ADVERTISEMENT

കുറ്റങ്ങൾ മാത്രമല്ല, നന്മകളും കൂടി പറഞ്ഞുകൊടുക്കണം. തിരുത്തലുകൾ മാത്രമല്ല, പ്രോത്സാഹനങ്ങളും കൂടി നൽകണം. പോരായ്മകൾ കണ്ടെത്താനും അവ പറഞ്ഞുപരത്താനുമുള്ള ആവേശം, സത്കർമങ്ങളും കഴിവുകളും തിരിച്ചറിയാനും വളർത്താനും ഉണ്ടായിരുന്നെങ്കിൽ പതിരായിപ്പോയ പലതും കതിരായി വിളഞ്ഞേനെ.

പഴിചാരുന്നതിന്റെ ഇരട്ടി പ്രയത്നം വേണം സുകൃതങ്ങൾ കണ്ടെത്താൻ. കാരണം, കുറ്റങ്ങളിലേക്കും കുറവുകളിലേക്കുമുള്ള ചായ്‌വ് കണ്ണിന്റെയും മനസ്സിന്റെയും സ്വാഭാവിക വൈകല്യമാണ്. മറ്റുള്ളവരുടെ ശരികളും മികവുകളും കണ്ടെത്താനുള്ള ഒരു കോഴ്സ് തുടങ്ങണം; നന്മകളുടെയും കഴിവുകളുടെയും പര്യവേക്ഷണം മാത്രമാകണം സിലബസിന്റെ ഉള്ളടക്കം. എല്ലാ പഠനങ്ങളും അവസാനിക്കുമ്പോഴും അന്യന്റെ തെറ്റുകൾ കണ്ടെത്താനുള്ള പ്രവണത അവസാനിക്കുന്നില്ലെങ്കിൽ പഠിച്ച പാഠങ്ങൾ വരുത്തിവയ്ക്കുന്ന ദുരന്തങ്ങൾ എന്തൊക്കെയായിരിക്കും?

ഏഷണിയുടെയും പരദൂഷണത്തിന്റെയും സ്ഥാനം സുകൃതങ്ങൾക്കു ലഭിച്ചിരുന്നെങ്കിൽ വീശുന്ന കാറ്റിനുപോലും പുണ്യകർമങ്ങളുടെ സുഗന്ധം ഉണ്ടാകുമായിരുന്നു. ശിക്ഷിക്കപ്പെടുന്ന തെറ്റുകൾക്കും പ്രോത്സാഹിപ്പിക്കപ്പെടുന്ന ശരികൾക്കും ആവർത്തനത്തിനുള്ള സ്വാഭാവിക സാധ്യതയുണ്ട്. ചെയ്യരുതാത്തവയുടെ പട്ടിക ലഭിക്കുകയും ചെയ്യേണ്ടവയെക്കുറിച്ചു ധാരണ ഇല്ലാതിരിക്കുകയും ചെയ്യുന്നതുകൊണ്ടാണ് തിന്മകളുടെ പ്രസരണം എളുപ്പമാകുന്നത്. ചെയ്യുന്ന വലിയ ശരികൾപോലും ശ്രദ്ധിക്കപ്പെടുന്നില്ലെങ്കിൽ ശ്രദ്ധിക്കപ്പെടാൻ സാധ്യതയുള്ള ചെറിയ തെറ്റുകളോടു താൽപര്യം തോന്നും. തിന്മകൾക്കു നേരെ ഉയരുന്ന ചൂണ്ടുവിരലുകളെക്കാൾ പ്രധാനമാണ് നന്മകൾക്കു നേരെ ഉയരേണ്ട കയ്യടികൾ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com