ADVERTISEMENT

നന്മകൾ നാലുപേരെ കാണിച്ചും തിന്മകൾ ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിയും ചെയ്യുന്ന ജീവിയാണു മനുഷ്യൻ. കാര്യസാധ്യത്തിനു വേണ്ടി കർമങ്ങൾ ക്രമീകരിക്കുന്നവരാണ് അപകടകാരികൾ. ഒരു ശരീരത്തിനുള്ളിൽ നൂറു സ്വഭാവമുണ്ടാകും. സാഹചര്യങ്ങൾക്കും ഉണ്ടായേക്കാവുന്ന നേട്ടങ്ങൾക്കുമനുസരിച്ച് സ്വയം മോടി പിടിപ്പിക്കും. സുഗന്ധം പരത്തുന്നുണ്ടെന്നും പൂക്കൾ ചൊരിയുന്നുണ്ടെന്നും ഉറപ്പുവരുത്തിയാകും ഓരോ ചുവടുവയ്പും. 

അകത്തും പുറത്തും ഒരാളാകാൻ അത്ര എളുപ്പമല്ല. എത്ര വലിയ ആരാധനാമൂർത്തികളുടെയും പുറമല്ല അകം. എല്ലാവരും കാണുമ്പോഴും ആരും കാണാതിരിക്കുമ്പോഴും ഒരേ ധാർമികത പുലർത്തണമെങ്കിൽ അസാധാരണമായ സ്വയംനിയന്ത്രണശേഷി വേണം. 

ഒരേ പെരുമാറ്റവും സ്വഭാവവും ഉള്ളവർക്ക് പറഞ്ഞതും പ്രവർത്തിച്ചതും ഓർത്തിരിക്കേണ്ട. പല രീതിയിൽ പെരുമാറുന്നവർക്ക് പലതും ഓർമയിൽ സൂക്ഷിക്കണം. ഒരിക്കൽ പറഞ്ഞ നുണ പിന്നീടൊരിക്കലും തകരാതിരിക്കേണ്ടതും ഒരിക്കൽ പ്രകടിപ്പിച്ച വിശുദ്ധി എക്കാലവും നിലനിർത്തേണ്ടതും അവർക്ക് അത്യന്താപേക്ഷിതമാണ്. തെറ്റു പറ്റിയാൽ പോലും മനസ്സുതുറന്നു പെരുമാറാൻ കഴിയുന്നതല്ലേ, മനഃസുഖം നൽകുന്ന കാര്യം? എല്ലാവരുടെയും മുന്നിൽ വിശുദ്ധനാകാൻ ശ്രമിച്ച് അവനവനാകാൻ കഴിയാതെ വരുന്നതല്ലേ, ഏറ്റവും അപഹാസ്യം? 

തെറ്റു വരുത്തുന്നതല്ല, താൻ ചെയ്യുന്ന തെറ്റുകൾ ആരും കാണരുതെന്നുള്ള ദുർവാശിയാണ് കൂടുതൽ ആപൽക്കരം. ആ ചിന്ത തുടർന്നാൽ ആരും കാണുന്നില്ലെങ്കിൽ എന്തും ചെയ്യാം എന്ന വൈകൃതഭാവത്തിലേക്ക് മനസ്സെത്തും. തെറ്റു ചെയ്യുന്നവരെക്കൊണ്ടല്ല, ചെയ്യുന്ന തെറ്റുകളെല്ലാം മറച്ചുവച്ച് സ്വന്തം വിശുദ്ധപദവി സ്വയം പ്രഖ്യാപിക്കുന്നവരെക്കൊണ്ടാണ് ലോകം വികൃതമാകുന്നത്. 

English Summary: Subhadinam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com