വാചകമേള

Vachakamela
SHARE

∙ ബി.ആർ.പി.ഭാസ്കർ: നല്ലതു ചെയ്താലും ഇല്ലെങ്കിലും അഞ്ചു കൊല്ലം കഴിയുമ്പോൾ തങ്ങൾ പുറത്താകുമെന്നും അഞ്ചു കൊല്ലം കൂടി കഴിയുമ്പോൾ വീണ്ടും അധികാരം കിട്ടുമെന്നുമുള്ള ഉറച്ച വിശ്വാസത്തിലാണ് മുന്നണികൾ കഴിഞ്ഞ രണ്ടു മൂന്നു പതിറ്റാണ്ടുകളായി പ്രവർത്തിച്ചിരുന്നത്. ഇതൊരു നല്ല സാഹചര്യമല്ല. തിരഞ്ഞെടുപ്പുഫലം എന്തായിരിക്കുമെന്ന് കക്ഷികൾക്ക് ഉറപ്പുള്ള അവസ്ഥ അവസാനിക്കേണ്ടിയിരിക്കുന്നു.

∙ കെ.എസ്. ചിത്ര: പണ്ടുണ്ടായിരുന്ന പല നല്ല മര്യാദകളും ഇന്നു നഷ്ടപ്പെട്ടതായി തോന്നിയിട്ടുണ്ട്. നമ്മൾ പാടിയ ഒരു ഗാനം സിനിമയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ ആ വിവരം അറിയിക്കുന്ന പതിവെ‌ല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞു. പാടിയ പാട്ടുകളുടെ സിഡി റിലീസിങ് വിവരം മറ്റാരെങ്കിലും പറഞ്ഞുവേണം പലപ്പോഴും അറിയാൻ. റേഡിയോയിൽ പാട്ടു കേൾക്കുമ്പോൾ പാടിയവരുടെ പേര് പറയാത്തതെന്താണെന്നു ചിന്തിക്കാറുണ്ട്. ഇന്നു പുതിയ ചില പാട്ടുകൾ ആരെഴുതിയതാണെന്ന് അറിയാൻ പ്രയാസമാണ്.

∙ എം.ടി.വാസുദേവൻ നായർ: എന്റെ പുഴ വരണ്ടുപോയിരിക്കുന്നു. വളരെ വലുതായിരുന്ന, ഗംഭീരമായിരുന്ന, പലതിനും സാക്ഷ്യം വഹിച്ചിരുന്ന പുഴ വരണ്ടിരിക്കുന്നു. മനസ്സും വരണ്ടുപോയിരിക്കുന്നു.

∙ ടി.പത്മനാഭൻ: ഞാൻ എന്നും കോൺഗ്രസുകാരനാണ്. മരിച്ചാൽ ത്രിവർണപതാക പുതപ്പിക്കണം. 1940ൽ ഗാന്ധിജി ആഹ്വാനം ചെയ്ത വ്യക്തിസത്യഗ്രഹത്തിൽ പത്താമത്തെ വയസ്സിൽ പങ്കെടുത്തയാളാണു ഞാൻ.

∙ സക്കറിയ: വീട്ടമ്മമാരുടെ ജോലി ഭർത്താവിന്റെ ഓഫിസ് ജോലിക്കു തുല്യമാണെന്ന സുപ്രീം കോടതിയുടെ പരാമർശം ചരിത്രപ്രധാനമാണ്. ഇതൊരു പരാമർശം മാത്രമായിപ്പോയി എന്നതാണു സങ്കടകരം. നിയമമായെങ്കിൽ നന്നായിരുന്നു.

∙ ജെ.ദേവിക: വീട്ടുജോലിക്കു ശമ്പളം കിട്ടുമെങ്കിൽ ഇനി സ്ത്രീകൾ വീട്ടിലിരുന്നാൽ മതി എന്ന തീരുമാനങ്ങളുണ്ടാവാം. അതു സ്ത്രീകളുടെ വിദ്യാഭ്യാസം മുതൽ വ്യക്തിയെന്ന നിലയിൽ അവരുടെ സാമൂഹികവും മാനസികവുമായ വളർച്ചയെ വരെ ബാധിക്കാനും സാധ്യതയുണ്ട്.

∙ സച്ചിദാനന്ദൻ: സംസ്കൃത നാടകങ്ങളിൽപോലും രാജാവിനെ പരിഹസിക്കാൻ സ്വാതന്ത്ര്യമുള്ള ഒരു വിദൂഷകനുണ്ടായിരുന്നു. കേരളത്തിൽ ചാക്യാർകൂത്തിലും ഓട്ടൻതുള്ളലിലും നാം അതിന്റെ തുടർച്ച കാണുന്നു. വർണ, ജാതി വ്യവസ്ഥയ്ക്കും വർഗവിഭജനത്തിനും ഇടയിലും ജനാധിപത്യഭാവനയുടെ ഒരു സമാന്തര റിപ്പബ്ലിക് നിലനിൽക്കുക തന്നെ ചെയ്തു. 

∙ ഇ.പി.ഉണ്ണി: കേരളത്തിലെ കാർട്ടൂണിസ്റ്റുകൾ ദേശീയ രാഷ്ട്രീയം, സംസ്ഥാന രാഷ്ട്രീയം എന്നിവ മത്സരിച്ചു വരയ്ക്കും. എന്നാൽ, താഴോട്ടു മിക്കവാറും നോട്ടമില്ല. തിരഞ്ഞെടുപ്പുകാലത്തു മാത്രമേ, മുനിസിപ്പാലിറ്റികളെയും പഞ്ചായത്തുകളെയും അൽപമെങ്കിലും ശ്രദ്ധിക്കൂ.

∙ എ.ഹേമചന്ദ്രൻ: നീതിന്യായ വ്യവസ്ഥയുടെ നിർണായക ഘടകമായ പൊലീസ് സംവിധാനത്തിന്റെ ധാർമികത നിലനിർത്തണമെങ്കിൽ പൊലീസിന്റെ ‘കോർപറേറ്റ്‌വൽക്കരണം’ ചെറുക്കേണ്ടതുണ്ട്. ധാർമികത നഷ്ടമായാൽ പിന്നെ പൊലീസിനെക്കൊണ്ട് ആർക്കാണു ഗുണം?

∙ ഡോ. വി.രാമൻകുട്ടി: എൻഡോസൾഫാൻ ഉണ്ടാക്കിയെന്നു പറയുന്ന ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ചു നടത്തിയ പഠനങ്ങൾക്കൊന്നും യാതൊരു ആധികാരികതയും അവകാശപ്പെടാനില്ല. ഒരു ശാസ്ത്ര ജേണലിലും അവ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ജനതയെ ഇത്രയും വലിയതോതിൽ ഭീഷണിപ്പെടുത്തിയ ഒരു പ്രതിഭാസത്തെപ്പറ്റി അന്തർദേശീയമായി അംഗീകരിക്കപ്പെടുന്ന ഒരു പഠനം നടത്താൻപോലും നമ്മുടെ സംസ്ഥാനത്തിനു കഴിഞ്ഞിട്ടില്ല എന്നതു ലജ്ജാവഹമാണ്.

∙ സിവിക് ചന്ദ്രൻ: തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി കലാകാരന്മാരെയും കോൺഗ്രസ് പരിഗണിക്കുന്നുണ്ട്. ആറേഴ് പതിറ്റാണ്ടിനു മുൻപൊരു തിരഞ്ഞെടുപ്പിൽ അഴീക്കോടു മാഷെ മത്സരിപ്പിച്ചതൊഴിച്ചാൽ ആദ്യമായാണ് ഇങ്ങനെ ഒരാലോചന. ഏതായാലും കോൺഗ്രസ്, സാംസ്കാരിക രംഗത്തുനിന്ന് ആരെയെങ്കിലും സ്ഥാനാർഥിയാക്കാൻ തിരഞ്ഞെടുക്കുമെങ്കിൽ അതു വലിയൊരു തെറ്റുതിരുത്തലാണ്.

∙ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്: പ്രബലമായ പ്രതിപക്ഷ സാന്നിധ്യംപോലും ഇല്ലാതെപോയ ഒരു ഇന്ത്യയെയാണ് അനേക കാലങ്ങളായി നാം കാണുന്നത്. ആഴ്ചകൾ പലതു കഴിഞ്ഞിട്ടും കർഷകസമരത്തെ നോക്കി പരിഹസിക്കുന്ന വിഡ്ഢികളുടെ സ്വർഗത്തെ നാം കാണുന്നു.

Content Highlight: Vachakamela

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA