ADVERTISEMENT

ആ ആരാധനാലയത്തിൽ മണ്ണുകൊണ്ടു നിർമിച്ച വലിയൊരു ബുദ്ധപ്രതിമ ഉണ്ടായിരുന്നു. ആരാധനാലയം പുതുക്കിപ്പണിയാൻവേണ്ടി പ്രതിമ മറ്റൊരു സ്ഥലത്തേക്കു താൽക്കാലികമായി മാറ്റാൻ ഭക്തർ തീരുമാനിച്ചു. നീക്കുന്നതിനിടെ പെയ്ത ശക്തമായ മഴയിൽ പ്രതിമയുടെ ഒരുഭാഗത്തെ മണ്ണിളകിപ്പോയി.

അവിടെയൊരു തിളക്കം ശ്രദ്ധിച്ച ഭക്തർ പ്രതിമയിലെ മണ്ണു മുഴുവൻ ഇളക്കിമാറ്റി. എല്ലാവരും അദ്ഭുതപ്പെട്ടു – അതൊരു സ്വർണപ്രതിമയായിരുന്നു! നൂറ്റാണ്ടുകൾക്കു മുൻപ് ശത്രുരാജ്യം ആക്രമിച്ചപ്പോൾ പ്രതിമ സംരക്ഷിക്കാൻ അന്നത്തെ ഭരണാധികാരികളുടെ തന്ത്രമായിരുന്നു മണ്ണുമൂടൽ. മണ്ണ് ഇളക്കിമാറ്റിയ അന്നുമുതൽ പ്രതിമ സ്വർണപ്രതിമയായി. 

പൊടിപടലം ഒഴിവാക്കാനാകില്ല, സ്നാനവും. എന്തിനു കുളിക്കണം എന്നതിനെക്കാൾ പ്രധാനപ്പെട്ട ചോദ്യമാണ് എന്തിന് എല്ലാ ദിവസവും കുളിക്കണം എന്നത്. ആയുസ്സിൽ ഒരുതവണ മുങ്ങിക്കുളിച്ചതുകൊണ്ട് ആരും എല്ലാ ദിവസവും ഉന്മേഷവാന്മാരാകില്ല. അതിന് അനുദിനസ്നാനം തന്നെ പരിഹാരം. ഓരോ ദിവസവും അഴുക്കും മാലിന്യവും പല അളവിലും രൂപത്തിലും പറ്റിപ്പിടിക്കും; ശരീരത്തിലും മനസ്സിലും ചിന്തയിലും പ്രവൃത്തിയിലും. വൃത്തിയാക്കിയേ മതിയാകൂ, എല്ലാ ദിവസവും. വർഷങ്ങളായി കാണുന്നതുകൊണ്ട് കാഴ്ചകൾ സത്യമാകണമെന്നില്ല. നാളുകളായി തുടരുന്നതുകൊണ്ട് എല്ലാം തുടരണമെന്നുമില്ല. ഒഴിവാക്കേണ്ടതും പുനർനിർമിക്കേണ്ടതുമായ പലതും ഉണ്ടാകും. 

മൂല്യരഹിതമെന്നു മുദ്രകുത്തപ്പെടുന്നവയുടെ പുറന്തോടു മാത്രമേ ആളുകൾ കണ്ടിട്ടുണ്ടാകൂ. വർഷങ്ങൾ സഹവസിച്ചിട്ടും പങ്കുവച്ചിട്ടും ഉള്ളറിയാൻ കഴിയുന്നില്ല എന്നതാണ് ഏറ്റവും വലിയ പരാജയം. മൂല്യം മനസ്സിലാകാത്തതുകൊണ്ട് ഉപേക്ഷിക്കുന്നതിനെക്കാൾ വലിയ തെറ്റാണ്, മൂല്യമറിയാതെ ഉപയോഗിക്കുന്നത്.

Content Highlight: Subhadhinam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com