നവോർജത്തിലേക്ക് കായികകേരളം

SHARE

കോവിഡ് കുരുക്കിട്ട ട്രാക്കിൽനിന്നു കായികലോകം കരകയറി വരുന്നതേയുള്ളൂ. കൊറോണ വൈറസിന്റെ ആക്രമണത്തിൽ ഉപേക്ഷിക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യപ്പെട്ട കായികമേളകളിൽ വിശ്വകായിക മാമാങ്കമായ ഒളിംപിക്സ് വരെയുണ്ട്.

എന്നാലിപ്പോൾ, ലോക്ഡൗണിന്റെ ഹർഡിലുകൾ ഓരോന്നായി മറികടന്നു കായികരംഗം വീണ്ടും സജീവമാവുകയാണ്. കായികതാരങ്ങൾ പരിശീലനത്തിരക്കിലേക്കും മത്സരച്ചൂടിലേക്കും തിരിച്ചെത്തി. പരിമിതമായിട്ടാണെങ്കിലും ഗാലറികളിലേക്കു കാണികളും എത്തിത്തുടങ്ങി. തളർന്നുകിടന്ന കളിക്കളങ്ങളെ ഉഷാറാക്കി കായികകേരളവും നവോർജം കൈവരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ്, കേരളത്തിന്റെ കായികപ്രതീക്ഷകൾക്കു പുതുനിറമേകി, മലയാള മനോരമ സ്പോർട്സ് സ്റ്റാർ, സ്പോർട്സ് ക്ലബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. 2019ലെ കായികമികവിനുള്ള പുരസ്കാരങ്ങളുടെ പ്രഖ്യാപനം ലോക്ഡൗൺ മൂലം നീണ്ടുപോവുകയായിരുന്നു. ജനകീയ വോട്ടെടുപ്പിലൂടെയുള്ള സ്പോർട്സ് സ്റ്റാർ പുരസ്കാരങ്ങളും വിദഗ്ധസമിതിയുടെ വിലയിരുത്തലിന്റെ വെളിച്ചത്തിൽ സ്പോർട്സ് ക്ലബ് പുരസ്കാരങ്ങളും സമ്മാനിച്ചതു കഴിഞ്ഞദിവസമാണ്.

ജനപങ്കാളിത്തത്തിന്റെയും സമ്മാനത്തുകയുടെയും കാര്യത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ജനകീയ കായികപുരസ്കാരങ്ങളുടെ ഈ മൂന്നാം എഡിഷനും പ്രതിഭകൾക്കുള്ള ഉചിതമായ ആദരവായിത്തീർന്നു. ഭിന്നശേഷിക്കാരുടെ ലോക ട്വന്റി20 ക്രിക്കറ്റ് പരമ്പരയിൽ ഇംഗ്ലണ്ടിലെ പിച്ചുകളിൽ മലയാളത്തിന്റെ പേരെഴുതിച്ചേർത്ത ഇടുക്കി സ്വദേശി അനീഷ് പി.രാജന്റെ ഇച്ഛാശക്തിക്കുള്ള അംഗീകാരമാണ് ഇത്തവണത്തെ സ്പോർട്സ് സ്റ്റാർ പുരസ്കാരം. ശാരീരിക വെല്ലുവിളികളെ കഠിനാധ്വാനത്തിന്റെയും മനക്കരുത്തിന്റെയും മികവിൽ മറികടന്ന അനീഷ് കായികതാരങ്ങൾക്കാകെ മാതൃകയാണ്. രണ്ടാം സ്ഥാനം നേടിയ ചിത്തരേശ് നടേശനും മൂന്നാം സ്ഥാനക്കാരനായ നിഹാൽ സരിനും ഉയരങ്ങളിലേക്കുള്ള കുതിപ്പിൽ ഊർജമാകും സ്പോർട്സ് സ്റ്റാർ പുരസ്കാരങ്ങൾ.

പ്രാദേശിക കായികവികസനത്തിന്റെ നെടുംതൂണുകളാണു സ്പോർട്സ് ക്ലബ്ബുകളും അക്കാദമികളും. കായിക പ്രതിഭകളെ കണ്ടെത്തുന്നതിലും വളർത്തിക്കൊണ്ടുവരുന്നതിലും ഇവർ വഹിക്കുന്ന പങ്ക് നിസ്തുലംതന്നെ. കേരളത്തിന്റെ മഹത്തായ കായികസംസ്കാരത്തിനുള്ള ആദരമെന്ന നിലയ്ക്കാണ് മനോരമ സ്പോർട്സ് ക്ലബ് പുരസ്കാരങ്ങൾ സമ്മാനിച്ചുപോരുന്നത്. മൂന്നു പതിറ്റാണ്ടായി വോളിബോൾ രംഗത്ത് സജീവമായ കോഴിക്കോട് കാരന്തൂർ പാറ്റേൺ സ്പോർട്സ് ആൻഡ് ആർട്സ് സൊസൈറ്റിയുടെ മാതൃകാപരമായ പ്രവർത്തനങ്ങൾക്കുള്ള പ്രോത്സാഹനമാകുന്നു ഇത്തവണത്തെ പുരസ്കാരം. നാടിന്റെ കായികസ്പന്ദമായി തുടരുന്ന പാറ്റേൺ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്തിനാകെ മാതൃകയാണ്. രണ്ടാം സ്ഥാനം നേടിയ ഏലൂർ ഫ്യൂച്ചർ ഫുട്ബോൾ അക്കാദമിയും മൂന്നാം സ്ഥാനം നേടിയ പിരപ്പൻകോട് ഡോൾഫിൻ ക്ലബ്ബും യഥാക്രമം ഫുട്ബോളിലും നീന്തലിലും മികവിന്റെ ഇന്ധനം പകരുന്നതിൽ ശ്രദ്ധയൂന്നുന്നു.

ആരോഗ്യകരമായ സമൂഹസൃഷ്ടിക്കു കായികകൂട്ടായ്മകൾ അനിവാര്യമാണെന്ന് ഓർമപ്പെടുത്തുന്ന കാലമാണിത്. ആവേശകരമായ കായികസംസ്കാരമുള്ളിടത്ത് ആരോഗ്യകരമായ ജീവിതശൈലിയുമുണ്ടാകും. അതേസമയം, കേരളത്തിന്റെ കായികസംസ്കാരത്തിനു ചേരാത്ത പ്രവണതകളും ഇടയ്ക്കൊക്കെ ഉയർന്നുവരാറുണ്ട്. തിരുവനന്തപുരം കാര്യവട്ടത്തെ രാജ്യാന്തര സ്റ്റേഡിയത്തിൽനിന്നു കഴിഞ്ഞ ദിവസം നാം കേട്ടത് ഒരു വലിയ നഷ്ടത്തിന്റെ വാർത്തയാണ്.

ഈ സ്റ്റേഡിയത്തിൽ നടത്താൻ ധാരണയായിരുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് പരമ്പര കേരളത്തിനു നഷ്ടമായതും തുടർന്ന് സ്റ്റേഡിയത്തിന്റെ പരിപാലനച്ചുമതലയിൽനിന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പിന്മാറിയതും കഴിഞ്ഞ ദിവസമാണ്. ക്രിക്കറ്റ് പരമ്പരയ്ക്കായി നിശ്ചയിച്ചിരുന്ന സമയത്ത് സ്റ്റേഡിയത്തിൽ സേനാ റിക്രൂട്മെന്റ് റാലി നടത്താൻ അനുമതി നൽകിയതാണു പ്രശ്നമായത്. കെസിഎ പിന്മാറിയതോടെ, ഈ വർഷം ഇന്ത്യ വേദിയാകുന്ന ട്വന്റി20 ലോകകപ്പിന്റെ ഏതാനും മത്സരങ്ങൾ ഇവിടെ ലഭിക്കാനുള്ള സാധ്യതയും ഇല്ലാതായി. കേരളത്തിലേക്കു കൂടുതൽ രാജ്യാന്തര മത്സരങ്ങൾ കൊണ്ടുവരാൻ ശ്രമിക്കേണ്ടതിനു പകരമുള്ള ഇത്തരം നടപടികൾ നിർഭാഗ്യകരമാണ്. സേനാ റിക്രൂട്മെന്റ് റാലിക്കുവേണ്ടി തിരുവനന്തപുരത്തുതന്നെ സൗകര്യപ്രദമായ മറ്റു വേദികൾ ഉണ്ടെന്നതുകൂടി ബന്ധപ്പെട്ടവർ ആലോചിക്കണം.

പ്രശ്നം പരിഹരിച്ചു കൂടുതൽ മത്സരങ്ങൾക്കു കേരളം വേദിയൊരുക്കാൻ വേണ്ട നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. കോവിഡ് തളർച്ചയ്ക്കു ശേഷമുണ്ടായ ഈ നവോന്മേഷം നമുക്ക് എന്തുവില കൊടുത്തും നിലനിർത്തിയേതീരൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA