സൂ ചിയെ സൈന്യം അട്ടിമറിച്ചതെന്തിന്? വെല്ലുവിളി യുഎസിന്; നേട്ടം ചൈനയ്ക്ക്

Myanmar
മ്യാൻമറിലെ യാങ്കൂണിൽ സൈനികഭരണത്തെ അനുകൂലിക്കുന്നവർ ആഹ്ലാദപ്രകടനം നടത്തുന്നു. ചിത്രം:എപി
SHARE

 5 വർഷത്തെ ഭരണത്തിനിടെ സൂ ചി സൈന്യവുമായി കലഹത്തിന്  മുതിർന്നില്ല. രോഹിൻഗ്യൻ മുസ്‌ലിംകൾക്കെതിരായ സൈന്യത്തിന്റെ അതിക്രമങ്ങളോടു മൗനം പാലിക്കുകയും ചെയ്തു. ഇതൊക്കെയായിട്ടും സൂ ചിയെ സൈന്യം ഇപ്പോൾ അട്ടിമറിച്ചതെന്തിന്?....

ആധുനിക മ്യാൻമറിന്റെ ജനാധിപത്യപ്പോരാട്ട ചരിത്രവും ഓങ് സാൻ സൂ ചിയുടെ ജീവചരിത്രവും ഒന്നുതന്നെയാണ്. ജയിൽ പുത്തരിയല്ലാത്ത സൂ ചി, ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം വീണ്ടും തടവിലാക്കപ്പെടുമ്പോൾ വിലങ്ങുവീഴുന്നത് മ്യാൻമറിലെ ജനാധിപത്യത്തിനു കൂടിയാണ്. 

മ്യാൻമർ സ്വാതന്ത്ര്യസമര നായകനും രാഷ്ട്രപിതാവുമായ ഓങ് സാനിന്റെ മകളായി 1945ലാണ് സൂ ചിയുടെ ജനനം. സൂ ചിക്കു വെറും രണ്ടു വയസ്സുള്ളപ്പോൾ, 1947 ജൂലൈയിൽ ഓങ് സാൻ വധിക്കപ്പെട്ടു. ആറുമാസം കൂടി കഴിഞ്ഞ് 1948 ജനുവരിയിൽ രാജ്യം സ്വതന്ത്രമായി. ഇന്ത്യയിലെ ബർമീസ് സ്ഥാനപതിയായി സൂ ചിയുടെ അമ്മ 1960ൽ നിയോഗിക്കപ്പെട്ടു (ബർമ എന്ന രാജ്യം മ്യാൻമർ എന്ന ഔദ്യോഗിക പേരിലേക്കു മാറുന്നത് 1989ലാണ്). 15 വയസ്സുകാരി സൂ ചിയും അമ്മയ്ക്കൊപ്പം ഡൽഹിയിലെത്തി പഠനം തുടർന്നു. സ്വതന്ത്ര ബർമയിൽ അപ്പോഴേക്കും ജനാധിപത്യം അസ്തമിച്ചുതുടങ്ങിയിരുന്നു. 1962ൽ പട്ടാള അട്ടിമറി നടന്നു. പ്രതിപക്ഷ പാർട്ടികളെയെല്ലാം നിരോധിച്ചു. ഭരണ, സാമ്പത്തിക മേഖലകളെല്ലാം സൈന്യത്തിന്റെ നുകത്തിനു കീഴിലായി. 

ഡൽഹിയിൽനിന്ന് ഉപരിപഠനത്തിനായി ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാലയിലെത്തിയ സൂ ചി, അവിടത്തെ ചരിത്രവിഭാഗത്തിലെ മൈക്കൽ ആരിസിനെ വിവാഹം കഴിച്ചു. ഭർത്താവും അലക്സാണ്ടർ, കിം എന്നീ രണ്ടു മക്കളുമായി ബ്രിട്ടനിൽ താമസമാക്കിയ സൂ ചി, രോഗബാധിതയായ അമ്മയെ കാണാനാണ് 1988ൽ മ്യാൻമറിലേക്കു തിരിച്ചെത്തുന്നത്. പട്ടാളഭരണത്തിൽ പിടഞ്ഞ്, സാമ്പത്തികമായി തകർന്നടിഞ്ഞ മ്യാൻമറിലെ ജനാധിപത്യപ്പോരാട്ടത്തിന്റെ തീച്ചൂളയിലേക്കായിരുന്നു സൂ ചിയുടെ മടങ്ങിവരവ്. അച്ഛന്റെ മകളാണു താനെന്നു പ്രഖ്യാപിച്ച അവർ പിന്നീടു സമരനേതൃത്വം ഏറ്റെടുത്തു. 1988 ഓഗസ്റ്റിലെ ‘8888 പ്രക്ഷോഭത്തിൽ’ (8–8–88 എന്ന തീയതിയുടെ സൂചകം) 5000 പേരാണു കൊല്ലപ്പെട്ടത്. തൊട്ടടുത്തമാസം സൂ ചി നാഷനൽ ലീഗ് ഫോർ ഡമോക്രസി (എൻഎൽഡി) എന്ന രാഷ്ട്രീയപ്പാർട്ടിക്കു രൂപം നൽകി. 

1200-suu-kyi-min-aung-hlaing
ഓങ് സാൻ സൂ ചി, മിൻ ഓങ് ലെയ്ങ്

തടവുകാലത്തെ സമാധാന നൊബേൽ 

1990ൽ നടന്ന തിരഞ്ഞെടുപ്പിൽ എൻഎൽഡി വൻ വിജയം നേടിയതോടെ ഭരണം കൈമാറാൻ വിസമ്മതിച്ച സൈന്യം സൂ ചിയെ തടവിലാക്കി. പിന്നീടുള്ള 20 വർഷത്തിനിടെ പല തവണയായി 15 വർഷത്തിലേറെ സൂ ചിക്കു തടവുജീവിതം തന്നെയായിരുന്നു. ഇതിനിടയിൽ 1991ൽ സൂ ചിക്കു ലഭിച്ച നൊബേൽ സമാധാന സമ്മാനം മ്യാൻമർ ജനാധിപത്യപ്പോരാട്ടത്തിനുള്ള അംഗീകാരമായി. 

2003ൽ സൂ ചിയുടെ അനുയായികളായ 70 പേർ വധിക്കപ്പെട്ടു. സൈന്യത്തിന്റെ സിൽബന്തികളായ യുഎസ്ഡിഎ എന്ന സംഘമായിരുന്നു ഇതിനു പിന്നിൽ. ഇതുതന്നെയാണ് പിന്നീട് യുഎസ്ഡിപി (യൂണിയൻ സോളിഡാരിറ്റി ആൻഡ് ഡവലപ്മെന്റ് പാർട്ടി) എന്ന പേരിൽ സൈന്യത്തിന്റെ സ്വന്തം രാഷ്ട്രീയ സംഘടനയായി മാറിയത്. 2010ൽ സൂ ചിയെ വിട്ടയയ്ക്കുന്നതിനു തൊട്ടുമുൻപു നടത്തിയ തിരഞ്ഞെടുപ്പ് എൻഎൽഡി ബഹിഷ്കരിച്ചതിനാൽ സൈന്യത്തിന്റെ സ്വന്തമായ യുഎസ്ഡിപിക്കു ഭരണം എളുപ്പത്തിൽ കിട്ടി. 2012ലെ ഉപതിരഞ്ഞെടുപ്പിൽ 44 സീറ്റുകളിലേക്കു മത്സരിച്ച എൻഎൽഡി എല്ലാം പിടിച്ചെടുത്ത് കരുത്തുകാട്ടി; സൂ ചി പാർലമെന്റിലെത്തി പ്രതിപക്ഷനേതാവായി. 2015ൽ എൻഎൽഡി ഉജ്വലവിജയം നേടി; സ്റ്റേറ്റ് കൗൺസിലർ എന്ന പദവി സ്വീകരിച്ചു. 

1200-aung-san-suu-kyi-min-aung-hlaing
ഓങ് സാൻ സൂ ചി, മിൻ ഓങ് ലെയ്ങ്

വെല്ലുവിളി യുഎസിന്; നേട്ടം ചൈനയ്ക്ക് 

പുതിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രാജ്യാന്തര തലത്തിൽ നേരിടുന്ന ആദ്യ വെല്ലുവിളിയാണ് മ്യാൻമർ പ്രശ്നം. ജനാധിപത്യത്തിന്റെ വീണ്ടെടുപ്പും അതിനു യുഎസിന്റെ നേതൃത്വവും പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ബൈഡൻ ആദ്യം നേരിട്ടത് റഷ്യയിലെ ജനാധിപത്യ പ്രക്ഷോഭങ്ങളാണ്. അതു പക്ഷേ, വർഷങ്ങളായുള്ള പ്രശ്നങ്ങളുടെ തുടർച്ചയാണ്. പുതിയൊരു പ്രതിസന്ധി ഉയർന്നുവന്നതു മ്യാൻമറിലാണ്. ഉപരോധം ഉൾപ്പെടെയുള്ള മുന്നറിയിപ്പുകൾ ബൈഡൻ നൽകിയിട്ടുണ്ട്. 

ഇതേസമയം, മ്യാൻമറിനെതിരെ നടപടികളിലേക്കു കടന്നാൽ അതു മുതലെടുക്കുക ചൈന ആയിരിക്കുമെന്ന മറുവാദവും ഉയരുന്നുണ്ട്. മ്യാൻമറിലെ നിക്ഷേപത്തിൽ ഇപ്പോൾത്തന്നെ ചൈനയാണു രണ്ടാം സ്ഥാനത്ത് (ഒന്നാം സ്ഥാനത്ത് സിംഗപ്പൂർ). 

2 കാരണങ്ങൾ 

 അഞ്ചു വർഷം വിജയകരമായി ഭരിച്ചുവെന്നു മാത്രമല്ല, സൈന്യവുമായി കാര്യമായ കലഹത്തിനൊന്നും സൂ ചി മുതിർന്നതുമില്ല. രോഹിൻഗ്യൻ മുസ്‌ലിംകൾക്കെതിരായ സൈന്യത്തിന്റെ അതിക്രമങ്ങളോടു മൗനം പാലിച്ചത് സൂ ചിയുടെ സമാധാന നൊബേൽ ജേതാവ് എന്ന ഖ്യാതിയെത്തന്നെ സാരമായി ബാധിച്ചു. 

ഇതൊക്കെയായിട്ടും സൂ ചിയെ സൈന്യം ഇപ്പോൾ അട്ടിമറിച്ചതെന്തിന് എന്ന ചോദ്യം ബാക്കിയാണ്. പ്രധാനമായും രണ്ടു നിഗമനങ്ങളാണുള്ളത്. ‌ഒന്ന്, കരസേനാ മേധാവി മിൻ ഓങ് ലെയ്‌ങ് 65 വയസ്സു പൂർത്തിയാകുന്ന ഈ ജൂലൈയിൽ വിരമിക്കേണ്ടതാണ്. രാജ്യത്ത് പ്രസിഡന്റും പ്രധാനമന്ത്രിയും (സ്റ്റേറ്റ് കൗൺസിലർ) മന്ത്രിമാരുമെല്ലാം ഉണ്ടെങ്കിലും ഏറ്റവും ശക്തനായ വ്യക്തി കരസേനാമേധാവിയാണ്. ഈ അധികാരം നിലനിർത്താൻ ലെയ്ങ്ങിനുള്ള അവസാന അവസരമാണിത്. 

രണ്ട്, രാജ്യത്തു ജനാധിപത്യം ശക്തമായി വരുന്നത് ഭാവിയിൽ സൈന്യത്തിനു ഭരണത്തിന്മേലുള്ള സ്വാധീനം കുറയ്ക്കുമെന്ന ആശങ്ക. ഏതുനിമിഷവും ഭരണം പിടിക്കാനാവുംവിധം സൈന്യത്തിന്റെ കയ്യിൽ കടിഞ്ഞാൺ ഏൽപിച്ചുള്ള ഭരണഘടനയാണ് 2008ൽ സൈനികഭരണകൂടം തയാറാക്കിയത്. 

പക്ഷേ, സൂ ചിയുടെ പാർട്ടിക്ക് നവംബറിലെ തിരഞ്ഞെടുപ്പിൽ ലഭിച്ച വൻ വിജയം സൈന്യത്തിന് ഒരു മുന്നറിയിപ്പായിരുന്നു. സൂ ചി ഭരണം കൊണ്ടുവന്ന സാമ്പത്തിക പുരോഗതി, വാർത്താവിനിമയ സംവിധാനങ്ങളുടെ വികസനം തുടങ്ങിയവ യുവജനങ്ങളിൽ വൻ സ്വീകാര്യത സൃഷ്ടിച്ചു. ഇപ്പോൾ കടിഞ്ഞാൺ പിടിച്ചില്ലെങ്കിൽ ഇനിയൊരിക്കലും കിട്ടില്ലെന്ന് സൈനികനേതൃത്വം ഭയപ്പെട്ടിരിക്കാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA