മലർക്കെ തുറന്ന പിൻവാതിൽ

HIGHLIGHTS
  • നിരാശരാകുന്ന തൊഴിലന്വേഷകരുടെ ഭാഗത്തുനിന്നു സർക്കാർ ചിന്തിക്കണം
SHARE

വ്യാപക ജനരോഷം ഉയർന്നിട്ടും ആയിരക്കണക്കിന് ഉദ്യോഗാർഥികൾ തെരുവിലിറങ്ങിയിട്ടും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടു പോകുന്നത് അർഹരായ തൊഴിലന്വേഷകരോടുള്ള മഹാപാതകമാണ്. 3 വകുപ്പുകളിലായി 454 പേരെ സ്ഥിരപ്പെടുത്താൻ ബുധനാഴ്ച തീരുമാനിച്ചതിനു പിന്നാലെ, മറ്റു വകുപ്പുകളിലെ ഒട്ടേറെപ്പേരെ സ്ഥിരപ്പെടുത്താൻ തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരുകയുമാണ്. ഊണും ഉറക്കവും ഉപേക്ഷിച്ചു പഠിച്ച് റാങ്ക് പട്ടികയിൽ ഇടംനേടിയ ചെറുപ്പക്കാരുടെ സമരത്തെ അവഗണിച്ച് മുന്നോട്ടുപോകാനുള്ള സർക്കാർ തീരുമാനം കേരളത്തെയാകെ നാണക്കേടിലാഴ്ത്തുന്നു. 

സുപ്രീംകോടതി വിധി ലംഘിച്ച്, ധന, നിയമ വകുപ്പ് ഉദ്യോഗസ്ഥരുടെ എതിർപ്പു വകവയ്ക്കാതെയാണു സർക്കാരിന്റെ നീക്കം. പത്തും അതിലധികവും വർഷമായി താൽക്കാലികമായി ജോലി ചെയ്യുന്നവരെ പെട്ടെന്നു പിരിച്ചുവിടുന്നതിലെ മാനുഷികപ്രശ്നവും നിയമനങ്ങൾ പിഎസ്‌സിക്കു വിടാത്ത സ്ഥാപനങ്ങളിലാണു താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് എന്ന വാദവുമാണു സർക്കാരിന്റെ പ്രതിരോധം. മാറിവരുന്ന സർക്കാരുകൾ കാലാകാലങ്ങളായി സ്വീകരിക്കുന്ന സ്വാർഥലക്ഷ്യങ്ങളോടെയുള്ള നിലപാടാണ് ഇപ്പോൾ അതിന്റെ മൂർധന്യത്തിലെത്തിയിരിക്കുന്നതെന്നതിൽ സംശയമില്ല. സർക്കാർ ശമ്പളം വാങ്ങുന്ന 10,27,260 ജീവനക്കാരുള്ള സംസ്ഥാനത്ത് പിഎസ്‌സി വഴി ജോലിക്കു കയറിയവർ 3,81,862 മാത്രമാണെന്ന കണക്ക് ഇതിന്റെ ഏറ്റവും വലിയ തെളിവാണ്. 1,39,669 എയ്ഡഡ് സ്കൂൾ അധ്യാപകരെയും 96,120 വരുന്ന അങ്കണവാടി വർക്കർമാർ പോലുള്ള ജീവനക്കാരെയും മാറ്റിനിർത്തിയാൽ 4.09 ലക്ഷം പേരും താൽക്കാലിക നിയമനം ലഭിച്ചവരാണ്.

താൽക്കാലിക നിയമനങ്ങളുടെ മറവിൽ ബന്ധുനിയമനങ്ങളും അഴിമതിയും നടത്താനുള്ള രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും താൽപര്യമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു പ്രധാന കാരണം. എല്ലാ സർക്കാരുകളുടെയും കാലത്ത് ഇതുണ്ടാകാറുണ്ടെങ്കിലും ഇപ്പോഴത്തെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എല്ലാ സ്ഥാപനങ്ങളിലേക്കും ഇതു വ്യാപിച്ചു. കിൻഫ്ര, സിഡ്കോ, സ്കോൾ കേരള, സമഗ്രശിക്ഷ കേരള, ലൈബ്രറി കൗൺസിൽ തുടങ്ങിയ സ്ഥാപനങ്ങളിൽ ഇക്കാലയളവിൽ നടന്ന നിയമനങ്ങളുടെ പട്ടിക പരിശോധിച്ചാൽ ഇതു മനസ്സിലാകും. ഇത്തരം ബന്ധുനിയമനങ്ങളുടെ വിവരങ്ങളും അതിലൂടെ ഉദ്യോഗാർഥികൾക്ക് ഉണ്ടാകുന്ന നഷ്ടങ്ങളുമെല്ലാം മലയാള മനോരമ പ്രസിദ്ധീകരിച്ച ‘നമ്മളു കൊയ്യും പണിയെല്ലാം’ എന്ന പരമ്പരയിൽ വിശദമായി അവതരിപ്പിക്കുകയുണ്ടായി. താൽക്കാലിക ജീവനക്കാരിൽനിന്നുള്ള പിരിവിന്റെ തണലിൽ ജീവിക്കുന്ന ഒരു വിഭാഗം യൂണിയൻ നേതാക്കളും ഉദ്യോഗസ്ഥരുമെല്ലാം ഈ അഴിമതിയിൽ പങ്കാളികളാണ്. 

നിയമനം പിഎസ്‌സി വഴി അല്ലാത്തതിനാൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് പിഎസ്‌സി റാങ്ക് ജേതാക്കളെ ബാധിക്കില്ലെന്ന സർക്കാർ വാദവും പൊള്ളത്തരമാണ്. ഒരു സ്ഥാപനം ഉണ്ടാകുമ്പോൾ സർക്കാർ തന്നെയാണ് നിയമനം പിഎസ്‌സിക്കു വിടാനുള്ള നടപടിയെടുക്കേണ്ടത്. എന്നാൽ, നിയമനങ്ങൾ പിഎസ്‌സിക്കു വിട്ടു എന്നു പറയുന്ന സ്ഥാപനങ്ങളിൽ പോലും സ്പെഷൽ റൂൾ തയാറാക്കി നൽകാതെ സർക്കാർ ഉദ്യോഗാർഥികളെ വഞ്ചിക്കുകയാണ്. ഇതുമൂലം വർഷങ്ങൾ കഴിഞ്ഞാലും പിഎസ്‌സിക്കു നിയമനം ഏറ്റെടുക്കാൻ സാധിക്കില്ല. വെയർ ഹൗസിങ് കോർപറേഷനും കേരഫെഡുമെല്ലാം ഇതിനുദാഹരണമാണ്. ഇങ്ങനെ പിഎസ്‌സി റാങ്ക് പട്ടികയിൽ ഉള്ളവർക്കു കിട്ടേണ്ട തസ്തികകൾ താൽക്കാലികക്കാരിലേക്കു വഴിമാറ്റുന്നു. ഉദ്യോഗാർഥികൾക്ക് ഒപ്പമുണ്ട് എന്നു പറയുന്നതിൽ എന്തെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ എക്സിക്യൂട്ടീവ് ഓർഡറിലൂടെ നിയമനം പിഎസ്‌സിക്കു വിടാൻ സാധിക്കും. സ്പെഷൽ റൂൾ പിന്നീടു തയാറാക്കിയാൽ മതി.

കഴിഞ്ഞ ദിവസം മന്ത്രിസഭ സ്ഥിരപ്പെടുത്തിയ ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകരെപ്പോലുള്ളവർ തീർത്തും കരുതൽ അർഹിക്കുന്നവർ തന്നെ. എന്നാൽ, അവരെപ്പോലുള്ളവരെ സ്ഥിരപ്പെടുത്തുന്നതിന്റെ മറവിൽ കാലാകാലങ്ങളിൽ രാഷ്ട്രീയ ചായ്‌വിന്റെ അടിസ്ഥാനത്തിൽ മാത്രം നിയമിക്കപ്പെട്ട മറ്റു വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിന്റെ അടിസ്ഥാനമെന്താണ്? 

മലയാളം മുതൽ മാനസിക വിശകലനശേഷി വരെ കടലോളം വിവരങ്ങൾ പഠിച്ചാണ് ഒരു ഉദ്യോഗാർഥി പിഎസ്‌സി പരീക്ഷയെഴുതുന്നത്. ഒറ്റ മാർക്കിന്റെ വ്യത്യാസത്തിൽ പോലും നൂറുകണക്കിനു റാങ്കിനു പിറകിലായിപ്പോകുന്ന കടുത്ത മത്സരമാണത്. സ്വയം സമർപ്പിച്ചു പഠിച്ചവരാണ് ഓരോ റാങ്ക് പട്ടികയിലും മുന്നിലെത്തുന്നത്. ആ ജീവിതസമരത്തെ അഭിനയമെന്നും പ്രഹസനമെന്നും വിളിച്ചു തള്ളിപ്പറയുന്നതിനു മുൻപ് സർക്കാർ അവരുടെ ഭാഗത്തുനിന്നുകൂടി ചിന്തിക്കാൻ ശ്രമിക്കണം. റാങ്ക് പട്ടികയിലെ അക്കങ്ങളിൽ അനക്കമറ്റു കിടക്കുന്നത് പേരുകൾക്കപ്പുറം പ്രതീക്ഷകളും ജീവിതങ്ങളുമാണ് എന്ന തിരിച്ചറിവ് അതിനു വേണമെന്നു മാത്രം. 

English Summary: Back door confirmation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA