ADVERTISEMENT

∙  സ്ഥിരപ്പെടുത്തൽ പട്ടികയുമായി കൂടുതൽ സ്ഥാപനങ്ങൾ 

അർഹതപ്പെട്ട തസ്തികകൾ പോലും നഷ്ടപ്പെടുന്നതിന്റെ വേദനയിൽ ഉദ്യോഗാർഥികൾ തെരുവിലിറങ്ങുമ്പോൾ അതു പൂർണമായും അവഗണിച്ച് കൂടുതൽ സ്ഥാപനങ്ങളിലേക്ക് ‘സ്ഥിരപ്പെടുത്തൽ യജ്ഞം’ വ്യാപിപ്പിക്കാനുള്ള തീരുമാനത്തിലാണു സർക്കാർ.

തിരഞ്ഞെടുപ്പു പ്രഖ്യാപിക്കും മുൻപ് കൂടുതൽ സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തലിൽ സർക്കാർ അന്തിമതീരുമാനമെടുക്കും. കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രഫഷനൽ എജ്യുക്കേഷനും വനിതാ വികസന കോർപറേഷനുമാണ് പട്ടികയിലേക്കു പുതുതായി എത്തിയിരിക്കുന്നത്. പിഎസ്‌സിയെ പൂർണമായും ഇരുട്ടിലാക്കി താൽക്കാലിക ജീവനക്കാരെ സൃഷ്ടിക്കുന്നതിൽ തുടങ്ങുന്നു, രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സമാന്തര റിക്രൂട്മെന്റ് സംഘത്തിന്റെ പ്രവർത്തനം.

∙ പ്രതിസന്ധി വരും, പോകും

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്നതിനിടെയാണ് കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രഫഷനൽ എജ്യുക്കേഷനു (കേപ്) കീഴിലെ സ്ഥാപനങ്ങളിലെ കരാർ ജീവനക്കാ‍രായ മുന്നൂറോളം പേർക്കു സ്ഥിരനിയമനം നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നത്.

കഴിഞ്ഞ ഡിസംബർ 22നു ചേർന്ന കേപ് എക്സിക്യൂട്ടീവ് കമ്മിറ്റി വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് അയച്ചു. 55 പേരെയെങ്കിലും ഉറപ്പായും സ്ഥിരപ്പെടുത്തുമെന്നാണു ജീവനക്കാരെ അറിയിച്ചിരിക്കുന്നത്. കേപിനു കീഴിൽ 9 എൻജിനീയറിങ് കോളജുകളും ഒരു എംബിഎ കോളജും ആലപ്പുഴ പുന്നപ്രയിലെ സാഗര ആശുപത്രിയുമാണുള്ളത്. മന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരുമായി അടുപ്പമുള്ളവരും പട്ടികയിലുണ്ട്.

കേപ്പിൽ മുൻപു കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയതിന് എതിരെയുള്ള കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വനിതാ വികസന കോർപറേഷനിലാകട്ടെ, നേരത്തെ പിഎസ്‌സിക്കു വിട്ട തസ്തികകളിലുൾപ്പെടെയാണ് 29 താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നത്. 17 അംഗീകൃത തസ്തികകളിലും 12 സൂപ്പർന്യൂമററി തസ്തികകളിലും നിയമിക്കാനുള്ളവരുടെ പട്ടികയിൽ താൽക്കാലിക ജീവനക്കാരായി 10 വർഷം പൂർത്തിയാക്കാത്തവരും ഉണ്ട്.

∙ ഏഴായാലും മതി

10 വർഷമോ അതിൽ കൂടുതലോ സർവീസുള്ള താൽക്കാലികക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്തുമ്പോൾ, വ്യവസായ വകുപ്പിനു കീഴിലുള്ള കേരള സ്മോൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് കോർപറേഷനിൽ (സിഡ്കോ) ഇതു വെട്ടിക്കുറച്ച് 7 വർഷമാക്കി. 7 വർഷമായി താൽക്കാലികാടിസ്ഥാനത്തിൽ ജോലിചെയ്യുന്നവരുടെ പട്ടിക ആവശ്യപ്പെട്ട് സിഡ്കോ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, ഡിവിഷൻ മേധാവികൾക്കു കത്തയച്ചിരിക്കുകയാണ്.

∙ തസ്തിക ഇല്ലെങ്കിലെന്താ!

ഇല്ലാത്ത തസ്തികയിൽ ആളെ നിയമിക്കുക, അവിടെത്തന്നെ സ്ഥിരപ്പെടുത്തുക... സെക്രട്ടേറിയറ്റിലെ റിക്രൂട്മെന്റ് സംഘത്തിന്റെ രീതി ഇതാണ്. ഇവിടെ ടെലിഫോൺ ക്ലീനർ എന്ന തസ്തികയില്ല. എന്നാൽ, ആ പേരിൽ ജോലി ചെയ്യുന്നവരുണ്ട്. ഇങ്ങനെ താൽക്കാലികമായി നിയമിച്ച മൂന്നുപേരെ പിന്നീടു സ്ഥിരപ്പെടുത്തി. ഈ സർക്കാരിന്റെ കാലത്ത് ഓഫിസ് അറ്റൻഡന്റുമാരായി സ്ഥാനക്കയറ്റവും നൽകി. പാർട് ടൈം സ്വീപ്പർമാരുടെ നിയമനവും ചട്ടം മറികടന്നാണ്.

വിരമിച്ച യൂണിയൻ നേതാക്കളെയാകട്ടെ, ഉപകാരസ്മരണയായി മറ്റു തസ്തികകളിൽ പുനർനിയമിക്കും. നോർക്കയിൽ ജോലി ചെയ്തിരുന്ന മന്ത്രിബന്ധുവായ അഡീഷനൽ സെക്രട്ടറിയെ അവിടെത്തന്നെ ലെയ്സൺ ഓഫിസറായി നിയമിച്ചു. പി ആൻഡ് എആർഡിയിൽ അഡീഷനൽ സെക്രട്ടറിയായി വിരമിച്ചയാൾക്ക് പുനർനിയമനം കിൻഫ്രയിലായിരുന്നു. പെൻഷനു പുറമേയാണ് ഈ ശമ്പളം. തസ്തികകൾ വഴിമാറിപ്പോകുമ്പോൾ അവിടെയും നഷ്ടം ഉദ്യോഗാർഥികൾക്കു മാത്രം.

∙ നാട്ടുകാർക്കും വീട്ടുകാർക്കും

പല സ്ഥാപനങ്ങളിലും പാർട്ടി നിർദേശപ്രകാരമാണു പിൻവാതിൽ നിയമനവും സ്ഥിരപ്പെടുത്തലുമെങ്കിൽ, കേരഫെഡിൽ ഉന്നതോദ്യോഗസ്ഥരുടെ ഇഷ്ടക്കാർക്കാണു മുൻഗണന. തലപ്പത്തുള്ള ഒരു ഉദ്യോഗസ്ഥന്റെ പേരക്കുട്ടിയെ പരിചരിക്കാനെത്തിയ ജോലിക്കാരിയുടെ മകളെയും നിത്യം സന്ദർശിക്കുന്ന ക്ഷേത്രത്തിലെ ശാന്തിയുടെ മകളെയുമൊക്കെ പിൻവാതിലിലൂടെ സ്ഥാപനത്തിൽ നിയമിച്ചിട്ടുണ്ട്.

ആദ്യം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയാണ് ഇവർ എത്തിയതെങ്കിലും കാലാവധി കഴിഞ്ഞിട്ടും പിരിച്ചുവിടാതെ ദിവസവേതനത്തിലും പിന്നീടു കരാറടിസ്ഥാനത്തിലും നിയമിച്ചു. കേരഫെഡിന്റെ തലപ്പത്തെ മറ്റൊരു ഉദ്യോഗസ്ഥൻ അയൽവാസിക്കു സ്വന്തം ഡ്രൈവറായാണു നിയമനം നൽകിയത്. ഇവരെയെല്ലാം സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളും തകൃതി. നിയമനങ്ങൾ പിഎസ്‌സിക്കു വിടാനുള്ള സ്പെഷൽ റൂൾ ഉടൻ നടപ്പാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും ഇഷ്ടക്കാരെയും പാർട്ടി ബന്ധുക്കളെയുമെല്ലാം സ്ഥിരപ്പെടുത്തിയ ശേഷമേ ഫയൽ വെളിച്ചം കാണൂ!

പിൻവാതിൽ വഴി മുന്നിലെത്താം

ഇപ്പോൾ മന്ത്രിസഭ സ്ഥിരപ്പെടുത്തുന്ന ആയിരക്കണക്കിനു തസ്തികകളിൽ ഒന്നുപോലും പിഎസ്‌സി വഴി നിയമനം നടത്താവുന്നതല്ലെന്നും അതിനാൽ ഇവരെ സ്ഥിരപ്പെടുത്തുന്നത് പിഎസ്‌സി പരീക്ഷയെഴുതി നിയമനം കാത്തിരിക്കുന്നവരെ ഒരുതരത്തിലും ബാധിക്കില്ലെന്നുമുള്ള വാദമുയർത്തുന്ന സർക്കാർ മറച്ചുവയ്ക്കുന്ന ചില വസ്തുതകളുണ്ട്. താൽക്കാലികക്കാരെ നിയമിക്കുന്നതു മുതൽ സ്ഥിരപ്പെടുത്തുന്നതു വരെയുള്ള നടപടിക്രമങ്ങളിലൂടെ സഞ്ചരിച്ചാൽ അതു മനസ്സിലാകും. 

സ്ഥാപനം ആരംഭിക്കൽ

സർക്കാരുകൾ ഓരോ കാലത്തും മുൻതൂക്കം നൽകുന്ന മേഖലകളിലാണ് പുതിയ സ്ഥാപനങ്ങൾ തുടങ്ങുന്നത്. ഐടി മേഖലയിൽ സർക്കാരിനു സ്വന്തമായൊരു സ്ഥാപനം വേണമെന്നു തോന്നിയ കാലത്ത് സിഡിറ്റ് വന്നു. ഇലക്ട്രോണിക് രംഗത്ത് കെൽട്രോൺ സ്ഥാപിച്ചു. സാക്ഷരത, ലൈഫ് തുടങ്ങിയ മിഷനുകൾ പ്രഖ്യാപിച്ചപ്പോൾ അവിടെയും വന്നു ഒട്ടേറെ ജീവനക്കാർ.

ഇത്തരം സ്ഥാപനങ്ങളിൽ പിഎസ്‌സി വഴി നിയമനം നടത്തണമെങ്കിൽ സ്പെഷൽ റൂൾസ് നടപ്പാക്കേണ്ടതുണ്ട്. ഇതു പഠനവും സമയവും ആവശ്യമുള്ള പ്രക്രിയ ആയതിനാൽ താൽക്കാലിക ജീവനക്കാരെ വച്ച് പ്രവർത്തനം തുടങ്ങും. 

ജീവനക്കാരെ നിയമിക്കൽ

ഇത്തരം മിക്ക സ്ഥാപനങ്ങളിലും നിയമനരീതി സുതാര്യമല്ല. പത്രത്തിൽ പരസ്യം നൽകി തൽക്കാലത്തേക്ക് ഒരു ഇന്റർവ്യൂ ബോർഡ് തട്ടിക്കൂട്ടും. മന്ത്രിയുടെ ഓഫിസിൽ നിന്നും പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിൽ നിന്നുമുള്ള പട്ടികയിൽപെട്ടവർക്കാകും പലപ്പോഴും നിയമനം. യുഡിഎഫ് ഭരണകാലത്തെങ്കിൽ ഡിസിസികൾക്കു വലിയ റോളില്ല. മന്ത്രിയുടെ ഓഫിസ് വഴിയാണു പട്ടിക വരിക. നിയമനം പിഎസ്‌സിക്കു വിടുംവരെ താൽക്കാലിക ജീവനക്കാരായാണു നിയമനമെന്ന് ഉത്തരവിൽ തന്നെയുണ്ടാകും. ഒരു വർഷമാണ് താൽക്കാലിക ജീവനക്കാരുടെ കാലാവധിയെങ്കിലും പുതിയ ആളുകളെ നിയമിക്കാതെ പഴയവർ തന്നെ തുടരും.   

ശമ്പളം സർക്കാരിൽനിന്ന്

പത്തിലധികം ജീവനക്കാരുണ്ടെങ്കിൽ ആദ്യ ശമ്പളത്തിനു മുൻപ് സർക്കാരിൽനിന്ന് അനുമതി തേടണം. അല്ലെങ്കിൽ ഡയറക്ടർ തലത്തിൽ തീരുമാനമെടുക്കാം. സ്ഥാപനത്തിനു ലഭിക്കുന്ന സർക്കാർ ഗ്രാൻഡിൽനിന്നു ജീവനക്കാർക്കു ശമ്പളം ലഭിക്കും. സ്വന്തമായി വരുമാനമുള്ള കെൽട്രോൺ പോലുള്ള സ്ഥാപനങ്ങൾ സർക്കാർ സഹായമില്ലാതെ തന്നെ ശമ്പളം നൽകും. 

സ്ഥിരപ്പെടുത്തൽ

10 വർഷം തുടർച്ചയായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താമെന്ന പൊതു തത്വമാണ് സർക്കാരുകൾ പിന്തുടരുന്നത്. ഇതു നിയമവിരുദ്ധമാണെങ്കിലും ആർക്കും എതിർപ്പില്ലാത്തതിനാൽ സ്ഥിരപ്പെടുത്തൽ കാലങ്ങളായി തുടരുന്നു. സ്ഥിരപ്പെടുത്തേണ്ടവരുടെ പട്ടിക ആദ്യം  സ്ഥാപന മേധാവി ഡയറക്ടറേറ്റിലേക്ക് അയയ്ക്കുന്നു. അവിടെനിന്നു ഫയൽ വകുപ്പിലേക്ക്. പാർട്ടിക്കു വേണ്ടപ്പെട്ടവർ പട്ടികയിലുണ്ടെങ്കിൽ ഫയൽ അതിവേഗം നീങ്ങും. മന്ത്രിയുടെ കയ്യിൽ ഫയൽ എത്തിയാൽ രാഷ്ട്രീയ തീരുമാനം കൂടി കണക്കിലെടുത്താകും മുന്നോട്ടു നീക്കുക. അദ്ദേഹം ഫയൽ ധനവകുപ്പിന്റെയും നിയമവകുപ്പിന്റെയും അഭിപ്രായത്തിനു വിടും.

വിയോജിപ്പ് എന്ന ചടങ്ങ്

സർവീസ് കാലാവധി എത്രയായാലും താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തരുതെന്നു സുപ്രീംകോടതി വിധിയുള്ളതിനാൽ ധനവകുപ്പും നിയമവകുപ്പും പലപ്പോഴും എതിർക്കും. അതോടെ ഇൗ ഫയൽ മാതൃ വകുപ്പിലേക്കു തിരിച്ചെത്തും. തീരുമാനമെടുക്കാൻ മന്ത്രി ഫയൽ മുഖ്യമന്ത്രിക്കു വിടും. 

എന്തും ചെയ്യും മന്ത്രിസഭ

നിയമ, ധന വകുപ്പുകൾ എതിർപ്പു രേഖപ്പെടുത്തിയിട്ടുള്ളതിനാലും അതിപ്രധാന വിഷയമായതിനാലും തീരുമാനത്തിൽ കൂട്ടുത്തരവാദിത്തം ഉറപ്പാക്കാൻ മുഖ്യമന്ത്രി ഫയൽ മന്ത്രിസഭയുടെ തീരുമാനത്തിനു വയ്ക്കും. നേരത്തേ എതിർപ്പു രേഖപ്പെടുത്തിയ ധനമന്ത്രിയോ നിയമമന്ത്രിയോ പോലും മന്ത്രിസഭാ യോഗത്തിൽ പലപ്പോഴും എതിർക്കാറില്ല. 

ഉത്തരവിട്ടാൽ സ്ഥിരമായി

jayan
അജയൻ

മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരവിറക്കിയാൽ സ്ഥിരം നിയമനമായി. കോടതി അവധിയുള്ള ദിവസങ്ങളുടെ തലേന്നാണ് പലപ്പോഴും ഇത്തരം ഉത്തരവുകളിറക്കുക. ജോലിയിൽ പ്രവേശിക്കും മുൻപ് ആരും കോടതിയിൽ നിന്നു സ്റ്റേ വാങ്ങാതിരിക്കാനാണിത്. കീഴ്‌വഴക്കമാക്കാൻ പാടില്ലെന്ന് എല്ലാ സ്ഥിരപ്പെടുത്തൽ ഉത്തരവുകളിലും രേഖപ്പെടുത്തുമെങ്കിലും പതിറ്റാണ്ടുകളായി ഇതൊരു കീഴ്‌വഴക്കമായി തുടരുകയാണു സർക്കാരുകൾ.

ഒരു പ്രത്യേകതരം കാരുണ്യമാണല്ലോ!

താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതു ജീവകാരുണ്യ പ്രവർത്തനമാണെന്നു പ്രചരിപ്പിക്കുന്ന മന്ത്രിമാരും സൈബർ സംഘങ്ങളും കൊല്ലത്തുനിന്നുള്ള നാൽപതുകാരൻ അജയന്റെ കഥ കേൾക്കണം. അവിവാഹിതനായ അജയൻ ചവറ കെഎംഎംഎല്ലിൽ 20 വർഷമായി വർക്കർ - ഖലാസി തസ്തികയിൽ താൽക്കാലിക ജോലി ചെയ്യുന്നു. അഭിമുഖം കഴിഞ്ഞ് സ്ഥിരനിയമനത്തിനുള്ള പട്ടികയിൽ ഇടംനേടിയിട്ടും ഈ ‘കാരുണ്യം’ ഇതുവരെ അജയനിലേക്ക് എത്തിയിട്ടില്ല. 

2018 ലെ റാങ്ക് പട്ടികയിൽ വെയ്റ്റിങ് ലിസ്റ്റിൽ ഒന്നാമനാണ് അജയൻ. ലിസ്റ്റ് നിലവിലിരിക്കെ വീണ്ടും 8 ജൂനിയർ ഖലാസി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അജയനെ നിയമിക്കാൻ തടസ്സങ്ങളൊന്നും നിലവിലില്ല. പക്ഷേ, കൊടുക്കാൻ പണവും രാഷ്ട്രീയ സ്വാധീനവുമില്ലാത്തതിനാൽ അജയനെ തഴഞ്ഞ്, മന്ത്രിയുടെ ഓഫിസിൽ ഇപ്പോൾ ഓഫിസ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയെയും നൈപുണ്യ പരീക്ഷയിൽ പരാജയപ്പെട്ട ഡിവൈഎഫ്ഐ നേതാവിനെയും നിയമിക്കാനാണു നീക്കം. ഇന്ന് ഈ തസ്തികയിലേക്ക് ഇന്റർവ്യൂ ആരംഭിക്കുമ്പോൾ കാരുണ്യം പടികടന്നെത്തുമെന്ന അവസാന പ്രതീക്ഷയിലാണ് അജയൻ.

മൂന്നു മാസത്തിനകം സഹകരണ, എപ്പെക്സ് സ്ഥാപനങ്ങളിലെ നിയമനം പിഎസ്‌സിക്കു വിടുമെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞെങ്കിലും അത് അട്ടിമറിക്കപ്പെട്ടു. വളഞ്ഞ വഴികളിലൂടെ ഉദ്യോഗാർഥികളെയും കോടതിയെയും കബളിപ്പിച്ചാണ് സർക്കാരിന്റെ ഈ അട്ടിമറി. അതെക്കുറിച്ച് നാളെ...

തയാറാക്കിയത്: റെഞ്ചി കുര്യാക്കോസ്, ജയൻ മേനോൻ, ജയചന്ദ്രൻ ഇലങ്കത്ത്, എം.ആർ. ഹരികുമാർ, വി.ആർ. പ്രതാപ്, മനോജ് കടമ്പാട്, ജോജി സൈമൺ, കെ.പി. സഫീന. സങ്കലനം: നിധീഷ് ചന്ദ്രൻ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com