ലഹരിയിൽ വാടുന്ന ഇളംമൊട്ടുകൾ

HIGHLIGHTS
  • ഹൈക്കോടതി ഇടപെടൽ കേരളത്തിനു നൽകുന്ന പ്രതീക്ഷ
idukki-drug-addiction.jpg.image.849
SHARE

ലഹരിമരുന്നിന്റെ കയത്തിലേക്കു വഴുതിവീഴുകയാണു നമ്മുടെ യുവതയിൽ പലരും. ആ ഇരുൾവഴിയിൽ കാണാനാവുന്നത് ജീവിതത്തിന്റെ സൗന്ദര്യം മുഴുവൻ നഷ്‌ടപ്പെടുത്തിയ ചില ചെറുപ്പക്കാരെയാണ്; താലോലിച്ചു വളർത്തിവലുതാക്കിയ സ്വപ്നങ്ങൾ കൈമോശം വന്നു കേഴുന്ന രക്ഷിതാക്കളെയാണ്; കണ്ണിൽ ചോരയില്ലാത്ത ലഹരിക്കച്ചവടക്കാരെയാണ്. കേരളത്തിന്റെ മുന്നിലുള്ള ഏറ്റവും ഭയാനകമായ ഈ ഭീഷണിക്കെതിരെയുള്ള സാമൂഹികമുന്നേറ്റം കാലത്തിന്റെ ആവശ്യം തന്നെയാകുന്നു. അതുകൊണ്ടുതന്നെ, വിദ്യാഭ്യാസസ്ഥാപനങ്ങൾ ലഹരിമുക്തമാക്കാൻ ക്യാംപസ് പൊലീസ് യൂണിറ്റ് ഉൾപ്പെടെ പ്രത്യേക പദ്ധതികൾ നടപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കു ഹൈക്കോടതി നിർദേശം നൽകിയതു കേരളത്തിനു നൽകുന്ന ആശ്വാസവും പ്രതീക്ഷയും ചെറുതല്ല.

നരകത്തിലേക്കാണു ലഹരിവാതിൽ തുറക്കുന്നത്. മുന്നിലുള്ള ശോഭനജീവിതത്തെ മറന്ന് കേരളത്തിലെ എത്രയോ കുട്ടികളും ചെറുപ്പക്കാരും ആ വാതിൽതുറന്ന് ഇരുൾലോകത്തിലേക്കു പ്രവേശിക്കുന്നു. അവരിൽ പലരും പിന്നീടു തിരിച്ചുവരുന്നുമില്ല. ജീവിതത്തെയും രക്ഷിതാക്കളെയും മറന്ന്, ലഹരിവഴിയിലൂടെയുള്ള അവരുടെ യാത്ര നാടിന്റെ ഉറക്കംകെടുത്താൻ പോന്നതാണ്. കേരളത്തിൽ കുട്ടികൾക്കിടയിലും യുവാക്കൾക്കിടയിലും ലഹരി ഉപയോഗം ഏറുകയാണെന്നും അത് എങ്ങനെ തടയുമെന്നതു വലിയ വെല്ലുവിളിയാണെന്നും ചൂണ്ടിക്കാട്ടി, ഹൈക്കോടതി മുന്നോട്ടുവച്ച നിർദേശങ്ങളുടെ പ്രസക്തി ഈ ഭീഷണസാഹചര്യത്തിൽ വർധിക്കുന്നു.

സ്കൂൾ, കോളജ്, ഹോസ്റ്റലുകളിൽ ഉൾപ്പെടെ സംസ്ഥാനാന്തര ഏജന്റുമാരും കടത്തുകാരും വിതരണക്കാരും ഉൾപ്പെട്ട ശൃംഖല പ്രവർത്തിക്കുന്നുവെന്നു കോടതി വ്യക്തമാക്കുന്നുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പൊലീസിന്റെ ലഹരി പരിശോധന നടക്കാത്തതിനാലാണു ക്യാംപസ് പൊലീസ് യൂണിറ്റ് രൂപീകരിക്കാൻ കോടതി നിർദേശിച്ചത്. 3 മാസത്തിനകം നിർദേശങ്ങൾ നടപ്പാക്കണമെന്നും സ്കൂൾ, കോളജ് പരിസരത്തെ ലഹരിവിൽപന പൊലീസ് തടയണമെന്നും കോടതി നിർദേശിക്കുന്നു. വിൽപനക്കാരെക്കുറിച്ചുള്ള വിവരം സ്കൂൾ, കോളജ് അധികൃതരും സമീപവാസികളും സന്നദ്ധ സംഘടനകളും പൊലീസിനെ അറിയിക്കണം. ശിശുക്ഷേമ സമിതികളും ഇതിനെതിരെ പ്രവർത്തിക്കണം. സ്കൂളുകളിൽ ലഹരിവിരുദ്ധ ക്ലബ് ഉണ്ടാവേണ്ടതുണ്ട്.

തിരുവനന്തപുരം, കൊച്ചി തുടങ്ങിയ നഗരങ്ങൾ കേന്ദ്രീകരിച്ചു ലഹരി ഉപയോഗം ഏറുകയാണ്. പതിവായുള്ള വൻ ലഹരി വേട്ടകൾ രാജ്യാന്തര മാഫിയകളുടെ ഇഷ്ടകേന്ദ്രമായി കേരളം മാറിയതിന്റെ സൂചനയാണ്. അതിഥിത്തൊഴിലാളികൾക്കിടയിലും ലഹരി വ്യാപകമാണ്. ഈ സാഹചര്യത്തിൽ ബോധവൽക്കരണം, ലഹരിവിമുക്തി, പുനരധിവാസം എന്നിവ ലക്ഷ്യമിട്ടുള്ള ദേശീയ കർമപദ്ധതിയുടെ ചുവടുപിടിച്ചുള്ള നടപടികൾ ശക്തമാക്കണമെന്നു കോടതി നിർദേശിക്കുകയുണ്ടായി.

സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വർധിക്കുന്നതു ശ്രദ്ധയിൽപെടുത്തി, കോട്ടയം ജില്ലാ പൊലീസ് മേധാവിയായിരുന്ന എൻ.രാമചന്ദ്രൻ എഴുതിയ കത്തിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണു ഡിവിഷൻ ബെഞ്ചിന്റെ നിർദേശങ്ങൾ. ലഹരിമരുന്നുകൾക്കെതിരെ ബോധവൽക്കരണത്തിനപ്പുറം കേരളത്തിൽ കാര്യമായ നടപടി ഉണ്ടാവുന്നില്ലെന്നും ഇന്ത്യയുടെ നർകോട്ടിക് തലസ്ഥാനമായി കേരളം മാറിയെന്നും രാമചന്ദ്രൻ ഇന്നലെ ‘മലയാള മനോരമ’യിൽ എഴുതിയിട്ടുണ്ട്. ലഹരിമരുന്നുകളുടെ ഉപയോഗം കണ്ടുപിടിക്കുന്നതിനുള്ള ഡ്രഗ് ഡിറ്റക്‌ഷൻ കിറ്റുകൾ വ്യാപകമാക്കിയാൽത്തന്നെ ലഹരിമരുന്ന് ഉപയോഗം 50 ശതമാനം കുറയുമെന്നും അദ്ദേഹം പറയുന്നു.

നാളെയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്താൻ ലഹരിമരുന്നു സംഘങ്ങളെ ഒരു കാരണവശാലും നാം അനുവദിച്ചുകൂടാ. ഈ വലിയ ലക്ഷ്യത്തിനുവേണ്ടി കേരളത്തിലെ ലഹരിവിരുദ്ധ പോരാട്ടങ്ങളെല്ലാം ഒരുമിച്ച് ഒരേ ദിശയിൽ മുന്നോട്ടു നീങ്ങുകയും വേണം. വീട്ടന്തരീക്ഷത്തിലെ ശാന്തിയും തുറന്ന അഭിപ്രായവിനിമയങ്ങളും കുട്ടികൾക്കു നൽകുന്ന സ്‌നേഹസമൃദ്ധമായ കരുതലും അവരെ ചീത്തവഴികളിൽനിന്നു പിന്തിരിപ്പിക്കും. നമ്മുടെ കുട്ടികളുടെ ശോഭനഭാവിയുടെ താക്കോൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും കയ്യിലാണെന്നതും മറന്നുകൂടാ. ലഹരി ഉപയോഗം ചെറുക്കാൻ സർക്കാർ സ്വീകരിക്കുന്ന സമയബന്ധിത നടപടികൾ വിലയിരുത്തുന്നതടക്കം, കോടതിയിൽനിന്നുണ്ടാവുന്ന ഇടപെടലുകൾ വലിയൊരു സാമൂഹിക ദൗത്യത്തിന്റെതന്നെ ആമുഖമായി മാറേണ്ടതുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA