ഇനിയും തോൽക്കരുത്

mark-sheet
SHARE

കേരള സർവകലാശാലയിലെ പല തട്ടിപ്പുകളുടെയും ബുദ്ധികേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് ഉന്നത ഉദ്യോഗസ്ഥരുടെ ഓഫിസുകളിലാണ്. ചില തസ്തികകളിൽ വർഷങ്ങളായി തമ്പടിച്ചു കഴിയുന്ന ഇവരാണു മിക്ക ക്രമക്കേടുകളുടെയും തിരക്കഥ തയാറാക്കുന്നത്. ഇവർ നടത്തുന്ന തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്തണമെങ്കിൽ പുറത്തുനിന്നുള്ള ഏജൻസി തന്നെ അന്വേഷിക്കണം.

മാർക്ക് കച്ചവടത്തിന് അധ്യാപകരും

പണം വാങ്ങി ഉത്തരക്കടലാസിൽ മാർക്ക് കൂട്ടിയിടുന്ന ഒരുവിഭാഗം അധ്യാപകർ സർവകലാശാലയ്ക്കു കീഴിലുണ്ട്. കുറെക്കാലം മുൻപു ചില വിദ്യാർഥികൾക്ക് അനർഹമായി മാർക്കു നൽകിയ അധ്യാപകനെ കയ്യോടെ പിടികൂടിയിരുന്നു. തുടർന്നു ഡീബാർ ചെയ്യാൻ തീരുമാനിച്ചപ്പോൾ അദ്ദേഹം മാപ്പുപറഞ്ഞു തടിതപ്പി. കുറെക്കാലം കഴിഞ്ഞപ്പോൾ അദ്ദേഹം സർവകലാശാലയുടെ അക്കാദമിക് കൗൺസിലിൽ കയറിക്കൂടി. അക്കാദമിക് കാര്യങ്ങൾ തീരുമാനിക്കാൻ ഇതിൽ കൂടുതൽ യോഗ്യത വേണ്ടല്ലോ!

എൽഎൽബി പരീക്ഷയുടെ പുനർമൂല്യനിർണയം ‘കരാറെടുത്തു’ നടത്തുന്ന ചില അധ്യാപകരുണ്ട്. കാശു കൊടുത്താൽ മാർക്കു കൂട്ടിയിട്ടു ജയിപ്പിക്കും. ഇത്തരക്കാർ പരിശോധിച്ച ഉത്തരക്കടലാസുകൾ വീണ്ടും മൂല്യനിർണയം നടത്തിയാൽ പലരുടെയും എൽഎൽബി തെറിച്ചേക്കാം!

ചോദ്യക്കടലാസ് എന്ന പ്രഹസനം

ചില ചെറിയ പരീക്ഷകൾക്കു ചോദ്യക്കടലാസ് തയാറാക്കാനും പ്രസിലേക്ക് അയയ്ക്കാനും അധികൃതർ വിട്ടുപോകാറുണ്ട്. പരീക്ഷാദിവസം അടുക്കുമ്പോഴായിരിക്കും ചോദ്യക്കടലാസ് തയാറായില്ലെന്നു മനസ്സിലാക്കുക. അതിന്റെ പേരിൽ പരീക്ഷ മാറ്റിവയ്ക്കുന്ന പരിപാടിയില്ല. ഇതേ സിലബസിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ പഴയ ചോദ്യക്കടലാസ് തപ്പിയെടുക്കും. തുടർന്ന് തലക്കെട്ടു മാറ്റി ടൈപ് ചെയ്ത ശേഷം പകർപ്പെടുക്കും. ഇതു പാക്കറ്റിലാക്കി പരീക്ഷാകേന്ദ്രങ്ങളിലേക്ക് അയയ്ക്കുന്നു. തലക്കെട്ടു മാറ്റുന്നവരും പകർപ്പ് എടുക്കുന്നവരുമെല്ലാം ചോദ്യം മനസ്സിലാക്കുമെന്നതു സർവകലാശാലയ്ക്കു പ്രശ്നമല്ല. ഇതാണു പരീക്ഷകളുടെ ‘രഹസ്യ സ്വഭാവം’.

തട്ടിപ്പിന്റെ അടിവേരുകൾ

എഴുപതുകളിലാണ് ‘കേരള’യിൽ ആദ്യ മാർക്ക് തട്ടിപ്പു നടന്നത്. പ്രീഡിഗ്രിക്കു സയൻസ് വിഷയങ്ങളിൽ പൂജ്യവും ഒന്നും മാർക്ക് നേടിയ ചില വിദ്യാർഥികൾ മാർക്ക് ലിസ്റ്റിൽ കൃത്രിമം കാട്ടി എംബിബിഎസ് പ്രവേശനം നേടിയതു ഞെട്ടിപ്പിക്കുന്ന വാർത്തയായിരുന്നു. സർവകലാശാലയിൽനിന്നു മാർക്ക് ലിസ്റ്റ് ഷീറ്റുകൾ പുറത്തു കൊണ്ടുപോയി പുതിയ മാർക്ക് എഴുതിച്ചേർത്താണ് അവർ മെഡിക്കൽ പ്രവേശനം സംഘടിപ്പിച്ചത്. ഇതു കണ്ടെത്തിയതോടെ വ്യാപക അന്വേഷണം നടത്തി. പരീക്ഷാ കൺട്രോളറുടെ സീലടിച്ച മാർക്ക് ലിസ്റ്റ് സർവകലാശാലയിൽനിന്നു പുറത്തു കൊണ്ടുപോയ ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് പിടികൂടുകയും സർവീസിൽനിന്നു പുറത്താക്കുകയും ചെയ്തു. വ്യാജ മാർക്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നേടിയവരെ കോടതി ശിക്ഷിച്ചു.

അന്നു തട്ടിപ്പുകാർ സർവകലാശാലാ രേഖകളിലെ മാർക്കിൽ മാറ്റം വരുത്തിയിരുന്നില്ല. ഇപ്പോൾ നടക്കുന്ന തട്ടിപ്പുകളിൽ സർവകലാശാലാ രേഖകളിൽത്തന്നെ കൃത്രിമം നടത്തുകയാണ്. അതിനാൽ ക്രമക്കേടു കണ്ടെത്താൻ സാധിക്കാത്ത സ്ഥിതിയുണ്ട്. എംബിബിഎസ് മാർക്ക് തിരിമറിയിൽ സർക്കാരിനോ സർവകലാശാലാ മേധാവികൾക്കോ പങ്കില്ലായിരുന്നു. എന്നാൽ, ഇപ്പോൾ പണത്തിന്റെയും രാഷ്ട്രീയ സ്വാധീനത്തിന്റെയും പിൻബലത്തിൽ മാർക്ക് തിരുത്തുന്നതിൽ പലർക്കും പങ്കുണ്ട്.

റദ്ദാക്കിയ പരീക്ഷയും ജയിക്കാം

റദ്ദാക്കിയ പരീക്ഷ എഴുതിയവരുടെ ഫലം പോലും സർവകലാശാല രഹസ്യമായി അംഗീകരിച്ച സംഭവം അടുത്ത കാലത്തുണ്ടായി. ചെങ്ങന്നൂരിനു സമീപമുള്ള കോളജിൽ ബിഎസ്‌സി മാത്‌സ് പരീക്ഷയിൽ ആൾജിബ്ര ആൻഡ് കംപ്യൂട്ടർ പ്രോഗ്രാമിന്റെ ചോദ്യക്കടലാസ് പാക്കറ്റ് തെറ്റിച്ചു പൊട്ടിച്ചു. ചോദ്യം പുറത്തായ സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കി. ആഴ്ചകൾ കഴിഞ്ഞു പുതിയ ചോദ്യക്കടലാസിന്റെ അടിസ്ഥാനത്തിൽ ആ പരീക്ഷ നടത്തി. എന്നാൽ, പന്തളത്തും ചെങ്ങന്നൂരിലുമുള്ള രണ്ടു കോളജുകളിൽ, റദ്ദാക്കിയ ചോദ്യക്കടലാസ് ഉപയോഗിച്ചാണു കോളജ് അധികൃതർ പരീക്ഷ നടത്തിയത്. തുടർന്ന് ഉത്തരക്കടലാസ് സർവകലാശാലയിലേക്ക് അയച്ചുകൊടുത്തു. വ്യത്യസ്ത ഉത്തരമായതിനാൽ അധ്യാപകർ ഇതു മൂല്യനിർണയം നടത്താൻ വിസമ്മതിച്ചു. എന്നാൽ, പരീക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥൻ മൂല്യനിർണയ ക്യാംപിൽനിന്ന് ഉത്തരക്കടലാസുകൾ എടുത്തു കൊണ്ടുപോയി. തുടർന്നു മറ്റൊരു അധ്യാപകനെ നിയോഗിച്ചു മൂല്യനിർണയം നടത്തി വിദ്യാർഥികളെ ജയിപ്പിച്ചു. ഈ സംഭവത്തിന് ഉത്തരവാദിയായ സെക്‌ഷൻ ഓഫിസർക്കെതിരെ നടപടിയെടുക്കാ‍ൻ സിൻഡിക്കറ്റ് ശുപാർശ ചെയ്തിരുന്നു. എന്നാൽ, ഇത് അവഗണിച്ച് പരീക്ഷാവിഭാഗത്തിൽ പ്രധാന തസ്തികയിൽ അദ്ദേഹത്തെ അവരോധിക്കുകയാണു ചെയ്തത്. ഇപ്പോൾ പരീക്ഷാ വിഭാഗത്തിലെ മിക്ക കാര്യങ്ങളുടെയും നിയന്ത്രണം അദ്ദേഹത്തിന്റെ കൈകളിലാണ്.

സർവകലാശാലയിലെ പരീക്ഷാ നടത്തിപ്പു നിയന്ത്രിക്കുന്നതു താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരാണ്. മുകളിലുള്ളവർക്ക് ഇതെക്കുറിച്ചു കാര്യമായ വിവരമില്ല. ഡപ്യൂട്ടി റജിസ്ട്രാർ, ജോയിന്റ് റജിസ്ട്രാർ പദവിയിലുള്ളവരിൽ പലരും നോക്കുകുത്തികളായി ഇരിക്കുന്നു. സെക്‌ഷൻ ഓഫിസർമാർ നൽകുന്ന ഫയലിൽ ഒപ്പിടുന്ന ബാധ്യതയേ അവർക്കുള്ളൂ.

മാർക്ക് ദാനം മഹാദാനം

പൂജ്യം മാർക്ക് നേടിയവർക്ക് ബിഎ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ പരീക്ഷ ജയിക്കുന്നതിനു മാർക്ക് ദാനം ചെയ്തതു കഴിഞ്ഞ വർഷമാണ്. സിലബസിനു പുറത്തുനിന്നു ചോദ്യം വരികയോ ചോദ്യത്തിൽ പിശകു വരികയോ ചെയ്താൽ അവയുടെ മാർക്ക് മറ്റു ചോദ്യങ്ങൾക്കു വീതിച്ചു നൽകുന്നതാണു ശാസ്ത്രീയ രീതി. എന്നാൽ, ഇക്കണോമിക്സ് പരീക്ഷയിൽ 80 മാർക്കിന്റെ ചോദ്യങ്ങളിൽ 26 മാർക്കിന്റേതു സിലബസിനു പുറത്തു നിന്നായിരുന്നു. തുടർന്ന് ചോദ്യത്തിന്റെ നമ്പറിട്ട എല്ലാവർക്കും 26 മാർക്ക് വീതം നൽകി. ഇന്റേണലിന് 20 മാർക്കാണ്. കുറഞ്ഞത് 10 മാർക്ക് എങ്കിലും എല്ലാവർക്കും ഇന്റേണലിനു ലഭിക്കും. എഴുത്തുപരീക്ഷയിലെ പൂജ്യം മാർക്കുകാരനു ദാനം ലഭിച്ച 26 മാർക്കും ഇന്റേണലിന്റെ 10 മാർക്കും കൂടി ചേർത്ത് 36 ലഭിക്കും. അയാൾ പരീക്ഷ ജയിക്കും. മൂല്യനിർണയം നടത്തിയ ചില അധ്യാപകർ ഇതു തെറ്റാണെന്നു ചൂണ്ടിക്കാട്ടി. എന്നാൽ, പിൻവലിക്കാൻ തയാറാകാതെ മാർക്കിന്റെ പകുതിയെങ്കിലും നൽകാനായിരുന്നു സർവകലാശാലയുടെ തീരുമാനം. അങ്ങനെ ചോദ്യനമ്പർ ഇട്ടവർക്കു പോലും 13 മാർക്ക് ലഭിച്ചു.

സർവകലാശാലയിൽ നിന്ന് ഉത്തരക്കടലാസു കാണാതാകുന്നതു സ്ഥിരം സംഭവമാണ്. കോളജിൽ നിന്ന് ഉത്തരക്കടലാസ് ലഭിക്കാത്തതിനാൽ ഫലം തയാറാക്കാനായില്ലെന്നു പറഞ്ഞു വിദ്യാർഥികളെ മടക്കി അയയ്ക്കുകയാണു പതിവ്. സർവകലാശാലയിൽ എത്തുന്ന ഉത്തരക്കടലാസുകൾ ഭദ്രമായി സൂക്ഷിക്കാൻ സംവിധാനമില്ല. അവ എവിടെയെങ്കിലും കൂട്ടിയിടുന്നു. പിന്നീട് അതിൽനിന്നു പേപ്പറുകൾ ക്യാംപിലേക്ക് അയയ്ക്കും. ഉത്തരക്കടലാസു സൂക്ഷിക്കുന്ന താൽക്കാലിക ഷെഡിൽ വെള്ളം ചോർന്നുവീണ് ഒട്ടേറെ എണ്ണം നശിച്ചതു കുറെക്കാലം മുൻപാണ്.

 അവസാനിച്ചു  

Content Highlights: Malpractice in Kerala University

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA