ADVERTISEMENT

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള വിവിധ വകുപ്പുകളുടെ ശുപാർശകൾ ധനവകുപ്പിൽ കുന്നുകൂടി. 2015ൽ അന്ന് ധന അഡീഷനൽ ചീഫ് സെക്രട്ടറിയായിരുന്ന കെ.എം.ഏബ്രഹാം, നിയമ സെക്രട്ടറിയായിരുന്ന എന്നോട് ഇക്കാര്യത്തിൽ എന്തുചെയ്യാം എന്നു നിയമോപദേശം തേടി. ഞങ്ങൾ പഴയ കോടതിവിധികൾ വിശദമായി പരിശോധിച്ച് ഒരു നിയമോപദേശം നൽകി. അതിൽ ഇപ്പോൾ വ്യാപകമായി ഉദ്ധരിക്കപ്പെടുന്ന ഉമാദേവി കേസിനെക്കുറിച്ചും അതു നിയമനത്തിൽ എന്തൊക്കെ അനുവാദം സർക്കാരുകൾക്കു നൽകുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

10 കൊല്ലം കഴിഞ്ഞാൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താം എന്ന പൊതുവായ ധാരണ ശരിയല്ല. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഉമാദേവി കേസിലെ വിധിയിൽ 10 കൊല്ലം കഴിഞ്ഞവരെ സ്ഥിരപ്പെടുത്തുന്നതിന് ഒറ്റത്തവണ മാത്രമാണ് അവസരം നൽകിയത്. ഇനി സ്ഥിരപ്പെടുത്തൽ ആവർത്തിക്കരുതെന്നും കോടതി മുന്നറിയിപ്പു നൽകി. ഇതു വിശദമാക്കിക്കൊണ്ടുള്ള നിയമോപദേശത്തിന്റെ പകർപ്പ് ധന അഡീഷനൽ ചീഫ് സെക്രട്ടറി എല്ലാ വകുപ്പുകൾക്കും കൈമാറി. അതിനാൽ അതിനു ശേഷം സ്ഥിരപ്പെടുത്തൽ നിയമനങ്ങൾ നടന്നില്ല. ഇൗ സർക്കാർ വന്ന ശേഷവും സ്ഥിരപ്പെടുത്തലിന് അനുമതി തേടിയെങ്കിലും ഇതേ നിയമോപദേശം തന്നെ നൽകി. എന്നാൽ, ഇപ്പോഴുള്ള താൽക്കാലികക്കാരെ പിരിച്ചുവിടേണ്ടതില്ലെന്നും സ്ഥിരം ജീവനക്കാർ വരുന്നതുവരെ അവർക്കു തുടരാമെന്നും സർക്കാരിനെ അറിയിച്ചിരുന്നു.

harindranath
ബി.ജി. ഹരീന്ദ്രനാഥ്

2006 ഏപ്രിൽ‌ 10നാണ് ഉമാദേവി കേസിന്റെ വിധി വന്നത്. അന്ന് ഒട്ടേറെപ്പേർ രാജ്യത്തെ പല സർക്കാർ സ്ഥാപനങ്ങളിലും 25 വർഷത്തിലേറെ താൽക്കാലിക സേവനം പൂർത്തിയാക്കിയിരുന്നു. 2006 ഏപ്രിൽ 10ന് 10 കൊല്ലം പൂർത്തിയാക്കിയവരെ മാനുഷിക പരിഗണന വച്ച് ഒരൊറ്റ തവണത്തേക്കു സ്ഥിരപ്പെടുത്താൻ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. ഇതേ ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചാണ് ഇപ്പോഴും 10 കൊല്ലം പൂർത്തിയാക്കിയവരെ സ്ഥിരപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നത്. ഇത്തരം തീരുമാനങ്ങൾ കോടതിയിലെത്തിയാൽ നിലനിൽക്കില്ല. സുപ്രീംകോടതി വിധി മറികടക്കാനുള്ള അധികാരം മന്ത്രിസഭയ്ക്കില്ല. കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർമാരെ പിരിച്ചുവിടാൻ കോടതി പറഞ്ഞിട്ട് ഏറെ നാളായിട്ടില്ല.

തെറ്റായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകണം മന്ത്രിസഭ സ്ഥിരപ്പെടുത്തൽ തീരുമാനം എടുത്തിട്ടുണ്ടാവുക. കാലങ്ങളായി ജോലി ചെയ്യുന്ന തസ്തികയിൽനിന്ന് പെട്ടെന്ന് ഒരാളെ പിരിച്ചുവിടുന്നത് വൈഷമ്യമുണ്ടാക്കുന്ന കാര്യം തന്നെയാണ്. എന്നാൽ, ഇതെല്ലാം അറിഞ്ഞുകൊണ്ടാണ് ഇവർ ജോലിയിൽ പ്രവേശിക്കുന്നത്. രാഷ്ട്രീയസ്വാധീനമില്ലെന്ന ഒറ്റക്കാരണത്താൽ പിഎസ്‌സി പരീക്ഷയെഴുതിയവർ പുറത്തു ജോലി കാത്തുനിൽക്കുകയുമാണ്. ഒരു തസ്തിക ഒഴിഞ്ഞാൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുകയും ഒഴിവ് പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാതിരിക്കുകയും ചെയ്യുന്നുണ്ട്. അതിനു പകരമായി താൽക്കാലിക ജീവനക്കാർ തുടർന്നുപോകും. ഇൗ രീതി അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ അനിവാര്യമാണ്.

(മുൻ നിയമ സെക്രട്ടറിയാണു ലേഖകൻ)

Content Highlights: Illegal regularisation of temporary govt staff in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com