സർക്കാർ തുറക്കുന്ന പിൻവാതിൽ

SHARE

അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിനു ചെറുപ്പക്കാരാണു കേരളത്തിൽ സർക്കാർ ജോലി തേടി അലയുന്നത്. ഊണും ഉറക്കവും ഉപേക്ഷിച്ചു പഠിച്ച് പിഎസ്‌സി റാങ്ക് പട്ടികകളിൽ മുന്നിലെത്താൻ കഷ്ടപ്പെടുന്നവരെയും മുന്നിലെത്തിയിട്ടും നിയമനം കിട്ടുംമുൻപ് റാങ്ക് പട്ടികകളുടെ കാലാവധി അവസാനിച്ച് ഹതാശരാകുന്നവരെയും നാം കണ്ടുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ, ‘പാർട്ടിക്കു വേണ്ടപ്പെട്ട’ ആയിരക്കണക്കിനു താൽക്കാലിക ജീവനക്കാരെ സുപ്രീംകോടതി വിധി കാറ്റിൽപറത്തി സ്ഥിരപ്പെടുത്താനുള്ള സർക്കാർ തീരുമാനം തൊഴിൽരഹിതരുടെയാകെ പ്രതിഷേധത്തിനു കാരണമായിരിക്കുന്നു.

വിവിധ വകുപ്പുകളിലും സർക്കാർ സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന്റെ ആദ്യ നടപടിയായി, മുഖ്യമന്ത്രിക്കു കീഴിലെ സിഡിറ്റിൽ 114 പേരെ സ്ഥിരപ്പെടുത്താൻ ഇന്നലത്തെ മന്ത്രിസഭായോഗം തീരുമാനിച്ചു കഴിഞ്ഞു. ഐടി അഡിഷനൽ സെക്രട്ടറി ഫയലിൽ എതിർപ്പു രേഖപ്പെടുത്തിയിട്ടുപോലും തീരുമാനവുമായി സർക്കാർ മുന്നോട്ടു നീങ്ങുകയായിരുന്നു. സെക്രട്ടേറിയറ്റിനു മുന്നിൽത്തന്നെയുള്ള സമരപ്പന്തലിൽ വിവിധ പിഎസ്‌സി തസ്തികകളിലേക്കു നിയമനം നടത്തണമെന്നാവശ്യപ്പെട്ട് റാങ്ക് ഹോൾഡർമാർ സമരം തുടരുമ്പോഴാണ് ആയിരക്കണക്കിനു താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാർ ഒരുങ്ങുന്നത്.

രാഷ്ട്രീയക്കാരുടെ ബന്ധുക്കളെയും വേണ്ടപ്പെട്ടവരെയും ഭരണത്തിൽനിന്ന് ഇറങ്ങിപ്പോകും മുൻപു സ്ഥിരപ്പെടുത്താൻ, പല വകുപ്പു സെക്രട്ടറിമാരുടെയും ധനവകുപ്പിന്റെയും നിയമവകുപ്പിന്റെയും എതിർപ്പു മറികടന്നാണു സർക്കാർ രണ്ടും കൽപിച്ചു നീങ്ങുന്നത്. ഇതിനെതിരെ വ്യാപക ജനരോഷം ഉയർന്നിട്ടും, തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം വരുംമുൻപു തീരുമാനമെടുക്കാനുള്ള തിരക്കിട്ട നടപടികൾ തുടങ്ങിക്കഴിഞ്ഞതിന്റെ പ്രാരംഭമാണ് ഇന്നലെ സിഡി‌റ്റിലേക്കുള്ള സ്ഥിരനിയമന തീരുമാനം. 114 പേരെ സ്ഥിരപ്പെടുത്താനുള്ള ഫയലിൽ, ഇതു തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും അംഗീകരിക്കാതിരിക്കുന്നതാണ് ഉചിതമെന്നും വിയോജനക്കുറിപ്പെഴുതിയ ഐടി അഡിഷനൽ സെക്രട്ടറിയുടെ അഭിപ്രായം കണക്കാക്കാതെയാണു മന്ത്രിസഭായോഗം തീരുമാനമെടുത്തത്.

അർഹതയ്ക്കനുസരിച്ചു തൊഴിൽ എന്നത് ഉദ്യോഗാർഥിയുടെ ന്യായമായ അവകാശമാണെന്ന തിരിച്ചറിവോടെ പ്രവർത്തിക്കേണ്ട ഭരണഘടനാ സംവിധാനമായ പിഎസ്‌സിയെത്തന്നെ നാണംകെടുത്തുന്നതാണ് ഇത്തരം പിൻവാതിൽ നിയമനങ്ങൾ. ഇന്നലെ മുതൽ ഓഗസ്റ്റ് രണ്ടുവരെ കാലാവധി തീരുന്ന എല്ലാ പിഎസ്‌സി റാങ്ക് പട്ടികകളുടെയും കാലാവധി 6 മാസം വരെ നീട്ടാൻ മന്ത്രിസഭായോഗം ശുപാർശ ചെയ്തത് ഇതിനിടെയുണ്ടായ ആശ്വാസമാകുന്നു.

കെൽട്രോണിലും കിലയിലും സ്ഥിരപ്പെടുത്തലിനു കഴിഞ്ഞ മാസത്തെ മന്ത്രിസഭാ യോഗങ്ങൾ അംഗീകാരം നൽകിയിരുന്നു. സിഡിറ്റ്, തദ്ദേശസ്ഥാപനങ്ങൾ, വ്യവസായ വകുപ്പിനു കീഴിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പ്, ആരോഗ്യവകുപ്പിനു കീഴിലെ സ്ഥാപനങ്ങൾ, സാംസ്കാരിക വകുപ്പിനു കീഴിലെ സ്ഥാപനങ്ങൾ, ഹോർട്ടികോർപ് തുടങ്ങിയവയിലാണ് ഏറ്റവുമധികം സ്ഥിരപ്പെടുത്തലുകൾ നടക്കാൻ പോകുന്നത്. ഇതിനായി പല വകുപ്പുകളിലും പുതിയ തസ്തികകൾ സൃഷ്ടിക്കേണ്ടിയും വരും.

ഉമാദേവിയും കർണാടക സർക്കാരും തമ്മിലെ കേസിൽ (2006) സർക്കാരിന്റെ അധികാരം ഉപയോഗിച്ചു താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതു ഭരണഘടനാ ലംഘനമാണെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇൗ വിധി ഉദ്ധരിച്ചു താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതു വിലക്കി സർക്കാർ ഉത്തരവും നിലവിലുണ്ട്. കഴിഞ്ഞ സർക്കാർ സ്ഥിരപ്പെടുത്തിയ ചില താൽക്കാലിക ജീവനക്കാരെ ഇൗ സർക്കാർ അധികാരത്തിലെത്തിയ ശേഷം വീണ്ടും താൽക്കാലിക ജീവനക്കാരായി മാറ്റുകയുണ്ടായി. സുപ്രീംകോടതി വിധി ഉദ്ധരിച്ചുകൊണ്ടായിരുന്നു ഇൗ നടപടി. എന്നാൽ, അതേ കോടതിവിധി കാറ്റിൽപറത്തി, ഇതേ സർക്കാർതന്നെ വീണ്ടും സ്ഥിരപ്പെടുത്തലിലേക്കു നീങ്ങുന്നതിലെ ഇരട്ടത്താപ്പ് അപലപനീയമാണ്.

സമരദിവസങ്ങളിൽ ജോലിക്കെത്താത്ത സർക്കാർ ജീവനക്കാർക്കു ശമ്പളത്തോടെ അവധി അനുവദിച്ചത് കഴിഞ്ഞ ദിവസം ഹൈക്കോടതി തടഞ്ഞിരുന്നു. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിലും ഇതുപോലെ കോടതി ഇടപെടേണ്ട സാഹചര്യം ഇൗ സർക്കാർ സൃഷ്ടിക്കരുത്. ഇത്തരം സ്ഥിരപ്പെടുത്തലുകൾ വളഞ്ഞവഴിയിലൂടെ ജോലിയിൽ പ്രവേശിക്കാമെന്ന ചിന്തയാവും തൊഴിലന്വേഷകരിലുണ്ടാക്കുക. മത്സരപ്പരീക്ഷകളിൽ പങ്കെടുക്കാതെ ചിലരെങ്കിലും താൽക്കാലിക ജോലി അന്വേഷിക്കുന്ന സാഹചര്യവും ഉണ്ടായേക്കാം. സ്ഥിരജോലിയിലേക്കു പലർക്കും പിൻവാതിൽ തുറന്നുകൊടുക്കുന്ന സർക്കാർ, കേരളത്തിലെ തൊഴിലന്വേഷകരെ മുഴുവൻ അപമാനിക്കുകയാണെന്നതിൽ സംശയമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA