പ്രതീക്ഷ നൽകുന്ന ആദ്യ ബൈഡൻ മാസം

US President Joe Biden photo: Stefani Reynolds-Pool/Getty Images/AFP
US President Joe Biden. photo: Stefani Reynolds-Pool/Getty Images/AFP
SHARE

ഒരുമാസം മുൻപ് അധികാരമേൽക്കുമ്പോൾ, യുഎസിൽ പ്രസിഡന്റാകുന്ന ഏറ്റവും പ്രായമേറിയ വ്യക്തി മാത്രമായിരുന്നില്ല ജോ ബൈഡൻ. ഫ്രാങ്ക്ലിൻ ഡി.റൂസ്‌വെൽറ്റിനു ശേഷം ഇത്രയേറെ കടുത്ത ആഭ്യന്തര പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്ന മറ്റൊരു യുഎസ് പ്രസിഡന്റും ചരിത്രത്തിലില്ല.

അമേരിക്കയിൽ 5 ലക്ഷത്തോളം പേരുടെ ജീവനെടുത്ത കോവിഡിനെ നിയന്ത്രിക്കുക എന്നതു തന്നെയാണ് ബൈഡനു നേരിടാനുള്ള ആദ്യ വെല്ലുവിളി. വാക്സിനേഷൻ വ്യാപകമാക്കുക എന്നതും സമ്പദ്‌വ്യവസ്ഥയെ പതനത്തിൽനിന്നു കരകയറ്റുക എന്നതും മുഖ്യം. കാലാവസ്ഥാവ്യതിയാനത്തിന്റെ വെല്ലുവിളികൾ, ഡോണൾഡ് ട്രംപിന്റെ ഭരണശേഷം ആഴത്തിൽ വേരോടിയ ഭിന്നത, വർണവിവേചനം, തീവ്ര വലതു ചിന്താഗതിക്കാരുടെ അക്രമങ്ങൾ... ആഭ്യന്തര തലവേദനകൾ ഏറെയാണ്.

രാജ്യാന്തര തലത്തിലാകട്ടെ, അമേരിക്കയുടെ നേതൃത്വത്തിൽ ലോകരാജ്യങ്ങൾക്കുള്ള  വിശ്വാസം പുനഃസ്ഥാപിക്കേണ്ടതുണ്ട്. സഖ്യകക്ഷി ബന്ധങ്ങൾ പുനർനിർമിക്കണം. രാജ്യാന്തര സ്ഥാപനങ്ങളെ കർമോന്മുഖമാക്കണം. എല്ലാറ്റിലും ഉപരിയായി ചൈന ഉയർത്തുന്ന വെല്ലുവിളികൾ പ്രതിരോധിക്കുകയും വേണം.

ഭരണത്തിന് ഒരുനിമിഷം പോലും പാഴാക്കാനില്ലാത്ത അവസ്ഥയിലാണ് ജോ ബൈഡൻ. അതുകൊണ്ടുതന്നെ ആദ്യ മാസം ഒട്ടേറെ എക്സിക്യൂട്ടീവ് തീരുമാനങ്ങൾ എടുക്കേണ്ടിവന്നു. മുൻപെങ്ങും ഉണ്ടായിട്ടില്ലാത്ത നടപടികളായിരുന്നു ഇവ. ഭരണവേഗം കുറയ്ക്കണമെന്ന് ന്യൂയോർക്ക് ടൈംസ് പത്രാധിപസമിതി ഉൾപ്പെടെ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉഭയകക്ഷി ബന്ധങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ അതിവേഗ തീരുമാനങ്ങൾ ബാധിച്ചേക്കാം എന്ന മുന്നറിയിപ്പാണ് അവരുടേത്. എന്നാൽ, ബൈഡൻ പുതിയ നിയമങ്ങൾ നടപ്പാക്കുകയല്ലെന്നും ട്രംപ് നടപ്പാക്കിയിരുന്ന മോശം നയങ്ങൾ തിരുത്തുക മാത്രമാണെന്നുമാണ് എതിർവാദം.

കോവിഡ് പോരാട്ടം

കോവിഡ് മഹാമാരി തന്നെയാണ് ബൈഡന്റെ ആദ്യ പരിഗണനാ വിഷയം. അതിൽ സുപ്രധാന തീരുമാനങ്ങളും കൈക്കൊണ്ടു. ലോകാരോഗ്യ സംഘടനയിൽനിന്നു പിന്മാറിയ നടപടി മരവിപ്പിച്ചതും കോവിഡ് പ്രതിരോധ നടപടികൾക്ക് കോഓർഡിനേറ്ററെ നിയമിച്ചതും പരിശോധനകളുടെ എണ്ണം വർധിപ്പിച്ചതും 100 ദിവസം കൊണ്ട് 10 കോടി ജനങ്ങൾക്കു വാക്സീൻ എന്ന ലക്ഷ്യത്തോടെ ശക്തമായ പ്രചാരണം ആരംഭിച്ചതും ഉദാഹരണങ്ങളാണ്. 

പൊതുസ്ഥലങ്ങളിലും വിമാനങ്ങളിലും മാസ്ക്കും സാമൂഹിക അകലവും നിർബന്ധമാക്കി. കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയിലായവർക്ക് ഇളവുകളും നൽകിയിട്ടുണ്ട്. ജപ്തി, ഒഴിപ്പിക്കൽ എന്നിവയ്ക്കുള്ള വിലക്ക് ദീർഘിപ്പിച്ചതും വിദ്യാഭ്യാസ വായ്പയുടെ തിരിച്ചടവു നിർത്തിവയ്പിച്ചതും ശ്രദ്ധേയമായി. കോവിഡ്, അനുബന്ധമായ സാമ്പത്തികമാന്ദ്യം, ആരോഗ്യ – പാർപ്പിട – ബിസിനസ് രംഗത്തെ വർണ അസമത്വം എന്നിവയ്ക്കെല്ലാം പരിഹാരമായി നിർദേശിക്കപ്പെട്ടിട്ടുള്ള 1.3 ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജന പാക്കേജ് പാർലമെന്റിന്റെ പരിഗണനയിലാണ്. കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങളാകട്ടെ, പാക്കേജ് ഊതിവീർപ്പിച്ചതും അനാവശ്യവുമാണെന്ന് ആരോപിച്ച് അതിനെ ശക്തമായി എതിർക്കുന്നു.

പരിസ്ഥിതിയോട് അടുത്ത്

ഏറെ പ്രതീക്ഷ നൽകുന്ന പരിസ്ഥിതിനയമാണു ബൈഡന്റേത്. 2050 ആകുമ്പോഴേക്കും ഹരിതഗൃഹവാതക നിർഗമനം അവസാനിപ്പിക്കണം എന്നാണു ലക്ഷ്യം. രാജ്യത്തിന്റെ വിദേശ, ദേശീയ സുരക്ഷാനയങ്ങളിലും പരിസ്ഥിതിക്കു നിർണായക പ്രാധാന്യം നൽകിയിട്ടുണ്ട്. കാലാവസ്ഥാ കാര്യങ്ങളിൽ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധിയായി മുൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറിയെ നിയമിച്ചതു സുപ്രധാന തീരുമാനമാണ്. കീസ്റ്റോൺ എക്സ്‌എൽ പൈപ്‌ലൈൻ നിർമാണം അവസാനിപ്പിച്ചിരിക്കുന്നു. 

പരിസ്ഥിതിസംരക്ഷണത്തിനുള്ള പാരിസ് ഉടമ്പടിയിലേക്കു യുഎസ് തിരിച്ചെത്തി. യുഎസ് അധീനതയിലുള്ള കരയിലും കടലിലും എണ്ണ, പ്രകൃതിവാതക പര്യവേക്ഷണത്തിനു പരിധിയും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ട്രംപ് ഭരണകൂടം പരിസ്ഥിതിസംബന്ധിയായി സ്വീകരിച്ച നൂറിലേറെ നടപടികൾ തിരുത്താനുള്ള ശ്രമവും ആരംഭിച്ചു.

കരുണയോടെ

കുടിയേറ്റമാണ് ബൈഡൻ കാര്യമായി ശ്രദ്ധിക്കുന്ന മറ്റൊരു വിഷയം. ഇസ്‌ലാമിക രാജ്യങ്ങളിൽനിന്നു യുഎസിലേക്കുള്ള യാത്രയ്ക്കു ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയിരുന്ന വിലക്കു പിൻവലിച്ചിട്ടുണ്ട്. അതിർത്തികളിൽ മതിൽ കെട്ടുന്നതു നിർത്തിവച്ചു. കുടിയേറ്റ നിയന്ത്രണത്തിനുള്ള കർശന നടപടികളും വേണ്ടെന്നുവച്ചു. സ്വകാര്യ ജയിലുകൾ പൂട്ടാൻ നടപടി തുടങ്ങി. മാതാപിതാക്കളോടൊപ്പം എത്തുന്ന യുവ കുടിയേറ്റക്കാർക്കുള്ള സംരക്ഷണം ദീർഘിപ്പിച്ചു. രേഖകളില്ലാത്ത കുടിയേറ്റക്കാരെ സെൻസസിൽ നിന്ന് ഒഴിവാക്കുന്ന ഉത്തരവ് അസാധുവാക്കി. അമേരിക്കയിലെ 1.10 കോടി അനധികൃത കുടിയേറ്റക്കാർക്ക് 8 വർഷം കൊണ്ടു പൗരത്വം ഉറപ്പാക്കുന്നതടക്കം വിപുലമായ ലക്ഷ്യങ്ങളുള്ള കുടിയേറ്റ പദ്ധതി കോൺഗ്രസിന്റെ പരിഗണനയ്ക്ക് അയച്ചിരിക്കുകയാണ്.

റഷ്യ, ചൈന, ഗൾഫ്

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിൽ നടത്തിയ വിദേശനയ പ്രഖ്യാപനത്തിൽ പരമ്പരാഗത അമേരിക്കൻ നയതന്ത്രത്തിലേക്കു മടങ്ങുന്നതിന്റെ സൂചനകളാണു ബൈഡൻ നൽകിയത്. ട്രംപ് പലപ്പോഴും പുച്ഛിച്ചു തള്ളിയിരുന്ന ശൈലിയാണിത്. ലോകാരോഗ്യ സംഘടന, പാരിസ് ഉടമ്പടി എന്നിവയ്ക്കൊപ്പം യുഎൻ മനുഷ്യാവകാശ കൗൺസിലിനോടും സഹകരിക്കാനുള്ള തീരുമാനം തുടക്കത്തിലേ ഉണ്ടായി. മ്യാൻമറിൽ ജനാധിപത്യം നിലനിൽക്കാൻ വേണ്ടി ശക്തമായ നിലപാടാണു യുഎസ് ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്. പട്ടാള അട്ടിമറിക്കു നേതൃത്വം നൽകിയ 10 ഉദ്യോഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്തിയതും 3 കമ്പനികളുടെ 100 കോടി ഡോളർ മൂല്യമുള്ള സ്വത്തുക്കൾ മരവിപ്പിച്ചതും ശ്രദ്ധേയ നടപടികളായി.

റഷ്യയുമായുള്ള ന്യൂ സ്റ്റാർട്ട് ഉടമ്പടി 5 വർഷത്തേക്കു ദീർഘിപ്പിച്ചിട്ടുണ്ട്. എന്നാൽ, ട്രംപ് – പുടിൻ സൗഹൃദം പോലെയൊന്ന് ഇപ്പോൾ ഇല്ലാത്തതിനാൽ പരസ്പരബന്ധം മൊത്തത്തിൽ ഊഷ്മളമാകില്ല എന്നാണു മനസ്സിലാക്കുന്നത്. ബൈഡനും പുടിനും തമ്മിലുണ്ടായ സംഭാഷണത്തിൽനിന്ന് ഇതു വായിച്ചെടുക്കാം.

ചൈനയെ ‘ഏറ്റവും ഗൗരവത്തോടെ കാണുന്ന എതിരാളി’ എന്നാണു ബൈഡൻ വിശേഷിപ്പിച്ചത്. രണ്ടുകൂട്ടരുടെയും താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുള്ള സാഹചര്യങ്ങളിൽ ചൈനയുമായി സഹകരിക്കാനുള്ള താൽപര്യവും വ്യക്തമാക്കി. അതേസമയം, ചൈനയുടെ സാമ്പത്തിക നടപടികൾ, മനുഷ്യാവകാശ സംരക്ഷണം, സമ്മർദതന്ത്രങ്ങൾ എന്നിവയ്ക്കെതിരെ കർശന നിലപാടു തുടരും. ഇറക്കുമതിക്കും മറ്റും ട്രംപ് ഏർപ്പെടുത്തിയ നിരക്കുകൾ പലതും നിലനിർത്തും എന്നുതന്നെ കരുതാം.

മധ്യപൂർവദേശത്ത് യെമനിൽ സൗദി അറേബ്യയുടെ നേതൃത്വത്തിൽ നടത്തുന്ന യുദ്ധത്തിനുള്ള പിന്തുണ യുഎസ് അവസാനിപ്പിച്ചിട്ടുണ്ട്. ഹൂതി വിമതരെ തീവ്രവാദ പട്ടികയിൽനിന്നു നീക്കുകയും ചെയ്തു. ഇസ്രയേലിലെ യുഎസ് എംബസി ജറുസലമിലേക്കു മാറ്റാനുള്ള ട്രംപിന്റെ തീരുമാനം ബൈഡൻ പുനഃപരിശോധിക്കില്ല. ഇസ്രയേൽ, യുഎഇ, യുഎസ് എന്നിവ ചേർന്നു തയാറാക്കിയ ഏബ്രഹാം ഉടമ്പടി പാലിക്കും. എന്നാൽ, ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിനു വ്യക്തിപരമായ പിന്തുണയൊന്നും ബൈഡൻ നൽകുന്നതായി തോന്നുന്നില്ല. ഒരു ഫോൺ വിളിയുടെ രൂപത്തിൽ പോലും അതുണ്ടായിട്ടില്ല. ഇറാനെ ആണവക്കരാറിലേക്കു വീണ്ടും എത്തിക്കുന്ന കാര്യത്തിൽ അപ്രതീക്ഷിതമായ മെല്ലെപ്പോക്കാണു ബൈഡൻ കാണിക്കുന്നത്. ഇറാൻ സ്വമേധയാ വരട്ടെ എന്നു കരുതുന്നതാകാം.ഒന്നു നാം മറക്കരുത്. ഇതു ജോ ബൈഡന്റെ ഭരണകാലത്തിന്റെ തുടക്കം മാത്രമാണ്. എത്രയായാലും ഒരു മാസമല്ലേ ആയിട്ടുള്ളൂ.

(യുഎസിലെ മുൻ ഇന്ത്യൻ അംബാസഡറും യുകെയിലെ മുൻ ഇന്ത്യൻ ഹൈക്കമ്മിഷണറുമാണ് ലേഖകൻ)

English Summary: Hopeful first month of Joe Biden

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA