ADVERTISEMENT

കോവിഡിനു ശേഷം കേരളത്തിന്റെ വികസന സാധ്യതകൾ വർധിച്ചിട്ടുണ്ടെന്നും അതു കൃത്യമായി കണ്ടെത്തി പ്രയോജനപ്പെടുത്താൻ  കഴിയണമെന്നും നിയുക്ത ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയി. സർക്കാരിന്റെ സേവനം ലഭിക്കുന്ന ഓഫിസുകളെല്ലാം സെന്റർ ഓഫ് എക്സലൻസ് ആയി മാറണം. കോവിഡ് വാക്സിനേഷൻ പൂർത്തീകരണം ഉൾപ്പെടെ വെല്ലുവിളികൾ കേരളത്തിനു മുന്നിലുണ്ട്. വി.പി.ജോയി സംസാരിക്കുന്നു:

? ഏഴു വർഷത്തെ കേന്ദ്രസർക്കാർ ദൗത്യത്തിനു ശേഷം കേരളത്തിലെത്തി ചീഫ് സെക്രട്ടറിയുടെ സ്ഥാനമേറ്റെടുക്കുമ്പോൾ എന്താണു മനസ്സിൽ? 

ജനിച്ച്, പഠിച്ചുവളർന്ന നാട്ടിൽ ജോലി ചെയ്യാൻ കഴിയുകയെന്നതു സന്തോഷകരമാണ്. 1989 മുതലുള്ള സിവിൽ സർവീസ് കരിയറിൽ 13 വർഷമാണു കേന്ദ്ര സർവീസിലുണ്ടായിരുന്നത്. ബാക്കിയുള്ള കാലം മുഴുവൻ കേരളത്തിൽ തന്നെയായിരുന്നു. ഏതു സ്ഥാനത്താണ് എന്നതിനെക്കാൾ അവിടെയിരുന്ന് സമൂഹത്തിനു വേണ്ടി എന്തു ചെയ്യുന്നു എന്നതാണു പ്രധാനം. 

? ഒരുപാടു പ്രതിസന്ധികൾക്കിടയിലാണ് ചീഫ് സെക്രട്ടറി സ്ഥാനത്തെത്തുന്നത്. കേരളത്തിനു മുന്നിലുള്ള വെല്ലുവിളികൾ എന്തൊക്കെയാണ്? 

കോവിഡിനെ മറികടക്കുക എന്നതുതന്നെയാണു വലിയ വെല്ലുവിളി. വാക്സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ട്. കോവിഡ് ലോകത്തെയാകെ മാറ്റിമറിച്ചു. സാങ്കേതികവിദ്യകളിൽ കാതലായ മാറ്റം വന്നു. പുതിയ ഒട്ടേറെ അവസരങ്ങൾ തുറക്കുന്നു. ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താനുള്ള കഴിവ് കേരളത്തിനുണ്ട്. അവസരങ്ങൾ തിരിച്ചറിഞ്ഞ് വിനിയോഗിക്കാൻ കേരളത്തെ ഒരുക്കുക വലിയ ഉത്തരവാദിത്തമാണ്. തൊഴിൽ നൈപുണ്യം വളർത്തിയെടുക്കേണ്ടതുണ്ട്. ആരോഗ്യം ഉൾപ്പെടെ ഒട്ടേറെ മേഖലകളിൽ കേരളം ദേശീയതലത്തിൽ മുന്നിലാണ്. എന്നാൽ, ഉന്നതവിദ്യാഭ്യാസരംഗത്ത് ആ നേട്ടമുണ്ടാക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല. 

? വെല്ലുവിളികൾക്കൊപ്പം സാധ്യതകളും ഉയർന്നു വരുന്നില്ലേ? 

തീർച്ചയായും. 1960കളിൽ സിംഗപ്പൂരും കേരളവും ഏതാണ്ട് ഒരു പോലെയായിരുന്നുവെന്നു കേട്ടിട്ടുണ്ട്. അവിടെ നിന്ന് സിംഗപ്പൂർ ലോകത്തിലെ ഏറ്റവും വികസിത സമൂഹമായി വളർന്നു. ലോകത്തിലെ മികച്ച മാതൃകകൾ കണ്ടെത്തി അതു നടപ്പാക്കുകയാണ് അവർ ചെയ്തത്. കേരളത്തിനും ഇപ്പോൾ അതിനു കഴിയും. ലോകരാജ്യങ്ങളുടെ സേവന കേന്ദ്രമായി മാറാനുള്ള ശേഷി കേരളത്തിനുണ്ട്. ആഗോളതലത്തിൽ കേരളത്തിൽ നിന്നുള്ള നഴ്സുമാരുടെ കഴിവ് അംഗീകരിക്കപ്പെട്ടതാണ്. അതുപോലെ മറ്റനേകം മേഖലകളിലും കേരളത്തിനു മുന്നേറാനാകും. ജീവിതനിലവാരത്തിൽ യൂറോപ്യൻ രാജ്യങ്ങളോടു കിടപിടിക്കുന്ന കേരളത്തിന് ഏഷ്യയിലെ ഉന്നതവിദ്യാഭ്യാസഹബുകളിലൊന്നായി മാറാനാകും. കേരളത്തിലെ വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസത്തിന് ഇതര സംസ്ഥാനങ്ങളിലേക്കു പോകുന്ന സ്ഥിതിയെങ്കിലും ആദ്യം മാറ്റണം. അതുപോലെ തന്നെ രാജ്യാന്തര കമ്പനികളെ കേരളത്തിലേക്കു ക്ഷണിക്കണം. ഇങ്ങനെയുള്ള കമ്പനികൾക്ക് 1 ലക്ഷം കോടി രൂപയാണ് പ്രൊഡക്ഷൻ ഇൻസെന്റീവ് ആയി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. 

? പക്ഷേ, വൻകിട പദ്ധതികൾക്ക് കേരളം അനുയോജ്യമല്ലെന്ന ധാരണ ഇപ്പോഴുമില്ലേ? 

കേരളത്തിന് അനുയോജ്യം ചെറുകിട സംരംഭങ്ങളാണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള, വീടുകൾ കേന്ദ്രീകരിച്ചുള്ള സംരംഭങ്ങൾക്ക് വലിയ സാധ്യതയുണ്ട്. കണക്ടിവിറ്റി ഉൾപ്പെടെയുള്ള അനുകൂല ഘടകങ്ങൾ പ്രയോജനപ്പെടുത്തണം. അതുപോലെത്തന്നെ കേരളം വലിയൊരു വിപണിയാണ്. ആ വിപണിക്ക് ആവശ്യമായ ഉൽപന്നങ്ങൾ എന്തുകൊണ്ട് നമുക്കു തന്നെ നിർമിക്കാൻ കഴിയുന്നില്ല? ആത്മനിർഭർ ഭാരത് പോലെ ആത്മനിർഭർ കേരളത്തെക്കുറിച്ചും ചിന്തിക്കാം. കേരളത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഉൽപന്നങ്ങളെക്കുറിച്ചു പഠനം നടത്തണം. അതു കേരളത്തിൽ തന്നെ നിർമിക്കാനുള്ള സാധ്യതകൾ കണ്ടെത്തണം. അത്തരം സാധനങ്ങൾ നിർമിക്കുന്നവരെയും വാങ്ങുന്നവരെയും ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ കൊണ്ടുവരാൻ കഴിയും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളായ വിദഗ്ധരുടെ സേവനം ഇതുപോലെയുള്ള കാര്യങ്ങളിൽ പ്രയോജനപ്പെടുത്താനാകണം. കേന്ദ്ര സർക്കാരിന്റെ 15% ക്യാപ്പിറ്റൽ സബ്സിഡി ഉൾപ്പെടെയുള്ളവ പ്രയോജനപ്പെടുത്താം. മെഡിക്കൽ ഉപകരണ നിർമാണം, മരുന്നു നിർമാണം പോലുള്ള വൻകിട പദ്ധതികൾക്ക് കേരളം അനുയോജ്യമാണ്.  ഓരോ ജില്ലയുടെയും തനതായ ഉൽപന്നങ്ങൾ തിരഞ്ഞെടുത്ത് ലോകവിപണിയിലെത്തിച്ചാൽ വലിയ സാധ്യതയുണ്ട്. 

? പക്ഷേ, സാമ്പത്തിക പ്രതിസന്ധി ഇത്തരം മുന്നേറ്റങ്ങൾക്കൊക്കെ തടസ്സമാകില്ലേ? ധനകാര്യവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനെന്ന നിലയിൽ ഈ പ്രതിസന്ധി മറികടക്കാൻ എന്താണു മാർഗം? 

സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്നതു സത്യമാണ്. എന്നാൽ, അതു വികസനത്തെ ബാധിക്കാത്ത രീതിയിൽ കൈകാര്യം ചെയ്യാനാകും. പണം ചെലവഴിക്കുന്നത് 2 തരത്തിലാണ്–നല്ല രീതിയിലും മോശം രീതിയിലും. അടിസ്ഥാന സൗകര്യവികസനം ഉൾപ്പെടെ നല്ല രീതിയിലുള്ള പണം ചെലവഴിക്കൽ വർധിപ്പിക്കുകയും ധൂർത്ത് ഉൾപ്പെടെ അനാവശ്യച്ചെലവുകൾ നിയന്ത്രിക്കുകയും ചെയ്യുക എന്നതാണു സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള വഴി. ഡിജിറ്റലൈസേഷൻ വഴിയും പേപ്പർലെസ് സംവിധാനം വഴിയും അനാവശ്യ ചെലവു കുറയ്ക്കാം. 

? കേന്ദ്രസർക്കാർ കേരളത്തെ തഴയുന്നു എന്ന പരാതി എല്ലാക്കാലത്തും സംസ്ഥാന സർക്കാരുകൾ ഉന്നയിക്കാറുണ്ട്. എന്തുകൊണ്ടാണ് ഈ അവഗണന? 

ഏതെങ്കിലും സംസ്ഥാനത്തെ തഴയുകയോ മറ്റേതെങ്കിലും സംസ്ഥാനത്തെ അമിതമായി പിന്തുണയ്ക്കുകയോ കേന്ദ്രസർക്കാരിന്റെ രീതിയല്ല. കേന്ദ്രസഹായം നൽകുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. അതു പാലിക്കുക എന്നതാണു സംസ്ഥാനങ്ങളുടെ മുന്നിലുള്ള വെല്ലുവിളി. കൃത്യസമയത്തു പദ്ധതികൾ സമർപ്പിക്കുക, അനുവദിച്ച തുക കൃത്യസമയത്തു ചെലവഴിക്കുക എന്നിവയാണ് ഏറ്റവും പ്രധാനം. സമർപ്പിക്കുന്ന പദ്ധതികളെ കൃത്യമായി പിന്തുടരുകയും വേണം. സ്മാർട് ആയി പ്രവർത്തിക്കുന്ന സംസ്ഥാനങ്ങൾക്ക് സഹായങ്ങളെല്ലാം ലഭിക്കും. 

? ഭരണത്തിരക്കുകൾക്കിടയിൽ വേദാന്തപഠനവും അതിനെ അടിസ്ഥാനമാക്കിയുള്ള ഉപനിഷത് കാവ്യതാരാവലി പോലുള്ള പുസ്തകരചനയുമൊക്കെ എങ്ങനെയാണു മുന്നോട്ടു കൊണ്ടുപോകുന്നത്? 

ചെറുപ്പം മുതൽക്കു തന്നെ, അറിയാത്ത കാര്യങ്ങൾ പഠിക്കാൻ ഇഷ്ടമായിരുന്നു. സയൻസ് പഠിക്കുന്നതു പോലെ തന്നെയാണു വേദാന്തവും പഠിച്ചത്. സംസ്കൃതം അറിയില്ലെങ്കിലും ഉപനിഷത്തുക്കളിലെ ശ്ലോകങ്ങൾ പലതും ഇംഗ്ലിഷ് വിവർത്തനത്തിന്റെ സഹായത്തോടെ അർഥം മനസ്സിലാക്കി പഠിച്ചു തുടങ്ങി. പിന്നെയാണു പദ്യരൂപത്തിൽ മലയാളത്തിലേക്കു വിവർത്തനം ചെയ്തത്.

? 5 ലക്ഷത്തിലേറെ വരുന്ന സംസ്ഥാന സർക്കാർ ജീവനക്കാർക്കു നൽകാനുള്ള സന്ദേശം എന്താണ്? 

ഓരോ തീരുമാനമെടുക്കുമ്പോഴും കേരളത്തെക്കുറിച്ച് ചിന്തിക്കണം. വ്യക്തിപരമായ നേട്ടങ്ങളോ സംഘടനാപരമായ നേട്ടങ്ങളോ ആലോചിച്ചാൽ നമുക്ക് എവിടെയും എത്താൻ കഴിയില്ല. നിർഭാഗ്യവശാൽ നമ്മളിൽ പലരും സംഘടനാതലം വരെ മാത്രമേ ചിന്തിക്കുന്നുള്ളൂ. ഋഗ്വേദത്തിൽ പറയുന്നതുപോലെ മനുഷ്യന് ഒറ്റയ്ക്കു ജീവിക്കാനാകും, പക്ഷേ, കൂട്ടായി നിന്നാലേ മുന്നേറാനാകൂ. 

? കവിത, അക്ഷരശ്ലോകം...അപൂർവമായ ഇഷ്ടങ്ങളാണല്ലോ? 

മറ്റെങ്ങുമില്ലാത്ത മനോഹാരിത മലയാള കവിതയ്ക്കുണ്ട്. പൂന്താനത്തിന്റെ ജ്ഞാനപ്പാന നോക്കൂ, ഡാർവിൻ പരിണാമസിദ്ധാന്തം രചിക്കുന്നതിന് നൂറ്റാണ്ടുകൾക്കു മുൻപാണ് അക്കാര്യം പൂന്താനം എഴുതിയത്. കുമാരനാശാനാണ് ഇഷ്ടകവി. അക്ഷരശ്ലോകം കുട്ടിക്കാലം മുതലുള്ള ഇഷ്ടമാണ്. ഇപ്പോൾ വായിക്കുന്നത് തോമസ് പിക്കെറ്റിയുടെ ‘ക്യാപ്പിറ്റൽ ഇൻ ദ് ട്വന്റി–ഫസ്റ്റ് സെ‍ഞ്ചുറി’ എന്ന പുസ്തകമാണ്. 

English Summary: Interview with new chief minister Dr V.P. Joy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com