നീണ്ടുനിൽക്കുന്ന വെല്ലുവിളി; ലോങ് കോവിഡ്: അതീവജാഗ്രതയോടെ കേരളം

1200-covid-alappuzha
SHARE

കോവിഡ് അനന്തര പ്രശ്നങ്ങൾ അഥവാ പോസ്റ്റ് കോവിഡ് സിൻഡ്രോം ആണ് കോവിഡ് ഉയർത്തുന്ന പുതിയ ഭീഷണികളിലൊന്ന്. നീണ്ടുനിൽക്കുന്ന കോവിഡ് എന്ന അർഥത്തിൽ ‘ലോങ് കോവിഡ്’ എന്നും ഈ അവസ്ഥയെ വിളിക്കുന്നു. കോവിഡിനെ നേരിടുന്ന അതേ പ്രാധാന്യത്തോടെയും ഗൗരവത്തോടെയും പോസ്റ്റ് കോവിഡ് പ്രശ്നങ്ങളെയും സമീപിക്കണം. 8.7 ലക്ഷത്തിലേറെ പേർ കോവിഡ് മുക്തരായ സംസ്ഥാനമെന്ന നിലയിൽ കേരളം ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

ചികിത്സ തേടിയവർ ഒരു ലക്ഷത്തിലേറെ

കോവിഡ് മുക്തരായവരുടെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ 1284 പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ തുടങ്ങിയിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ ഈ സേവനം ലഭ്യമാണ്. ഇതുവരെ 93,680 പേർ ഈ ക്ലിനിക്കുകളിൽ ചികിത്സ തേടി. സഞ്ജീവനി ടെലിമെഡിസിൻ ആപ്ലിക്കേഷൻ വഴി 51,508 പേർക്കും ചികിത്സാനിർദേശം നൽകി. അതായത്, കോവിഡ് മുക്തരായവരിൽ 15 ശതമാനത്തിലേറെ പേർ പോസ്റ്റ് കോവിഡ് പ്രശ്നങ്ങളെത്തുടർന്നു ചികിത്സ തേടി.

എന്തുകൊണ്ട് ലോങ് കോവിഡ്?

‘സാർസ് കൊറോണ വൈറസ് 2’ എന്ന രോഗകാരിയായ വൈറസ് നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ഭേദിച്ച്, 2 മുതൽ 14 ദിവസം വരെ നീളാവുന്ന ഇൻക്യുബേഷൻ പീരിയഡിനു ശേഷം, ലക്ഷണങ്ങളോടു കൂടിയോ അല്ലാതെയോ ശരീരത്തിൽ പ്രത്യക്ഷപ്പെട്ട് പരമാവധി 10 ദിവസം മാത്രമേ ഒരാൾ സാങ്കേതികമായി കോവിഡ് ബാധിതനാകുന്നുള്ളൂ. എന്നാൽ, അതിനു ശേഷവും രോഗത്തിന്റെ കെടുതികൾ വേട്ടയാടാം. മിക്ക വൈറൽ പനികളുടെ കാര്യത്തിലും കുറച്ചു ദിവസത്തേക്കു ക്ഷീണവും തളർച്ചയുമൊക്കെ സാധാരണമാണല്ലോ.

Dr-Anish
ഡോ. ടി.എസ്.അനീഷ് (ലേഖകൻ)

എന്നാൽ, കോവിഡിന്റെ കാര്യത്തിൽ നല്ല ശതമാനം ആളുകളിലും പലതരത്തിലുള്ള അവശതകൾ ഏറെ നാളത്തേക്ക് തീവ്രമായി നിലനിൽക്കുന്നു. ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, ഹൃദയാഘാതം, മാനസികരോഗങ്ങൾ തുടങ്ങിയവ കോവിഡ് വന്നുപോയ ആളുകളിൽ കൂടുതലാണെന്നു കണ്ടെത്തിയിട്ടുണ്ട്. കോവിഡ് വലിയൊരളവിൽ രോഗലക്ഷണങ്ങൾ കാണിക്കുന്നില്ല എന്നതിനാലും അതു സമൂഹത്തിൽ വ്യാപകമാണ് എന്നതിനാലും കോവിഡ് വന്നിട്ടുള്ള ആളുകളെ പൂർണമായും തിരിച്ചറിയാൻ നമുക്കു കഴിയുന്നില്ല. ഇതും വെല്ലുവിളിയാണ്.

ലക്ഷണങ്ങൾ

വൈറസ് ബാധയുള്ള സമയത്തും അതിനു ശേഷവും ചില ആളുകളിൽ കോവിഡ് പ്രത്യക്ഷമായോ പരോക്ഷമായോ അവശതയൊന്നും സൃഷ്ടിക്കുന്നില്ല. എന്നാൽ, മറ്റു ചിലരിൽ അതു മാസങ്ങളോളം (വർഷങ്ങളോളം ഉണ്ടോയെന്ന് കണ്ടറിയണം) ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. വൈറസ് ബാധ അപ്രത്യക്ഷമായി 3 ആഴ്ചയ്ക്കു ശേഷവും ശാരീരിക, മാനസികപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ കരുതിയിരിക്കണം. ദ്രുത കോവിഡ് അനന്തര രോഗം (പോസ്റ്റ്- അക്യൂട്ട് കോവിഡ് സിൻഡ്രോം) എന്ന അവസ്ഥയാണിത്.

എന്നാൽ, 3 മാസത്തിനു ശേഷവും പ്രശ്നങ്ങൾ അവശേഷിക്കുകയാണെങ്കിൽ അതു ദീർഘകാല കോവിഡ് അല്ലെങ്കിൽ പോസ്റ്റ് കോവിഡ് സിൻഡ്രോം ആണെന്നു പറയാം. വൈറസ് ബാധയുള്ളപ്പോൾത്തന്നെ ഗുരുതര ലക്ഷണങ്ങളുണ്ടായിരുന്നവർ, പ്രായാധിക്യമുള്ളവർ, മറ്റു രോഗങ്ങളുള്ളവർ തുടങ്ങിയവർക്ക് 

ദീർഘകാല അവശതകൾക്കുള്ള സാധ്യത കൂടുതലാണ്. പക്ഷേ, ആർക്കു വേണമെങ്കിലും ഇതു സംഭവിക്കാം. രോഗവ്യാപനം കൂടുന്നയിടങ്ങളിൽ കുട്ടികളെപ്പോലും ദീർഘ കോവിഡ് അപകടപ്പെടുത്തുന്നതായി കണ്ടുവരുന്നു. അതുകൊണ്ടുതന്നെ കോവിഡ് വ്യാപനം അനുവദിക്കാതിരിക്കാൻ കഴിയുന്നതെല്ലാം ചെയ്യണം.

കോവിഡ് പ്രാഥമികമായി ശ്വാസകോശങ്ങളെ ബാധിക്കുന്ന രോഗമാണല്ലോ. രോഗഗ്രസ്തമായ ശ്വാസകോശങ്ങൾക്കു പൂർവസ്ഥിതി പ്രാപിക്കാനാകാതെ, ആവശ്യത്തിനു ജീവവായു എടുക്കാൻ കഴിയാത്ത അവസ്ഥ പോസ്റ്റ് കോവിഡിൽ വന്നുചേരാം. അധ്വാനിക്കുന്ന സമയങ്ങളിൽ ഈ അപര്യാപ്തത കൂടുതൽ പ്രകടമാകുന്നതായി കാണുന്നു.

കഴിഞ്ഞ മാസം ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, കാര്യമായ ലക്ഷണങ്ങളോടെ കോവിഡ് വന്നിട്ടുള്ളവരിൽ മൂന്നിൽ രണ്ടുപേർക്കും 3 മാസത്തിനു ശേഷവും എന്തെങ്കിലും അവശതകൾ കാണുന്നുണ്ട്. ലഘുവായ ലക്ഷണങ്ങളോടെയോ ലക്ഷണങ്ങൾ ഇല്ലാതെയോ കോവിഡ് ഉണ്ടായവരിൽ പോസ്റ്റ് കോവിഡ് രോഗാവസ്ഥ അത്രത്തോളം വ്യാപകമാകണമെന്നില്ല. എങ്കിലും നാം കരുതിയിരിക്കണം.

ജാഗ്രത വേണം

കോവിഡ് വന്നു മാറിയവർ ആവശ്യത്തിനു വിശ്രമിക്കുകയും ഘട്ടം ഘട്ടമായി മാത്രം കോവിഡ് പൂർവ ജീവിതചര്യകളിലേക്കു മടങ്ങുകയും വേണം. കോവിഡ് വന്നുപോയവരും കോവിഡ് വന്നിരിക്കാൻ സാധ്യതയുള്ളവരും വൈദ്യസഹായം തേടാൻ മടിക്കരുത്. കോവിഡ് അനന്തരകാലത്തു നാം അഭിമുഖീകരിക്കാൻ സാധ്യതയുള്ള വലിയ വെല്ലുവിളി കോവിഡ് കാരണമുണ്ടായ ദീർഘകാല പ്രശ്നങ്ങളാകാം. അതു മുൻകൂട്ടി കണ്ടാണ് നാം വ്യാപകമായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ആരംഭിച്ചിരിക്കുന്നത്.

മാസ്ക്, കൈകളുടെ ശുചിത്വം, ശാരീരിക അകലം, വാക്സിനേഷൻ (ലഭ്യമാകുന്നതനുസരിച്ച്) എന്നീ മാർഗങ്ങളിലൂടെ കോവിഡിനു പിടികൊടുക്കാതിരിക്കുക. രോഗബാധയുണ്ടായാൽ മറ്റൊരാളിലേക്ക് അതു പകരാതിരിക്കാൻ ശ്രദ്ധിക്കുക. വൈറസ് ബാധയ്ക്കു ശേഷം ഉണ്ടാകാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങളെപ്പറ്റി മനസ്സിലാക്കി അപകടസാധ്യത കുറയ്ക്കുക. പോസ്റ്റ് കോവിഡ് സിൻഡ്രോം സംശയിക്കുന്നുണ്ടെങ്കിൽ വൈകാതെ ചികിത്സ തേടുക.

(തിരുവനന്തപുരം മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ അസോഷ്യേറ്റ് പ്രഫസറാണ് ലേഖകൻ)

English Summary: Be careful about post covid syndrome

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA