ഏതാനും കറുത്ത ഉറുമ്പുകളെയും ചുവന്ന ഉറുമ്പുകളെയും ഒരു ഗ്ലാസ്ജാറിലിട്ടു. ഒന്നും സംഭവിക്കാത്തതുപോലെ അവ പതിവു ചലനങ്ങളിൽ മുഴുകി. അൽപനേരം കഴിഞ്ഞ് ജാർ ശക്തമായി കുലുക്കിയ ശേഷം മേശപ്പുറത്തുവച്ചു. ജാർ ഇളകിയതോടെ പരിഭ്രാന്തരായപോലെ കറുത്ത ഉറുമ്പുകളും ചുവന്ന ഉറുമ്പുകളും പരസ്പരം ഏറ്റുമുട്ടാൻ തുടങ്ങി. പുറത്തുനിന്ന് ജാർ ഇളക്കി ഇവരെ ‘ശത്രുക്കളാക്കിയ’ ആളെക്കുറിച്ച് അവരെന്തറിയുന്നു!
പുറത്തുനിൽക്കുന്നവർ നടത്തുന്ന ഒളിപ്പോരുകളാണ് അന്തഃഛിദ്രങ്ങളുടെ പ്രധാന കാരണം. ഏതു സംഘടിത ശ്രമത്തെയും പരാജയപ്പെടുത്താൻ അണുബോംബുകളോ വെടിക്കോപ്പുകളോ വേണ്ട. സംഘങ്ങളുടെ ഉള്ളിൽ സംശയവും സ്പർധയും അവർപോലുമറിയാതെ കുത്തിവെച്ചാൽ മതി. ഒരു മേശയ്ക്കു ചുറ്റുമിരുന്നു സംസാരിച്ചാൽ ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയുന്ന പ്രശ്നങ്ങൾ പോലും എക്കാലവും നിലനിൽക്കുന്നത് സ്ഥാപിത താത്പര്യക്കാർ തങ്ങളുടെ സ്ഥിരസാന്നിധ്യം ഉറപ്പിക്കുന്നതുകൊണ്ടാണ്.
പൊതുപ്രശ്നങ്ങൾ സ്ഥിരമായി നിലനിർത്തിക്കൊണ്ട് ഉപജീവനം കഴിക്കുന്നവരുണ്ട്. അവർ ഒരു പ്രശ്നവും അവസാനിക്കാൻ അനുവദിക്കില്ല. പ്രശ്നങ്ങളുടെ ഉപജ്ഞാതാക്കളായ അവർതന്നെ പ്രശ്നപരിഹാരകരുടെ വേഷവും അണിയും. ആൾക്കൂട്ടത്തിന്റെ അതിവൈകാരിക സ്വഭാവത്തെ ചൂഷണം ചെയ്ത് അണയാൻ തുടങ്ങുന്ന തീയും അവർ ആളിക്കത്തിക്കും. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വംശീയതയുടെയും പേരിൽ ഉണ്ടാകുന്ന ഭൂരിഭാഗം വിവാദങ്ങളും ഈ മുതലെടുപ്പുകാരുടെ നിർമിതികളാണ്.
Content Highlight: Subhadhinam