ADVERTISEMENT

എല്ലാവരിലേക്കും എത്രയും വേഗം കോവിഡ് വാക്സീൻ എത്തിക്കുന്നതു ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നതു പോലെ തന്നെ പ്രധാനമാണ് അതു സ്വീകരിക്കണമെന്ന പൗരബോധവും.

ആരോഗ്യവകുപ്പു കർശനനിർദേശം നൽകിയിട്ടും കോവിഡ് വാക്സീൻ എടുക്കുന്നതിൽ മെല്ലെപ്പോക്കു തുടരുന്നത് ഇപ്പോഴത്തെ ഭീഷണസാഹചര്യത്തിൽ കടുത്ത ആശങ്കയാണുണ്ടാക്കുന്നത്. മലപ്പുറം ജില്ലയിലെ രണ്ടു സ്കൂളുകളിൽനിന്നും സെക്രട്ടേറിയറ്റിൽനിന്നുമൊക്കെ വന്ന വാർത്തകളാകട്ടെ, അതിജാഗ്രത പരമാവധി വർധിപ്പിക്കണമെന്നതിന്റെ മുന്നറിയിപ്പാകുകയും ചെയ്യുന്നു.

സംസ്ഥാനത്തു പ്രതിദിനം 45,000 പേർക്കു വരെ കുത്തിവയ്പെടുക്കാൻ സൗകര്യമൊരുക്കിയിട്ടും പല ദിവസവും 70 ശതമാനത്തിൽ താഴെ പേർ മാത്രമാണ് എത്തുന്നത്. ഈ മാസം 5നു 15,033 പേരും 6ന് 5720 പേരുമാണു കുത്തിവയ്പിനെത്തിയത്. അതിനു മുൻപുള്ള ദിവസങ്ങളിൽ പ്രതിദിനം 32,000 പേർ വരെ കുത്തിവയ്പെടുത്തിരുന്നു. ആകെ 4.16 ലക്ഷം ആരോഗ്യപ്രവർത്തകരാണു വാക്സിനേഷനായി റജിസ്റ്റർ ചെയ്തത്.

സമയക്രമപ്രകാരം നിർബന്ധമായി കുത്തിവയ്പിന് എത്തണമെന്നു മന്ത്രി കെ.കെ.ശൈലജ കർശന നിർദേശം നൽകിയിരിക്കുകയാണ്. വാക്സിനേഷന്റെ ഈ ഘട്ടത്തിൽ മെല്ലെപ്പോക്കും വീഴ്ചയുമുണ്ടായാൽ അത് ഇനിയുള്ള ഘട്ടങ്ങളെ ബാധിക്കുമെന്നു തീർച്ച. രാജ്യത്ത് രണ്ടാം ഡോസ് വാക്സീൻ ഈ ശനിയാഴ്ച മുതൽ നൽകിത്തുടങ്ങുകയാണ്.

പ്രതിദിന കേസുകളുടെ എണ്ണത്തിൽ രാജ്യത്തു കാര്യമായ കുറവു വന്നെങ്കിലും ജനസംഖ്യയിൽ വലിയൊരു പങ്ക് ഇപ്പോഴും വൈറസ് ബാധയുടെ നിഴലിലാണെന്ന സിറോ സർവേ റിപ്പോർട്ട് നാം അതീവഗൗരവത്തോടെ കാണേണ്ടതുണ്ട്. ഡിസംബർ പകുതിവരെയായി രാജ്യത്ത് 28 കോടിയോളം ആളുകൾക്കു കോവിഡ് വന്നുപോയിരിക്കാമെന്ന സൂചന നൽകുന്ന സർവേ ഫലമാണ് കഴിഞ്ഞ ദിവസം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) പുറത്തുവിട്ടത്. സർവേയിൽ പങ്കെടുത്തവരിൽ, 21.5% ആളുകളിൽ കോവിഡിനെതിരായ ആന്റിബോഡി സാന്നിധ്യം കണ്ടെത്തി.

അതേസമയം, കേരളത്തിൽ 11.6% പേർക്കു മാത്രമാണു കോവിഡ് വന്നുപോയതെന്ന കണ്ടെത്തൽ കൂടുതൽ വ്യാപനസാധ്യത അറിയിക്കുന്നു. അതുകൊണ്ടുതന്നെ ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന കാര്യത്തിൽ സംശയമില്ല. വാക്സിനേഷൻ വേഗത്തിലാക്കുകയും വേണം.

കഴിഞ്ഞ ആഴ്ചയിലെ താരതമ്യത്തിൽ, കേരളത്തിലെ കോവിഡ് സ്ഥിരീകരണ നിരക്ക് ദേശീയ നിരക്കിന്റെ ആറിരട്ടിയാണ് – ഇന്ത്യയിൽ 1.82 ശതമാനവും കേരളത്തിൽ 11.2 ശതമാനവും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിനിൽക്കുന്നതിൽ സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘം ആശങ്ക അറിയിക്കുകയുണ്ടായി.

ആർടിപിസിആർ പരിശോധന പരമാവധി ഊർജിതമാക്കിയും സമൂഹവ്യാപനത്തോത് അനുസരിച്ചു സജ്ജീകരണങ്ങൾ വർധിപ്പിച്ചും വേണം കേരളം ഈ സാഹചര്യത്തെ നേരിടേണ്ടത്. ഇതിനിടെ, ആർടിപിസിആർ പരിശോധനാ നിരക്ക് വർധിപ്പിച്ചതു ജനത്തെ വലയ്ക്കുകയും ചെയ്യും.

മലപ്പുറം ജില്ലയിലെ മാറഞ്ചേരി, വന്നേരി സ്കൂളുകളിൽ കോവിഡ് പടർന്നതിനെത്തുടർന്ന് സംസ്ഥാനമാകെ സ്കൂളുകളിലെ നിയന്ത്രണങ്ങൾ കർശനമാക്കാൻ വിദ്യാഭ്യാസവകുപ്പു തീരുമാനിച്ചിട്ടുണ്ട്. ഓരോ ക്ലാസിലെയും മുൻകരുതൽ നടപടികൾ അധ്യാപകർ ഉറപ്പുവരുത്തണമെന്നും ഉന്നത ഉദ്യോഗസ്ഥർ സ്കൂളുകളിലെത്തി സ്ഥിതി വിലയിരുത്തണമെന്നുമാണു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം. ആരോഗ്യവകുപ്പും സ്കൂളുകൾക്കായി മാർഗനിർദേശങ്ങൾ നൽകിക്കഴിഞ്ഞു.

സ്കൂളുകളുടെ സമീപം വിദ്യാർഥികൾ കൂടിനിൽക്കാൻ സാധ്യതയുള്ള ബസ് സ്റ്റോപ്പുകളിലും മറ്റും മേൽനോട്ടത്തിന് അധ്യാപകരെ നിയോഗിക്കാനും നിർദേശമുണ്ട്. ഈ സങ്കീർണ സാഹചര്യത്തിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ജാഗ്രത കർശനമാക്കിയേ തീരൂ. മുൻകരുതലിൽ വിള്ളലുണ്ടായാൽ ഏതു സ്കൂളിലും എപ്പോൾ വേണമെങ്കിലും വ്യാപനം ഉണ്ടാകുമെന്ന തിരിച്ചറിവു തന്നെയാണു പ്രധാനം.

കുത്തിവയ്പിനു വേഗംകൂട്ടിയും എല്ലാവരിലേക്കും സ്വയംപ്രതിരോധത്തിന്റെ ജീവൽസന്ദേശമെത്തിച്ചും മാതൃകാപരമായ അതിജാഗ്രതയിലേക്കു കേരളം നീങ്ങാൻ സമയം വൈകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com