വിജയയാത്രയ്ക്കു വേണ്ട ശോഭ!

nemam-bjp
SHARE

ബിജെപിയുടെ കേരള  പ്രഭാരി സി.പി.രാധാകൃഷ്ണനും സഹ പ്രഭാരി സുനിൽകുമാറും കേരളത്തിലെ 140 മണ്ഡലങ്ങളിലും യോഗങ്ങൾ വിളിച്ചുചേർത്തു കൊണ്ടിരിക്കുകയാണ്. അതിലെല്ലാം ഒരു ചെറുചിരിയോടെ അവർ മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യമുണ്ട്്: 71 സീറ്റ്! അത് എളുപ്പമല്ലെന്നു കൂട്ടിച്ചേർത്ത് അടുത്ത ലക്ഷ്യവും വയ്ക്കുന്നു: ത്രിശങ്കു സഭ; ഭരിക്കണമെങ്കിൽ ഏതു മുന്നണിക്കും ബിജെപിയെ ആശ്രയിക്കേണ്ടി വരുന്ന അത്രയും സീറ്റ്! 

കേരളത്തിലെ പ്രവർത്തകരെ പ്രോത്സാഹിപ്പിക്കാൻ ഇതുപോലുള്ള ആഹ്വാനങ്ങൾ കുറെക്കാലമായി കേന്ദ്ര നേതൃത്വം നടത്തുന്നുണ്ട്. പക്ഷേ, ഏക സിറ്റിങ് സീറ്റായ നേമം നിലനിർത്താൻ കഴിയുമോ എന്ന കാര്യത്തിൽത്തന്നെ സംസ്ഥാന നേതൃത്വത്തിന് ഉറപ്പു പോരാ. ബിജെപിക്ക് അതീതമായി ഒ.രാജഗോപാലിനു ലഭിച്ച പിന്തുണയും കേരളരാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ ഔന്നത്യവും അനന്തപുരിക്ക് അദ്ദേഹത്തോടുള്ള പ്രത്യേക മമതയുമാണ് 2016ൽ നേമത്തു താമര വിരിയാൻ കാരണമായത്. നവതി പിന്നിട്ട രാജഗോപാൽ ഇത്തവണ മത്സരരംഗത്ത് ഉണ്ടാകാനിടയില്ല. പകരം കുമ്മനം രാജശേഖരനെ നേമത്തു നിർത്താനാണ് പാർട്ടി ഉദ്ദേശിക്കുന്നത്. കേരളത്തിലെ സംഘപരിവാറിന് ഏറ്റവും സ്വീകാര്യനായ ബിജെപി നേതാവ് കുമ്മനമാണ് എന്നതിൽ തർക്കമില്ല. പക്ഷേ, സ്ഥാനാർഥിയായി പരീക്ഷിച്ചപ്പോൾ പാളിയിട്ടേയുള്ളൂ. പാർട്ടിക്കു പുറത്തും ന്യൂനപക്ഷങ്ങൾക്കിടയിലും രാജഗോപാലിനുള്ള സ്വീകാര്യത കുമ്മനത്തിന് അവകാശപ്പെടാൻ കഴിയാതിരിക്കെ, ഏക സിറ്റിങ് സീറ്റിൽത്തന്നെ കളി കടുപ്പമാകും. അപ്പോൾ ബാക്കി സീറ്റുകളിലോ?

അടുക്കുമോ ന്യൂനപക്ഷം? 

തദ്ദേശ, നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകൾ വിശകലനം ചെയ്ത് 44 നിയമസഭാ മണ്ഡലങ്ങൾ ‘എ പ്ലസ്’ വിഭാഗത്തിൽപെടുത്തി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ സാന്നിധ്യത്തിൽ നടന്ന നേതൃയോഗങ്ങളിലെ തീരുമാനം. ഇവിടെ വിജയിച്ചു വരണമെങ്കിൽ രണ്ടു കാര്യങ്ങൾ ഒരുമിച്ചു സംഭവിക്കണമെന്നും നേതൃത്വം വിചാരിക്കുന്നു. ശബരിമല വിഷയമുൾപ്പെടെ ഉയർത്തി ഭൂരിപക്ഷ വോട്ടുകൾ കൂട്ടണം. ഒപ്പം, ക്രിസ്ത്യൻ വോട്ടു കൂടി കിട്ടണം. ഇതോടെ നേതാക്കളും സ്ഥാനാർഥികളാകാ‍ൻ ആഗ്രഹിക്കുന്നവരും ക്രിസ്ത്യൻ പിന്തുണയ്ക്കായുള്ള പരക്കംപാച്ചിലിലാണ്. 

തൃശൂർ ജില്ലയിൽ മത്സരിക്കാനാഗ്രഹിക്കുന്ന പ്രമുഖ നേതാവ് ഇതിനകം മണ്ഡലവുമായി ബന്ധമുള്ള ബിഷപ്പുമാരെയും വികാരിമാരെയും പ്രമുഖരെയും രണ്ടു റൗണ്ട് കണ്ടുകഴിഞ്ഞു. മുൻ ഡിജിപി ജേക്കബ് തോമസിനെപ്പോലുള്ള ഒരുനിര ക്രിസ്ത്യൻ സ്ഥാനാർഥികളെയും പാർട്ടി രംഗത്തിറക്കും. പ്രധാനമന്ത്രിയും മിസോറം ഗവർണർ പി. എസ്.ശ്രീധരൻപിള്ളയും കേരള നേതൃത്വവും നടത്തിയ പരിശ്രമങ്ങളെത്തുടർന്ന് പഴയ അകൽച്ച ഇല്ലാതായി എന്നതിനപ്പുറം, മുന്നണികളെ കൈവിട്ട് ബിജെപിക്കു വോട്ടു ചെയ്യുന്ന അടുപ്പത്തിലേക്കു ന്യൂനപക്ഷം വന്നുവെന്ന വിശ്വാസം നേതാക്കൾക്കില്ല. ശക്തമായ ത്രികോണ മത്സരം നടക്കുമ്പോൾ കേരളത്തിലെ ഒരു മണ്ഡലത്തിൽ ജയിക്കാൻ കുറഞ്ഞത് ശരാശരി 45,000 – 50,000 വോട്ട് വേണം. ന്യൂനപക്ഷ വോട്ട് കൂടി ലഭിക്കാതെ ആ സംഖ്യയിൽ എത്താൻ ബിജെപി സ്ഥാനാർഥിക്കു കഴിയില്ല. വോട്ട് വിഹിതം കൂടുമ്പോഴും വിജയവിഹിതം കേരളത്തിൽ മെച്ചപ്പെടാത്തതിനു വേറെ കാരണം തേടി പോകേണ്ടതുമില്ല. 

ചോരുന്ന എൻഡിഎ

21നു കാസർകോട്ട് യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യുന്ന ജാഥയ്ക്ക് ‘വിജയയാത്ര’ എന്നു പേരിടാൻ തീരുമാനിച്ചുവെങ്കിലും   വിജയങ്ങൾ നൽകുന്ന ശോഭ ബിജെപിക്കു ലഭിക്കുമോ എന്ന ആശങ്കയിലാകും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.  സംഘടനാ തലത്തിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാർട്ടിയും ആർഎസ്എസും സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. നാലു പഞ്ചായത്തുകൾ വീതമുള്ള ഒരു ക്ലസ്റ്റർ രൂപീകരിച്ച് അവിടെ ബൈക്ക് റാലി, പദയാത്ര പോലെ ജനങ്ങളെ ഇളക്കുന്ന പരിപാടികൾ തുടർച്ചയായി സംഘടിപ്പിക്കാനാണ് ഒടുവിലത്തെ തീരുമാനം. 

ശോഭ സുരേന്ദ്രന്റെ ആവശ്യങ്ങൾക്കു മുന്നിൽ മുട്ടുമടക്കാനില്ല എന്ന നിലപാട് സുരേന്ദ്രൻ സ്വീകരിക്കുമ്പോഴും പ്രചാരണത്തിനും മറ്റുമായി അവരുടെ സേവനം ഉപയോഗിക്കാവുന്ന ഒത്തുതീർപ്പും വന്നേക്കാം. അങ്ങനെ പരുക്കുകൾ അകറ്റാൻ ബിജെപി ശ്രമിക്കുന്നുവെങ്കിലും കക്ഷികൾ ചോർന്ന് മുന്നണി കൂടുതൽ ശുഷ്കമാകുന്നു. അതുകൊണ്ടുതന്നെ എൻഡിഎ നേതാക്കളുടെ സാന്നിധ്യം ഉറപ്പുവരുത്തി ബിജെപിയുടെ ബാനറിൽത്തന്നെ ‘വിജയയാത്ര’ നടത്താനാണു തീരുമാനം. നരേന്ദ്ര മോദിക്കും യോഗി ആദിത്യനാഥിനും പിന്നാലെ യാത്രാസമാപനത്തിന് അമിത് ഷായും വന്നേക്കാം. ഇതെല്ലാം ഉയർത്തുന്ന ആവേശത്തള്ളിച്ചയിലും കൂടുതൽ ജയങ്ങൾ എന്ന അദ്ഭുതത്തിനു വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കാനേ ബിജെപിക്ക് ഇപ്പോൾ സാധിക്കൂ.

Content Highlights: Kerala assembly elections: BJP agenda

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA