ADVERTISEMENT

മഹാപ്രളയത്തിന്റെ കഷ്ടനഷ്ടങ്ങളിൽനിന്ന്  കരകയറാത്ത ആയിരങ്ങൾ സംസ്ഥാനത്ത് ഇപ്പോഴുമുണ്ട്. ഒരു മനുഷ്യായുസ്സിന്റെ പ്രയത്നമാകെ ഒറ്റദിവസത്തെ വെള്ളപ്പാച്ചിലിൽ ഇല്ലാതായവർ. പലർക്കും സർക്കാർ സഹായം ഇപ്പോഴും ലഭിച്ചിട്ടില്ല. വാഗ്ദാനങ്ങൾ ജലരേഖകളായി. അർഹമായത് ലഭിക്കാത്തവരിൽ ചിലരുടെ ജീവിതനൊമ്പരം കാണുക... 

വിളിച്ചിറക്കിയ ശേഷം പറഞ്ഞു, വീടില്ല

വാഗ്ദാനം: സ്ഥലത്തിനും വീടിനും 10 ലക്ഷം. 

കിട്ടിയത്: പൂജ്യം

∙പാലക്കാട് 

സർക്കാരിന്റെ വാക്കു കേട്ട് ഉള്ള വീടും ഉപേക്ഷിച്ചു പടിയിറങ്ങിയ മായനും കുടുംബവും സർക്കാർ ക്വാർട്ടേഴ്സിൽ അഭയാർഥികളെപ്പോലെ കഴിയാൻ തുടങ്ങിയിട്ട് 2 വർഷം കഴിഞ്ഞു. 2018ലെ പ്രളയകാലത്ത് 10 പേരുടെ മരണത്തിനു കാരണമായ നെന്മാറ അളുവശേരി ചേരുംകാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽനിന്നു പട്ടികജാതി വിഭാഗത്തിൽപെട്ട മായനെയും കുടുംബത്തെയും സർക്കാർ കൈപിടിച്ചിറക്കിയതു ഭൂമി വാങ്ങാൻ 6 ലക്ഷവും വീടിന് 4 ലക്ഷവും വാഗ്ദാനം ചെയ്താണ്. 10 വർഷമായി താമസിച്ചിരുന്ന വീട്ടിൽനിന്നു മായനും ഭാര്യയും മകനും മകന്റെ ഭാര്യയും അവരുടെ കുഞ്ഞും ഇറങ്ങി. ഉടൻ ഭൂമി നൽകുമെന്ന ഉറപ്പിൽ നെന്മാറയിൽ ജലവിഭവ വകുപ്പിന്റെ ക്വാർട്ടേഴ്സിൽ താൽക്കാലികമായി താമസവും തുടങ്ങി.

സർക്കാരിൽനിന്നു പണം ലഭിച്ചാൽ നൽകുമെന്ന ഉറപ്പിൽ മൂന്നേകാൽ സെന്റ് സ്ഥലം ഒരു വ്യക്തി മായനു റജിസ്റ്റർ ചെയ്തു നൽകി. എന്നാൽ, മായന്റെ ഭാര്യയുടെ പേരിൽ സർക്കാർ നൽകിയ ഭൂമിയുള്ളതിനാൽ ഫണ്ട് അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതോടെ മായൻ കെണിയിലായി. പണം നൽകിയില്ലെങ്കിൽ ഭൂമി തിരികെ നൽകണമെന്നായി ഭൂവുടമ. ചേരുംകാട്ടിൽ മുൻപു താമസിച്ചുവന്ന സ്ഥലവും വീടും സർക്കാർ ഏറ്റെടുത്തതോടെ ഇനി അങ്ങോട്ടു പോകാനും കഴിയില്ല.

ഭാര്യയുടെ പേരിലുള്ള വാസയോഗ്യമല്ലാത്ത സ്ഥലം തിരിച്ചെടുത്തിട്ടാണെങ്കിലും ഭൂമിക്കും വീടിനും പണം നൽകണമെന്ന അപേക്ഷയുമായി ഓഫിസുകൾ കയറിയിറങ്ങുകയാണ് ഈ കുടുംബം. മാറിത്താമസിക്കാൻ വീടു ലഭിക്കാത്തതിനാൽ അളുവശ്ശേരിയിലെ ഉരുൾപൊട്ടൽ മേഖലയിൽ ഏതാനും കുടുംബങ്ങൾ താമസിക്കുന്നുണ്ട്.

vachaspati
പ്രളയത്തിൽ ക്യാംപിലേക്കു മാറിയ വചസ്പതി വെള്ളമിറങ്ങിയതിനെത്തുടർന്നു വീട്ടിലെത്തിയപ്പോൾ (ഫയൽ ചിത്രം)

രണ്ടര ലക്ഷത്തിനായി രണ്ടര വർഷം

വാഗ്ദാനം: 4 കുടുംബങ്ങൾക്ക് വീടു നിർമിക്കാൻ 2.5 ലക്ഷം വീതം കിട്ടിയത്: 3 കുടുംബങ്ങൾക്ക് 10,000. ഒരാൾക്കു പൂജ്യം

∙ആലപ്പുഴ

2018ലെ പ്രളയത്തിൽ മുങ്ങിയ കുട്ടനാട്ടിൽ അർഹർക്കെല്ലാം നഷ്ടപരിഹാരം നൽകിയെന്ന് അധികാരികൾ പറയുന്നു. പക്ഷേ, അർഹരെന്ന് കണ്ടെത്തിയ 4 കുടുംബങ്ങൾ ഇപ്പോഴും സഹായത്തിനായി ഓഫിസുകൾ കയറിയിറങ്ങുന്നു. 

കൈനകരി പഞ്ചായത്ത് ഒന്നാം വാർഡ് കുപ്പപ്പുറം പനയ്ക്കൽചിറ എ.ജി.വചസ്പതി, കായലിൽപറമ്പിൽ എസ്.ശുഭരാജ്, അലീന കോട്ടേജിൽ അനിൽകുമാർ, അശ്വതിയിൽ അജയഘോഷ് എന്നിവരാണ് രണ്ടര വർഷമായി അധികൃതരുടെ പിന്നാലെ നടക്കുന്നത്. ശുഭരാജിനു പ്രാഥമിക സഹായമായ 10,000 രൂപ പോലും കിട്ടിയില്ല.4 കുടുംബങ്ങളും 2.5 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അർഹരാണെന്നു കണ്ടെത്തിയിട്ടുണ്ട്. തകർന്നു വീഴാറായ വീടുകളിലാണ് 3 കുടുംബങ്ങൾ കഴിയുന്നത്. അനിൽകുമാറും കുടുംബവും സന്നദ്ധസംഘടന നിർമിച്ചു നൽകിയ ഷെഡിലും.

പാത്തുമ്മയ്ക്കിന്നും ഷെഡ്

പ്രളയത്തിൽ വീട് പൂർണമായി നഷ്ടപ്പെട്ടു 

കിട്ടിയത്: 10,000 രൂപ

∙വയനാട്

രണ്ടു പ്രളയങ്ങൾക്കൊടുവിൽ കുത്തിയൊലിച്ചുപോയതാണു വയനാട് പനമരം ചങ്ങാടക്കടവിലെ കാരത്തൊടി പാത്തുമ്മയുടെ വീട്. 2018ൽ പ്രളയജലം പാത്തുമ്മയുടെ വീടിന്റെ ഒരു ഭാഗവും ചുറ്റുമതിലും കൊണ്ടുപോയി. തൊട്ടടുത്ത വർഷത്തെ പ്രളയത്തിൽ ബാക്കികൂടി തകർന്നടിഞ്ഞു. വാഗ്ദാനങ്ങൾ ഏറെയുണ്ടായെങ്കിലും രണ്ടു വർഷത്തിനിപ്പുറവും ഇവർ അന്തിയുറങ്ങുന്നത് ഒരു ഷെഡിലാണ്! 

pathumma
ചങ്ങാടക്കടവ് കാരത്തൊടി പാത്തുമ്മ സന്നദ്ധസംഘടന നിർമിച്ചു നൽകിയ ഷെഡിനു മുന്നിൽ.

പാത്തുമ്മയും ഇളയ മകനായ ഗുഡ്സ് ഓട്ടോ ഡ്രൈവർ സർഫുദിനും ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം വർഷങ്ങളായി താമസിച്ചിരുന്ന വീടാണു പ്രളയത്തിൽ നിലംപൊത്തിയത്. സർക്കാർ സഹായമായി 10,000 രൂപ ലഭിച്ചതൊഴിച്ചാൽ മറ്റൊന്നും ലഭിച്ചിട്ടില്ലെന്ന് പാത്തുമ്മ പറയുന്നു. പഴയ വീടിന്റെ സ്ഥാനത്തു സന്നദ്ധസംഘടന ഒരു ഷെഡ് നിർമിച്ചു കൊടുത്തു.

വീടിനു വേണ്ടി കലക്ടർ അടക്കമുള്ളവർക്ക് അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഫണ്ട് വരുന്ന മുറയ്ക്ക് പരിഗണിക്കാം എന്നാണു ലഭിക്കുന്ന മറുപടി. ഇവർക്ക് 9 സെന്റ് സ്ഥലം സ്വന്തമായുണ്ട്.

paulose
പൗലോസ് വല്ലൂരാൻ

ഒരു രസീതിന്റെ പേരിൽ

15 ലക്ഷം രൂപയുടെ വിളനാശം. 

കിട്ടിയത്: 30,000 രൂപ

∙എറണാകുളം

കരമടച്ചതിന്റെ രസീത് ഹാജരാക്കിയില്ലെന്ന പേരിൽ അർഹമായ നഷ്ടപരിഹാരം നിഷേധിക്കപ്പെട്ട കഥയാണ് എറണാകുളം ജില്ലയിലെ കാലടി പഞ്ചായത്തിലെ പൗലോസ് വല്ലൂരാന്റേത്. പാട്ടത്തിനെടുത്ത 18 ഏക്കറിലെ കൃഷിയാണു 2018ലെ പ്രളയത്തിൽ നശിച്ചത്. ഇതിൽ, 10 ഏക്കറോളം നെല്ലായിരുന്നു. 4000 വാഴ, പച്ചക്കറികൾ, കപ്പ തുടങ്ങിയവയെല്ലാം നശിച്ചു. 15 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി പൗലോസ് പറയുന്നു.

എല്ലാം ചേർത്തു നഷ്ടപരിഹാരമായി കിട്ടിയതു വെറും 30,000 രൂപ. കരമടച്ച രസീത് ഹാജരാക്കിയില്ലെന്നതാണു നഷ്ടപരിഹാരം കുറയാനുള്ള കാരണമായി ഉദ്യോഗസ്ഥർ പറഞ്ഞത്. നാശനഷ്ടം നേരിട്ടു സന്ദർശിച്ചു ബോധ്യപ്പെട്ട ഉദ്യോഗസ്ഥരാണ്, നിസ്സാര കാരണം പറഞ്ഞ് അർഹമായ നഷ്ടപരിഹാരം ഈ കർഷകനു നിഷേധിച്ചത്.

joy
ജോയി മുട്ടൻതോട്ടിൽ

എറണാകുളം ജില്ലയിലെ മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിലെ കർഷകനായ ജോയി മുട്ടൻതോട്ടിലിനു നഷ്ടപ്പെട്ടത് 7 ലക്ഷത്തോളം രൂപയുടെ വിളകളാണ്. നഷ്ടപരിഹാരം ലഭിച്ചതാകട്ടെ 50,000 രൂപ മാത്രം. 3 ലക്ഷത്തിലധികം രൂപയുടെ വായ്പയെടുത്താണു കൃഷി ചെയ്തിരുന്നത്. പലതവണ ഓഫിസുകൾ കയറിയിറങ്ങിയ ശേഷമാണ് 5 മാസം കഴിഞ്ഞപ്പോൾ 50,000 രൂപ ലഭിച്ചത്. വിളകൾക്ക് ഇൻഷുറൻസ് എടുത്തിരുന്നില്ല.

ഹൈടെക് ആയിപ്പോയി, അല്ലെങ്കിൽ...! 

∙പത്തനംതിട്ട

മത്സ്യക്കൃഷിയും ഹൈടെക് ആയിക്കോട്ടെ എന്നു കരുതിയാണ് റാന്നി അങ്ങാടി പുറത്തേപറമ്പിൽ ജോസ് പി.ഏബ്രഹാം എന്ന മുൻ പ്രവാസി സമ്പാദ്യമെല്ലാം മുടക്കി അക്വാപോണിക്സ് കൃഷി പരീക്ഷിച്ചത്. മത്സ്യവും പച്ചക്കറിയും ഒരുപോലെ പാകപ്പെടുന്ന കൃഷിരീതിയിൽ 2015 മുതൽ ലാഭമായിരുന്നു. മികച്ച ഫലം ലഭിച്ചതോടെ കൂടുതൽ മുതൽമുടക്കിലേക്കു നീങ്ങി. 25 മത്സ്യക്കുളങ്ങളായി. 70 ലക്ഷം രൂപ വായ്പയെടുത്തു നടത്തിയ 2018ലെ കൃഷി പക്ഷേ, ഒരു മനുഷ്യായുസ്സിന്റെ പ്രയത്നഫലം അപ്പാടെ ഒഴുക്കിക്കളയുന്നതായി.

jose
ജോസ് പി.ഏബ്രഹാമും പി.എ.ഏബ്രഹാമും മത്സ്യഫാമിൽ.

മഹാപ്രളയത്തിൽ ജോസിനുണ്ടായ നഷ്ടം സർക്കാർ കണക്കിൽ 1.37 കോടി രൂപയുടേതാണ്. വില്ലേജ് ഓഫിസർ മുതൽ ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വരെ നേരിട്ടെത്തി നഷ്ടം തിട്ടപ്പെടുത്തി സാക്ഷ്യപ്പെടുത്തിയെങ്കിലും ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിച്ചില്ല. വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ ജോസിന്റെ വീടും പറമ്പും ഫാമും ഉൾപ്പെടെ ജപ്തിയുടെ വക്കിലാണ്. 

ഫിഷറീസ് വകുപ്പ് പരമ്പരാഗത മത്സ്യക്കൃഷിക്കു സഹായം പ്രഖ്യാപിച്ചെങ്കിലും ഹൈടെക് കൃഷി എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ ജോസിന്റെ അപേക്ഷ മടക്കി. മത്സ്യക്കൃഷി മേഖലയിൽ പത്തനംതിട്ട ജില്ലയുടെ ആകെ നഷ്ടമായി ഫിഷറീസ് രേഖപ്പെടുത്തിയിരിക്കുന്നത് 1.24 കോടി രൂപ മാത്രമാണ്. ജോസിന്റെ നഷ്ടം ഈ കണക്കിൽ ഉൾപ്പെട്ടില്ല.

ജോസിന്റെ സുഹൃത്തായ റാന്നി ഐത്തല കണ്ണാത്ത്കുഴിയിൽ പി. എ.ഏബ്രഹാമും ഇതേ അവസ്ഥയിൽ തന്നെയാണ്. പ്രളയത്തിൽ 54 ലക്ഷം രൂപയുടെ നഷ്ടമാണ് ഏബ്രഹാമിന്റേത്. ഈ രണ്ടു നഷ്ടങ്ങളും സംസ്ഥാനത്തിന്റെ ആകെ നഷ്ടത്തിൽ ഇടം പിടിച്ചില്ല. ഹൈടെക് കൃഷിയായതിനാൽ പ്രത്യേക പാക്കേജിലൂടെ വേണം നഷ്ടം നികത്താൻ എന്നായിരുന്നു വന്നു കണ്ട ഉദ്യോഗസ്ഥരുടെയെല്ലാം നിലപാട്. എന്നാൽ, പൊതുമാനദണ്ഡത്തിലല്ലാതെ സഹായം നൽകാൻ വകുപ്പില്ലെന്നായിരുന്നു റവന്യു നിലപാട്.

സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ അനുവദിച്ച തുകയിൽ ഇരുവരുടെയും നഷ്ടം നികത്താൻ തുക തികയില്ലെന്നാണു ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ മറുപടി നൽകിയത്. നഷ്ടപരിഹാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇരുവരും മുട്ടാത്ത വാതിലുകളില്ല. പ്രത്യേക പാക്കേജ് അനുവദിക്കണമെന്നു നിർദേശിച്ച് നിയമസഭാ പെറ്റിഷൻസ് കമ്മിറ്റി ജോസിന്റെ അപേക്ഷ ഫിഷറീസിലേക്ക് അയച്ചു. അതൊക്കെ സാധാരണ നടപടിക്രമങ്ങളാണെന്നും കാര്യമില്ലെന്നുമായിരുന്നു ഫിഷറീസ് ഉദ്യോഗസ്ഥരുടെ മറുപടി.

പ്രത്യേക പാക്കേജായി സഹായം അനുവദിക്കണമെന്നു ശുപാർശ ചെയ്ത് കേന്ദ്ര ഫിഷറീസ് ജോയിന്റ് കമ്മിഷണർ സംസ്ഥാന ഫിഷറീസ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. ഇതിന്റെ തുടർനടപടിക്കായി കാത്തിരിക്കുകയാണ് ജോസ്.

സർക്കാർ ഓഫിസുകളിൽ ചോദിച്ചു ചോദിച്ച്

വാഗ്ദാനം: സ്ഥലത്തിനും വീടിനുമായി 10 ലക്ഷം 

കിട്ടിയത്: വീടിന് 4 ലക്ഷം

∙ഇടുക്കി

ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കട്ടപ്പനയിലെ 4 കുടുംബങ്ങൾ ഇപ്പോഴും കഴിയുന്നത് വാടകവീടുകളിൽ. മുളകരമേട് വാഴയിൽ സന്തോഷ്, മുളകരമേട് ചേലകാട്ട് ജിജി ജോസഫ്, കുന്തളംപാറ വിടി പടി യാദവത്തിൽ മിനി രാധാകൃഷ്ണൻ, പാറക്കടവ് തവളപ്പാറ മങ്ങാടംപിള്ളിൽ ഹരി എന്നിവർക്കു വീടുകൾ നഷ്ടപ്പെട്ടത് 2019 ഓഗസ്റ്റിലാണ്. വാടകവീടുകളിൽ അഭയം തേടി. വീടിനും സ്ഥലത്തിനുമായി 10 ലക്ഷം രൂപ നൽകുമെന്നായിരുന്നു സർക്കാർ വാഗ്ദാനം.

santhosh
കട്ടപ്പന മുളകരമേട് വാഴയിൽ സന്തോഷിന്റെ വീടിരുന്ന സ്ഥലത്ത് അവശേഷിക്കുന്ന ഭിത്തി.

വീടു നിർമിക്കാനായി 4 ലക്ഷം രൂപ 2 തവണയായി എല്ലാവർക്കും ലഭിച്ചു. എന്നാൽ, സ്ഥലമില്ലാത്തതിനാൽ വീടു നിർമിക്കാനായിട്ടില്ല. പലരും വീട്ടുവാടക നൽകാനായി ഈ പണത്തിന്റെ ഒരുഭാഗം ചെലവഴിക്കുകയും ചെയ്തു. സ്ഥലം വാങ്ങാനുള്ള പണത്തിനായി സർക്കാർ ഓഫിസുകളിൽ കയറിയിറങ്ങുകയാണിവർ.

അവർ ഇപ്പോഴും വാടകവീട്ടിൽ

വെള്ളവും വഴിയുമില്ലാത്ത മലമുകളിൽ സ്ഥലം വേണ്ടെന്നു പറഞ്ഞു. 

കിട്ടിയത്: പട്ടികയിൽനിന്ന് ഒഴിവാക്കി

∙ഇടുക്കി

2018ലെ പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ടതോടെ ഇടുക്കി അടിമാലി വെള്ളത്തൂവൽ വില്ലേജിലെ 8 കുടുംബങ്ങൾ വാടകവീടുകളിലാണു താമസം. കല്ലാർകുട്ടി ചെമ്മഞ്ചേരിൽ തെയ്യാമ്മ, ശല്യാംപാറ പനക്കൽ സുബൈദ, കത്തിപ്പാറ നാരായണ വിലാസം അമ്മിണി, പനംകുട്ടി കുന്നേൽ സന്ധ്യ ബിജു, പുളിക്കൽ കുന്നേൽ ജോർജ് കുട്ടി, കൈമല പുത്തൻപുരയിൽ അലിയാർ, മുണ്ടുചാലിൽ ശാരദ, പട്ടാളമ്മൻ ഹരിലാൽ, പുളിക്കൽ കുന്നേൽ ജോൺസൺ എന്നിവരുടെ പുനരധിവാസം ഇന്നും ചോദ്യചിഹ്നമാണ്.

george
പനംകുട്ടിയിൽ 2 വർഷം മുൻപ് പ്രളയത്തിൽ തകർന്ന വീടിനു മുന്നിൽ പുളിക്കൽകുന്നേൽ ജോർജ്കുട്ടിയും ഭാര്യയും (ഫയൽ ചിത്രം)

ഇവർക്ക് വെള്ളത്തൂവലിനു സമീപം വൈദ്യുതി വകുപ്പിന്റെ ഭൂമി സർക്കാർ ഏറ്റെടുത്ത് 3 സെന്റ് വീതം നൽകിയിരുന്നു. മലമുകളിലായിരുന്നു ഭൂമി. വഴിയും വെള്ളവും ഇല്ലാത്ത ഭൂമി വേണ്ടെന്നുവച്ചു. പകരം ഭൂമി വേണമെന്ന് ആവശ്യപ്പെട്ടതോടെ സംസ്ഥാന ദുരന്തപ്രതികരണ നിധി (എസ്ഡിആർഎഫ്) 1.90 ലക്ഷം രൂപ അനുവദിച്ച് ഇവരെ പട്ടികയിൽനിന്ന് ഒഴിവാക്കി. എന്നാൽ, ഈ പണം എല്ലാവർക്കും നൽകിയിട്ടില്ല. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു നിവേദനം നൽകിയെങ്കിലും നടപടി നീളുകയാണ്.

റിപ്പോർട്ടുകൾ: സക്കീർ ഹുസൈൻ, കെ. ജയപ്രകാശ് ബാബു, രമേഷ് എഴുത്തച്ഛൻ, മിന്റു പി.ജേക്കബ്, ഷിന്റോ ജോസഫ്, സിജിത്ത് പയ്യന്നൂർ    ഏകോപനം: ജിബി മാത്യു

Content Highlights: Homeless people kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com