ADVERTISEMENT

പരീക്ഷാ ക്രമക്കേടും മാർക്ക് തിരുത്തലും ലാഘവബുദ്ധിയോടെ കാണുന്നുവെന്നതാണ് കേരള സർവകലാശാലാ അധികൃതരുടെ കുഴപ്പം. സർവകലാശാലയുടെ സൽപേരു കളങ്കപ്പെടുത്തുന്നവർക്കെതിരെ ക്രിമിനൽ കേസെടുത്തു കർശന നടപടി സ്വീകരിച്ചാൽ മാത്രമേ തിരിമറി തടയാനാകൂ. എന്നാൽ, കുറ്റക്കാർക്ക് എതിരെയുള്ള നടപടി സസ്പെൻഷനിലും സ്ഥലംമാറ്റത്തിലും ഒതുക്കുന്നു.

മാർക്ക് ലിസ്റ്റും ഉത്തരക്കടലാസും സുലഭം

സ്വർണക്കടത്തുകേസിലെ പ്രതിയുടെ വീട്ടിൽനിന്നു രണ്ടുവർഷം മുൻപ് സർവകലാശാലയുടെ പൂരിപ്പിക്കാത്ത മാർക്ക് ലിസ്റ്റ് കണ്ടെടുത്തിരുന്നു. അയാളുടെ കൈവശം സീലടിച്ച മാർക്ക് ലിസ്റ്റ് എങ്ങനെ എത്തിയെന്ന് സർവകലാശാലയോ പൊലീസോ അന്വേഷിച്ചില്ല. 

യൂണിവേഴ്സിറ്റി കോളജിലെ കുത്തുകേസിൽ പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്നു കുറെക്കാലം മുൻപു സർവകലാശാലയുടെ ഉത്തരക്കടലാസുകൾ പൊലീസ് കണ്ടെടുത്തിരുന്നു. ഇതു കേസായെങ്കിലും കാര്യമായ തുടർനടപടിയൊന്നും സർവകലാശാലയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ശിവരഞ്ജിത്തിന്റെ വീട്ടിൽ എങ്ങനെ ഉത്തരക്കടലാസ് എത്തിയെന്ന് സർവകലാശാല നിയോഗിച്ച സിൻഡിക്കറ്റ് ഉപസമിതി പരിശോധിക്കുകയുണ്ടായി. യൂണിവേഴ്സിറ്റി കോളജിൽ പരീക്ഷാ ചുമതല വഹിച്ചിരുന്ന അറബിക് അധ്യാപകന്റെ ഉത്തരവാദിത്തത്തിലാണ് ഈ പേപ്പറുകൾ കടത്തിയതെന്നു കണ്ടെത്തി. അദ്ദേഹത്തെ പരീക്ഷാജോലികളിൽനിന്നു സ്ഥിരമായി ഡീബാർ ചെയ്യാൻ തീരുമാനിച്ചു. ഇക്കാര്യം സർക്കാരിനെ അറിയിച്ച് അദ്ദേഹത്തെ യൂണിവേഴ്സിറ്റി കോളജിൽനിന്നു സ്ഥലംമാറ്റാനും സിൻഡിക്കറ്റിൽ ധാരണയായി. ഇതു പിന്നീടു സർക്കാർ നടപ്പാക്കി.

എന്നാൽ, സർവകലാശാലയിലെ അറബിക് വകുപ്പിൽ പ്രഫസറെ നിയമിക്കേണ്ട സമയമായപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. വൈസ് ചാൻസലർ അധ്യക്ഷനായ സിലക്‌ഷൻ കമ്മിറ്റി ഒന്നാം റാങ്ക് നൽകിയത് ആരോപണവിധേയനായ അധ്യാപകനാണ്. ഇതിനെക്കാൾ യോഗ്യതയുള്ള മറ്റൊരു ഉദ്യോഗാർഥിയെ ഒഴിവാക്കിയാണ് ഇദ്ദേഹത്തെ ഒന്നാമത് എത്തിച്ചതെന്ന് ആക്ഷേപമുണ്ട്. ഇതു വാർത്തയായതോടെ നിയമോപദേശം തേടിയ ശേഷം നിയമിച്ചാൽ മതിയെന്ന നിലപാടിലേക്കു സർവകലാശാല മാറി. ഇതിനായി ഫയൽ തൽക്കാലം മാറ്റിവച്ചിരിക്കുകയാണ്. 

സിലക്‌ഷൻ കമ്മിറ്റി ഒന്നാം റാങ്ക് നൽകിയ ആളിനു നിയമനം നിഷേധിച്ചാൽ അദ്ദേഹത്തിനു കോടതിയിൽ പോയി അനുകൂല വിധി നേടാം. അങ്ങനെ സംഭവിച്ചാൽ, ഉത്തരക്കടലാസ് കടത്തിനു സമാധാനം പറയേണ്ടയാൾ സർവകലാശാലയുടെ പ്രഫസർ പദവിയിലെത്തും.

ക്രമക്കേട് പ്രശ്നമേയല്ല

പരീക്ഷാ ക്രമക്കേടിന്റെ പേരിൽ മുൻ സിൻഡിക്കറ്റ് പുറത്താക്കിയ കോളജ് അധ്യാപികയെ വീണ്ടും ചീഫ് സൂപ്രണ്ടായി നിയമിക്കാൻ അടുത്ത കാലത്താണു സർവകലാശാല തീരുമാനിച്ചത്. 2018 മാർച്ചിൽ നടന്ന ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസ് തിരിമറി സംബന്ധിച്ച പരാതിയിൽ, ചീഫ് സൂപ്രണ്ടായിരുന്ന അധ്യാപികയെ ഗവർണറുടെ നിർദേശപ്രകാരമാണ് പരീക്ഷാ ചുമതലയിൽനിന്നു മാറ്റിയത്. എന്നാൽ, അവരെ വീണ്ടും ചീഫ് സൂപ്രണ്ടായി നിയമിക്കാനും പരീക്ഷാ ചുമതല നൽകാനുമാണു പുതിയ തീരുമാനം. ക്രമക്കേടുകളെ ലാഘവത്തോടെ കാണുന്നതിന്റെ ഉദാഹരണമാണിത്.

സർവകലാശാലാ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മാത്രമേ മാർക്ക് തിരിമറി നടത്താൻ സാധിക്കൂ. എന്ത് അട്ടിമറി നടന്നാലും അതു പുറത്തറിയിക്കാതെ രഹസ്യമായി സൂക്ഷിക്കുന്നതാണു സർവകലാശാലയുടെ ഇപ്പോഴത്തെ പ്രവർത്തന രീതി. മുൻപ് ഉദ്യോഗസ്ഥർ സുതാര്യമായാണു കാര്യങ്ങൾ ചെയ്തിരുന്നത്.

2008ലെ വിവാദ അസിസ്റ്റന്റ് റാങ്ക് പട്ടികയിൽനിന്നു നിയമനം ലഭിച്ചവർ തമ്മിൽ ഇപ്പോൾ സീനിയോറിറ്റി തർക്കം രൂക്ഷമാണ്. ഈ ചേരിപ്പോരിന്റെ ഭാഗമായാണു ക്രമക്കേടുകളിൽ പലതും ഇപ്പോൾ പുറത്തുവരുന്നത്.

മാർക്ക് വാരാം!

വിദ്യാർഥികൾക്കു പരമാവധി മാർക്ക് ‘ഒപ്പിച്ചു’ കൊടുക്കുകയെന്നതാണ് സർവകലാശാലാ അധികൃതരിൽ പലരുടെയും ലക്ഷ്യം. കാര്യവട്ടം ക്യാംപസിൽ ക്രഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റത്തിലാണു പിജി പരീക്ഷ നടക്കുന്നത്. ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകൾക്ക് ഡിപ്പാർട്മെന്റിലെ അധ്യാപകർ തന്നെ ചോദ്യം തയാറാക്കുകയും മൂല്യനിർണയം നടത്തുകയുമാണു ചെയ്തിരുന്നത്. എന്നാൽ 2, 4 സെമസ്റ്റർ പരീക്ഷകൾ സർവകലാശാലയാണു നടത്തിയിരുന്നത്.പുറത്തു നിന്നുള്ള അധ്യാപകരാണ് ഇതിന്റെ മൂല്യനിർണയം നടത്തുക. ഇതുമൂലം മാർക്ക് കുറയുന്നതായി വിദ്യാർഥികൾ പരാതിപ്പെട്ടു. അതോടെ നാലു സെമസ്റ്റർ പരീക്ഷകളുടെയും നടത്തിപ്പു ചുമതല ഡിപ്പാർട്മെന്റിനു കൈമാറാൻ സർവകലാശാല തീരുമാനിച്ചു. 

തീരുമാനത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും വലിയ സന്തോഷം. ഇനി മാർക്ക് കുറയുമെന്നു പേടിക്കേണ്ട. സ്വന്തം അധ്യാപകരെ ‘സോപ്പിട്ടാൽ’ ഒന്നും പഠിച്ചില്ലെങ്കിലും ഉയർന്ന മാർക്കും ഗ്രേഡും നേടാമെന്ന സ്ഥിതി. ജയിക്കുന്നവർക്കു സർട്ടിഫിക്കറ്റ് നൽകുന്ന പണിയേ പരീക്ഷാ കൺട്രോളർക്കുള്ളൂ. വിദേശത്തും മറ്റുമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിരീക്ഷണ സംവിധാനങ്ങളോടെ, പിഴവില്ലാതെ നടത്തുന്ന വിലയിരുത്തൽ രീതിയാണിത്. എന്നാൽ, രാഷ്ട്രീയ അതിപ്രസരമുള്ള സർവകലാശാലയിൽ ഇതിന്റെ ഗതി എന്താകുമെന്നു കണ്ടറിയണം. 

വിദ്യാർഥി തന്നെ ചോദ്യം തയാറാക്കും

പിഎച്ച്ഡി എടുക്കുന്നവർ കോഴ്സ് വർക്ക് പരീക്ഷ പാസാകണമെന്ന യുജിസി നിബന്ധന എല്ലാ സർവകലാശാലകൾക്കും ബാധകമാണ്. പരീക്ഷയ്ക്കായി വിദ്യാർഥിയുടെ ഗവേഷണവിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ യൂണിവേഴ്സിറ്റിക്കു പുറത്തുള്ള വിദഗ്ധരാണു തയാറാക്കുക. ഇതു പാസാകുന്നവർക്കേ പിഎച്ച്ഡി നൽകാവൂ എന്നാണു ചട്ടം. 

എന്നാൽ, കേരള സർവകലാശാല ഇതിൽ വെള്ളംചേർത്തു. പുറത്തുനിന്നുള്ളവർക്കു പകരം ഗൈഡിനെത്തന്നെ ചോദ്യക്കടലാസ് തയാറാക്കാൻ ഏൽപിച്ചു. അവർ മൂല്യനിർണയം നടത്തി ഫലം സർവകലാശാലയെ അറിയിച്ചാൽ മതി. ഗൈഡുകളിൽ ചിലർ തങ്ങളുടെ ജോലിഭാരം കുറയ്ക്കാനായി ചോദ്യം തയാറാക്കുന്ന ചുമതല വിദ്യാർഥികളെയാണ് ഏൽപിക്കുന്നത്. വിദ്യാർഥികൾ തയാറാക്കുന്ന ചോദ്യത്തിന് അവർ തന്നെ ഉത്തരമെഴുതുന്ന വിചിത്ര സാഹചര്യമാണിപ്പോൾ. ഗൈഡ് ഉത്തരക്കടലാസിന്റെ മൂല്യനിർണയം നടത്തിയ ശേഷം മാർക്ക് സർവകലാശാലയ്ക്ക് അയയ്ക്കും. പരീക്ഷ പാസായെന്ന  സർട്ടിഫിക്കറ്റ് സർവകലാശാല നൽകും. അപ്പോൾപിന്നെ ആർക്കും പരാതിയില്ല.

ഉന്നതർക്കായി എന്തും!

ഉന്നതങ്ങളിൽ നിന്നുള്ള സ്വാധീനമാണ് സർവകലാശാല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇംഗ്ലിഷ് വകുപ്പിൽ എംഫിൽ  കോഴ്സിന് ഇപ്പോൾ 11 സീറ്റാണുള്ളത്. ഉന്നതവിദ്യാഭ്യാസ വകുപ്പിലെ ഉന്നതന്റെ അടുത്ത ബന്ധുവിന് എംഫിൽ പ്രവേശനം നൽകണമെന്ന ആവശ്യം വന്നതോടെ അധികൃതർ വിരണ്ടു. അവസാന സീറ്റ് ബന്ധുവിനു നൽകാൻ അവർ ശ്രമം തുടങ്ങി. പക്ഷേ, അത് ഒബിസി വിദ്യാർഥി ഫീസടച്ചു സ്വന്തമാക്കി. ഉന്നതൻ ശുപാ‍ർശ ചെയ്തയാളിനു സീറ്റ് ലഭിക്കണമെങ്കിൽ റാങ്ക് പട്ടിക അനുസരിച്ച് 6 സീറ്റ് കൂടി വേണം. ഇതിനായി നിലവിലുള്ള 11 സീറ്റ് 17 ആയി വർധിപ്പിക്കാൻ സർവകലാശാല തീരുമാനിച്ചു.

എംഫില്ലിന് ഒരു അധ്യാപകൻ 2 പേരുടെ ഗൈഡായാണു പ്രവർത്തിക്കേണ്ടത്. വിദ്യാർഥികൾ കൂടുമ്പോൾ അതു സാധിക്കില്ല. അതിനാൽ 3 വിദ്യാർഥികളുടെ ഗൈഡ് സ്ഥാനം പ്രോ വൈസ് ചാൻസലർ (പിവിസി) സ്വമേധയാ ഏറ്റെടുത്തു. സ്വന്തം ജോലിക്കു പുറമേയാണ് പിവിസി ഈ അധികഭാരം ഏറ്റെടുത്തത്. ശേഷിക്കുന്ന വിദ്യാർഥികളെ മറ്റ് അധ്യാപകർ പങ്കിട്ടെടുത്തു.

പണം വാങ്ങി മാർക്ക് തിരുത്തിയെന്ന് വിദ്യാർഥികളുടെ മൊഴി: വിസി

കേരള സർവകലാശാലയിൽ സെക്‌ഷൻ ഓഫിസറുടെ നേതൃത്വത്തിൽ മാർക്ക് തിരുത്തിയതു പണം വാങ്ങിയാണെന്ന് 6 വിദ്യാർഥികൾ മൊഴി നൽകിയെന്ന് വൈസ് ചാൻസലർ ഡോ. വി.പി.മഹാദേവൻ പിള്ള. 74 വിദ്യാർഥികളുടെ മാർക്ക് തിരുത്തിയതായി കണ്ടെത്തി. ഈ മാർക്ക് ലിസ്റ്റുകൾ റദ്ദാക്കി. കൂടുതൽ തിരുത്തൽ വരുത്തിയിട്ടുണ്ടോ എന്നറിയാൻ പരിശോധന തുടങ്ങി. അർഹതയില്ലാത്ത വിദ്യാർഥിക്കു ഗ്രേസ് മാർക്ക് നൽകിയതായും കണ്ടെത്തി. ബിഎസ്‌സി കംപ്യൂട്ടർ സയൻസിനു പുറമേ, ട്രാവൽ ആൻഡ് ടൂറിസം കോഴ്സിലെ വിദ്യാർഥികൾക്കും മാർക്ക് തിരുത്തി നൽകിയെന്നും അദ്ദേഹം പറഞ്ഞു. 

മാർക്ക് തിരുത്തിവാങ്ങിയ 9 വിദ്യാർഥികളെ പ്രോ വൈസ് ചാൻസലറുടെ നേതൃത്വത്തിലുള്ള അന്വേഷണസമിതി വിളിച്ചുവരുത്തി തെളിവെടുത്തിരുന്നു. തെളിവെടുപ്പിനെത്തിയ 6 പേരും തിരുത്തൽ സമ്മതിച്ചു. പലരോടും പല തുകയാണു വാങ്ങിയത്. മാർക്ക് തിരുത്തി നൽകിയ സെക്‌ഷൻ ഓഫിസർ വി.വിനോദും കുറ്റം സമ്മതിച്ചു. വിനോദിനു കുറ്റപത്ര മെമ്മോ നൽകിയിട്ടുണ്ട്. ഇപ്പോൾ സസ്പെൻഷനിലുള്ള വിനോദിനെതിരെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കടുത്ത ശിക്ഷയുണ്ടാകും. 

മാർക്ക് തട്ടിപ്പിനു ശ്രമിച്ച വിദ്യാർഥികൾക്കെതിരായ നടപടി സിൻഡിക്കറ്റിന്റെ വിദ്യാർഥി അച്ചടക്കസമിതി തീരുമാനിക്കും. ഇതുവരെ ലഭിച്ച തെളിവുകൾ പ്രകാരം ഒരു ഉദ്യോഗസ്ഥനു മാത്രമേ തട്ടിപ്പിൽ പങ്കുള്ളൂ. മാർക്ക് തിരുത്തലുമായി ബന്ധപ്പെട്ട് കഴിഞ്ഞ 19നു ഡിജിപിക്കു പരാതി നൽകിയിട്ടുണ്ട്. സിൻഡിക്കറ്റ് തീരുമാനങ്ങൾ സഹിതം 2നു വീണ്ടും പരാതി നൽകി. 

ഫലം പ്രഖ്യാപിച്ചശേഷം മാർക്ക് ലിസ്റ്റിൽ സെക്‌ഷൻ ഓഫിസർമാർക്കു തിരുത്തൽ വരുത്താനുള്ള സൗകര്യം അവസാനിപ്പിക്കാൻ തീരുമാനിച്ചുവെന്നും വിസി പറഞ്ഞു. മാർക്കിൽ ചട്ടപ്രകാരം തിരുത്തൽ വരുത്താൻ പ്രത്യേക രഹസ്യവിഭാഗം രൂപവൽക്കരിക്കും. പുനർമൂല്യനിർണയത്തിൽ ഉൾപ്പെടെ മാർക്ക് വർധിച്ചാൽ അസി.റജിസ്ട്രാറുടെ നേതൃത്വത്തിലുള്ള പുതിയ സെക്‌ഷനു മാത്രമേ തിരുത്താനാകൂ. പരീക്ഷാ സോഫ്റ്റ്‌വെയറിലെ പിഴവു പരിഹരിക്കാൻ പാലക്കാട് ഐഐടിയുടെ സഹായത്തോടെ 1.1 കോടി രൂപ ചെലവിൽ പുതിയ സോഫ്റ്റ്‌വെയറിനു രൂപം നൽകുമെന്നും വിസി പറഞ്ഞു.

നാളെ: ക്രമക്കേടിന്റെ നാൾവഴി

English Summary: Exam fraud and mark correction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com