നാവുകൾ വേലിചാടുമ്പോൾ

tharangangalil
SHARE

പ്രായപൂർത്തിയായ ഒരാൾക്കു 32 പല്ലുണ്ടാകുമെന്ന് ഒരു വായും തുറന്നുനോക്കാതെ നാം വിശ്വസിക്കുന്നു.

മുപ്പത്തിരണ്ടും അണിനിരന്നു കഴിയുമ്പോഴാണ് നാവിനൊരു ധൈര്യം വരിക: 32 പല്ലു ചേർന്നുണ്ടായ വേലിക്കകത്തു സുരക്ഷിതമാണല്ലോ.

അനാവശ്യമായ വേലിചാട്ടങ്ങളിൽനിന്നും അതുവഴിയുണ്ടാകുന്ന അപകടങ്ങളിൽനിന്നും നാവിനെ രക്ഷിച്ചുനിർത്തുന്നത് ഈ പൽനിരയാണെന്ന് പല്ലു കൊഴിയാത്തവർക്കറിയാം.

ഇരുപത്തിയെട്ടും നാലും മുപ്പത്തിരണ്ട് എന്നാണ് പല്ലുകണക്ക്. 28 വെറും പല്ല്. നാലു വിവരാവകാശപ്പല്ലുകൾ. ഇംഗ്ലിഷിൽ ചവയ്ക്കുന്നവർ വിസ്ഡം ടീത് എന്നു പറയും.

അവസാനത്തെ നാലു പല്ലുകൂടി വന്നുകഴിഞ്ഞാൽ‌ വേലി ബലപ്പെടുന്നു; നാവിന്റെ എടുത്തുചാട്ടം പല്ലുവേലി സമ്മതിക്കില്ല. എന്നാൽ, എല്ലാ വായിലും എല്ലായ്പ്പോഴും 32 പല്ല് ഉണ്ടാവാറില്ല എന്നതാണു പ്രശ്നം.

നേതൃവാസന കൂടുതലുള്ള പാർട്ടികളുടെ കമ്മിറ്റികളിലും യോഗങ്ങളിലുമൊക്കെ ആളുകൾ ഇടിച്ചു നിൽക്കുന്നതുപോലുള്ള അവസ്ഥ പല്ലുകൾക്കുണ്ടായാൽ പലർക്കും വിവരാവകാശപ്പല്ലുകൾ എടുത്തുകളയേണ്ടി വരുന്നു.

വായിൽനിന്നു ചില പല്ലുകൾ പോകുന്നതോടെ വേലി മുറിയുന്നു. എത്ര ആത്മനിയന്ത്രണമുള്ള നാവിനും വേലിചാടാനുള്ള പ്രലോഭനമുണ്ടാകുന്നു.

പിന്നെ പിടിച്ചാൽക്കിട്ടില്ല. വായിൽ തോന്നുന്നത് നാവു പറയും; പറഞ്ഞുപോകും.

എൽഡിഎഫ് കൺവീനറും സിപിഎം ആക്ടിങ് സെക്രട്ടറിയുമായ എ.വിജയരാഘവൻ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ എം.എം.ഹസൻ, മന്ത്രിമാരായ ജി.സുധാകരൻ, എം.എം.മണി, കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ എന്നുവേണ്ട, ഇതുവരെ മന്ത്രിയാകാത്ത പി.സി.ജോർജ് വരെയുള്ളവരുടെ വായിൽ തീർച്ചയായും 32 പല്ല് ഉണ്ടാവില്ല. അതുകൊണ്ട്, നാവ് ഇടയ്ക്കിടെ വേലി ചാടുന്നു.

ചാടിപ്പോകുന്ന നാവ്, പറയേണ്ടിയിരുന്നില്ല എന്നു പിന്നീടു തോന്നുന്ന കാര്യങ്ങൾ പറഞ്ഞുപോകും. പറഞ്ഞതു പാരയായി എന്നു തോന്നുമ്പോൾ അവർ പല്ലു കടിക്കും; കടിക്കാൻ 32ൽ താഴെ പല്ലുകളേ ഉണ്ടാവൂ എന്നു മാത്രം.

രാത്രിയുടെ നിശ്ശബ്ദതയിൽ കേരളരാഷ്ട്രീയത്തിലൂടെ സഞ്ചരിക്കാനിടയായാൽ നാം കേൾക്കുന്ന ശബ്ദം ഈ പല്ലുകടിയുടേതാണ്. നിവൃത്തിയില്ലാത്തതുകൊണ്ട്, നാവിന്റെ ദുർന്നടപ്പിൽ സങ്കടപ്പെട്ട്, കടിച്ചുപോകുന്നതാണ്.

ഇപ്പോൾ, നിയമസഭാ തിരഞ്ഞെടുപ്പു വരുന്ന സാഹചര്യത്തിൽ 32ൽ താഴെ മാത്രം പല്ലുള്ള ഹതഭാഗ്യർ കൃത്രിമപ്പല്ലു വച്ച് നാവിന്റെ വേലിചാട്ടം നിയന്ത്രിക്കാൻ ഓടിനടക്കുകയാണെന്നാണ് ദന്തഡോക്ടർമാരിൽനിന്നു കിട്ടിയ വിവരം.

എത്ര ആഗ്രഹിച്ചാലും 32 പല്ലു തികച്ചു കിളിർക്കാത്ത സവിശേഷ അവസ്ഥയുമുണ്ടെന്നാണ് ദന്തഡോക്ടർമാർ പറയുന്നത്. ഹൈപ്പോഡോണ്ടിയ എന്നൊരു പേരും അതിനുണ്ട്.

രണ്ടുമുതൽ ഏഴുവരെ ശതമാനം പേർക്ക് ഈ രോഗമുണ്ടാവാം എന്നാണ് അപ്പുക്കുട്ടനു കിട്ടിയ ദന്തോപദേശം.

എന്നാൽ, 32ൽ കൂടുതൽ പല്ലുള്ള ഭാഗ്യവാന്മാരുമുണ്ട്. ലോകത്തിപ്പോൾ ഏറ്റവും കൂടുതൽ പല്ലുള്ളത് ഒരു ഇന്ത്യക്കാരനുതന്നെയാണ്: വി.എ.വിജയകുമാർ. ഈ ബെംഗളൂരു സ്വദേശിയുടെ വായിലുള്ളത് 37 പല്ലുകൾ. ഈ പല്ലുകൾ ഇപ്പോൾ ഗിന്നസ് റെക്കോർഡ് ബുക്കിൽ കയറിയിരുന്നു ചിരിക്കുകയാണ്.

ശ്ശോ എന്നു പല്ലു കടിച്ചുപോകുന്ന ഒരു അബദ്ധ പ്രസ്താവനയും വിജയകുമാറിന്റെ നാവിൽനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

എന്തുകൊണ്ടെന്നാൽ, വായിലുള്ളത് 37 പല്ലിന്റെ വേലിയാണ്; അതിനുള്ളിൽ നാവ് ഭദ്രം!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA