനിന്നും ആരവങ്ങളിൽനിന്നും അകന്നുനിന്നു ശീലിച്ചതിനാൽ ആനകൾക്കിപ്പോൾ‌ മനുഷ്യരെ കണ്ടാൽത്തന്നെ പേടിയാണെന്നാണ് ആനമനഃശാസ്ത്രം അറിയുന്നവരുടെ കണ്ടെത്തൽ. 

പാണ്ടിമേളവും പാഞ്ചാരിമേളവുമൊക്കെ തലയാട്ടി ആസ്വദിച്ചിരുന്ന, മേളപ്രമാണിമാരെ തിരിച്ചറിഞ്ഞു സല്യൂട്ട് ചെയ്തിരുന്ന കരിവീരന്മാർക്കിപ്പോൾ പി.ജെ.ജോസഫിന്റെ ചെണ്ടയുടെ പടം കണ്ടാൽപോലും പേടി. ആ പേടി മാറ്റിയെടുക്കാൻ കുറേശ്ശെ ആളെക്കാട്ടി ഇണക്കിയെടുക്കണം. അതിന് ആൾസാന്നിധ്യമുള്ളിടത്തേക്ക് ആനകളെ മാറ്റിക്കെട്ടി പരിചയപ്പെടുത്തലാണത്രെ ആദ്യ പരിപാടി. 

തോട്ടികൊണ്ടു സ്നേഹത്തിലൊരു പിടിപിടിച്ച് പാപ്പാൻ പറയും:

ഇതൊക്കെ നമ്മുടെ നാട്ടുകാരല്ലേ? ഇവരൊക്കെ അ–ആ എന്നെഴുതിയും വായിച്ചും പഠിക്കുന്നതുപോലും ആനയിൽനിന്നല്ലേ? ആനയില്ലെങ്കിൽ ഇവരൊന്നും അക്ഷരം പഠിക്കാൻ പോകുന്നില്ല. 

ഒരേയൊരു ആനവാൽമോതിരം മോഹിച്ച് അപേക്ഷ സമർപ്പിച്ച് നമ്മുടെ പിറകേ നടക്കുന്ന പാവങ്ങളല്ലേ? ഇവരെയാരെയും പേടിക്കേണ്ട കാര്യമില്ലാനേ. 

ആനച്ചന്തം എന്നാരംഭിക്കുന്ന പാട്ടുകൂടി പാടിയാൽ ആന മെരുങ്ങും; സ്വന്തം ചെവി വീശിയുണ്ടാക്കുന്ന മന്ദമാരുതനിൽ മയങ്ങും.

പക്ഷേ, ആളുകളുടെ കാര്യമോ? കോവിഡ് മാസങ്ങളിൽ ആൾക്കൂട്ടത്തിൽനിന്ന് അനുസരണയോടെ വിട്ടുനിന്നവർ മാസ്ക് മാറ്റിയ മുഖങ്ങളോടെ ആൾക്കൂട്ടം കണ്ടാൽ എങ്ങനെ പെരുമാറണമെന്നു മറന്നുപോയിട്ടുണ്ടാവും. 

മാസ്ക് ഒരു കവചമായിരുന്നു. ആ മറയില്ലാതെ ഇനിയുള്ള കാലം പുറത്തിറങ്ങാൻ പലർക്കും പേടി തോന്നിയേക്കാം; അല്ലെങ്കിൽ നാണം. 

ആനയെപ്പറ്റി ബേജാറാകുന്നവർ പക്ഷേ, മനുഷ്യന്റെ ആൾപ്പേടിയെപ്പറ്റി ഒന്നും പറയാത്തതിലാണ് അപ്പുക്കുട്ടനു സങ്കടം. 

പേടി മാറിയ ആനയുടെ വാൽരോമം വളച്ചുണ്ടാക്കിയ മോതിരമണിഞ്ഞാൽ തീരുമോ ആളുകളുടെ ആൾപ്പേടി?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA