എഐസിസി റഡാറിൽ കേരളം

Congress
SHARE

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള ഹൈക്കമാൻഡ് നിരീക്ഷകസംഘം തിരുവനന്തപുരത്ത് എത്തിയപ്പോൾ നവമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ഒരു പ്രത്യേക ചർച്ച നടന്നു. മറ്റാരുമല്ല, എഐസിസി സോഷ്യൽ മീഡിയ വിഭാഗം മേധാവി രാഹുൽ ഗുപ്തയാണ് അതിൽ പങ്കെടുത്തത്. കേരള നിയമസഭാ തിരഞ്ഞെടുപ്പിനായി പ്രത്യേക അവതരണം തന്നെ അദ്ദേഹം നടത്തി. അതു നടപ്പാക്കാനുള്ള ദൗത്യത്തിന്റെ നേതൃത്വം കെപിസിസി വൈസ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥിനെ ഏൽപിച്ചു.

കോവിഡ്കാല നിയന്ത്രണങ്ങൾക്കിടയിൽ ജനങ്ങളിലേക്ക് എത്താനുള്ള മാർഗം മൊബൈൽ ഫോൺ ആണെന്നു തിരിച്ചറിഞ്ഞ സിപിഎമ്മും ബിജെപിയും തദ്ദേശ തിരഞ്ഞെടുപ്പുകാലത്ത് പ്രചാരണ വിഡിയോകൾ ഒഴുക്കിവിട്ടപ്പോൾ കോൺഗ്രസ് നിസ്സഹായരായിപ്പോയിരുന്നു. ആ പരിതാപകരമായ അവസ്ഥ ബോധ്യപ്പെടാൻ കെപിസിസിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലെ ഒരു പോസ്റ്റ് വായിച്ചാൽ മാത്രം മതി. ജനുവരി 14ന് ഈ അറിയിപ്പ് അതിൽ വന്നു: ‘പ്രിയ സുഹൃത്തേ, ഡിജിറ്റൽ മീഡിയ സെല്ലിന്റെ നിർജീവമായ അസംബ്ലി കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു.’ സ്വന്തം ഡിജിറ്റൽ മീഡിയ വിഭാഗം നിർജീവമാണെന്നു ഫെയ്സ്ബുക്കിലൂടെ സ്വയം പ്രഖ്യാപിക്കുന്ന ദുരവസ്ഥയിലേക്ക് കെപിസിസി എത്തിയതോടെയാണ് ദേശീയ മേധാവി കേരളത്തിൽ പറന്നെത്തിയത്.

കേരള ‘ടേക് ഓവർ’

കേരളത്തിന് എഐസിസി ഇപ്പോൾ നൽകുന്ന മുന്തിയ പ്രാധാന്യം കൂടിയാണ് ഇതു വിളിച്ചോതുന്നത്. തിരഞ്ഞെടുപ്പു നടക്കുന്നതിൽ കോൺഗ്രസ് അധികാരത്തിൽ വരാൻ സാധ്യതയുള്ള സംസ്ഥാനമാണു കേരളം എന്നതാണു കാരണം. വയനാട് എംപി എന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ സ്വന്തം സംസ്ഥാനം കൂടിയാണു കേരളം. ഇന്ത്യയിൽ ബിജെപിയെ മാറ്റിനിർത്തിയിരിക്കുന്ന ഈ തുരുത്തിൽ കോൺഗ്രസ് പിന്തള്ളപ്പെട്ടുപോകരുതെന്ന ദേശീയ കാഴ്ചപ്പാടും ഹൈക്കമാൻഡിനെ സ്വാധീനിക്കുന്നു. ഇതോടെ, മുൻപില്ലാത്ത ഒരു ‘ടേക് ഓവർ’ തന്നെ കേന്ദ്ര നേതൃത്വം കേരളത്തിൽ നടത്തി.

തദ്ദേശ തിരഞ്ഞെടുപ്പുഫലത്തിലൂടെ ഉയർന്നുവന്ന ദൗർബല്യങ്ങൾ മനസ്സിലാക്കി അവ മറികടക്കാനുള്ള വഴി ആരായുകയാണ് ഇതിനായി ആദ്യം ചെയ്തത്. ഡിജിറ്റൽ മീഡിയ പുനരുജ്ജീവന നീക്കത്തിൽ അതാണു നിഴലിച്ചത്. പാർട്ടിയുടെ എല്ലാ തലങ്ങളിലും ഐക്യവും അച്ചടക്കവും ഉറപ്പുവരുത്താനുള്ള നടപടികളും തുടങ്ങിവച്ചു. തദ്ദേശ തിരിച്ചടിയോടെ നിരാശരായ ഘടകകക്ഷികളെ കൂടുതൽ വിശ്വാസത്തിലെടുക്കാൻ തീരുമാനിച്ചതോടെ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും പിന്നാലെ ഗെലോട്ടും അവരെ പ്രത്യേകം കണ്ടു. താരിഖുമായുള്ള കൂടിക്കാഴ്ചയ്ക്കു മതിയായ സമയം ലഭിക്കുമെന്ന് കക്ഷിനേതാക്കൾക്കു മുൻകൂട്ടി ഉറപ്പു ലഭിച്ചിരുന്നു.

‘ഡിന്നർ മീറ്റിൽ’ പങ്കെടുക്കണമെന്ന അറിയിപ്പു കിട്ടിയതിനാൽ ഗെലോട്ടിനൊപ്പം ഭക്ഷണം കഴിച്ചു പിരിയുക എന്ന അത്താഴ നയതന്ത്രത്തിൽ കൂടുതൽ അവർ പ്രതീക്ഷിച്ചില്ല. എന്നാൽ, ഓരോ കക്ഷിയുമായും പ്രത്യേകം സംസാരിച്ച ശേഷമാണ് അശോക് ഗെലോട്ട് തീൻമേശയിലേക്ക് എത്തിയത്. ‘കേരളത്തിലെ കോൺഗ്രസിനെ എഐസിസി പരിപാലിക്കുക, കോൺഗ്രസ് ഘടകകക്ഷികളെയും’ എന്ന മുൻകാല രീതി വിട്ട് എഐസിസി ഘടകകക്ഷികളെ നേരിട്ടു പരിപാലിക്കുന്നതിലേക്കു കാര്യങ്ങൾ മാറി. കേന്ദ്ര നേതൃത്വത്തിന്റെ മാറിയ ഈ ഗൗരവ സമീപനം, തിരിച്ചുവരാമെന്ന ആത്മവിശ്വാസം സഖ്യകക്ഷികൾക്കു പകർന്നു.

തരൂർ ഇഫക്ട്

എ.കെ.ആന്റണിയുടെയും കെ.സി.വേണുഗോപാലിന്റെയും ഇടപെടലും മുൻകൈയും ഇതെല്ലാം യാഥാർഥ്യമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. തിരഞ്ഞെടുപ്പു മേൽനോട്ട സമിതി അധ്യക്ഷനായി ഉമ്മൻ ചാണ്ടിയെ നിയോഗിച്ച് അദ്ദേഹത്തിന്റെ ജനപ്രീതി വിനിയോഗിക്കാനുള്ള തന്ത്രപരമായ തീരുമാനമെടുക്കുന്നതിനും ഇരുവരും നേതൃത്വം നൽകി. പ്രകടനപത്രികാ സമിതി അധ്യക്ഷനായി ശശി തരൂരിനെ നിയോഗിക്കാൻ കേന്ദ്ര നേതൃത്വം ആലോചിച്ചു തുടങ്ങിയപ്പോഴാണ് ഇവിടെ യുഡിഎഫ് വേറെ സമിതി രൂപീകരിച്ചത്. തുടർന്നും തരൂരിനെ പത്രികാ രൂപീകരണത്തിൽ പങ്കാളിയാക്കിയത് എഐസിസി ഇടപെടൽ മൂലമാണ്. തരൂർ, കെ.മുരളീധരൻ, കെ.സുധാകരൻ എന്നിവരുടെ ജനപ്രീതി ഒരു എഐസിസി രഹസ്യ സർവേ വ്യക്തമാക്കിയതോടെ ഇവരെ തിരഞ്ഞെടുപ്പു മേൽനോട്ട സമിതിയിലും ഉൾപ്പെടുത്തി.

കേരളത്തിനായി നിയോഗിക്കപ്പെട്ട മൂന്ന് എഐസിസി സെക്രട്ടറിമാർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗങ്ങളിലടക്കം പങ്കെടുത്തു വരുന്നു. താരിഖ് അൻവർ ഏതാണ്ടു സ്ഥിരമായി കേരളത്തിൽ തന്നെയുണ്ട്. ഗ്രൂപ്പ് താൽപര്യങ്ങൾ മാറ്റിവച്ച്, വിജയസാധ്യത മാനദണ്ഡമാക്കി പുതുമുഖങ്ങൾക്കും സ്ത്രീകൾക്കും പ്രാതിനിധ്യമുള്ള സ്ഥാനാർഥിപ്പട്ടിക വരണമെന്ന ഹൈക്കമാൻഡ് നിർദേശം പ്രാവർത്തികമാകുമോ എന്നതാണ് ഇനി അറിയേണ്ടത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ആ ഉറപ്പ് രാഹുൽ ഗാന്ധിക്കു നൽകിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പു കഴിയുംവരെ എഐസിസിയുടെ റഡാർ പരിധിയിലാകും കെപിസിസിയും യുഡിഎഫും.

English Summary: Kerala in AICC radar

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA