രൂപം മാറി, ഭാവം മാറി

thalsamayam..
SHARE

കർഷകസമരം രണ്ടരമാസം പിന്നിടുമ്പോൾ സമരവും അതിനെ സർക്കാർ പ്രതിരോധിക്കുന്ന രീതിയും അപ്പാടെ മാറിയിരിക്കുന്നു. സമരം തുടങ്ങുന്ന സമയത്ത് കൃഷിനിയമങ്ങളുടെ ഗുണങ്ങൾ എണ്ണിപ്പറയാൻ മോദിസർക്കാരിലെ മന്ത്രിമാർ മുതൽ സാമ്പത്തികവിദഗ്ധർ വരെ ഉണ്ടായിരുന്നു. ആ സമയത്ത് പ്രധാനമന്ത്രി മോദി, സമരക്കാർക്കും സർക്കാർ വക്താക്കൾക്കും അതീതനായി മൗനം പാലിച്ചു. കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ ആയിരുന്നു സർക്കാരിന്റെ മുഖം.

റിപ്പബ്ലിക് ദിനത്തിൽ ബാരിക്കേഡുകൾ തകർക്കുകയും ഒരുകൂട്ടം സമരക്കാർ അക്രമാസക്തരാകുകയും ചെയ്തപ്പോൾ സമരം തന്നെ മാറി; അതിന്റെ ധാർമിക അടിത്തറ തകർന്നു. ആ പ്രതിസന്ധി അതിജീവിക്കാൻ കർഷകരെ സഹായിച്ചത് റിപ്പബ്ലിക് ദിനത്തെത്തുടർന്നുള്ള ദിവസങ്ങളിൽ കേന്ദ്രസർക്കാർ ഉരുക്കുമുഷ്ടിയോടെ സമരത്തെ നേരിട്ട രീതിയാണ്. ഈ നടപടികൾ സമരജ്വാല ആളിക്കത്തിക്കാനേ ഉതകിയുള്ളൂ.

സമരത്തിന്റെ തുടക്കത്തിൽ കൃഷിനിയമങ്ങളെപ്പറ്റി സംസാരിക്കാൻ പലരും ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അവരെ കാണാനില്ല. വല്ലപ്പോഴും വല്ല കേന്ദ്രമന്ത്രിയും മിണ്ടിയാലായി. 18 കോടി അംഗങ്ങളുള്ള ബിജെപിയിൽനിന്നാണ് ഈ മൗനം. ആദ്യമാദ്യം സമരത്തെ രാഷ്ട്രീയമായി നേരിടാൻ നാടുനീളെ നിയമങ്ങളെക്കുറിച്ചു വിശദീകരിക്കാൻ പത്രസമ്മേളനങ്ങളും അയൽക്കൂട്ടങ്ങളും നടത്താൻ ബിജെപി പരിപാടിയിട്ടിരുന്നു. എന്നാൽ, അതെക്കുറിച്ച് ഇപ്പോഴാരും സംസാരിക്കുന്നുപോലുമില്ല. സമരത്തെ രാഷ്ട്രീയമായി നേരിടുന്നതിൽ ബിജെപിയുടെ ഭാഗത്തുനിന്ന് ഒരു ശ്രമവും നടക്കുന്നില്ല എന്നതാണു വസ്തുത.

പഞ്ചാബിൽ ബിജെപിക്ക് അധികം എംപിമാരില്ല; സിനിമാതാരം സണ്ണി ഡിയോൾ അടക്കം രണ്ടുപേർ മാത്രം. ഹരിയാനയിൽ പത്തിൽ പത്തു സീറ്റും ജയിച്ചതു ബിജെപിയാണ്. മറ്റൊരു സമരമുഖമായ പടിഞ്ഞാറൻ യുപിയിൽനിന്നുള്ള 29 നിയോജക മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൂടെയാണ്. അതിൽത്തന്നെ 5 എംപിമാർ സമരത്തിൽ ഏറ്റവും സജീവമായിട്ടുള്ള ജാട്ട് സമുദായത്തിൽ നിന്നുള്ളവരും. മേൽപറഞ്ഞവർ ആരും സമരത്തിനെതിരെയോ കൃഷിനിയമങ്ങളുടെ ഗുണങ്ങളെപ്പറ്റിയോ സംസാരിക്കാൻ അധികം മുതിരുന്നില്ല. സംഘപരിവാറും സമരത്തെക്കുറിച്ച് ഏതാണ്ടു നിശ്ശബ്ദമാണ്. കൃഷിനിയമങ്ങൾ മോദിയുടേതു മാത്രമാകുന്നു.

1200-ns-madhavan
എൻ.എസ്. മാധവൻ

കൃഷിനിയമങ്ങൾക്ക് അനുകൂലമായ വികാരം സൃഷ്ടിക്കാൻ ബിജെപി വിമുഖത കാണിക്കുമ്പോൾ മോദിക്കു സമരത്തെ ഭരണയന്ത്രം ഉപയോഗിച്ചു തകർക്കാൻ ശ്രമിക്കുകയല്ലാതെ മറ്റു പോംവഴികളില്ല. സമരനേതാക്കൾ, രാഷ്ട്രീയ ശത്രുക്കൾ, പത്രപ്രവർത്തകർ തുടങ്ങിയവർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്തത് അതാണു ചൂണ്ടിക്കാണിക്കുന്നത്. ഈ രീതിയിലുള്ള നടപടികൾ കടുപ്പിക്കാൻ പോകുന്നുവെന്നതിന്റെ സൂചനയാണ് പാർലമെന്റിൽ മോദി നടത്തിയ പ്രസംഗത്തിലെ ‘ആന്ദോളൻ ജീവികൾ’, ‘വിനാശകരമായ വിദേശ ആശയശാസ്ത്രം’ തുടങ്ങിയ പല പരാമർശങ്ങളും.

കുട്ടികളോടെന്താ ഇങ്ങനെ? 

ധനക്കമ്മിയും നികുതികളും രാജ്യരക്ഷാ ചെലവുമൊക്കെയാണ് കേന്ദ്ര ബജറ്റിനെക്കുറിച്ച് എപ്പോഴുമുള്ള തലക്കെട്ടു വാർത്തകൾ. അതെക്കുറിച്ചുള്ള ചർച്ചകളിൽ ഒരിക്കലും കടന്നുവരാത്തവരാണു കുട്ടികൾ. പറയുമ്പോൾ, ജനസംഖ്യയുടെ 28.6%, 14 വയസ്സിൽ താഴെയുള്ള കുട്ടികളാണ്. ഇത്തവണത്തെ കേന്ദ്ര ബജറ്റ്, കുട്ടികളോടു മുൻ ബജറ്റുകളെക്കാൾ വിവേചനപരമായാണു പെരുമാറിയിട്ടുള്ളത്; അവരോട് ഒട്ടും നീതി പുലർത്തിയിട്ടില്ല. 2020 ഡിസംബറിൽ പുറത്തിറങ്ങിയ നാഷനൽ ഫാമിലി ഹെൽത്ത് സർവേ പ്രകാരം ഇന്ത്യയിൽ കുട്ടികളുടെ പോഷകാഹാരക്കുറവ് ഗുരുതര പ്രശ്നമായിത്തുടരുന്നു. കേരളമടക്കമുള്ള വികസിത സംസ്ഥാനങ്ങളിൽപോലും കുട്ടികളുടെ വളർച്ചമുരടിപ്പ് (stunting) വർധിച്ചു. പോഷകാഹാരം കുട്ടികളിലെത്തിക്കാനുള്ള പ്രധാന വഴി അങ്കണവാടിയാണ്. ബജറ്റിൽ അങ്കണവാടി ഉൾപ്പെടെയുള്ള പദ്ധതികൾക്കായി നീക്കിവച്ചിരിക്കുന്നത് 20,105 കോടി രൂപ; കഴിഞ്ഞ വർഷത്തെ തുക 20,532 കോടി രൂപ. പോഷകാഹാരവുമായി നേരിട്ടു ബന്ധമുള്ള പോഷക് പദ്ധതിക്ക് ഇക്കുറി 2700 കോടി രൂപയാണു ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇത് 3700 കോടി രൂപയായിരുന്നു.

ഈ ബജറ്റിൽ കുട്ടികളോടുള്ള അവഗണന ഇതുകൊണ്ടും തീരുന്നില്ല. വിദ്യാഭ്യാസത്തിനുള്ള ആകെ നീക്കിയിരിപ്പ്, കഴിഞ്ഞ വർഷത്തെ 99,311 കോടി രൂപയിൽനിന്ന് എതാണ്ട് 6000 കോടി കുറവാണ് ഇക്കുറി – 93,244 കോടി രൂപ. ഇതിൽത്തന്നെ സ്കൂൾ വിദ്യാഭ്യാസത്തിന് 5000 കോടി രൂപ കുറച്ചു; ഉന്നതവിദ്യാഭ്യാസത്തിന് ഏകദേശം 1000 കോടി രൂപയും. ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കുന്ന വർഷത്തിലാണ് ഈ വെട്ടിച്ചുരുക്കൽ.

കോവിഡിൽനിന്ന് ഇന്ത്യ പതുക്കെ മോചിതമാകുകയാണ്. രോഗബാധയും ലോക്ഡൗണും മറ്റും കാരണം കുട്ടികളെ അവരർഹിക്കുന്ന രീതിയിൽ ശ്രദ്ധിക്കാൻ പറ്റാതിരുന്ന സമയം. അങ്കണവാടികളും സ്കൂളുകളും കോളജുകളും ദീർഘകാലം അടഞ്ഞുകിടന്നു. ജീവിതം പതിയെ സാധാരണഗതിയിലാകുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ ആവശ്യപ്പെടുന്നതു കുട്ടികളാണ്. അങ്ങനെയുള്ള സന്ദർഭത്തിൽ ധനമന്ത്രിയുടെ കത്രിക കുട്ടികളെ നേരിട്ടു ബാധിക്കുന്ന പദ്ധതികളിൽ ഈ രീതിയിൽ പ്രവർത്തിച്ചതു നിരാശാജനകമാണ്.

സ്കോർപ്പിയൺ കിക്ക്: 

ട്വിറ്ററിനെതിരെ കേന്ദ്ര സർക്കാരും പ്രമുഖ ബിജെപി അനുഭാവികളും ‘കൂ’ എന്ന ആപ് ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു.

കൂകിത്തോൽപിക്കുക!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA