വ്യാജൻ വിതയ്ക്കുമ്പോൾ...

Fake
SHARE

സമരങ്ങളെയും പ്രക്ഷോഭങ്ങളെയുമൊക്കെ തകർക്കാനുള്ള മാർഗങ്ങളിലൊന്നാണ് വ്യാജവിവരങ്ങളുടെയും ദൃശ്യങ്ങളുടെയും പ്രചാരണം. ലോകമെങ്ങും ജനകീയ പ്രക്ഷോഭങ്ങൾക്കെതിരെ ഈ അധോമാ‍ർഗം പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ കർഷകസമരവും വ്യത്യസ്തമല്ല. എണ്ണമറ്റ വ്യാജപ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ സമരത്തിനെതിരെ നടക്കുന്നത്. ഒപ്പം, സമരത്തെ അനുകൂലിക്കുന്നവരെന്നു കരുതുന്നവരും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ അറിഞ്ഞോ അറിയാതെയോ പ്രചരിപ്പിക്കുന്നുണ്ട്. അവയിൽ ചിലത്:

ഖലിസ്ഥാൻ അനുകൂല പോസ്റ്റർ

കർഷകപ്രക്ഷോഭത്തിൽ പങ്കെടുക്കുന്നയാൾ ഖലിസ്ഥാൻ അനുകൂല പോസ്റ്റർ ഉയർത്തിക്കാട്ടുന്ന ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

യാഥാർഥ്യം: 2013ൽ തീവ്ര സിഖ് സംഘടനകൾ അമൃത്‌സറിലെ സുവർണക്ഷേത്രത്തിനു മുൻപിൽ നടത്തിയ പ്രകടനത്തിന്റെ ചിത്രമാണിത്. വാർത്താചിത്ര ഏജൻസിയായ എഎഫ്പിയുടെ ഫൊട്ടോഗ്രഫർ അന്നെടുത്ത ചിത്രമാണ് ഇപ്പോഴത്തേതെന്ന പേരിൽ പ്രചരിപ്പിക്കുന്നത്.

(യുഎസിലും കാനഡയിലും മറ്റും മുൻപു നടന്നിട്ടുള്ള ഖലിസ്ഥാൻവാദികളുടെ പ്രകടനങ്ങളിലും മറ്റും കണ്ട ബാനറുകളുടെയും മുദ്രാവാക്യം വിളികളുടെയുമൊക്കെ വിഡിയോകളും ചിത്രങ്ങളും ഇത്തരത്തിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്). 

Fake-1

പാക്ക് പതാകയുമായി റിയാന

കർഷകസമരത്തെക്കുറിച്ചു ട്വീറ്റ് ചെയ്ത ഗായിക റിയാനയാണല്ലോ ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും വലിയ ചർച്ചാകേന്ദ്രങ്ങളിലൊന്ന്. റിയാന പാക്കിസ്ഥാൻ പതാകയുമായി നിൽക്കുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളിലാകെ ഇപ്പോൾ വൈറലാണ്. 

യാഥാർഥ്യം: 2019ൽ ഇംഗ്ലണ്ട് – വെസ്റ്റിൻഡീസ് ക്രിക്കറ്റ് മാച്ച് കാണാനെത്തിയ റിയാന, വെസ്റ്റിൻഡീസ് ക്രിക്കറ്റിന്റെ പതാകയേന്തി നിൽക്കുന്ന ചിത്രം ഫോട്ടോഷോപ് ചെയ്ത് പാക്കിസ്ഥാൻ പതാകയാക്കിയതാണു പ്രചരിപ്പിക്കുന്നത്.

കർഷകസ്ത്രീകളുടെ മേൽ വാട്ടർ ടാങ്കർ

ഉത്തർപ്രദേശിൽ കർഷകസമരത്തിനു പോയ സ്ത്രീകളുടെമേൽ എതിരാളികൾ വാട്ടർ ടാങ്കർ ഓടിച്ചു കയറ്റിയെന്ന് ഒരു വിഭാഗവും സ്ത്രീകൾക്കുമേൽ കർഷകസമരക്കാർ ടാങ്കർ ഓടിച്ചു കയറ്റിയെന്നു മറുഭാഗവും ആരോപിക്കുന്ന ഒരു വിഡിയോ വാട്സാപ്പിൽ കറങ്ങുന്നു.

യാഥാർഥ്യം: രണ്ടു വാദങ്ങളും ശരിയല്ലെന്നാണ് പൊലീസ് റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാൽ, ആ വിഡിയോയിലുള്ള അപകടം ശരിയാണ്. 

അമൃത്‌സറിൽ ജനുവരി 26ന് ഉണ്ടായ അപകടത്തിൽ 2 സ്ത്രീകൾ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവർ കർഷകസമരത്തെ അനുകൂലിച്ചുള്ള ധർണയ്ക്കു പോകുകയായിരുന്നു. ഡ്രൈവർക്കു നിയന്ത്രണം നഷ്ടപ്പെട്ടുണ്ടായ അപകടമാണെന്നും രാഷ്ട്രീയബന്ധമില്ലെന്നുമാണു റിപ്പോർട്ടുകൾ.

വാട്സാപ് നിരീക്ഷിച്ച് സർക്കാർ 

കർഷകസമരത്തിന്റെ മറവിൽ പഴയൊരു വ്യാജസന്ദേശം വീണ്ടും രംഗത്തുവന്നിട്ടുണ്ട്. വാട്സാപ് ഗ്രൂപ്പുകളിലെ സന്ദേശങ്ങൾ സർക്കാർ നിരീക്ഷിക്കുന്നുവെന്നും സർക്കാർ കണ്ടാൽ 3 ബ്ലൂടിക് വരുമെന്നുമൊക്കെയുള്ളത്.

യാഥാർഥ്യം: യാതൊരു അടിസ്ഥാനവുമില്ല. കുറച്ചു വർഷങ്ങളായി രംഗത്തുള്ളതാണ് ഇൗ വ്യാജൻ.

നാഷനൽ ജ്യോഗ്രഫിക്കിൽ കർഷകസമരം

പ്രശസ്തമായ നാഷനൽ ജ്യോഗ്രഫിക് മാഗസിന്റെ പുതിയ ലക്കത്തിലെ പ്രധാന ലേഖനം ഇന്ത്യയിലെ കർഷക സമരത്തിന്റേതാണെന്ന് അവകാശപ്പെട്ട് സിഖ് കർഷകന്റെ ചിത്രമുള്ള മാഗസിൻ കവർ പലരും ഷെയർ ചെയ്യുന്നു.

യാഥാർഥ്യം: മാഗസിൻ ഇതുവരെ ഇത്തരത്തിലൊരു കവർ ചെയ്തിട്ടില്ല. അനുപ്രീത് എന്ന ഇൻസ്റ്റഗ്രാം യൂസർ, സാങ്കൽപിക കവർ പേജ് എന്ന രീതിയിൽ സൃഷ്ടിച്ചതാണിത്. അവർ പങ്കുവച്ച ചിത്രത്തിൽ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. എന്നാൽ, പിന്നീട് കറങ്ങിത്തിരിഞ്ഞ് ഇതു യഥാർഥ കവർപേജാണെന്നു തെറ്റിദ്ധരിച്ച് പലരും ഇപ്പോഴും ഷെയർ ചെയ്യുകയാണ്.

Content Highlight: Vireal - reality behind the videos photos and messages

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA