ADVERTISEMENT

നിസ്സഹായന്റെ ശബ്ദത്തിനും നിശ്ശബ്ദതയ്ക്കും ഒരേ വിലയാണ്. അധികാരവും കയ്യൂക്കുമുള്ളവന്റെ മുൻപിൽ അവ ആരും തിരിച്ചറിയില്ല.

ഒരാളെ നിശ്ശബ്ദനാക്കുക എന്നതിനെക്കാൾ മികച്ച തന്ത്രമാണ് അയാളെ തങ്ങൾക്കനുകൂലമാക്കി മാത്രം സംസാരിപ്പിക്കുക എന്നത്. നിശ്ശബ്ദനാക്കിയാൽ നിർദയൻ എന്ന പേരുദോഷം കിട്ടും; അനുകൂലമാക്കി സംസാരിപ്പിച്ചാൽ നയതന്ത്രജ്ഞൻ എന്ന പേരും.

എതിർത്താൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ ഓർത്തു സ്വയം പിൻവലിയുന്നവരുടെ ആനുകൂല്യത്തിൽ സ്ഥാനങ്ങൾ നിലനിർത്തുന്നവരും നേട്ടങ്ങൾ പിടിച്ചുവാങ്ങുന്നവരുമുണ്ട്. മറ്റുള്ളവരുടെ ബലഹീനതകൾക്കു വിലയിട്ട് അവരുടെ അശരണതയെ ചൂഷണം ചെയ്യുന്നവർ ഇല്ലായിരുന്നെങ്കിൽ സ്വാഭാവികനീതി എല്ലാവർക്കും ലഭിച്ചേനെ. കാൽച്ചുവട്ടിലെ മണ്ണ് ഒഴുക്കിക്കളയാൻ ശേഷിയുള്ളവർക്കു മുൻപിൽ ആരാണ് അപ്രിയസത്യങ്ങൾ വിളമ്പുക? എന്തു നഷ്ടം സഹിച്ചും സ്വന്തം നിലനിൽപു സംരക്ഷിക്കുക എന്നതു മാത്രമാകും അവരുടെ പ്രധാന ലക്ഷ്യം.

തെറ്റ് വരുത്തുന്നതല്ല, ചെയ്ത തെറ്റുകളെ ധാർഷ്ട്യവും സ്വാധീനവുമുപയോഗിച്ചു ന്യായീകരിക്കുന്നതാണു വലിയ തെറ്റ്. തെറ്റു ചെയ്യുന്നവരെക്കൊണ്ടല്ല, ചെയ്ത തെറ്റുകളെ മറയ്ക്കാനും ന്യായീകരിക്കാനും ശ്രമിക്കുന്നവരെക്കൊണ്ടും അവയുടെ ഉത്തരവാദിത്തം മറ്റുള്ളവരുടെമേൽ ചാർത്താൻ ശ്രമിക്കുന്നവരെക്കൊണ്ടുമാണു ലോകം അശുദ്ധമാകുന്നത്. 

ദുർബലരുടെ തെറ്റുകൾ ശിക്ഷിക്കപ്പെടും. പ്രബലരുടെ തെറ്റുകൾ ആവർത്തിക്കപ്പെടും. കാരണം ദുർബലർക്കു മുകളിൽ നിയമവും പ്രബലർക്കു ചുറ്റും സ്വാധീനവലയവും ഉണ്ട്. ആളുകളെ നോക്കാതെ പ്രവൃത്തികൾ മാത്രം നോക്കി തീർപ്പുകൽപിക്കാൻ കെൽപുള്ള നിയമവ്യവസ്ഥ ഉണ്ടായാൽ മാത്രമേ, ഒരേ തെറ്റുകൾക്ക് ഒരേ ശിക്ഷ ലഭിക്കുകയുള്ളൂ; തെറ്റുകൾ ആവർത്തിക്കപ്പെടാതിരിക്കുകയുള്ളൂ. ചെയ്യുന്ന ആളുകളുടെ സ്വാധീനശേഷിക്കനുസരിച്ചു തെറ്റുകളെ വിശുദ്ധപാപങ്ങളായും മാരകപാപങ്ങളായും തരംതിരിക്കുന്നത് അവസാനിപ്പിക്കാതെ തെറ്റുകൾ അവസാനിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com