ADVERTISEMENT

സാമ്പത്തികമാന്ദ്യം പരിഹരിക്കാൻ ഇത്രയൊക്കെ മതിയോ എന്ന ചോദ്യമാണ് ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ അവതരിപ്പിച്ച ബജറ്റിനെപ്പറ്റി പല നിരീക്ഷകരിൽനിന്നും ഉയരുന്നത്. സൗഖ്യമേഖലകൾക്കു കാര്യമായ വിഹിതം അനുവദിച്ചിട്ടുണ്ടെങ്കിലും സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിനുള്ള വാക്സീൻ ബജറ്റിലില്ല എന്നാണു പൊതുവേയുള്ള പരാതി. തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്കു വൻ വികസനപദ്ധതികൾ വാഗ്ദാനം ചെയ്യുന്നത് ബജറ്റിന്റെ രാഷ്ട്രീയമുഖം വെളിപ്പെടുത്തുന്നുമുണ്ട്. എങ്കിലും, പതിവുള്ള തടസ്സങ്ങൾ വഴിമുടക്കാതെ, വികസനപദ്ധതികൾ എത്രയുംവേഗം യാഥാർഥ്യമാകട്ടെ എന്നാണു കേരളത്തിന്റെ ആഗ്രഹം.

കോവിഡ് വാക്സീന്റെ ഗവേഷണ പരീക്ഷണങ്ങൾക്കും നിർമാണത്തിനുമായി 35,000 കോടി രൂപ വകയിരുത്തിയതടക്കം ആരോഗ്യ – സൗഖ്യമേഖലയ്ക്കായി പ്രഖ്യാപിച്ച 2.24 ലക്ഷം കോടിയുടെ വലിയ പാക്കേജ് ഫലപ്രദമാകാനാണു രാജ്യം കാത്തിരിക്കുന്നത്. സൗജന്യ വാക്സീൻ ലഭ്യമാകുമോ എന്ന ജനതയുടെ ചോദ്യത്തിന് ഇപ്പോഴും ഉത്തരം ലഭിച്ചിട്ടുമില്ല. ശുദ്ധജലം, ശുദ്ധവായു, നഗരശുചിത്വം എന്നിവയ്ക്കായി പ്രഖ്യാപിച്ച പദ്ധതികൾ ഈ കാലത്തിന്റെ ആവശ്യംതന്നെയാണ്.

കർഷകരുടെ വരുമാനം 2 വർഷത്തിനുള്ളിൽ ഇരട്ടിയാക്കുമെന്നു കഴിഞ്ഞ ബജറ്റിൽ പറഞ്ഞതിന്റെ തുടർച്ച ഇത്തവണ കാണാം. കൃഷിവിളകളുടെ താങ്ങുവിലയ്ക്കുള്ള വിഹിതം കൂട്ടിയതും കാർഷികച്ചന്തകൾക്കും മറ്റും സഹായങ്ങൾ പ്രഖ്യാപിച്ചതും കൃഷിവായ്പകൾക്കുള്ള വലിയ വിഹിതവും സമരമുഖത്തുള്ള കർഷകരെ എത്രത്തോളം തണുപ്പിക്കുമെന്നതു കണ്ടറിയണം. ഗ്രാമീണ തൊഴിൽമേഖലകളെയാകെ തളർത്തിക്കളഞ്ഞ ഈ കോവിഡ്കാലത്ത്, മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിക്കായി മാറ്റിവച്ച വിഹിതത്തിൽ ഏകദേശം 38,000 കോടിയുടെ കുറവുണ്ടായതു പ്രതിഷേധാർഹം തന്നെയാണ്.

ആദായനികുതി ഘടനയിൽ മാറ്റമില്ലെങ്കിലും 75 വയസ്സിനു മുകളിലുള്ളവർക്ക് റിട്ടേൺ സമർപ്പിക്കുന്നതിൽ ഇളവ് അനുവദിച്ചത് ആശ്വാസകരമാണ്. പലിശ വരുമാനം, പെൻഷൻ എന്നിവ മാത്രമുള്ളവർക്കാണ് ഈ ഇളവ്. കോർപറേറ്റ് മേഖല ബജറ്റിനെ പൊതുവേ സ്വാഗതം ചെയ്തിട്ടുണ്ട്. ഇന്ത്യയിലേക്കു മടങ്ങുന്ന പ്രവാസികൾക്ക് ഇരട്ടനികുതി ഒഴിവാക്കിയത് ദീർഘകാല ആവശ്യത്തിനുള്ള മറുപടിതന്നെയാകുന്നു. 120 ദിവസം ഇന്ത്യയിൽ തങ്ങിയാൽ ഏകാംഗ കമ്പനികൾ (ഒപിസി) രൂപീകരിക്കാമെന്ന നിർദേശം പ്രവാസികൾക്കു പ്രതീക്ഷ പകരുന്നുണ്ട്. മുൻപ്, ഇതിനായി 182 ദിവസം ഇന്ത്യയിൽ ഉണ്ടാകണമെന്ന വ്യവസ്ഥയിലടക്കമാണ് ഇളവുകൾ ഉണ്ടായിരിക്കുന്നത്.

സേവന, ഉൽപാദന, നിർമാണ മേഖലകളിൽ കോവിഡ് കൂടുതൽ ആഘാതമേൽപിച്ചെന്നു സാമ്പത്തിക സർവേ തന്നെ പറയുന്നുണ്ടെങ്കിലും, അതിനു പരിഹാരം കാണാൻ ബജറ്റ് സന്നദ്ധമാകുന്നില്ല. സാമ്പത്തിക വളർച്ച സാധ്യമാക്കാനെന്നോണം നയങ്ങളിൽ ഉദാരവൽക്കരണത്തിന്റെ പാത സർക്കാർ കാണിക്കുന്നുമുണ്ട്. ധനക്കമ്മി ഈ കൊല്ലം 9.5 ശതമാനമായി ഉയർന്നെങ്കിലും കടമെടുത്തു പണവ്യയം കൂട്ടി സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കാനാണു സർക്കാർ ശ്രമിക്കുന്നത്.

ഇൻഷുറൻസ് കമ്പനികളിൽ വിദേശ നിക്ഷേപം 49 ശതമാനത്തിൽനിന്ന് 74 ശതമാനമായി ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ലക്ഷ്യമിട്ടിരുന്ന തോതിൽ ഓഹരിവിൽപന നടന്നില്ലെങ്കിലും ധനസമാഹരണത്തിനായി ഇത് അതിശക്തമായി തുടരുമെന്ന് ഇത്തവണയും ബജറ്റ് ഉറപ്പിച്ചുപറയുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നത് ‘വിത്തെടുത്തു കുത്തുന്നതു പോലെ’ അപകടമാണെന്ന വിമർശനമുയരുന്നുമുണ്ട്.

സ്വകാര്യമേഖലയിൽ കൂടുതൽ മുതൽമുടക്കാണ് ഉൽപാദനവും തൊഴിലവസരവും മെച്ചപ്പെടാൻ സഹായകരമെന്ന കാഴ്ചപ്പാട് ഈ ബജറ്റിലുമുണ്ട്. എന്നാൽ, സമ്പദ്‌വ്യവസ്ഥയെ ഈ പ്രതിസന്ധിഘട്ടത്തിൽനിന്നു കരകയറ്റാൻ ആവശ്യമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്ന സർക്കാർ മുതൽമുടക്ക് മുഖ്യമായും ഹൈവേ വികസനത്തിനാണ്. അടിസ്ഥാനസൗകര്യ വികസനത്തിനു പണം ലഭ്യമാക്കാൻ പ്രത്യേക ധനസ്ഥാപനവും പ്രത്യേക നിക്ഷേപപദ്ധതികളും പ്രഖ്യാപിച്ചിട്ടുള്ളത് സ്വാഗതാർഹം തന്നെ.

നഴ്സിങ് തൊഴിൽ മേഖലയിൽ പരിഷ്കാരങ്ങൾക്കായി ദേശീയ നഴ്സിങ്, മിഡ്‌വൈഫറി കമ്മിഷൻ രൂപീകരിക്കുന്നതു സ്വാഗതാർഹമാണ്. സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതിത്തീരുവ കുറച്ചത് അവയുടെ വിപണിക്ക് ഉത്തേജനമാകുമെന്നു തീർച്ച. സൗജന്യ പാചകവാതക പദ്ധതിയിൽ (ഉജ്വല പദ്ധതി) ഒരു കോടി കുടുംബങ്ങളെക്കൂടി ഉൾപ്പെടുത്തുന്നത് അഭിനന്ദനീയമെങ്കിലും മാസങ്ങളായി അനിശ്ചിതത്വത്തിലുള്ള പാചകവാതക സബ്സിഡി തുടർന്നും നൽകുന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. കൃഷിമേഖലയിൽ അടിസ്ഥാനസൗകര്യത്തിനും വികസനത്തിനുമായുള്ള പുതിയ സെസ് വന്നതോടെ, പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുമെന്ന പ്രതീക്ഷകളും അസ്തമിക്കുന്നു.

ദേശീയപാതാ വികസനം, കൊച്ചി മെട്രോ രണ്ടാം ഘട്ടം, കൊച്ചി മത്സ്യബന്ധന തുറമുഖവികസനം തുടങ്ങിയവയ്ക്കുള്ള വിഹിതങ്ങൾ കേരളത്തെ സന്തോഷിപ്പിക്കുന്നു. എങ്കിലും, നമ്മുടെ ന്യായമായ പല ആവശ്യങ്ങളും അവഗണിച്ചെന്ന പരാതിയും ഉയരുന്നുണ്ട്. തിരുവനന്തപുരം – കാസർകോട് വേഗ റെയിൽപാത, പഴനി - ശബരിമല ദേശീയപാത തുടങ്ങി പല പദ്ധതികൾക്കു വേണ്ടിയും സമ്മർദം ചെലുത്തണമെന്ന് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി ചേർന്ന എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു. അസമിലെയും ബംഗാളിലെയും തേയിലത്തോട്ടം തൊഴിലാളികൾക്കുള്ള ക്ഷേമപദ്ധതി പ്രഖ്യാപിച്ചപ്പോൾ കേരളത്തെ മറന്നതും നിർഭാഗ്യകരമെന്നു പറയാം. കേരളത്തിന് എയിംസ്, പ്രത്യേക റെയിൽവേ സോൺ തുടങ്ങി വർഷങ്ങളായുള്ള ആവശ്യങ്ങളും പരിഗണിക്കപ്പെട്ടില്ല.

English Summary: Union Budget 2021 - editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com