താൽക്കാലികക്കാരിലൂടെ ചിലർക്ക് ‘സ്ഥിരവരുമാനം’!; കച്ചവടമാക്കി നേതാക്കളും ഉദ്യോഗസ്ഥരും

HIGHLIGHTS
  • സ്ഥിരപ്പെടുത്തൽ കച്ചവടമാക്കി നേതാക്കളും ഉദ്യോഗസ്ഥരും
job-series
SHARE

താൽക്കാലിക ജീവനക്കാർ എല്ലാക്കാലത്തും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന രണ്ടു വിഭാഗങ്ങളാണുള്ളത് – സ്ഥാപനങ്ങളിലെ യൂണിയൻ നേതാക്കളും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരും. കരാർ നീട്ടുന്നതിന്റെ, ജോലി സ്ഥിരമാക്കുന്നതിന്റെയൊക്കെ പേരിൽ യൂണിയൻ നേതാക്കൾ പിരിക്കുമ്പോൾ, ജോലിസംബന്ധമായ ഫയലുകൾ പിടിച്ചുവയ്ക്കാതിരിക്കാനാണ് ഉദ്യോഗസ്ഥരെ കാണേണ്ടത്. കിട്ടുന്ന ശമ്പളത്തിന്റെ ഒരു വിഹിതം വാങ്ങുന്ന യൂണിയൻ നേതാക്കളുമുണ്ട്. പ്രതിഷേധിച്ചാൽ അടുത്ത വർഷം ജോലി കാണില്ല; സ്ഥിരമാക്കാനുള്ള പട്ടികയിൽ പേരും.

പിരിവിനും പാർട്ടിയുടെ മറ

‘സഖാവേ... ഈ പിരിവിൽ പങ്കാളികളാകണോ? സിപിഎമ്മിനു ഫണ്ട് കൊടുക്കാനെന്നു പറഞ്ഞ്, 10 വർഷം കഴിഞ്ഞ ജീവനക്കാരെ സ്ഥിരപ്പെടുത്താനെന്ന പേരിൽ ലക്ഷങ്ങൾ പിരിക്കുകയാണ്. പാർട്ടിയുടെ പേരിൽ നടത്തുന്ന ഈ പിരിവിനെക്കുറിച്ച് അന്വേഷണം വേണം–’ കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റിയിലെ (കെഎച്ച്ആർഡബ്ല്യുഎസ്) ഇടത് ആഭിമുഖ്യമുള്ള സംഘടനയിലെ വനിതാ ജീവനക്കാരി മുഖ്യമന്ത്രിക്ക് അയച്ച കത്താണിത്. പിരിവു നടത്തുന്ന സംഘത്തിന്റെ പേരും വിശദാംശങ്ങളും ഉൾപ്പെടെയുള്ള കത്തിൽ ഇതുവരെയും ഒന്നും സംഭവിച്ചില്ല. പക്ഷേ, കത്തെഴുതിയവരെ ‘ഗൂഢസംഘം’ എന്നു വിശേഷിപ്പിച്ച് യൂണിയൻ നേതാവ് തൊഴിലാളികളുടെ വാട്സാപ് ഗ്രൂപ്പിൽ ഒരു മറുപടി നൽകി.

അതിങ്ങനെ: ‘‘2021 ഫെബ്രുവരി 3, ഫെബ്രുവരി 10 ദിവസങ്ങൾ നിർണായകമാണ്. സൊസൈറ്റിയിലെ കരാർ ജീവനക്കാരുടെ സ്ഥിരപ്പെടൽ എന്ന ചിരകാലസ്വപ്നം യാഥാർഥ്യമാക്കുന്ന ദിവസങ്ങളാണിവ... ഇതു തകർക്കാൻ ചില വികല ചിന്താഗതിക്കാർ പരമാവധി ശ്രമിച്ചു. എന്നിട്ടും ഞങ്ങൾ തോറ്റില്ല. കമ്യൂണിസ്റ്റുകാരൻ അവന്റെ ലക്ഷ്യത്തിൽനിന്ന്, എന്തെല്ലാം പ്രതിബന്ധങ്ങൾ ഉണ്ടായാലും പിന്മാറില്ല. എന്തെല്ലാം നുണപ്രചാരണങ്ങൾ നടത്തിയാലും കെഎച്ച്ആർഡബ്ല്യുഎസിൽ ചരിത്രം തിരുത്തിയെഴുതിയിരിക്കും..’’

ഇത്രയും ആത്മവിശ്വാസത്തോടെ നേതാവ് സന്ദേശം നൽകണമെങ്കിൽ നിയമന ഫയൽ അത്രയും ഉറപ്പുള്ള കരങ്ങളിൽ ഭദ്രമാണെന്നു ചുരുക്കം. 9 പേർ ആശ്രിതനിയമനത്തിന് അപേക്ഷിച്ചപ്പോൾ അപേക്ഷ പോലും നൽകാതിരുന്ന ഒരാൾക്കുകൂടി നിയമനം നൽകി ഞെട്ടിച്ച ഗവേണിങ് ബോഡിയാണു സ്ഥാപനത്തിലേത്. അംഗീകരിക്കാൻ പറ്റില്ലെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കുറിച്ച ഫയലിലായിരുന്നു ഈ ‘ജീവകാരുണ്യ പ്രവർത്തനം’.

അവതാരങ്ങൾക്കൊരു ആലയം

സർക്കാരിന്റെ പേരിൽ, പാർട്ടിയുടെ പേരിൽ വഴിവിട്ട കാര്യങ്ങൾ ചെയ്തുതരാമെന്നു പറയുന്ന അവതാരങ്ങളെ സൂക്ഷിക്കണമെന്നു പറഞ്ഞാണ് പിണറായി സർക്കാർ അധികാരമേറ്റത്. എന്നാൽ, അവതാരങ്ങൾ ഇഷ്ടം പോലെ ആടിത്തിമിർത്തു. 

ഡൽഹി കേരള ഹൗസിലെ ഇടതു നേതാവിനെക്കുറിച്ചു ഡൽഹി മലയാളി നൽകിയ പരാതിയിൽ നിന്ന്..

‘‘കേരള ഹൗസിൽ വച്ചാണ് ജീവനക്കാരനായ ഇയാളെ പരിചയപ്പെട്ടത്. കേരള ഹൗസിൽ സ്ഥിരനിയമനങ്ങൾ നടക്കാൻ പോകുകയാണെന്നും ജോലി ശരിയാക്കിത്തരാമെന്നുമായിരുന്നു വാഗ്ദാനം. റിസപ്ഷൻ ജോലിക്ക് 5 ലക്ഷം രൂപ, ഡ്രൈവർ, റൂം ബോയ്, കന്റീൻ എന്നിവിടങ്ങളിലേക്കായി 3 ലക്ഷം രൂപയും പാർട്ടി ഫണ്ടിലേക്കു വേണമെന്നു പറഞ്ഞു. ഞങ്ങളുടെ മുന്നിൽ വച്ചു തന്നെ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരാളുമായി സംസാരിച്ചിരുന്നു. ‘PA TO CM’ എന്ന പേരിൽ സേവ് ചെയ്ത ഒരു ഫോൺ നമ്പർ കാണിക്കുകയും ചെയ്തു. അൻപതിനായിരം രൂപ നൽകി ഉടനെ ബുക്ക് ചെയ്തില്ലെങ്കിൽ ഒഴിവ് കാൻസൽ ചെയ്യും എന്നു പറഞ്ഞു. ഇതെത്തുടർന്ന് 102–ാം മുറിയിൽ വച്ചു 3 കുടുംബങ്ങൾ പണം കൈമാറി. പിന്നീട് ഇയാളെ വിളിച്ചിട്ടു ഫോണിൽ ഇതുവരെ ലഭിച്ചില്ല. പണം നൽകിയതിനു തെളിവോ മറ്റു കാര്യങ്ങളോ ഇല്ലാത്തതിനാൽ നിയമപരമായി നീങ്ങാൻ ഞങ്ങൾക്കു പ്രയാസമാണ്.’’

പരാതി സംബന്ധിച്ച 2800/C1/2020/KH ഫയൽ പൂഴ്ത്തിയ ശേഷം ഇങ്ങനെയൊരു പരാതിയേ ഇല്ലെന്നാണ് അധികൃതരുടെ വിശദീകരണം. ആരോപണം നേരിട്ടയാൾക്കെതിരെ അന്വേഷണമോ നടപടിയോ ഇല്ലെന്നു മാത്രമല്ല, അനർഹമായ സ്ഥാനക്കയറ്റം നൽകാനുള്ള ശ്രമത്തിലുമാണ് സർക്കാർ.

വീണ്ടും തിരുകിക്കയറ്റൽ

പിൻവാതിൽ നിയമനവും സ്ഥിരപ്പെടുത്തലുമൊക്കെ സജീവ ചർച്ചയായിട്ടും സിഡിറ്റിലെ തിരുകിക്കയറ്റൽ നടപടികൾ തുടരുന്നു. സ്പെഷൽ റൂൾസ് തയാറാക്കലിന്റെ മറവിൽ പാർട്ടിക്കും സർക്കാരിനും വേണ്ടപ്പെട്ടവർക്കായാണ് ഇപ്പോഴത്തെ ശ്രമം. 10 വർഷം പോലും കാലാവധി പൂർത്തിയാക്കാത്തവരും പുതിയ പട്ടികയിൽ ഇടം നേടും. സിഡിറ്റിനായി തയാറാക്കിയ സ്പെഷൽ റൂൾസിൽ 27 തസ്തികൾ നേരിട്ടുള്ള നിയമനത്തിനായി മാറ്റിവച്ചിരിക്കുകയാണ്. സിഡിറ്റിൽ നിയമിക്കപ്പെട്ട് ഡപ്യൂട്ടേഷനിൽ മറ്റിടങ്ങളിൽ ജോലി ചെയ്യുന്നവരുടെ അതേ തസ്തികനാമങ്ങളും യോഗ്യതകളുമാണ് ഇതിൽ പലതും. പ്രോജക്ട് അസോഷ്യേറ്റ്, റിസർച് അസിസ്റ്റന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, സീനിയർ എൻജിനീയർ, സിസ്റ്റംസ് മാനേജർ, സീനിയർ ഡിസൈനർ, കണ്ടന്റ് ഡവലപ്പർ, റിപ്പോർട്ടർ, ജൂനിയർ ടെക്നിഷ്യൻ തസ്തികകളിൽ ജോലി ചെയ്യുന്നവർക്കു സ്ഥിരനിയമനത്തിന് ഇതു വഴിയൊരുക്കും.

അൽപം ആത്മാർഥത

നിയമനം പിഎസ്‌സി വഴി അല്ലാത്തതിനാൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് പിഎസ്‌സി റാങ്ക് ജേതാക്കളെ ബാധിക്കില്ലെന്നാണു സർക്കാർ വാദം. നിയമനങ്ങൾ പിഎസ്‌സിക്കു വിടാൻ സർക്കാർ തന്നെയാണു നടപടിയെടുക്കേണ്ടത്. ഉദ്യോഗാർഥികളുടെ കണ്ണിൽ പൊടിയിടാൻ പിഎസ്‌സിക്കു വിട്ടു എന്നുപറയുന്ന സ്ഥാപനങ്ങളിൽപോലും സ്പെഷൽ റൂൾ തയാറാക്കി നൽകില്ല. ഇതു മൂലം വർഷങ്ങൾ കഴിഞ്ഞാലും പിഎസ്‌സിക്കു നിയമനം ഏറ്റെടുക്കാൻ സാധിക്കില്ല.

അൽപം ആത്മാർഥതയുണ്ടെങ്കിൽ എക്സിക്യൂട്ടീവ് ഓർഡറിലൂടെ നിയമനം പിഎസ്‌സിക്കു വിടാൻ സാധിക്കും. സ്പെഷൽ റൂൾ പിന്നീടു തയാറാക്കിയാൽ മതി. വെയർ ഹൗസിങ് കോർപറേഷനിലെ നിയമനം 1985ൽ പിഎസ്‌സിക്കു വിട്ടതാണ്. ഇതുവരെ സ്പെഷൽ റൂൾ തയാറായിട്ടില്ല. മത്സ്യഫെഡ് നിയമനം പിഎസ്‌സിക്കു വിട്ടു കാൽനൂറ്റാണ്ടു കഴിഞ്ഞാണു സ്പെഷൽ റൂൾ തയാറായത്. ഇതിനോടൊപ്പം വിട്ട കേരഫെഡിൽ കരടു ചട്ടങ്ങൾപോലും തയാറായിട്ടില്ല. വനിതാ വികസന കോർപറേഷൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളിലെ നിയമനം പിഎസ്‌സിക്കു വിട്ടതാണെങ്കിലും ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ല. ഏതു സർക്കാർ ഭരിച്ചാലും ഇതു തന്നെയാണ് അവസ്ഥ.

അനെർട്ട്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ്, കേരള ബുക് മാർക്കറ്റിങ് സൊസൈറ്റി, കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി, ഫോക്‌ലോർ അക്കാദമി, കെഎച്ച്ആർഡബ്ല്യുഎസ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ്, ലളിതകലാ അക്കാദമി, മീഡിയ അക്കാദമി, സാഹിത്യ അക്കാദമി, നിർമിതികേന്ദ്ര, യൂത്ത് വെൽഫെയർ ബോർഡ്, എൽബിഎസ് സെന്റർ, നാറ്റ്പാക്, റീജനൽ കാൻസർ സെന്റർ, സിഡിറ്റ്, കേപ്, വനിതാ കമ്മിഷൻ, മനുഷ്യാവകാശ കമ്മിഷൻ, ഇൻഫർമേഷൻ കമ്മിഷൻ, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ, വൈദ്യുതി റഗുലേറ്ററി കമ്മിഷൻ, ലോകായുക്ത, മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷൻ, ചലച്ചിത്ര അക്കാദമി, ബേക്കൽ റിസോർട്സ് ഡവലപ്മെന്റ് കോർപറേഷൻ, ഹോർട്ടികോർപ്, നോർക്ക തുടങ്ങിയ സ്ഥാപനങ്ങളിലെ നിയമനം ഇതുവരെ പിഎസ്‌സിക്കു വിട്ടിട്ടുമില്ല.

ഉദ്യോഗാർഥികളുടെ സമരത്തെ അഭിനയമെന്നും നാടകമെന്നും വിളിച്ചു പുച്ഛിക്കുമ്പോൾ ഒരിക്കലെങ്കിലും അവർ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ചു ചിന്തിക്കാൻ മന്ത്രിമാരും നേതാക്കളും ശ്രമിക്കണം. റാങ്ക് ലിസ്റ്റിലുള്ള എല്ലാവർക്കും ജോലി കൊടുത്തില്ലെങ്കിലും തസ്തികകൾ വഴിമാറ്റി അർഹതപ്പെട്ട ജോലി ഇല്ലാതാക്കരുത്. രാഷ്ട്രീയ താൽപര്യങ്ങളും ബന്ധുനിയമനങ്ങളും ഇല്ലാതാക്കുന്നത് വെറും ജോലി മാത്രമല്ല, ചില ജീവിതങ്ങളെയുമാണ്. 

questions

കോടതി പറയുന്നത് 

കർണാടക സർക്കാരും ഉമാദേവിയും തമ്മിലുള്ള കേസിൽ സുപ്രീം കോടതിയുടെ സുപ്രധാന വിധി ഇങ്ങനെ:

തീയതി: 10–4–2006

ജഡ്ജിമാരായ വൈ.കെ.സബർവാൾ, അരുൺ കുമാർ, ജി. പി.മാഥൂർ, സി.കെ.താക്കർ, പി.കെ.ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ വിധി. 

പൊതുസ്ഥാപനങ്ങളുടെ കീഴിൽ ഉടലെടുക്കുന്ന അവസരങ്ങളിൽ തുല്യത എന്നത് ഭരണഘടനയുടെ അടിസ്ഥാനം. അടുക്കും ചിട്ടയുമില്ലാത്ത വിധത്തിലും പ്രത്യേകതരം പരിഗണനകൾ നൽകിയും നികത്തേണ്ടതല്ല താൽക്കാലിക ഒഴിവുകൾ. ഭരണഘടനയുടെ 309–ാം വകുപ്പു പ്രകാരം മാത്രം നിയമനങ്ങൾ നടത്തേണ്ട മാതൃകാ തൊഴിൽദാതാവാണ് സർക്കാർ. ഏറെക്കാലമായി താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നു എന്നത് അയാൾക്ക് ആ തസ്തികയിലേക്കുള്ള അവകാശമായി മാറുന്നില്ല. പരസ്യം നൽകി, എല്ലാ തൊഴിലന്വേഷകർക്കും അവസരം നൽകി, കൃത്യമായ തിരഞ്ഞെടുപ്പു ചട്ടങ്ങൾ പാലിച്ച് നിയമനം നടത്തണം. അല്ലെങ്കിൽ അതു ഭരണഘടനയുടെ ലംഘനമാണ്. കരാർ ജോലിയാണെങ്കിൽ, അതിന്റെ സാധുത കരാർ കാലാവധി അവസാനിക്കുന്നതോടെ അവസാനിക്കും. അവസാന അവസരമായി, നിലവിൽ 10 വർഷം പൂർത്തിയാക്കിയവരെ മാത്രം സ്ഥിരപ്പെടുത്താം. ഈ ഉത്തരവിനു ശേഷം ഒരു തരത്തിലും സ്ഥിരപ്പെടുത്തൽ അനുവദിക്കാനാവില്ല. 

(അവസാനിച്ചു)

തയാറാക്കിയത്: റെഞ്ചി കുര്യാക്കോസ്, ജയൻ മേനോൻ, ജയചന്ദ്രൻ ഇലങ്കത്ത്, എം.ആർ.ഹരികുമാർ, വി.ആർ.പ്രതാപ്, ജോജി സൈമൺ, കെ.പി.സഫീന. 

സങ്കലനം: നിധീഷ് ചന്ദ്രൻ  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA