ADVERTISEMENT

പെട്രോളിന്റെയും ഡീസലിന്റെയും  അനുദിന വിലക്കയറ്റം  വ്യാപകപ്രതിഷേധത്തിനു കാരണമായിട്ടും  കേന്ദ്ര – സംസ്ഥാന സർക്കാരുകൾ  അനങ്ങാതിരിക്കുന്നത് എരിതീയിൽ നിശ്ശബ്ദം എണ്ണയൊഴിക്കുക തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. സംസ്ഥാനത്തു പലയിടത്തും പെട്രോൾ വില ലീറ്ററിന് 90 രൂപ പിന്നിട്ടുകഴിഞ്ഞു. ഡീസൽവിലയും  കൈവിട്ട് ഉയരുന്നു . ഇതോടെ‍ാപ്പം, ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയും വീണ്ടും കൂട്ടിയിരിക്കുകയാണ്. ഏറെ മാസങ്ങളായി മുടങ്ങിക്കിടക്കുന്ന സബ്സിഡി പുനഃസ്ഥാപിക്കുന്ന കാര്യം അനിശ്ചിതത്വത്തിൽ തുടരുമ്പോഴും സിലിണ്ടറിന് 50 രൂപ കൂട്ടിയെന്ന വിവരം സാധാരണക്കാർക്ക് ഇന്നലെ രാത്രി കിട്ടിയ ഇരുട്ടടിയായി.

പെട്രോൾ, ഡീസൽ എന്നിവയിൽനിന്ന് ഇപ്പോൾ നികുതിവരുമാനമായി ലഭിക്കുന്ന കോടികളിൽ കുറച്ചെങ്കിലും വേണ്ടെന്നുവയ്ക്കാനുള്ള കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും താൽപര്യക്കുറവ് ജനങ്ങൾക്കു കനത്ത ആഘാതമായി മാറുന്നുവെന്നതാണു യാഥാർഥ്യം. വില നിയന്ത്രിക്കാനുള്ള  അടിസ്ഥാന ഉത്തരവാദിത്തം സൗകര്യപൂർവം വിസ്മരിച്ച്, നികുതി കുറയ്ക്കില്ലെന്ന കടുത്ത നിലപാടാണ് ഇരുകൂട്ടരും സ്വീകരിക്കുന്നത് എന്നതു സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നു. 

ഇതിനിടെ, പെട്രോളിന്റെയും ഡീസലിന്റെയും അധിക നികുതി പിൻവലിച്ച് അസമിൽ ജനപ്രിയ ബജറ്റ് അവതരിപ്പിച്ചതു തിരഞ്ഞെടുപ്പിനുമുൻപുള്ള ഉദാരതാപ്രകടനം തന്നെയാണെങ്കിലും അതുകൊണ്ടു ജനങ്ങൾക്കുണ്ടായ ആശ്വാസം വലുതാണ്. അവിടെ രണ്ടിനും ലീറ്ററിന് 5 രൂപ വീതമാണു കുറയുന്നത്. കോവിഡ് ചികിത്സയ്ക്കായി കൂടുതൽ പണം കണ്ടെത്താനാണ് അധിക ഇന്ധന നികുതി ചുമത്തിയതെന്നും രോഗികളുടെ എണ്ണം സാരമായി കുറഞ്ഞതിനാൽ ഇനി നികുതിയുടെ ആവശ്യമില്ലെന്നും വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിച്ച് ധനമന്ത്രി ഹിമന്ത ബിശ്വ ശർമ പറയുകയുണ്ടായി. 

എണ്ണക്കമ്പനികളാണു വില നിശ്ചയിക്കുന്നതെന്നും കേന്ദ്രസർക്കാരിന് ഒന്നും ചെയ്യാനില്ലെന്നുമുള്ള വാദത്തിന്റെ പൊള്ളത്തരം ജനം മനസ്സിലാക്കിക്കഴിഞ്ഞു. കോവിഡ് പ്രതിസന്ധിക്കു ശേഷം എണ്ണ ഉൽപാദക രാജ്യങ്ങൾ വില കൂട്ടിയതാണ് ഇന്ധന വിലവർധനയ്ക്കു കാരണമെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം കൊച്ചിയിൽ  കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ കൈകഴുകുന്നതു നാം കണ്ടു. പെട്രോളിനും ഡീസലിനും ഉപയോക്താക്കൾ നൽകുന്ന തുകയിൽ പകുതിയിലേറെയും കേന്ദ്ര, സംസ്ഥാന നികുതികളാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ എക്സൈസ് ഡ്യൂട്ടി കേന്ദ്രസർക്കാരിനു കുറയ്ക്കാവുന്നതേയുള്ളൂ എന്നാണു ജനവികാരം. വില കുറയണമെങ്കിൽ സംസ്ഥാന സർക്കാർ നികുതി കുറയ്ക്കട്ടെ എന്നാണു കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞത്. നികുതി കുറയ്ക്കില്ലെന്ന് മന്ത്രി തോമസ് ഐസക്ക് നേരത്തേ വ്യക്തമാക്കിയിട്ടുമുണ്ട്. 

ഇന്ധനവിലയിലെ കയറ്റം അതിൽ മാത്രം ഒതുങ്ങുന്നതല്ല. നിത്യോപയോഗസാധനങ്ങൾ ഉൾപ്പെടെ സർവ വസ്‌തുക്കളുടെയും വിലക്കയറ്റമാണ് ആത്യന്തിക ഫലം. ഇന്ധനവില കൂട്ടിയപ്പോൾ, സംസ്‌ഥാനത്തിനു ലഭിക്കേണ്ട അധിക വിൽപനനികുതി ഉപേക്ഷിക്കാനുള്ള തീരുമാനമെടുത്ത് മറ്റു സംസ്‌ഥാനങ്ങൾക്കു പോലും മാതൃക കാട്ടിയിട്ടുണ്ട് നേരത്തേ കേരളം. 2011ൽ, ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ പ്രഥമ യോഗത്തിലെ പ്രഥമ തീരുമാനംതന്നെ അതായിരുന്നു. 2005ൽ ഉമ്മൻ ചാണ്ടി സർക്കാർ തന്നെ എടുത്ത സമാന തീരുമാനത്തിന്റെ തുടർച്ചയായിരുന്നു അത്. ഈ വിലവർധന വേളയിലും ജനം അത്തരം ആശ്വാസം പ്രതീക്ഷിക്കുന്നുണ്ട്. 

ദിനംതോറും ഉയരുന്ന ഇന്ധനവില കണ്ടു സാധാരണക്കാരുടെ നെഞ്ചിൽ പെരുകിവരുന്ന ആധി അധികാരികൾ കണ്ടില്ലെന്നു നടിച്ചുകൂടാ. ഇന്ധനനികുതി വികസന–ജനക്ഷേമപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നാണ് കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ വാദമെങ്കിലും കോവിഡ് സാമ്പത്തിക ക്ലേശങ്ങളിലൂടെ ജനങ്ങൾ കടന്നുപോകുമ്പോൾ ഇന്ധനനികുതിയിൽ ഒരളവെങ്കിലും കുറച്ച്, അവരുടെ സാമ്പത്തികഭാരം കുറയ്ക്കേണ്ട ഉത്തരവാദിത്തം തീർച്ചയായും സർക്കാരുകൾക്കുണ്ട്. 

ഏതു മാർഗത്തിലൂടെയാണെങ്കിലും ഈ വിലക്കയറ്റം പിടിച്ചുകെട്ടാനുള്ള ആത്മാർഥവും ഫലപ്രദവുമായ നിലപാടാണ് ഭരണാധികാരികളിൽനിന്നും രാഷ്‌ട്രീയനേതാക്കളിൽനിന്നും ജനം അടിയന്തരമായി പ്രതീക്ഷിക്കുന്നത്. 

English Summary: Petrol, Diesel price - Editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com