ADVERTISEMENT

കേരള സർവകലാശാലയിൽ പണം നൽകിയാൽ മാർക്ക് തിരുത്താൻ സാധിക്കുമെന്ന വിവരം വിദ്യാർഥികളെയും പൊതുസമൂഹത്തെത്തന്നെയും ഞെട്ടിക്കുന്നു.

മാർക്ക് തിരുത്തലിനെക്കുറിച്ച് അന്വേഷിച്ച പ്രോ വൈസ് ചാൻസലറുടെ റിപ്പോർട്ടിലാണ് കൈക്കൂലി വാങ്ങി മാർക്ക് തിരുത്തുന്നതിനെക്കുറിച്ചു തെളിവുസഹിതം പറയുന്നത്. പണം വാങ്ങി ഉത്തരക്കടലാസിൽ മാർക്ക് കൂട്ടിയിടുന്ന ചില അധ്യാപകർ സർവകലാശാലയ്ക്കു കീഴിലുണ്ടെന്നതും അക്കാദമിക് സമൂഹത്തെ വേദനിപ്പിക്കുന്നു. ക്രമക്കേടു നടത്തിയ സെക്‌ഷൻ ഓഫിസർ പ്രതിഫലം ഓൺലൈനായി കൈപ്പറ്റിയെന്നാണു സൂചന.

വ്യക്തമായ രേഖകൾ അവശേഷിപ്പിച്ചു കൈക്കൂലി വാങ്ങാൻപോലും ഇത്തരക്കാർക്കു മടിയില്ലെന്നാണു മനസ്സിലാക്കേണ്ടത്. നമ്മുടെ സർവകലാശാലകളിൽ ആത്മാർഥതയോടെ ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷം പേരുടെ പ്രതിബദ്ധതയെക്കൂടിയാണ് ഇങ്ങനെയുള്ള തട്ടിപ്പുകാർ അപമാനിക്കുന്നത്.

ക്രമക്കേടു കാട്ടിയ സെക്‌ഷൻ ഓഫിസർ മുൻപും മാർക്ക് തിരുത്തൽ കേസിൽപെട്ടിട്ടുണ്ട്. അന്ന് സോഫ്റ്റ്‌വെയറിനു തകരാറുണ്ടെന്നു പറഞ്ഞ്, ഈ വ്യക്തിയെ സ്ഥലംമാറ്റി അധികൃതർ രക്ഷിക്കുകയായിരുന്നു. അന്നേ കർശന നടപടി എടുത്തിരുന്നുവെങ്കിൽ ക്രമക്കേട് ആവർത്തിക്കില്ലായിരുന്നു. രാഷ്ട്രീയപരവും അല്ലാത്തതുമായ കാരണങ്ങളാൽ കടുത്ത നടപടി ഒഴിവാക്കിയതാണു തിരിമറി ആവർത്തിക്കാൻ കാരണം.

പരീക്ഷാ ക്രമക്കേടും മാർക്ക് തിരുത്തലും ലാഘവബുദ്ധിയോടെ കാണുന്നു എന്നതാണു സർവകലാശാലാ അധികൃതരുടെ കുഴപ്പം. സ്ഥാപനത്തിന്റെ സൽപേരു കളങ്കപ്പെടുത്തുന്നവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിച്ചാൽ മാത്രമേ തിരിമറി തടയാനാകൂ. പകരം, ഇത്തരക്കാരെ പിന്നീടു സർവകലാശാലയിലെ പ്രധാന സമിതികളിലും പദവികളിലും നിയമനം നൽകി അധികൃതർ ‘ആദരിക്കുന്നതു’ വരെ നാം കണ്ടുവരുന്നു.

മാർക്ക് തിരുത്തി ജയിപ്പിക്കാൻ സർവകലാശാലയിൽ ലോബി തന്നെ ഉണ്ടെന്നാണു വിവരം. മാർക്ക് തട്ടിപ്പുകൾ പുറത്തുവരുമ്പോൾ അന്വേഷണം പൊലീസിനു കൈമാറുമെന്ന് വഴിപാടുപോലെ സർവകലാശാല അറിയിക്കാറുണ്ടെങ്കിലും അന്വേഷണം വഴിമുട്ടുകയും കാലക്രമേണ തേഞ്ഞുമാഞ്ഞു പോകുകയുമാണു പതിവ്. സർവകലാശാലയിലെ പല തട്ടിപ്പുകളുടെയും ബുദ്ധികേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് ചില ഉന്നത ഉദ്യോഗസ്ഥരുടെ ഓഫിസുകളിലാണെന്നതും ഞെട്ടിക്കുന്ന വിവരമാണ്.

എഴുപതുകളിലാണ് കേരള സർവകലാശാലയിൽ ആദ്യ മാർക്ക് തട്ടിപ്പു നടന്നത്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് പിടികൂടുകയും സർവീസിൽനിന്നു പുറത്താക്കുകയും ചെയ്തു. അന്നു തട്ടിപ്പുകാർ സർവകലാശാലാ രേഖകളിലെ മാർക്കിൽ മാറ്റം വരുത്തിയിരുന്നില്ല. എന്നാൽ, ഇപ്പോൾ സർവകലാശാലാ രേഖകളിൽത്തന്നെ കൃത്രിമം നടത്തുകയാണ്. അതിനാൽ ക്രമക്കേടു കണ്ടെത്താൻതന്നെ ബുദ്ധിമുട്ടാണ്.

സംസ്ഥാനത്തെ മറ്റു സർവകലാശാലകളിലും പല തരത്തിലുള്ള വീഴ്ചകൾ ഉണ്ടാകുന്നുണ്ട്. രാഷ്ട്രീയ അതിപ്രസരവും പണത്തിന്റെ സ്വാധീനവുമാണ് ഇതിനു വഴിയൊരുക്കുന്നത്. സർവകലാശാലാ സിൻഡിക്കറ്റുകളിൽ ശക്തമായ പ്രതിപക്ഷ സാന്നിധ്യം ഇല്ലാത്തതിനാൽ തോന്നിയപോലെ ഭരിക്കാനും കുറ്റക്കാരെ രക്ഷിക്കാനും സാധിക്കുന്നു.

ബാഹ്യ ഏജൻസിയുടെ അന്വേഷണത്തിലൂടെ കുറ്റക്കാർക്കെതിരെ കർശന നടപടികളെടുത്താലേ ഇത്തരം ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കൂ. ജീവനക്കാരെ ഒരു സെക‌്ഷനിൽ മാത്രമായി വർഷങ്ങളോളം ഇരുത്തരുത്. മാർക്ക് കൈകാര്യം ചെയ്യുമ്പോൾ പാസ്‌വേ‍ഡും മറ്റും അങ്ങേയറ്റം സുരക്ഷിതമായി സൂക്ഷിക്കാൻ സംവിധാനം ഉണ്ടാകുകയും വേണം. പരീക്ഷയും മൂല്യനിർണയവും ടാബുലേഷനുമെല്ലാം കർശന നിരീക്ഷണത്തിലാക്കേണ്ടതുണ്ട്.

കണ്ണൂർ സർവകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ, ഫലം പ്രഖ്യാപിക്കാത്ത പരീക്ഷയുടെ ഉത്തരക്കടലാസുകൾ ഇന്നലെ റോഡിൽ ചിതറിക്കിടക്കുന്ന നിലയിൽ കണ്ടുകിട്ടിയതു നമ്മുടെ വിദ്യാഭ്യാസമേഖല അഭിമുഖീകരിക്കുന്ന ദുരവസ്ഥ ഒരിക്കൽക്കൂടി അറിയിക്കുന്നതായി.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഇന്നു കാണുന്ന ജീർണത ഒറ്റ ദിവസംകൊണ്ട് ഉണ്ടായതല്ല. അധികാര ദുർവിനിയോഗത്തിന്റെ പുതിയ സാധ്യതകൾ തേടുന്ന രാഷ്ട്രീയ, സാമൂഹിക നേതാക്കൾക്കും അവരുടെ തണൽ പറ്റുന്ന അധ്യാപക സംഘടനകൾക്കും പലവിധ ആവശ്യങ്ങളിൽ ഇവരുടെ ശുപാർശക്കത്ത് തേടുന്ന വിദ്യാർഥിക്കും രക്ഷിതാവിനും വരെ ഈ സ്ഥിതിവിശേഷത്തിൽ പങ്കുണ്ടെന്നതാണു യാഥാർഥ്യം. ഇപ്പോഴത്തെ മാർക്ക് കച്ചവടം ഇക്കാര്യത്തിൽ നമ്മുടെയെല്ലാം ആത്മപരിശോധനയ്ക്കുള്ള നിമിത്തമായെന്നു മാത്രം. നമ്മുടെ സർവകലാശാലകളുടെ വിശ്വാസ്യത വീണ്ടെടുക്കാൻ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും അടിയന്തരശ്രമം ഉണ്ടായേതീരൂ.

English Summary: Mark sale - editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com